‘ഗോ’ സ് ഓൺ കൺട്രി

1
277

വായന

‘ഗോ’ സ് ഓൺ കൺട്രി. (കഥകൾ)
നവീൻ എസ്
കൈരളി ബുക്സ് (2018)
വില: ₹ 110.00

ബിജു.ജി.നാഥ്. വർക്കല

കഥകൾ കേൾക്കാത്ത മനുഷ്യരില്ല. കഥകൾ ഇഷ്ടപ്പെടാത്തവരും. ഓർമ്മകളുടെ ശവകുടീരങ്ങളിൽ എത്രയോ കഥകൾ വെളിച്ചം കാണാതെ ഉറഞ്ഞു കിടപ്പുണ്ടാകും! എഴുതിയ കഥകൾക്കുമപ്പുറം എഴുതപ്പെടാത്ത കഥകൾക്ക് വായനക്കാർ കാത്തിരിക്കുന്ന ലോകമാണിത്. നിറയെ കുഞ്ഞു കഥകളുമായി ഒരു കഥാപുസ്തകം കൈകളിൽ എത്തപ്പെടുമ്പോൾ, ഈ നൂറു പേജുകൾ എന്താണ് നല്കാൻ പോകുന്നതെന്ന ആകാംക്ഷയാണ് മുന്നിൽ നിന്നത്. വായിച്ചു തുടക്കിയപ്പോഴാകട്ടെ അധികം ബൗദ്ധിക സാഹസങ്ങൾക്ക് ഇടം കൊടുക്കാതെ രസച്ചരട് പൊട്ടാതെ ഒരു വായന സമ്മാനിച്ചു ഈ പുസ്തകം.

biju-g-nath-varkkala
ബിജു.ജി.നാഥ് വർക്കല

നവീൻ .എസ് എന്ന എഴുത്തുകാരന്റെ രണ്ടാമത്തെ പുസ്തകമാണ് ‘ഗോ’സ് ഓൺ കൺട്രി . ഒരു കവിതാ പുസ്തകം അദ്ദേഹത്തിന്റെതായുണ്ട്. ബാങ്കുദ്യോഗസ്ഥനായ നവീൻ എഴുത്തിലെ പ്രത്യേകതകൾ കൊണ്ട് പുരസ്കാരങ്ങൾ ലഭിച്ച ഒരാൾ കൂടിയാണ് എന്ന് കുറിപ്പിൽ നിന്നറിയാൻ കഴിയുന്നു. 39 കഥകൾ അടങ്ങിയ ഈ പുസ്തകത്തിന്റെ ആമുഖത്തിൽ കഥാകാരൻ, താനെന്തു കൊണ്ടാണ് കഥകൾ എഴുതുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ട്. സത്യത്തിൽ അതിനെ ശരിവയ്ക്കുന്നത് തന്നെയാണീ കഥകൾ എല്ലാം തന്നെ. തന്റെ യാത്രകൾ നല്കിയ ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ വായനക്കാരനും ഒരു സഞ്ചാരിയായി മാറുകയാണ്. ഇന്ത്യൻ റയിൽവേയിൽ നിരന്തരം യാത്ര ചെയ്യുന്നവർക്ക് മനസ്സിലാകുന്ന ഒരു പാട് കാഴ്ചകളും വാസ്തവികതകളും ഈ കഥകളുടെ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും പങ്കുവയ്ക്കുന്നുണ്ട്. ട്രെയിനിൽ, ഒരു നേരത്തെ വിശപ്പടക്കാൻ പാട്ടു പാടി ജീവിക്കുന്നവർ തൊട്ട് പ്ലാറ്റ്ഫോമിലെ യാത്രക്കാർ വരെ കഥകളിൽ നിന്നിറങ്ങി വരുന്നു.

Writer naveen s
നവീൻ എസ്

പുസ്തകത്തിന്റെ തലക്കെട്ട് പ്രതിപാദിക്കുന്ന കഥ സമകാലീന ഇന്ത്യയുടെ നേർപടം തന്നെയാണ്. കഥപറച്ചിലിന്റെ മർമ്മം അറിയുന്ന എഴുത്തുകാരന്റെ പാടവം ഈ കൊച്ചു കഥകളിലൂടെ വായിച്ചെടുക്കാനാകും. രാഷ്ട്രീയ വിമർശനങ്ങളും സമകാലീന സാമൂഹിക സാഹചര്യങ്ങളുമൊക്കെ കഥകൾക്ക് വിഷയമാകുന്നുണ്ട്. സ്വതവേ കഥാകാരന്മാർ സഞ്ചരിക്കുന്ന പ്രണയം, രതി, കുടുംബ പുരാണങ്ങൾ മുതലായവയിൽ കുരുങ്ങിക്കിടക്കാതെ ലോകത്തെ നോക്കിക്കാണുകയും അവരിലേക്കിറങ്ങി ചെല്ലുകയും ചെയ്യുന്ന ഒരാൾ എന്ന നിലപാട് കഥകൾ പങ്കു വയ്ക്കുന്നതായനുഭവപ്പെടുന്നു.

നല്ല കാമ്പുള്ള ഈ കഥകൾ രൂപം കൊണ്ട് ചെറുതെങ്കിലും ആശയം കൊണ്ട് വലിയ ഒരു കാഴ്ച വായനക്കാരിൽ ജനിപ്പിക്കുന്നുണ്ട്.

https://athmaonline.in/product/gos-own-country-naveen-s/

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here