2 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’ സംവിധായികയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബൊമ്മനും ബെല്ലിയും

0
87

മികച്ച ഡോക്യുമെന്ററിക്കുള്ള (ഷോര്‍ട്ട് കാറ്റഗറി) ഓസ്‌കര്‍ പുരസ്‌കാരം നേടിയ ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ചിത്രത്തിന്റെ സംവിധായികയ്ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി ഈ ചിത്രത്തിലൂടെ പ്രശസ്തരായ ദമ്പതിമാരായ ബൊമ്മനും ബെല്ലിയും. രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംവിധായിക കാര്‍തികി ഗോണ്‍സാല്‍വസിന് വക്കീല്‍ നോട്ടീസ് അയച്ചു.

ഈ പ്രോജക്ടില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു തുകയും വീടും വാഹനവും നല്‍കാമെന്ന് സംവിധായികയും നിര്‍മാതാക്കളും (സിഖ്യ എന്റര്‍ടെയിന്‍മെന്റ്‌സ്) വാഗ്ദാനം ചെയ്തിരുന്നെന്നും ഇപ്പോള്‍ അതില്‍നിന്നു പിന്നാക്കം പോയെന്നും ബൊമ്മനും ബെല്ലിയും ആരോപിക്കുന്നു. മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുന്നില്‍ പുകഴ്ത്തിയെങ്കിലും പ്രധാനമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയും അടക്കം നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ സംവിധായികയും നിര്‍മാതാക്കളും തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.

ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചിത്രത്തിന് ഓസ്‌കര്‍ ലഭിച്ചതിനുശേഷം അവരുടെ ഇടപെടലില്‍ മാറ്റങ്ങളുണ്ടായി. കാര്‍തികിയുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. ഡോക്യുമെന്റിക്കായി ഒരു വിവാഹരംഗം ചിത്രീകരിക്കാന്‍ സ്വന്തം കയ്യില്‍നിന്നു പണം ചെലവാക്കി. പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമായിരുന്നു അതെന്നും ദമ്പതിമാര്‍ ആരോപിക്കുന്നു. ”സിനിമയിലെ വിവാഹരംഗം ഒറ്റദിവസം കൊണ്ട് ചിത്രീകരിക്കണമെന്നാണ് കാര്‍തികി ഗോണ്‍സാല്‍വസ് പറഞ്ഞത്. വേണ്ടത്ര പണമില്ലാതിരുന്നതിനാല്‍ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാനാവുമോ എന്ന് ചോദിച്ചു. ഒരു ലക്ഷം രൂപയ്ക്കടുത്ത് വരും. ചിത്രീകരണം കഴിഞ്ഞാല്‍ തിരികെത്തരാമെന്ന് പറഞ്ഞിട്ടാണ് അതു കൊടുത്തതെങ്കിലും ഇതുവരെ ആ പണം അവര്‍ തിരികെ തന്നിട്ടില്ല. അവരെ വിളിക്കുമ്പോള്‍ തിരക്കാണെന്നും തിരികെ വിളിക്കാമെന്നുമാണ് പറയുന്നത്. പക്ഷേ ഇതുവരെയും വിളിച്ചിട്ടില്ല.” ബൊമ്മനും ബെല്ലിയും പറയുന്നു.

ഓസ്‌കര്‍ നേടിയതിന്റെ വിജയാഘോഷ സമയത്ത് ഓസ്‌കര്‍ പ്രതിമയില്‍ തൊടാന്‍പോലും അനുവദിച്ചിരുന്നില്ല. ഈ ഡോക്യുമെന്ററിക്ക് ശേഷം ഞങ്ങളുടെ സമാധാനം നഷ്ടപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. മുംബൈയില്‍നിന്ന് കോയമ്പത്തൂരിലെത്തിയ ശേഷം നീലഗിരിയിലെ വീട്ടിലേക്ക് പോകാനുള്ള പണമില്ലായിരുന്നു. അവരോട് ചോദിച്ചപ്പോള്‍ കൈയില്‍ പണമില്ലെന്നാണ് മറുപടി കിട്ടിയത്. തരാനുള്ള പണമെല്ലാം തന്നെന്നാണ് കാര്‍തികി പറഞ്ഞത്. എന്നാല്‍ ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 60 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ബൊമ്മനും ബെല്ലിയും പറഞ്ഞു.

അതേസമയം ആരോപണങ്ങളോടുള്ള പ്രതികരണവുമായി സിഖ്യ എന്റര്‍ടെയിന്‍മെന്റസ് രംഗത്തെത്തി. ബൊമ്മന്റെയും ബെല്ലിയുടെയും ആരോപണങ്ങള്‍ തെറ്റാണെന്നാണും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അവര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും സിഖ്യ എന്റര്‍ടെയിന്‍മെന്റസ് പറഞ്ഞു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here