കഥ
മധു. ടി. മാധവൻ
വേനൽ കനത്തതാണ്. പെൻഷൻ കാശു വാങ്ങി വന്ന് ഊണു കഴിച്ചു വെന്ന് വരുത്തി ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു. ഒരു പക്ഷേ കുറച്ച് ദിവസമായി അധികം നടക്കാത്തത് കൊണ്ടാവാം, വല്ലാത്ത ക്ഷീണം അനുഭവപെടുന്നു. സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തിട്ട് ഒരു വർഷം തികയുന്നു.ചെറിയ കാറ്റ് വീശുന്നുണ്ട്. ഉമ്മറത്ത് നിന്ന് നോക്കിയാൽ കാണാം, മുത്തശ്ശി പ്ലാവിന്റെ ഇലകൾ അനങ്ങുന്നു.ഉറങ്ങുവാൻ കഴിയുന്നില്ല. ഒന്നിനും തോന്നുന്നില്ല. എല്ലാവരും പോയി ശാരദ ഇപ്പോഴും ഉമ്മറത്തേക്ക് വന്നിട്ടില്ല. ഇന്ന് അടുക്കളയിൽ അവളാണ് എല്ലാം ചെയ്തത്. ഇനിയിപ്പോൾ അവൾ തന്നെ ചെയ്യണമല്ലോ. അയാൾ നെടുവീർപിട്ടു. ഒടുവിലെപ്പോഴോ ഭിത്തിയിൽ വർണ പെൻസിലുകളാൽ കോറിയിട്ട ചിത്രങ്ങളിൽ കണ്ണൂകൾ ഉടക്കി നിന്നു. ഒരു വീട്, ചെടി ചട്ടി അതിൽ രണ്ടിലകൾക്കിടയിൽ വിടർന്നു നില്ക്കുന്ന പൂവ്, ഒരു തെങ്ങ്, ആകാശത്ത് പറക്കുന്ന പക്ഷികൾ ,താഴെ ഒരു സ്ത്രീയും പുരുഷനും അവർക്കിടയിൽ ഒരു കുട്ടിയും. അതിലെ കുടുംബനാഥന് മുടി വളരെ കുറവാണ്. അയാൾ കഷണ്ടിതല പതിയെ തടവി. ചിത്രത്തിലെ സ്ത്രീ രൂപസാമ്യമില്ലെങ്കിലും ശാരദ തന്നെയാണ്. ഏഴു വയസ്സുകാരന്റെ ഭാവനയ്ക്കും കഴിവിനും പരിമിതികൾ ഉണ്ട്. അപ്പോൾ നടുക്ക്…. അത് എന്റെ മകനാണ്. കണ്ണൻ, ചിത്രത്തിലുള്ള പോലെ ചിരിച്ച് നില്ക്കാറുള്ള എന്റെ കണ്ണൻ.
“മാഷേ..” ശാരദ അടുക്കള വരാന്തയിൽ നിന്നും വിളിച്ചു. അയാൾ ചിന്തകളിൽ നിന്നും പിടഞ്ഞെഴുന്നേറ്റു.ശാരദ കുറച്ചു ദിവസങ്ങളായി സംസാരിക്കാറില്ലായിരുന്നു. ആ വിളിയിൽ സന്തോഷത്തിന്റെ ഒരു നുറുങ്ങുവെട്ടം ഉണ്ടായിരുന്നു. അയാൾ ഉടൻ അവിടേയ്ക്ക് നടന്നു.
” അവൻ പറഞ്ഞ പോലെ വന്നൂട്ടോ..” ശാരദ പറഞ്ഞു.
“ആര്?” അയാൾ പുരികം ചുളിച്ചു ചോദിച്ചു.
“കണ്ണൻ…. ദേ ” ശാരദ കരശു മരത്തിലേക്ക് വിരൽ ചൂണ്ടി.രഘു മാഷിന്റെ കണ്ണുകൾ ചെറുതായൊന്ന് കലങ്ങി.
” അവൻ പറന്നു.. കള്ളൻ ” ശാരദ കരശു മരങ്ങളിലേക്ക് ഇമ ചിമ്മാതെ നോക്കിയിരുന്നു. രഘു മാഷ് ഒന്നും മിണ്ടിയില്ല. ചാരുകസേരയിലേക്ക് ചാഞ്ഞു.
കണ്ണൻ പറഞ്ഞിരുന്നു; ഈ തിണ്ണയിൽ വച്ച്, രഘു മാഷ് ഓർമകളിൽ പിന്നിലേക്ക് നടന്നു. കണ്ണൻ ശാരദ കൊടുക്കുന്ന ഉരുളകൾ ഒന്നും കഴിക്കുന്നില്ല. ശകാരിച്ചാലും നുള്ളിയാലും അവൻ കഴിയ്ക്കുവാൻ കൂട്ടാക്കില്ല. കണ്ണന്റെ കരച്ചിൽ അവൾക്ക് സഹിക്കാവുന്നതും അല്ല. രഘു മാഷിനും അങ്ങനെ തന്നെയാണ്
“വൈകിയുണ്ടായ കുട്ട്യല്ലെ ” എന്നൊരു ന്യായവും അവൾ പറയും.
പതിവുപോലെ നെയ്യ് മൂപ്പിച്ച ചോറ് കഥകൾ മെനഞ് കണ്ണന് കൊടുക്കുകയായിരുന്നു. ശാരദ ഉമ്മറത്ത് വന്ന കാക്കയെ കാണിച്ച് കൊണ്ട് പറഞ്ഞു ” ആ കാക്ക ആരാണെന്നറിയോ? നമ്മുടെ വലിയമ്മൂമ്മയാണത്.കണ്ണൻ ചോറുണ്ണണ്ണ്ടോന്നറിയാൻ വരണ്താ.”
കണ്ണൻ ഉടനെ ഒരുരുള കഴിച്ചു. അപ്പോൾ ശാരദ ചിരിച്ച് കൊണ്ട് പറഞ്ഞു
“അമ്മൂമ്മേ കണ്ണൻ കഴിക്കണ്ണ്ട് ട്ടോ ”
ഞാൻ ചിരിച്ച് കൊണ്ട് കസേരയിൽ ഇരുന്നു. കണ്ണൻ പതിയെ കൊഞ്ചിക്കൊണ്ട് അരികിൽ വന്നു
” അച്ഛാ മരിച്ച് കയിഞ്ഞാ കാക്കയാവോ ??”
“ഉം “ഞാൻ പറഞ്ഞു.
“ന്നാ ഞാനും ഒരീസം കാക്കയായ് പറന്നു നടക്കും മുത്തശ്ശി പ്ലാവിന്റെ ഉച്ചിയിൽ പറക്കും ” അവൻ അത്ഭുതത്തോടെ പറഞ്ഞു.
“നിങ്ങൾക്കിത് വല്ലതും അറിയണോ മാഷേ .കണ്ണൻ ഒരുരുള കഴിക്കാൻ വേണ്ട പെടാപാടേ …കൃഷ്ണാ.. ”
ഞാനും ‘വലിയമ്മൂമ്മയെ’ നോക്കി നിന്നു. അത് മുത്തശ്ശി പ്ലാവ് ലക്ഷ്യമാക്കി പറന്നു പോയി.
ഷീണം കൊണ്ടാവാം രാവിലെ എണീക്കാൻ അല്പം വൈകി. പതിയെ ഉമ്മറത്തേക്കിരുന്നു. മുറ്റത്ത് ചപ്പ് ചവറുകൾ ഒന്നും കാണാനില്ല. ശാരദ അടിച്ച് വാരിയിട്ടുണ്ടാവും. പടിഞ്ഞാറേ വരാന്തയിൽ തൂക്കിയിട്ടിരിക്കുന്ന ഉണങ്ങിയ ചുരയ്ക്ക പാത്രത്തിൽ നിന്ന് അല്പം ഉമിക്കരിയെടുത്ത് മുറ്റത്തേക്കിറങ്ങിയപ്പോൾ ശാരദ പടിഞ്ഞാറേ കരശ് മരങ്ങളിലേക്ക് നോക്കി നില്ക്കുകയാണ്
” വരും, വരാതിരിക്കില്ല. എണീക്കാൻ സമയമായിട്ടിണ്ടാവില്ല” അവൾ ആത്മഗതം പിറുപിറുക്കുന്നു. ഞാൻ ഒന്നും സംസാരിക്കാതെ അടുക്കളയിലേക്ക് നടന്നു. ചൂട് ചായ ഗ്ലാസിൽ ഒഴിച്ച് ഉമ്മറത്തെത്തി പത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.ശാരദ ആരോടോ സംസാരിക്കുന്നുണ്ട് പരിഭവം പറയുന്ന മട്ടിലാണ് സംസാരിക്കുന്നത്. മാഷ് പത്രം മടക്കി വച്ച് അവളുടെ അടുത്തേക്ക് പോയി. അവൾ നെയ്യ് മൂപ്പിച്ച ചോറ് ഒരു ഇലയിൽ വച്ചിരിക്കുന്നു.കൂമ്പിലയിൽ തന്നെയാണ്. അവൾ മാഷെ നോക്കി തിളങ്ങുന്ന കണ്ണൂകളോടെ പറഞ്ഞു
“അവനിപ്പൊ വരും ”
അവളുടെ കൺ തടങ്ങളിൽ ക്ഷീണം തങ്ങി നില്ക്കുന്നു. എങ്കിലും കണ്ണൂകളിലെ തിളക്കം എന്നെ അത്ഭുതപെടുത്തി. അതെ,വന്നു.. ഒരു ബലി കാക്ക ഉരുളയ്ക്കരികിൽ സ്ഥാനം പിടിച്ചു.
“നമ്മടെ മോനാത്” അവൾ പറഞ്ഞു. മാഷിന്റെ ചങ്കിൽ അമ്പു തുളയുന്നത് പോലെ തോന്നി. ബലിക്കാക്ക ഉരുള കഴിച്ച് ചുറ്റിലും കണ്ണോടിച്ച് പറന്ന് പോയി.
ബലി കാക്ക പിന്നെയും വന്നു കൊണ്ടിരുന്നു. കണ്ണൻ ഊഞ്ഞാലാടിയ നാട്ടുമാവിൻ ചുവട്ടിലും അവന്റെ മരചക്ര വണ്ടിയിലും ചാമ്പ മരത്തിലും വാഴ കൈയിലും മുറ്റത്തും വന്നിരുന്ന് ശാരദ നല്കുന്ന ചോറും ദോശയും ഉണ്ണിയപ്പവും കഴിച്ച് പോവുകയും ചെയ്തു.ശാരദ നാൾക്കു നാൾ ഉത്സാഹവതിയായി കാണപ്പെട്ടു. കണ്ണന് കൊടുക്കുവാനുള്ള ഭക്ഷണ പലഹാരങ്ങൾ ഉണ്ടാക്കുന്നതിലും അവൾ ധൃതി കൂട്ടി. മനസ്സിനെ ആശ്വസിപ്പിക്കുന്ന ആ അന്ധവിശ്വാസത്തിൽ സ്കൂൾ അദ്ധ്യാപകനായി വിരമിച്ച രഘു മാഷും അശ്വാസം കണ്ടെത്തി. ഇടയ്ക്ക് മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു.” അത് കണ്ണനാണ്”.
കണ്ണന്റെ കൂട്ടുകാരൻ ആയിരുന്ന കുട്ടൻ തെറ്റാലിയുമായി തൊടിയിലൂടെ നടന്നപ്പോൾ ശാരദ കുട്ടനെ ശകാരിച്ചു കൊണ്ട് പറഞ്ഞു ” കുട്ടാ തെറ്റാലി കണ്ടാൽ കണ്ണന് ദേഷ്യാവുട്ടോ ” കുട്ടൻ പിന്നീട് അവിടെ നിന്നില്ല. തെറ്റാലി കയ്യിൽ നിന്ന് ഊർന്നു വീണെങ്കിലും എടുക്കുവാൻ ഒരുങ്ങാതെ വീട് ലക്ഷ്യമാക്കി തിരിഞ്ഞ് നോക്കാതെ പാഞ്ഞു. പിന്നീട് ഈ വഴി കുട്ടൻ വരാറില്ല. തൊടിയിലൂടെ ഓടി നടക്കുന്ന നായയെയും പൂച്ചകളെയും പേടിച്ച് കണ്ണൻ വരാതായാലോ എന്ന് കരുതിയാവാം അന്യ ജന്തുക്കൾക്കും ശാരദ പ്രവേശനം നിഷേധിച്ചു. അവളുടെ മനോനിലയിൽ അയൽക്കാരിൽ പലരും സംശയം പ്രകടിപ്പിച്ചു.കണ്ണൻ എന്നും പതിവ് തെറ്റാതെ വന്നു കൊണ്ടുമിരുന്നു. കണ്ണന് ഇഷ്ടമുള്ള ക്രീം പുരട്ടിയ ബിസ്ക്കറ്റ് വാങ്ങിയപ്പോൾ പീടികയിലുള്ളവരിൽ പലരും അസ്വഭാവികത പ്രകടിപ്പിച്ചു.രഘു മാഷ് അത് ശ്രദ്ധിക്കാതെ തന്നെ പിന്നീടും പതിവ് തുടർന്നു പോന്നു കണ്ണൻ കാക്കയായി പുനർജനിച്ചു എന്നു തന്നെ ആ ദമ്പതികൾ വിശ്വസിച്ചു. അല്പം അകലെയുള്ള ക്ഷേത്രങ്ങളിൽ അവൾ കണ്ണന്റെ പേരിൽ വഴിപാടും അർച്ചനകളും തുടർന്നു.വല്ലപ്പോഴും വരുന്ന ബന്ധുക്കളോടും മറ്റും അവൾ പറഞ്ഞു
” അത് എന്റെ കണ്ണൻ തന്നെയാന്ന് ”
മാഷ് മനസ്സിൽ അതാവർത്തിച്ചു. ” അതെന്റെ കണ്ണനാണ് ” വിശ്വാസങ്ങളുടെ ബലിക്കല്ല് മന:സമാധാനമാണ് എന്ന് ആരോ പറഞ്ഞതിൽ മാഷ് സ്വയം ആശ്വസിച്ചു.
കർക്കിടക മഴയിൽ കുടയും പിടിച്ച് വാർന്നൊലിച്ചാണ് മാഷ് അന്ന് വന്നത്.മഴയും ഇടിമിന്നലും കലശലാണ്.ഇറക്കാലിൽ വച്ച് തന്നെ തല തോർത്തുമ്പോൾ അക്ഷമയോടെയും ആധിയോടെയും തന്നെ നോക്കുന്ന ഭാര്യയെ മാഷ് കണ്ടു.കയ്യിലെ തുണി സഞ്ചിയിൽ നിന്നും ഒരു ബിസ്കറ്റ് പായ്ക്കറ്റ് ശാരദയ്ക്കു നേരെ നീട്ടി.
“ കണ്ണൻ…” മാഷ് ചോദിച്ചു.
” ല്യ” ആ മ്ലാനമായ മുഖത്ത് നിന്ന് മാഷ് പ്രതീക്ഷിച്ച മറുപടി തന്നെയാണ് ലഭിച്ചത്.
” ഇത്ര നേരായിട്ടും അവൻ വന്നില്ല. എന്താവോ പറ്റിയേ?” അവൾ പരിഭവം പ്രകടിപ്പിച്ചു.
“മഴ ആയോണ്ടാവും. വൈകിട്ട് വരും … ” മാഷ് ആശ്വസിപ്പിച്ചു. അവൾ ദീർഘ നിശ്വാസത്തോടെ അടുക്കളയിലേക്ക് നടന്നു.
ശാരദ പടിഞ്ഞാറേ വരാന്തയിൽ കരശ്ശ് മരങ്ങളെ നോക്കി നിന്നു.കരശു മരങ്ങളിൽ മഴ തുള്ളികൾ ഒലിച്ചിറങ്ങുന്നു. അക്ഷമയോടെ അവൾ കണ്ണ് അവിടെയാകെ പരതുകയാണ്. കണ്ണനെ അവിടെയെങ്ങും കാണാനില്ല. അവൾ ചാറ്റൽ മഴയിൽ പുറത്തിറങ്ങി
“കണ്ണാ…. ” അവൾ നീട്ടി വിളിച്ചു കൊണ്ട് തൊടിയിൽ നടന്നു.
” കണ്ണാ …മോനേ….” ശാരദയുടെ കണ്ഠമിടറുന്നുണ്ടായിരുന്നു. മഴയിൽ ചുണ്ടുവിറയ്ക്കുന്നുണ്ടായിരുന്നു. കണ്ണൂനീർ തുള്ളികൾ മഴ തുള്ളികളായ് ചേർന്ന് താഴോട്ടൊഴുകി. മാഷ് പെട്ടെന്ന് കുടയുമെടുത്ത് അവളുടെ അടുത്തേക്ക് നടന്നു
” ശാരദേ ” മാഷ് അല്പം ഇsറിയ ശബ്ദത്തിൽ വിളിച്ചു. ശാരദ അപ്പോഴും മരങ്ങളിൽ പരതുകയായരുന്നു. മാഷ് അവളുടെ കൈയ്യിൽ പിടിച്ച് വീട്ടിലേക്ക് നടന്നു. തല തോർത്തുന്നതിനിടയിലും അവൾ വിദൂരതയിൽ നോക്കി നില്ക്കുകയാണ്.
” ശാരദ അല്പം കിടന്നോളു, മുഖത്ത് നല്ല ക്ഷീണമുണ്ട്” മാഷ് പറഞ്ഞു. അവളെ മാഷ് നിർബ്ബന്ധിച്ച് കട്ടിലിൽ കിടത്തി. മാഷ് ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നു.
ചാരു കസേരയിൽ മഴയെ നോക്കി മാഷ് കിടക്കുമ്പോൾ മഴയിൽ കുസൃതി ചിരിയോടെ കളിയ്ക്കുന്ന കണ്ണനേയും പിന്നിൽ ശകാരിച്ച് വടിയെടുത്ത് കണ്ണനെ വിട്ടിലേക്ക് കയറ്റുന്ന തന്റെ ഭാര്യയെയും ഓർമിച്ചു. ആ കുസൃതി ചിരിയും കുറുമ്പും മനസ്സിൽ ആലോചിച്ച് മണ്ണിൽ പതിക്കുന്ന മഴത്തുള്ളികളെയും ഒരു നിമിഷം മാത്രമായുസുള്ള മുറ്റത്തെ മഴ കുമിളകളെയും നോക്കി മാഷ് ഇരുന്നു.
“എന്നാലും കണ്ണനെവിടെ?? ” മാഷ് പതിയെ എഴുന്നേറ്റു. ഇപ്പോൾ മഴ വളരെ കുറഞ്ഞിരിക്കുന്നു. അല്പം ഇരുൾ വീഴാൻ തുടങ്ങുന്നു. മാഷ് പതിയെ തൊടിയിലേക്കിറങ്ങി. കണ്ണൻ കളിച്ച് ഉsച്ച കളി കോപ്പുകളുടെ അവശിഷ്ടങ്ങൾ മണ്ണിൽ അല്പം പുതഞ്ഞ് കിടക്കുന്നു. ജീർണിച്ച ഊഞ്ഞാലിന്റെ കയർ പേറുന്ന നാട്ടുമാവിൽ മരം പെയ്യുന്നുണ്ട്.കരശ്ശൂമരങ്ങളെ വരിഞ്ഞ് മുറുക്കിയ കുരുമുളകിൻ തണ്ടുകൾ നോക്കിയപ്പോൾ വല്ലാത്ത ഏകാന്തത. മുത്തശ്ശി പ്ലാവിന്റെ മുകളിൽ മഴ തോർന്നപ്പോൾ കാക്കകൾ ശബ്ദിക്കുന്നുണ്ട്.
“ശാരദ മയങ്ങീട്ട്ണ്ടാവും. ഇന്ന് ഒന്നും കഴിച്ചിണ്ടാവില്ല ”
അയാൾ ആത്മഗതം പറഞ്ഞു. മുത്തശ്ശി പ്ലാവിലെ കാക്കകളുടെ ശബ്ദം അല്പം കനക്കുന്നുണ്ട്. മാഷ് അത് ലക്ഷ്യമാക്കി നടന്നു. മുത്തശ്ശി പ്ലാവിന് തന്നേക്കാൾ പ്രായമുണ്ട്. മാഷ് കരയുന്ന കാക്കകളിൽ കണ്ണനെ തിരഞ്ഞു.ആ അതിൽ ഉണ്ടാവും അത്രക്ക് കണ്ണൂ പിടിക്കണില്ല. മാഷ് വെറുതേ ചുറ്റിലും മരങ്ങളിലും കണ്ണോടിച്ചു തിരിച്ചു വരാൻ ആഞ്ഞു. താഴെ മണ്ണിൽ നിന്നും ഉയർന്നിരിക്കുന്ന വേരുകൾക്കിടയിൽ എന്തോ ഒന്ന് കിടക്കുന്നു. മാഷ് അല്പം കുനിഞ്ഞ് നോക്കി .. എന്തോ ഒന്ന് വിറങ്ങലിച്ച് കിടക്കുകയാണ്.
“അത് ഒരു കാക്കയാണ് ” മാഷ് കൈകളിൽ എടുത്തു. ഒരു കാക്കയുടെ ജഡമാണ് .അതിന്റെ മുഖത്ത് ഓടുന്ന ഉറുമ്പുകളെ മാഷ് കൈ കൊണ്ട് എടുത്ത് കളഞ്ഞു. കണ്ണന്റെ വെള്ളത്തുണിയിൽ കെട്ടി പൊതിഞ്ഞ ആ രൂപത്തെ മാഷ് തന്റെ കൈകളിൽ കണ്ടു.
” ഇത് കണ്ണൻ ആണോ…ആയിരിക്കില്ല” മാഷിന്റെ കൈത്തലങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു. കണ്ണന്റെ അതേ വലുപ്പം. മാഷ് ഉമ്മറത്തേക്ക് നോക്കി .,” ഇല്ല, ശാരദ അവിടെയില്ല.” ഉടൻ ചാരി വച്ച മൺവെട്ടിയെടുത്ത് തെക്ക് ഭാഗത്ത് അടക്കം ചെയ്ത കണ്ണന്റെ കാൽ ഭാഗത്ത് തന്നെ ജഡത്തെ വിറച്ച് കൊണ്ട് കുഴിച്ചിട്ടു. മൺവെട്ടി കഴുകുമ്പോൾ മാഷ് അണയ്ക്കുന്നുണ്ടായിരുന്നു. വിയർപ് തുടച്ച് മാഷ് സ്വയം പറഞ്ഞു.
“കണ്ണനല്ല .. ഇത് കണ്ണനാവില്ല”
മാഷ് പതിയെ വീടിനകത്തേക്ക് കടന്നു.അടുത്ത മഴയ്ക്ക് കാറ് വയ്ക്കുന്നുണ്ട്. മുറിയിൽ ശാരദ മയങ്ങുന്നു. മാഷ് കൈ തലങ്ങൾ നെറ്റിയിൽ വച്ചു. ശാരദ പതിയെ കണ്ണ് തുറന്നു.
” കണ്ണൻ വന്നോ ??” അവൾ ചോദിച്ചു. മാഷ് ഒന്നും മിണ്ടിയില്ല. അവൾ വീണ്ടും ഒരു കുട്ടിയെ പോലെ മാഷിനോട് ചോദിച്ചു
“നാളെ വരുംലെ കണ്ണൻ??”
“ഉം.. ശാരദ ഇപ്പൊ എന്തെങ്കിലും കഴിക്ക് ” മാഷ് പറഞ്ഞു.
” ഉം… നാളെ എന്തായാലും വരും ഞാൻ ഭഗവതിക്ക് കൂട്ടുപായസം നേർന്നിട്ടുണ്ട് ” ശാരദ പ്രതീക്ഷയോടെ പറഞ്ഞു.മാഷ് പറഞ്ഞു
“ഞാൻ ഭക്ഷണം എടുത്ത് വയ്ക്കട്ടെ”
മാഷിന് സ്വയം നിയന്ത്രിക്കാൻ സാധിക്കുന്നില്ലായിരുന്നു. മാഷ് പതിയെ അടുക്കളയിലേക്ക് പോയി.കണ്ണിൽ പതിയെ ഊറിവരുന്ന കണ്ണ് നീർ തോർത്ത് കൊണ്ട് തുടച് മാഷ് ആത്മഗതം പറഞ്ഞു.
” അത് വേറെയേ തോ കാക്കയാണ്. കണ്ണൻ നാളെ വരും ”
ജനലിലൂടെ കണ്ണന്റെ കുഴിമാടത്തിലേക്ക് മാഷ് നോക്കി നിന്നു. ചാറ്റൽ മഴയും ഇരുട്ടും ഭൂമിയിലേയ്‌ക്കിറങ്ങി വന്നു. മുത്തശ്ശി പ്ലാവിലെ കാക്കകളുടെ ശബ്ദവും രഘു മാഷിന്റെ തേങ്ങലും ആ ഇരുട്ടിൽ ലയിച്ചു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.