ഭാഷാപാഠം

0
311
dr ks krishnakumar

കെ എസ്‌ കൃഷ്ണകുമാർ

ബാലൻ മാഷ്‌. കോഴിക്കോട് ബസ്സിൽ ഇപ്പോൾ മാഷ്‌ എവിടെയെത്തി എന്നറിയില്ല. ഒരു എറണാംകുളം യാത്രയിൽ പരിചയപ്പെട്ട എൺപത്തഞ്ച്‌ വയസ്സായ, ഒരു വിരമിച്ച സ്കൂൾ അദ്ധ്യാപകനാണ് ബാലൻ മാഷ്‌. കാത്തിരിപ്പുക്കസേരകളിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. ബാലൻ മാഷ്‌ കോഴിക്കോട്ടേക്കും ഞാൻ എറണാകുളത്തേക്കും. ബാലുശ്ശേരി, കൊടുവള്ളി, മുക്കം, അരീക്കോട്‌ ഭാഗങ്ങളിലെ സ്കൂളുകളിൽ ബാലൻ മാഷ്‌ ജോലി ചെയ്തിട്ടുണ്ട്‌. ഞങ്ങൾ പരസ്പരം പരിചയപ്പെടുത്തി. അധിക പേരും അതെവിടെയാണെന്ന് ചോദിക്കാറുള്ള, ഞാൻ ജോലി ചെയ്യുന്ന മൂത്തകുന്നം എന്ന സ്ഥലപ്പേര്  മാഷിന് സുപരിചിതം. വെറും മൂത്തകുന്നം എന്നല്ല സുകുമാർ അഴീക്കോടിന്റെ മൂത്തകുന്നം എന്ന് അദ്ദേഹം വാചാലനായി തിരുത്തി. സാഹിത്യസാംസ്കാരിക ഗന്ധമുള്ള മലയാളിയെന്ന് ആരെയും തിരിച്ചറിയാനുപകരിക്കുന്ന ഒരു ലക്ഷണമാണ് ഈ മൂത്തകുന്നമറിവ്‌. ബാലൻ മാഷുടെ കൈയിൽ മൊബൈൽ ഫോണില്ല, ഒരു ഇംഗ്ലീഷ്‌ ദിനപത്രവും പിന്നെ ഒരു ഇംഗ്ലീഷ്‌ ബുക്കും. നമിതാ ഗോഖലേയുടെ എ ഹിമാലയൻ ലൗ സ്റ്റോറി.

“ഈ ഹിമാലയൻ പ്രണയകഥ പല തവണ വായിച്ചതാ, യാത്രയിൽ പുസ്തകവായന നിർബന്ധാ. പോരുമ്പോ കൈയ്യീ കിട്ട്യത്‌ ഈ പുസ്തകാ”, പുസ്തകത്തിലേക്ക്‌ എന്റെ ഉഴിഞ്ഞുനോട്ടം കണ്ട്‌ ബാലൻ മാഷിന്റെ വിശദീകരണങ്ങൾ. ” ഇതാകുമ്പോ വായിച്ച്‌ നേരം പോകുന്നത്‌ അറിയില്ല്യാ. ചെലപ്പോ സ്ഥലെത്തണതും. അല്ലെങ്കിൽ പിന്നെ പേരെന്താ, ഊരെവിടെയാ, വാട്സപ്പ്‌ നമ്പർ തരോ, അങ്ങനെ ഒരു നൂറുകൂട്ടം ചോദ്യങ്ങളായി ഓരോരുത്തർ അടുത്തിരുന്ന് ശല്യം ചെയ്യും. ന്ന്ക്ക്യ്‌ മൊബൈലൊന്നും ഇല്ലടോ. മക്കൾ ബഹളം വെയ്ക്കും, എങ്ങടേങ്കിലും പോയാ എവിടെയാ, എന്തായ്ന്നൊക്കെ അറിയാൻ മാർഗ്ഗല്യാണ്ട്‌. ബല്യേ തൊന്തർവാ പഹയരേ കൊണ്ട്‌. കുറച്ച്‌ കാലം വരെ ടെലിഫോൺ ബൂത്തുകൾ ഉണ്ടായിരുന്നു. ഓരോ സ്ഥലത്തെത്ത്യാ അതിൽ കയറി ഞാൻ കുട്ട്യോളേ വിളിച്ചു പറയും. ഇവിട്യായി”. വീട്ടിലേക്ക്‌ വിളിക്കാനായി ഞാൻ എന്റെ മൊബൈൽ ബാലൻ മാഷിന് നേരെ നീട്ടി. “ഇപ്പതന്ന്യാ വഴിയുള്ളൂ. നാണല്യാണ്ട്‌ പരിചയല്ല്യാത്ത ഓരോരുത്തരുടെയും കൈയ്യീന്ന് വാങ്ങി വിളിക്കും. ദേ ആ വിദ്വാന്റെന്ന് മൊബൈൽ ഫോൺ വാങ്ങി വിളിച്ചതേള്ളൂ”. ‌ തൃശൂർ വഴി തൊടുപുഴ പോകുന്ന ബസ്സിൽ സൈഡ്‌ സീറ്റിൽ ഇരിക്കുന്ന ഒരാളെ മാഷ് ചൂണ്ടി കാണിച്ചു. അയാൾ മാഷിനെ വാത്സല്യത്തോടെ ബസ്സിൽ ഇരിക്കുന്ന സീറ്റിൽ നിന്നെഴുന്നേറ്റ്‌ പ്രത്യഭിവാദ്യം ചെയ്തു.

” കെയറിംഗ്‌ അബൗറ്റ്‌ പീപ്പിൾ, അബൗറ്റ്‌ തിങ്സ്‌, അബൗറ്റ്‌ ലൈഫ്‌ ഈസ്‌ ആൻ ആക്റ്റ്‌ ഓഫ്‌ മച്യുരുറ്റി”. ഇങ്ങനെയൊന്നുമല്ല, മാഷ്‌ ഒരു പ്രത്യേക ശൈലിയിലായിരുന്നു ഇംഗ്ലീഷ്‌ വാക്കുകൾ ഉച്ചരിച്ചത്‌. ബാലൻ മാഷിനോട്‌ ബഹുമാനാദരങ്ങൾ കൂടി. എന്റെ കൗതുകം മനസ്സിലാക്കി മാഷ്‌ കൂട്ടി ചേർത്തു, “ഇറ്റീസ്‌ നോട്ട്‌ മൈ വേഡ്സ്‌. ട്രെയ്സി മാക്‌ മില്ലന്റെ വരികളാണ്. “തനതായ ആംഗ്ലേയ രീതിയിൽ, ബ്രിട്ടീഷുകാരെ ഓർമ്മപ്പെടുത്തുന്ന വിധം ബാലൻ മാഷിന്റെ ഇംഗ്ലീഷ്‌ ഭാഷണം. മാഷ്‌ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ കൂടെ തോളും കവിളുമെല്ലാം പ്രത്യേകമായി ഓരോ വാക്കുകൾക്ക്‌ അനുസൃതമായി ചലിപ്പിക്കുന്നത്‌ ഒരു കാഴ്ച തന്നെയായിരുന്നു. ഭാഷ കാണാനും കൂടിയുള്ളതാണെന്ന് ഭാഷയ്ക്ക്‌ ഒരു പുതിയ നിർവ്വചനം അവിടെയിരുന്ന് ഞാൻ സ്വയം ഉണ്ടാക്കി. എന്റെ മുഖഭാവം കണ്ട്‌ മാഷ്‌ ചോദിച്ചു “ട്രെയ്സി മാക്‌ മില്ലനെ അറിയില്ലേ. അമേരിക്കൻ എഴുത്തുകാരി. അമേരിക്കൻ ചാനലുകളിൽ താരമാണ് ട്രെയ്സി. ഹഫ്പോയിൽ സ്ഥിരം എഴുതും അവർ. കേട്ടിട്ടില്ല? ഹഫ്പോ. ഹഫിങ്ട്ടൺ പോസ്റ്റ്‌. അമേരിക്കയിലെ ഒരു വാർത്താ വെബ്‌ സൈറ്റാ”. വാർദ്ധക്യത്തിലും ഇത്രമേൽ അപ്ഡേറ്റ്‌ ചെയ്തിരിക്കുന്ന ബാലൻ മാഷിനെ മനസ്സുകൊണ്ട്‌ ഞാൻ നൂറുവട്ടം തൊഴുതുകൊണ്ടിരുന്നു. സത്യം പറയുകയാണെങ്കിൽ ഈ പറഞ്ഞ ട്രെയ്സിയെയും ഹഫ്പോയും ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്‌. മാഷ്‌ വിജ്ഞാനപ്രസരണം തുടരുകയാണ്. ” ട്രെയ്സി ജനിച്ചത്‌ അമേരിക്കയിൽ പാർക്കുകൾക്കും തടാകങ്ങൾക്കും പ്രസിദ്ധമായ മിന്നെസോറ്റയിലെ മിന്നിയാപൊളിസിലാണ്.” മൂത്തകുന്നത്ത്‌ നിന്ന് അമേരിക്കയിലെ മിന്നിയാപൊളിസിലേക്ക്‌ ബാലൻ മാഷ്‌ ഒരു പാലം പണിയുന്നത്‌ പോലെ തോന്നി.

മാഷ്‌ തുടർന്നു.” ട്രെയ്സിയുടെ ബാല്യം കണ്ടത്ര തീവ്രതകളും ഇരുട്ടുകളും ഇപ്പോഴത്തെ കുട്ടികൾ അനുഭവിച്ചിട്ടുണ്ടാകില്ല. അനാഥത്വം, ജയിലനുഭവങ്ങൾ, അങ്ങനെ മനുഷത്വം മരിക്കുന്ന ഇടങ്ങളിൽ ട്രെയ്സി തന്റെ ബാല്യത്തിൽ കഴിച്ചു കൂട്ടിയ ദുരിതങ്ങൾക്ക്‌ കയ്യും കണക്കുമില്ല. അവരുടെ ആ ഓർമ്മകൾ ഒരു പുസ്തമാക്കിയിട്ടുണ്ട്‌.” ട്രാൻസ്പോർട്ട്‌ ബസ്സ്‌ സ്റ്റാന്റ്‌ ഒരു ഇംഗ്ലീഷ്‌ സാഹിത്യക്ലാസ്മുറി ആയതുപോലെ. ” ആ പുസ്തകത്തിന്റെ പേർ രസകരമാണ്. ഐ ലവ്‌ യു ആന്റ്‌ ഐ ആം ലീവിംഗ്‌ യു എനിവേ. വായിച്ചിട്ടുണ്ടായിരിക്കും.” ഞാൻ എന്തോ മിണുങ്ങി. ബാലൻ മാഷ്‌ തുടരുകയാണ്. ” ഒരിക്കൽ ഇൻസിഡന്റ്ലി ട്രെയ്സിയുടെ എഴുത്തുകളെക്കുറിച്ച്‌ ഒരു ബുക്ക്‌ റിവ്യൂ വായിക്കുകയുണ്ടായി. എല്ലാവരും പ്രത്യേകിച്ച്‌ മലയാളികൾ അവിചാരിതമായി എന്നതിന് ആക്സിഡന്റലി എന്ന് തെറ്റായി പറയും. ആക്സിഡന്റലി എന്നതിന് എന്തോ അപകടം പറ്റിയെന്നാണ് അർത്ഥം. അവിചാരിതമായി എന്നെങ്കിൽ അവിടെ ഇൻസിഡെന്റലി എന്നാണ് ഉപയോഗിക്കേണ്ടത്‌. ഞാൻ ട്രെയ്സി മാക്മില്ലൻ എന്ന എഴുത്തുകാരിയെക്കുറിച്ച്‌ അറിഞ്ഞത്‌ ഒരു അപകടത്തില്ലല്ലോ?”. ട്രാൻസ്പോട്ട്‌ സ്റ്റാന്റ്‌ ഒരു ഇംഗ്ലീഷ്‌ ക്ലാസായതുപോലെ. ഞാൻ ബാലൻ മാഷിനോട്‌ കൂടുതൽ അടുത്തേക്ക്‌ നീങ്ങിയിരുന്നു, ഒരു വത്സലശിഷ്യനെപ്പോലെ. ഇംഗ്ലീഷ്‌ വിശേഷങ്ങളുമായി ബാലൻ മാഷ്‌ തുടരുകയാണ്. “അങ്ങനെയാണ് ഈ അമേരിക്കൻ വാർത്താ വെബ്‌ സൈറ്റായ ഹഫ്പ്പോന്നേക്കുറിച്ച്‌ ഞാൻ അറിഞ്ഞത്‌. പത്ത്‌ വർഷായി കാണണം ട്രെയ്സി അതിൽ എഴുതിയ ഒരു കുറിപ്പ്‌. അതിന്റേം ടൈറ്റിൽ കാപ്റ്റിവേറ്റിങ്ങാണ്. വൈ യു ആർ നോട്ട്‌ മാരീഡ്‌. ” ബാലൻ മാഷ്‌ ഒന്നു റൊമാന്റിക്കായി ചിരിച്ച്‌ എന്നോട്‌ ചോദിച്ചു. “ആർ യു മേരീഡ്‌?”. ഇംഗ്ലീഷിൽ മറുപടി പറയാൻ കിട്ടാതെ ഞാൻ തലയാട്ടി. എൺപതിന്റെ നിറവിലും യൗവ്വനം തുടിക്കുന്ന ആ ഇംഗ്ലീഷ്‌ വടിവുള്ള ഉച്ചാരണം കേട്ട്‌ പറയാനുദ്ദേശിച്ച എന്തൊക്കെയോ വാക്കുകൾ ഞാൻ വീണ്ടും വിഴുങ്ങി. ബാലൻ മാഷ്‌ കൂടുതൽ മാനവികനായി.

“എന്തൊക്കെയാണ് കോളേജ്‌ വിശേഷങ്ങൾ. നന്നായി പോകുന്നില്ലേ? അലുമ്നൈ ഒക്കെ കൂടാറില്ലേ, പൂർവ്വവിദ്യാർത്ഥിസംഗമങ്ങളൊക്കെ.” അഭിമാനപൂർവ്വം ഞാൻ മറുപടി പറഞ്ഞു. എല്ലാ വർഷവും ജനുവരി മാസം രണ്ടാം ശനിയാഴ്ച ഞങ്ങളുടെ കോളേജിൽ അലുമ്നൈ അസ്സോസിയേഷൻ ഒത്തുച്ചേരാറുണ്ട്‌. ഇത്തവണ ആയിരത്തിത്തൊള്ളായിരത്തി അറുപത്തി മൂന്ന് ബാച്ചിലെ അലുമ്നൈ വൺ മിസ്റ്റർ ചന്ദ്രനാണ് ഇനാഗ്രുഷേൻ ചെയ്തത്‌. ” ഞാനും കുറച്ച്‌ ഇംഗ്ലീഷ്‌ തട്ടി വിട്ടു. ബാലൻ മാഷ്‌ കൂടുതൽ വാത്സല്യത്തോടെ, കാരുണ്യത്തോടെ എന്നെ നോക്കി. “മിസ്റ്റർ ചന്ദ്രൻ?”. “അറിയോ?”. എനിക്ക്‌ കൗതുകമായി. “ഇല്ല, ചന്ദ്രനെ എനിക്ക്‌ പരിചയമില്ല. പുരുഷനെങ്കിൽ അവിടെ അലുമ്നസ്‌ എന്നാണു പറയേണ്ടത്‌. അലുമ്നൈ ആണിനും പെണ്ണിനും രണ്ടിനും കൂടി പൊതുവിൽ നമ്മൾ പറയുന്നതാണ്. സ്ത്രീയെങ്കിൽ അലുമ്ന എന്നും പ്രയോഗിക്കണം.” ഞാൻ കൂടുതൽ അദ്ഭുതം നിറഞ്ഞവനായി. ട്രാൻസ്പോട്ട്‌ ബസ്സ്‌ സ്റ്റാന്റിനു ഇപ്പോൾ ഇംഗ്ലീഷ്‌ മണം മാത്രം.

ഭാഷാപാഠം’ ഒരു സംഭവകഥയല്ല. എല്ലാം സാങ്കൽപികം. പലർക്കും ഇതിൽ പറയുന്ന ഇംഗ്ലീഷ്‌ ഭാഷാകാര്യങ്ങൾ അറിയില്ല. അതിനെ അറിയിക്കാൻ അങ്ങനെ കഥാരൂപത്തിൽ ആക്കിയെന്ന് മാത്രം. ബാലൻ മാഷേ ആരും കൊടുവള്ളിയിലും ബാലുശ്ശേരിയിലും അരീക്കോടുമൊന്നും തിരയേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here