വായന
ഷാഫി വേളം
തനിക്കറിയാവുന്ന ചിരപരിചിതമായ ജീവിത പരിസരങ്ങളെ കവിതയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് ‘ആകാശം തേടുന്ന പറവകൾ ‘ എന്ന കവിതാ സമാഹാരത്തിലൂടെ തസ്നി ജബീൽ. മൗലികവും ആത്മാർഥവുമായ വ്യഥകളുടെ കൂട്ടുചേർക്കലാണ് ഈ സമാഹാരം സംവഹിക്കുന്നത്. ജീവിത സത്യങ്ങളുടെ നേർക്കാഴ്ച്ചയെ ഭാവഗംഭീരമായി കവിതയിലേക്ക് സന്നിവേശിപ്പിക്കുന്നു. ഓരോ കവിതയിലൂടെയും നേരു ഘനീഭവിച്ച കൗതുകങ്ങൾ എയ്തുവിടുന്നുണ്ട്. കവിതയിൽ ലാളിത്യവും ഗഹനതയും ഒരു പോലെ സമന്വയിപ്പിച്ചിരിക്കുന്നു.
ഒട്ടും ലാഘവത്തോടെ വായിച്ചു തള്ളാനാർക്കുമാവില്ല. യഥാർഥത്തിൽ ഈ കവിതകൾ എല്ലാ കാലത്തും പ്രസക്തമാകുന്നു.ഏതൊരാൾക്കും മനസ്സിലാകുന്ന സരളമായ ഭാഷയിലാണ് അധിക കവിതകളും.
വൈയക്തികമായ അനുഭവങ്ങളുടെ ചൂരും ചൂടും ഈ കവിതകൾ പ്രകാശിപ്പിക്കുന്നുണ്ട്. ഓരോ കവിതയും ബിംബകല്പനകളാൽ സമൃദ്ധമെന്ന് വായനയുടെ ഒടുവിൽ ഏതൊരാളും പറയും. വരികൾക്കിടയിൽ ഒളിപ്പിച്ച മൗനങ്ങൾ അനുവാചകനെ ഏതു കാലത്തേക്കും എത്ര ദൂരത്തേക്കും കൈപിടിച്ച് നടത്താൻ പ്രാപ്തം.
“അമ്മ തൻ സ്നേഹത്തെ
വെല്ലുവാൻ മറ്റൊരു
മാഹാത്മ്യമുണ്ടോയീ ഭൂവിൽ ”
‘അമ്മ ‘എന്ന കവിത ചിന്തനീയവും ശക്തവുമാണ്. ഏതൊരു മനുഷ്യനെ സംബന്ധിച്ചും പെറ്റമ്മ സ്വാധീനിച്ചതിലേറെ ജീവിതത്തിൽ സ്വാധീനിച്ചതായി മറ്റെന്തുണ്ട്? മക്കൾക്ക് വേണ്ടതെല്ലാം നൽകി ഒരു പോറലുമേൽക്കാതെ സംരക്ഷിക്കുന്ന അമ്മയുടെ ചിത്രങ്ങളാണ് കവിത വായിക്കുമ്പോൾ മനസ്സിലേക്ക് ഒഴുകി വരുന്നത്. ഓരോ കവിതയിലും ജീവിതത്തിൽ അത്രമേൽ സ്വാധീനിച്ചവരുടെ ഉൾത്തുടിപ്പുകൾ നിറയുന്നു.
“ഓർമ്മകൾ മേയുമാ ബാല്യത്തിൻ വീഥിയിൽ
വിരലിൻ തുമ്പിലെ കരുതലായച്ഛൻ ”
കുടുംബം പോറ്റാൻ അത്രമേൽ കഠിനാധ്വാനം ചെയ്യുന്ന അച്ഛനെ എത്ര മനോഹരമായാണ് വരികളിൽ അടയാളപ്പെടുത്തിയത്. ഏച്ചു കെട്ടലുകളോ പൊള്ള നാട്യങ്ങളോ ഇല്ലാത്ത ഭാഷയിൽ കവിതയെഴുതുന്നു. ഭയമൊട്ടും ഇല്ലാതെ നാമതിൽ വായിച്ചലിയുന്നു.
“നീ പോയതിൽ പിന്നെയിളം കാറ്റിന്നുപോലും
വിരഹത്തിൻ തീച്ചൂടും ഗന്ധവും മാത്രമായ്
വസന്തം വഴിമാറിയെങ്ങോ മറഞ്ഞുപോയ്
തരുക്കളും കണ്ണീരണിഞ്ഞു നിൽപൂ ”
‘ഇണ പിരിഞ്ഞ പക്ഷി ‘ എന്ന കവിതയിൽ വിരഹത്തിന്റെ കടലാഴം അനുവാചകരെ തൊട്ടുതലോടുന്നു.
“നാട്ടുചെമ്മൺ പാതകൾ നീളെയും
പൂത്തമാമരച്ചെടികളുമിന്നില്ല
വീശിയെത്തുന്ന കാറ്റിലായൊഴുകുന്ന
കാട്ടുചെമ്പക ഗന്ധവും മാഞ്ഞു പോയ് ”
‘ഓർമ്മയുടെ തീരത്ത് ‘ എന്ന കവിത ഓരോ തവണയും നമുക്ക് നഷ്ടമാകുന്ന പച്ചപ്പിനെക്കുറിച്ച് വാചാലമാകുന്നു. പ്രകൃതിയുടെ തേങ്ങൽ എത്ര ദയനീയമാണെന്നാണ് വരികളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നത്.
“നീ വാടിക്കരിയാതിരിക്കാൻ
ഇരുളിൽ ചെളിപുതച്ചുറങ്ങി
നിനക്കു ജലപാനമേകാൻ
മണ്ണിന്നാഴങ്ങളിലൂർന്നിറങ്ങി
”
‘വേര് ‘എന്ന കവിതയിലൂടെ സൂക്ഷ്മ ജീവിത നിരീക്ഷണത്തിൽ നിന്നും വായനയിൽ നിന്നും തെളിഞ്ഞു കിട്ടുന്ന രൂപകങ്ങളെ അതിസുന്ദരമെന്ന് വിശേഷിപ്പിക്കാവുന്ന ചില ദൃശ്യചാരുതയിലൂടെ കാട്ടിത്തരുന്നു. വേരുകൾ പൂക്കളുടെ ജീവിതം നിറമുള്ളതാക്കാനാണ് കൊതിക്കുന്നതും ജീവിക്കുന്നതുമെന്ന് വരികൾ പറയുന്നു.
“ശോഷിച്ച വിറയാർന്ന പാദങ്ങൾക്കിനിയില്ല
യധികം ദൂരം താണ്ടുവാൻ
പ്രാണൻ പറന്നകലും മുൻപേ
ഒരിറ്റു നീരെങ്കിലും തന്നിടാൻ
കണ്ണടയുന്നതിൻ മുൻപേ
ഒന്നു കൺനിറയേ കാണുവാനെങ്കിലും
വരുമെന്ന് വെറുതെ മനം കൊതിക്കയാകാം ”
‘കാത്തിരിപ്പ്’ എന്ന കവിതയിലൂടെ വലിയ അർഥതലങ്ങളാണ് സൂചിപ്പിക്കുന്നത്.
വിട്ടേച്ചു പോയ മക്കളുടെ കാത്തിരിപ്പിൽ ദിനങ്ങളെണ്ണുന്ന അമ്മ മനസ്സുകളുടെ നൊമ്പരങ്ങളാണ് കവിതയിൽ തിളച്ചുമറിയുന്നത്. തന്നെയുലച്ചവയൊക്കെ എത്ര തീവ്രമായാണ് കവിതയായി വിവർത്തനം ചെയ്തിരിക്കുന്നത്.
“ആഴത്തിൽ വേരൂന്നിയ
പിറന്ന മണ്ണിൽ നിന്ന്
മനസ്സിനെ ഉപേക്ഷിച്ചു
പറിച്ചു നടാൻ വിധിക്കപ്പെട്ട ചില ചെടികളുണ്ട് ”
‘പാഴ്മരങ്ങൾ ‘ എന്ന കവിത വായനക്കാരുടെ ഹൃദയം നനയ്ക്കുന്നു. സാമൂഹ്യ വേവലാതികളിൽ ആർത്ത് വിളിച്ചു കൊണ്ട് കാലത്തെയും ദേശത്തേയും അടയാളപ്പെടുത്തി കൊണ്ടുള്ള കവിതകളും ഈ സമാഹാരത്തിലുണ്ട്.
“മനുഷ്യനില്ലാതായാൽ ഭൂമിയിലെ
ജലാശയങ്ങളെല്ലാം സ്ഫുടമാകും
അടിത്തട്ടിൽ നീന്തിത്തുടിക്കുന്ന മീനുകൾ
ആദ്യമായി ആകാശം കാണും ”
മനുഷ്യനില്ലാതാകുമ്പോളുള്ള അവസ്ഥാ വിശേഷങ്ങളാണ് പങ്കുവെക്കുന്നത്.
വാക്കുകളിലെ അഗാധമായ അർത്ഥ സൂചനകളാണ് ഈ രചനകളെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം.
മറഞ്ഞുപോയ ഓരോ ഋതുക്കളിലുമുണ്ട്
മുറിഞ്ഞു വീണ
ആഗ്രഹങ്ങളുടെ ചില്ലകളും
ചെറുകാറ്റിലണഞ്ഞ പ്രതീക്ഷയുടെ മൺചെരാതുകളും”
‘പ്രത്യാശയുടെ കിരണങ്ങൾ’ എന്ന കവിത ഓരോ മനുഷ്യരുടെയും ജീവിതത്തിലെ പ്രപഞ്ച സത്യമാണ് അടയാളപ്പെടുത്തുന്നത്.
“പിറന്ന മണ്ണിൽ നിന്നും
വേരുകളറുക്കപ്പെട്ടവരാണവർ
നിങ്ങളവരുടെ മേൽവിലാസം തിരയരുത് ” ‘അഭയാർത്ഥികൾ ‘ എന്ന കവിതയിലൂടെ പിറന്ന നാട്ടിൽ നിന്നും പുറത്താക്കപ്പെടുന്നവരുടെ പൊള്ളുന്ന ജീവിത യാഥാർഥ്യം പങ്കു വെക്കുന്നു.
വൈവിധ്യപൂർണ്ണവും വൈരുധ്യസമ്പുഷ്ടവുമായ യാഥാർത്യങ്ങളെ കവിതയിലേക്ക് ആവിഷ്കരിക്കാനുളള കരുത്ത് ലഭ്യമായത് സാമൂഹ്യോന്മുഖമായ ഉണർവുകൾ തന്നെയെന്ന് പറയാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സവിശേഷവും സൂക്ഷ്മവുമായ ബന്ധമാണ് വരികളെ ഹൃദ്യമാക്കുന്നത്. നിരന്തരമായ നിരീക്ഷണങ്ങളിലൂടെ കൈവന്ന ജ്ഞാന മാർഗ്ഗത്തെ കവിതയിലേക്ക് വിളക്കിച്ചേർക്കുന്നതിൽ തസ്നി ജബീൽ വിജയിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ മുഴുവൻ കവിതകളും ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് കവിതയെ ചെത്തിമിനുക്കിയൊരുക്കിയിരിക്കുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല