നാട് കടക്കും വാക്കുകൾ – ‘വെളി’

0
189

അനിലേഷ് അനുരാഗ്

‘വെളി’ എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്, കാവിനോട് ചേർന്ന ഇടവഴിയിലോ, കുളത്തിനരികെയുള്ള നാഗത്തിലോ യഥേഷ്ടം വീണുകിടന്ന ഉണക്കച്ചപ്പ് കുറ്റിച്ചൂല് കൊണ്ടടിച്ച് വല്ലത്തിലാക്കുന്ന നാരായണി എന്ന നമ്മുടെ നാരാണേച്ചി, ചുകപ്പിൽ ഇരുള് പരക്കുന്ന ഒരു സന്ധ്യയിൽ, വയസ്സിൽ
ഏറെ ഇളപ്പമെങ്കിലും ആത്മമിത്രമായ അമ്മയോട് പറയുമ്പോഴായിരിക്കണം. കുത്തും,കോമയും,ശബ്ദവും അങ്ങോട്ടുമിങ്ങോട്ടും മാറ്റിയും,മറിച്ചുചൊല്ലിയും രസിച്ചിരുന്ന ആ ബെഗിഡൻ (കണ്ണൂർ സ്ലാങിലെ ‘ബുദ്ധിശൂന്യം’) ബാല്യത്തിൽ ആ വാക്ക് ഒരു വലിയ തമാശയായി തോന്നിയിട്ടുണ്ടായിരിക്കണം. എന്തായാലും, നാരാണേച്ചി പരിചയപ്പെടുത്തിയ ‘വെളി’ കണ്ണൂരിൻ്റെ നാട്ടുവഴക്കത്തിലെ ‘വെളിച്ചം’ തന്നെയാണ്. അധ്വാനവും, സത്യസന്ധതയും കൈമുതലായ എൻ്റെ നാട്ടുകാരുടെ,പ്രഭ അല്പം കൂടിയ വെളിച്ചം.

അപൂർവ്വം ചില ആഡംബരവേളകളിലൊഴികെ, വലിയ കള്ളിയുള്ള കോട്ടൺ ലുങ്കിയിലും, ബ്ലൗസിലും മാത്രം കാണപ്പെട്ടിരുന്ന നാരാണേച്ചിക്ക് അമ്മയോടുള്ള ശക്തമായ സൗഹൃദത്തിൻ്റെ ഒരു പങ്ക്, കുരുത്തംകെട്ട ചെക്കനായ എന്നോടുള്ള പ്രത്യേകവാത്സല്യമായി പ്രകടമാവുമായിരുന്നു. അവിടുന്ന് വാങ്ങുന്ന ഒരു കുപ്പി മോര് ഒരിക്കൽ പോലും അരക്കുപ്പിയാക്കാതെ ഞാൻ വീട്ടിലെത്തിച്ചിട്ടില്ല, അവരുടെ പറമ്പിലെ ഈമ്പുന്ന മാങ്ങ ഒന്നുപോലും പഴുക്കാൻ അനുവദിച്ചിട്ടില്ല – എങ്കിലും എൻ്റെ കന്നംതിരിവുകളെ അവർ കുസൃതിയായേ കണ്ടിട്ടുള്ളു. അച്ഛൻ വീടെടുക്കാൻ വാങ്ങിയ വളപ്പിൽ തെങ്ങിൻതൈയ്ക്ക് നനക്കാൻ അമ്മയും, നാരാണേച്ചിയും വരുമ്പോൾ ( ഒറ്റയ്ക്കാക്കിയാൽ ഉണ്ടാവുന്നതിലും അപകടം കുറയ്ക്കാൻ !) എന്നെയും കൂട്ടുമായിരുന്നു. അവിടെയും കുരുത്തക്കേട് അതിരുകടക്കുമ്പോൾ നാരാണേച്ചി എന്നെ മക്കാറാക്കി വിളിച്ചിരുന്നത് ‘എട്ടിൽപ്പെറ്റത്’ എന്നാണ്: മാസം തികയാതെ പ്രസവിച്ചത് എന്ന് അർത്ഥം !.’ വെളി വരുമ്പൊ’ തുടങ്ങുന്ന വീട്ടിലെയും, നാട്ടിലെയും പണികൾ നാരാണേച്ചിക്ക് ‘അന്ത്യോളം’ (അന്തിയാവോളം) നീളുമായിരുന്നു. രണ്ട് പെണ്ണും, രണ്ടാണുമുള്ള കുടുംബത്തെ പോറ്റാൻ ഭർത്താവിനൊപ്പമോ, പലപ്പോഴും അതിൽ കൂടുതലോ അവർ അധ്വാനിച്ചു.

നാരാണേച്ചിയിൽ നിന്ന് ഞാൻ പരിചയപ്പെട്ട ‘വെളി’ യുടെ ചരിത്ര-സാംസ്കാരിക സഞ്ചാരങ്ങൾ, ഒന്നോർത്താൽ,എത്ര വിശാലമാണ്: പ്രവാചകവചനങ്ങളെ നമ്മൾ ‘വെളിപാടുകൾ’ എന്നല്ലേ വിളിക്കാറ്; വിശുദ്ധ ബൈബിളിലെ ‘വെളിപാടിൻ്റെ പുസ്തകവും’,മറ്റ് സ്ഥാപനവൽകൃത മതങ്ങളിലെ ‘ദൈവികവചനങ്ങളും’ മാറ്റിവച്ചാലും, എത്ര ചെറിയ മനുഷ്യനും അവനവൻ്റേതായ വെളിപാടുകളുണ്ട് എന്നതൊരു വെളിപാട് തന്നെയാണ്. ബോധാന്ധകാരത്തിൽ വെളിച്ചത്തിൻ്റെ ഒരു തരി വീണുകിട്ടുമ്പോഴാകാം സത്യത്തിൽ ഒരാൾക്ക് വെളിപാടുകളുണ്ടാകുന്നത്.
വെളിപാടുണ്ടാകുന്ന ചന്തുവോ, ഗോപാലനോ, ശ്രീധരനോ, അവരുടെ ഒട്ടും അസാധാരണമല്ലാത്ത നിത്യ-അസ്തിത്വങ്ങൾക്കതീതമായൊരു മാനസീകതലം കൈവരിക്കുമ്പോഴാണ് അവർ നാട്ടുവീര്യമാർന്ന ‘വെളിച്ചപ്പാട്’ ആയി മാറുന്നത്: ചുരുക്കത്തിൽ,വെളിപാടുകളാണ് ഒരാളെ വെളിച്ചപ്പാടാക്കി പരിവർത്തനം ചെയ്യുന്നത്. ആത്മീയ വ്യവഹാരങ്ങളിൽ ബോധോദയത്തിൻ്റെ പര്യായത്തിലൊന്ന് ‘ജ്ഞാനപ്രകാശനം’ എന്നാണ്: വെളിച്ചമായി പ്രത്യക്ഷപ്പെടുന്ന ജ്ഞാനം എന്ന് വ്യംഗ്യം;തമിഴിലെ ജ്ഞാനസിദ്ധന്മാരുടെ ഒരു സാമാന്യനാമം ‘അരുൾ ജ്യോതി’ എന്നാണ്: അന്തരാത്മാവിലെ വെളിച്ചം തന്നെ.’തമസോമാ ജ്യോതിർഗമയാ’ എന്ന ഉപനിഷദ് വാക്യം നമ്മളാരും മറക്കാനിടയില്ല: സത്യവും, അമൃതത്ത്വവുമാണ് അവിടെ വെളിച്ചത്തിൻ്റെ സമശീർഷർ; ആദിയിൽ, ഒരു പക്ഷെ, ഉണ്ടായത് വെളിച്ചമായിരിക്കാം.

പത്തു മുപ്പതു വർഷം പുറകോട്ട് പോയാൽ, വെള്ളമുണ്ടിന് തുണി എന്നതുപോലെ, നാടൻകേരളത്തിൽ ഓലച്ചൂട്ടിൻ്റെയും, മൂന്ന്-അഞ്ച് കട്ട ബാറ്ററി ടോർച്ചിൻ്റെയും പേര് വെളി(ച്ചം)എന്നായിരുന്നു; തെയ്യക്കോലങ്ങളധികവും അഗ്നിയിൽ ഉരുവായവരും, പന്നിച്ചൂട്ടിൻ്റെ വെളിയിൽ ആനയിക്കപ്പെടുന്നവരുമാണ്; സ്വപിതാവിനാൽ അന്ധനാക്കപ്പെട്ട്, കീഴ്ലോകത്തിറങ്ങിയ വയനാട്ടുകുലവൻ ദൈവത്തിൻ്റെ അകക്കണ്ണിൽപ്പോലും വെളിയുണ്ട്; എന്തിനധികം, ആദ്യമായി കണ്ട നാടകത്തെ നിഷ്കളങ്കനായ ഒരു പ്രേക്ഷകൻ വിശദീകരിച്ചത് ‘വെളി കെട്ടു,  കളി തുടങ്ങി’ എന്നായിരുന്നു.

എന്നിൽ കൊളുത്തിയ ‘വെളി’ എന്നേയും കടന്ന് വിദൂരകാലദേശങ്ങളിലൂടെ സഞ്ചരിക്കെ, പക്ഷികൾ കൂട്ടമായ് കൂടണയുന്ന, ഒരു ‘വെളി മങ്ങിയ’ സന്ധ്യയിൽ നാരാണേച്ചി ഈ ഭൂമി കടന്നുപോയി. അനന്തമായ ഒരു ‘വെളി’യിലേക്ക് തന്നെയാവും, തൻ്റെ നന്മസമ്പാദ്യവും, അതുല്യമായ ഹാസ്യബോധവും കൊണ്ട് അവർ പോയിട്ടുണ്ടാവുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here