കഥ
ഹരിഹരൻ. എസ്
കേളികൾക്കു ശേഷം കാര്യപരിപാടിയിലേയ്ക്ക് കടന്നതേയുള്ളു…
അപ്പോഴേക്കും അവന്മാർ വാതിലിൽ മുട്ടാൻ തുടങ്ങി.
“ഇറങ്ങി വാടാ നാറി… ഇന്ന് നാട്ടുകാരുടെ മുന്നിൽ നിന്നെ പിടിച്ച് നിർത്തിയിട്ടു തന്നെടാ..”
സരോജിനിയുടെ വിയർപ്പു പൊടിഞ്ഞ ഉടലിൽനിന്നും ജോയപ്പൻ വേഗത്തിൽ എഴുന്നേറ്റു.
“ഇറക്കി വിടെടി കള്ള നായിന്റെ മോനെ. ഡാ… ജോയപ്പാ.. ഇറങ്ങി വാടാ അവൾടെ പാവാടയുടെ ഉള്ളീന്ന് . ”
തറയിൽ വീണുകിടന്ന മുണ്ടെടുത്ത് അരയിൽ ചുറ്റിയശേഷം ജോയപ്പൻ മുറിയുടെ ഇരുണ്ട മൂലയിൽ പതുങ്ങി നിന്നു. അയാൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
“കള്ളവെടി വയ്ക്കാൻ ഒളിച്ച്കയറിയിരിക്കുവാ അല്ലേടാ നാറി”
ശരീരത്തെയും മനസ്സിനെയും പൊതിഞ്ഞുകഴിഞ്ഞിരുന്ന മരവിപ്പിനിടയിലും കൃഷ്ണകുമാറിന്റെ സ്വരം ജോയപ്പൻ തിരിച്ചറിഞ്ഞു. കള്ള പന്നി തന്നെ കുരുക്കാൻ അവസരം നോക്കി നടക്കുകയാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇനി സീറ്റ് കിട്ടുമെന്ന മോഹം മാറ്റി വയ്ക്കുക തന്നെ.
“പുരോഗമനവും പറഞ്ഞു നടന്നിട്ട് രാത്രി നിനക്ക് ഇവളുടെ കൂടെയുള്ള കിടപ്പാണ് പണി അല്ലേടാ തെണ്ടി. വാടാ ഇറങ്ങി നായേ.”
വളവിലെ ഭാസ്‌ക്കരൻ നായരുമുണ്ട് കൃഷ്ണകുമാറിന്റെ കൂടെ. കൊടിയ വിഷമാണയാൾ.
ജോയപ്പൻ സരോജിനിയെ നോക്കി.അവൾക്ക് ഒരു കൂസലുമില്ല. മദാലസ്യത്തോടെ അയാളെ സാകൂതം നോക്കിയിട്ട് അവൾ ചോദിച്ചു .
“സഖാവിന് മുള്ളാൻ മുട്ടുന്നുണ്ടോ ?”
ജോയപ്പന്റെ നോട്ടത്തിൽ ദൈന്യത പടർന്നു.
“സരോജം… പാർട്ടി ആപ്പീസിലെങ്ങാനും ഇതറിഞ്ഞാ..”
സരോജിനി ജോയപ്പന് ആജ്ഞാതമായ ഒരു കാര്യത്തെ ഓർത്ത് ചിരിച്ചശേഷം അലസമായി അവളുടെ മുടി പുറകോട്ട് കെട്ടി.മങ്ങിയ വെളിച്ചത്തിൽ അവളുടെ വിസ്തൃതമായ ഉടലിലെ തിരയിളക്കം അയാൾ കണ്ടു.
“ചിരിക്കുന്നോടീ.. മര്യാദയ്ക്ക് വാതിൽ തുറക്കുന്നോ അതോ ഞങ്ങൾ ഇത് ചവുട്ടി പൊളിക്കണോടീ ”
“ഓ … ആ ശേഖരന്റെ മോൻ കൃഷ്ണകുമാരനല്ലേ അത്.എന്തൊരു ഒച്ചയാടാ ഇവനിടുന്നേ ..”
സരോജം കിടക്കയിൽ നിന്നുമെഴുന്നേറ്റു. പൂർണ്ണനഗ്നയായി അവൾ ജോയപ്പന് നേരെ തിരിഞ്ഞു.
“നാണമില്ലേടോ ഇങ്ങനെ വിറച്ച് നിൽക്കാൻ? താനൊക്കെ ഒരാണാ ?”
ജോയപ്പനപ്പോൾ ശരിക്കും മൂത്രമൊഴിക്കണമെന്ന് തോന്നി.
“ഈ ചെക്കനിതു എന്ത് ഭാവിച്ചാ ?”
സരോജിനി ജനാലയുടെ അടുത്തുപോയി അത് ഒരൽപ്പം തുറന്നു. ഇറ്റുവന്ന മൂത്രം ജോയപ്പൻ മുണ്ടിലേയ്ക്ക് പടർത്തി.
“ഡാ… കൃഷ്ണകുമാരാ.. ഇവിടെ വാ. ദാ .. ഇവിടെ… ഈ ജനാലയ്ക്ക് .’
കൃഷ്ണകുമാർ ജനാലയുടെ അടുക്കലേയ്ക്ക് ഓടിയെത്തി.
“ടീ .. എവടാടി അവൻ? കക്കൂസിക്കയറി ഒളിച്ചോ?”
“കൃഷ്ണകുമാറേ … വാടീ പോടീന്നൊക്കെ വിളിച്ചാ എൻ്റെ ശരിയായ രൂപം നീ കാണുമേ. മര്യാദയ്ക്ക് സംസാരിക്കടാ .”
“ചേച്ചി… ദാ , നിങ്ങളോടു ഞങ്ങക്ക് ഒരു പിണക്കവുമില്ല . പക്ഷെ അവനെ ഞങ്ങക്ക് വിട്ടുതരണം . കുറെ നാളായി അവനെയൊന്ന് നോട്ട് ചെയ്ത് വച്ചിരിക്കുവാ ഞങ്ങള് . ഇന്നാ കിട്ടിയത്.”
“ഡാ… ചെക്കാ.. നീയും ആ ഭാസ്‌ക്കരൻ നായരുമല്ലാതെ വേറെ എത്രപേരുണ്ടടാ ഇവിടെ?”
അവരുടെ ഇരുവരുടെയും സ്വരങ്ങൾ താഴുന്നതും , ഒരു ഗൂഢാലോചനയിൽ പങ്കെടുക്കുന്നവരുടെയെന്നപോലെ ഒരു പതിഞ്ഞ മർമ്മരത്തിലേയ്ക്ക് ഒതുങ്ങിയടങ്ങുന്നതും ജോയപ്പൻ വിസ്മയത്തോടെ കേട്ടു.
സരോജിനി ഒരു നിമിഷനേരത്തേയ്ക്ക് ജനാലതുറന്ന് തൻ്റെ ശരീരത്തിന്റെ മുൻഭാഗം കൃഷ്ണകുമാറിന് കാട്ടിക്കൊടുത്തു.
“ഇപ്പത്തേയ്‌ക്ക് ഇത് മതി. ഇനി എല്ലാത്തിനെയും കൂട്ടി ഒച്ചവയ്ക്കാണ്ടെ ഇവിടുന്നു പോ കെ.കെ.”
അവൾ ജനാലയടച്ച ശേഷം ജോപ്പന്റെ നേരെ തിരിഞ്ഞു. അവളുടെ മുഖത്തെ ചിരി അയാളിൽ ഭയമുണർത്തി. അയാൾക്ക് തൂറാൻ മുട്ടി.
“നീ.. അവനോട് എന്താ പറഞ്ഞേ ? അവരൊക്കെ പോയോ?”
“ഹും.. അവനെ ഞാൻ തീരെ കൊച്ചനായി കാണുന്നുവത്രേ … അവനില്ലാത്ത എന്താണ് നിനക്കുള്ളതെന്നു അവൻ ചോദിച്ചു . എൻ്റെ കെ.കെ… പിന്നെയൊരു ദിവസം സൗകര്യായിട്ട് രാത്രിയി വാ എന്നും പറഞ്ഞു ഞാൻ അവന് എൻ്റെ നമ്പർ കൊടുത്തു. മറ്റു ചെക്കന്മാരെയൊക്കെ അടക്കി നിർത്തിക്കോണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.. എൻ്റെ ഒച്ച പൊങ്ങിയപാടെ ആ ഭാസ്‌ക്കരൻ നായര് ഗേറ്റ് തുറന്ന് ഓടുന്നത് കണ്ടു.അയാളിനി ഈ വഴി വരില്ല. കെ.കെ അപ്പോൾ എന്നോട് ജനാലയിലൂടെ “ബ്രെസ്റ്റ്” ഒന്ന് കാണിച്ച് തരാമോ ചേച്ചി എന്ന് ചോദിച്ചു. അതാ ഞാൻ ഒന്ന് ജനാല തുറന്നത് . ചെക്കൻ ഒരു വഴിയായിട്ടാ പോയിരിക്കണേ ..”
തൻ്റെ രാഷ്ട്രീയപ്രതിയോഗിയെ നിഷ്പ്രഭനാക്കിയ സരോജിനിയെയും നോക്കി ജോയപ്പൻ ചലനമറ്റവനായി നിന്നു. കട്ടിലിൽ പോയി ഇരുന്നിട്ട് സരോജിനി അയാളെ അക്ഷമയോടെ നോക്കി.
“താനെന്താ വരുന്നില്ലേ ?”
ജോയപ്പൻ വല്ലാതെ വിയർത്തുതുടങ്ങിയിരുന്നു .വിക്കിക്കൊണ്ട് അയാൾ പറഞ്ഞു
“ഒന്ന് കക്ക്ക്ക്ക്കൂസി പോണം.”
കക്കൂസിന്റെ വാതിലടയ്ക്കുമ്പോൾ സരോജിനി വെറുപ്പോടെ ഇങ്ങനെ പറയുന്നതായി ജോയപ്പന് തോന്നി.
“ഹും.. ആണുങ്ങളാത്രെ.. ഒരെണ്ണത്തിന് മര്യാദയ്ക്ക് പൊങ്ങൂല .”
അവളങ്ങനെ ശരിക്കും പറഞ്ഞോ അതോ തനിക്കതു അവൾ പറഞ്ഞതായി തോന്നിയോ എന്ന കുഴയ്ക്കുന്ന ചിന്തയിലാണ്ട് അയാൾ വിസ്തരിച്ച് തൂറി.
ചിത്രങ്ങൾ :
1. പാബ്ലോ പിക്കാസോയുടെ “ആവിഞ്ജോണിലെ
സ്ത്രീകൾ” എന്ന ചിത്രം.
2 . “ആവിഞ്ജോണിലെ സ്ത്രീകൾ ” എന്ന
ചിത്രത്തിന് ജെയ്‌മീ വാറൻ നൽകിയ
ഫോട്ടോഗ്രാഫിക് രൂപഭേദം.
ഈ രണ്ട് ചിത്രങ്ങളും നിലവിലുണ്ടായിരുന്ന സദാചാരവിശ്വാസത്തിനെതിരെയുള്ള
പ്രവർത്തനമായിട്ടാണ് ഒരു കാലത്ത് കരുതപ്പെട്ട്
വന്നിരുന്നത്. ഇപ്പോൾ ഈ രണ്ട് കലാസൃഷ്ടികൾക്കും
കലാചരിത്രത്തിൽ മുഖ്യമായ സ്ഥാനങ്ങൾ
നല്കപ്പെട്ടിട്ടുണ്ട്.
…
ഹരിഹരൻ .എസ്
ഫോട്ടോഗ്രാഫറും എഴുത്തുകാരനുമാണ് .
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിക് പ്രിന്റുകൾ ഗാലറികളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട് .
ഇന്ത്യയിലും വിദേശത്തുമുള്ള പ്രസിദ്ധീകരണങ്ങളിൽ ഫോട്ടോഗ്രാഫുകളും അനുബന്ധ എഴുത്തും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ ഫൈൻ ആർട്ട് ഫോട്ടോഗ്രാഫിയിലും ഫോട്ടോ ആർട്ടിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
പാലക്കാട് നഗരത്തിലുള്ള തൊണ്ടികുളത്താണ് താമസം.
…
SUPPORT US
ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.
Google Pay : 8078816827
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.