തിരുവനന്തപുരം: വില്യംഷേക്‌സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലെയും കലാപ്രതിഭകള്‍ ചേര്‍ന്ന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, അലൈന്‍ ഫ്രാഞ്ചൈസും, പാരീസ് തിയേറ്ററും സംയുക്തമായാണ് ഈ നവ സാംസ്‌കാരിക സംരംഭത്തിന് ഒരുങ്ങുന്നത്. കിംഗ് ലിയറിന്റെ കഥകളി ആവിഷ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആറുമാസമായി നടന്നു വരികയാണ്. ഫ്രാന്‍സിലെയും കേരളത്തിലെയും സംയുക്ത കലാസംഘത്തിന്റെ ഡ്രസ്സ് റിഹേര്‍സല്‍ ഭാരത് ഭവനില്‍ ആരംഭിച്ചു.
ഷേക്‌സ്പിയറിന്റെ ‘കിംഗ്‌ലിയര്‍’ നാടകത്തിന്റെ അനുരൂപീകരണം ശ്രദ്ധേയനായ ഫ്രഞ്ച് കോറിയോഗ്രാഫര്‍ അനറ്റ് ലേഡിയും, നാടക സംവിധായകനായ ഡേവിഡ് റൂയിയും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. ഇതിന് മുന്നേയും വിഖ്യാത ഷേക്‌സ്പിയര്‍ നാടകങ്ങള്‍ക്ക് സാക്ഷാത്കാരം നിര്‍വഹിച്ച്, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ ഇവര്‍ക്കൊപ്പം ഫ്രാന്‍സിലേയും, കലാമണ്ഡലത്തിലേയും, സദനത്തിലേയും വിഖ്യാത കഥകളി പ്രതിഭകള്‍ കിംഗ് ലിയറിലെ കഥാപാത്രങ്ങളായി അരങ്ങിലെത്തും.
നവംബര്‍ 30 ന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ലെവി ഹാളില്‍ കിംഗ് ലിയര്‍ കഥകളിയുടെ ആദ്യാവതരണത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. പ്രവേശനം സൗജന്യമായിരിക്കും. തുടര്‍ന്ന് ഡിസംബറില്‍ ചണ്ഡീഗഡ്, ഡല്‍ഹി, ചെന്നൈ, മുബൈ, പൂനെ എന്നിവിടങ്ങളിലും 2019 ഏപ്രില്‍ മാസം പാരീസിലും കിംഗ് ലിയര്‍ അവതരിപ്പിക്കുമെന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു.