ദ്വിജിത്ത് സി.വി
ഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്ന പത്രം മാതൃഭൂമിയാണ്. അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ചപ്പോള്‍ വായിച്ചുതുടങ്ങിയതും മാതൃഭൂമി തന്നെ. അന്ന് രാഷ്ട്രീയം ഒന്നുമറിയില്ലെങ്കിലും എന്നെ ആകര്‍ഷിച്ചത് പത്രത്തിന്റെ ഇടതു വശത്ത് താഴെ ഉള്ള കുഞ്ഞമ്മാന്‍ എന്ന കാര്‍ട്ടൂണ്‍ കോളമാണ്. അച്ഛനാണ് പത്രവായന തുടങ്ങുമ്പോള്‍ കുഞ്ഞമ്മാന്‍ തൊട്ടു വായിക്കുന്ന ശീലം ഉണ്ടാക്കിയത്. കുഞ്ഞമ്മാന്റെ സൃഷ്ടാവ് ബി.എം ഗഫൂര്‍ എന്ന പേര് ആദ്യം കേള്‍ക്കുന്നതും അച്ഛന്‍ പറഞ്ഞു തന്നെ. കുഞ്ഞമ്മാനിലും കാണാപ്പുറത്തിലും ഗഫൂര്‍ സാര്‍ വരയ്ക്കുന്ന കാരിക്കേച്ചറുകള്‍ കോപ്പി ചെയ്തു വരച്ചു കൊണ്ടാണു ഞാന്‍ വരച്ചു തുടങ്ങിയത്. എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ ‘പൊളിറ്റിക്കല്‍ ദിനോസര്‍’ വരച്ചതിനു ശേഷമാണ് സാറിനെ നേരില്‍ കാണുന്നതും. അതുവരെ എന്റെ മനസ്സിലുള്ള സാറിന്റെ രൂപം കുഞ്ഞമ്മാന്റെ രൂപമായിരുന്നു.
അച്ഛന്റെ പത്രസുഹൃത്തുക്കളെ കാണാന്‍ കോഴിക്കോട് മാതൃഭൂമിയില്‍ ചെന്നപ്പോഴാണ് ആദ്യമായി ഗഫൂര്‍ സാറിനെ കാണുന്നത്. നിറയെ ബ്രഷുകളും ഇന്‍ഡ്യന്‍ ഇങ്കും കുറെ കാരിക്കേച്ചറുകളും ഉള്ള മേശയുടെ മുന്നില്‍ ആനച്ചെവിയും ഉന്തിയ വയറും ഉള്ള ഒരു വലിയ മനുഷ്യന്‍. അച്ഛന്‍ പറഞ്ഞു ഇതാണ് ബി. എം ഗഫൂര്‍. എന്റെ മനസിലെ രൂപത്തിന് വിപരീതമാണെങ്കിലും മറ്റൊരു കാരിക്കേച്ചര്‍ പോലെ ഉള്ള രൂപം മനസ്സില്‍ പതിഞ്ഞു. ഉന്തിയ വയറിനെ കളിയാക്കിയുള്ള തമാശകള്‍ സാറിന്റെ സാഹിത്യകാരിയായ സഹോദരി ബി.എം സുഹ്റ എഴുതിയത് പിന്നീട് വായിക്കാനിടയായി.
മനസ്സില്‍ പേടി ഉണ്ടായിരുന്നെങ്കിലും കൈയില്‍ ഉണ്ടായിരുന്ന എന്റെ ചിത്രങ്ങള്‍ കാണിച്ചു. ഇനിയും ധാരാളം വരയ്കാനും ഒരാളുടെ കാരിക്കേച്ചര്‍ വരക്കുമ്പോള്‍ അയാളുടെ പ്രത്യേകതകള്‍ കണ്ടു പിടിച്ചു മനസ്സിലാക്കി വരയ്ക്കാനായിരുന്നു നിര്‍ദ്ദേശം. എന്റെ ഓട്ടോഗ്രാഫില്‍ കുഞ്ഞമ്മാനെ വരച്ച് ഗഫൂര്‍ എന്ന ഒപ്പും വച്ച് തന്നു. ഗുരുസ്ഥാനീയനായ ഗഫൂര്‍ സര്‍ 2003 നവംബര്‍ 13-നാണ് നമ്മെയെല്ലാം വിട്ടു പോയത്. അദ്ദേഹത്തിന്റെ ഒര്ര്‍മ്മകള്‍ക്ക് മുന്നില്‍പ്രണാമം