തൊഴിലാളി ദിനം

0
387
thozhilalidinam-ajesh-nallanchi-wp

കവിത

അജേഷ് നല്ലാഞ്ചി

മെയ് ദിനത്തിന്റെ തലേന്ന്
ചിക്കാഗോയിൽ നിന്ന്
ഒരു കുറിപ്പ് കവലയിലേക്ക് വരും
“മെയ്യനങ്ങിടാത്തവർക്ക്
സ്ഥാനമില്ല ഭുമിയിൽ ”
എന്നെഴുതിയിട്ടുണ്ടാവും..

ശീമക്കൊന്നക്കൊമ്പുകൾ
ആരുമാഹ്വാനം ചെയ്യാതെ തന്നെ
പഴയ ചുമട് താങ്ങിക്ക് താഴെ നിറയും.
കവല ചുവന്ന് തുടുക്കും…

ചിക്കാഗോ
നൂറ്റാണ്ടുകൾക്ക് മുൻപേ
സുപരിചിതമായ നഗരമാണ്..
നേരിട്ടൊരു പാതയില്ല
നേരിട്ട പോരാട്ടമല്ലാതെ
സാമ്യവുമില്ല…

വിയർപ്പിന്
രാജ്യാതിർത്തികളില്ല
വിശപ്പിനും..
ചിക്കാഗോ വിളിച്ചു
കവലകളെല്ലാം ഏറ്റു വിളിച്ചു..
തൂക്കിലേറ്റപ്പെട്ടവരുടെ
മുദ്രാവാക്യം കേട്ട്
കാതങ്ങൾക്കിപ്പുറവും
നിശബ്ദമായി..



വൻകരകളെ പിടിച്ചുലച്ച
ശബ്ദം
പണിയെടുക്കുന്നവന്റെ ശബ്ദം
സംഘടിച്ച
സകല രാജ്യ
തൊഴിലാളികളുടെ ശബ്ദം.

കൽത്തുറങ്കും
കാരിരുരുമ്പും
കൈക്കരുത്തിൽ തോറ്റു പോയ ശബ്ദം..

കവല പതുക്കെ
മെയ്ദിനപ്പകലിനു വേണ്ടി
ഒരുങ്ങിത്തുടങ്ങും…
തൊഴിലാളി വിശ്രമിക്കുന്നില്ല
വിളക്കിചേർക്കുകയാണ്
ഐക്യപ്പെടലിന്റെ
വിയർപ്പു തുള്ളികൾ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.



LEAVE A REPLY

Please enter your comment!
Please enter your name here