ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പാക്കിയ പദ്ധതികള്‍ക്ക് പ്രത്യേകിച്ച് കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രൊജക്ടായ കുമരകം സമൃദ്ധി എത്‌നിക് ഫുഡ് റെസ്റ്റോറന്റിനാണ് ആദ്യ പുരസ്‌കാരം. സ്ത്രീ ശാക്തീകരണ പദ്ധതി വിഭാഗത്തിലാണ് കേരള ടൂറിസം ഈ പുരസ്‌കാരം നേടിയത്. കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കസാക്കിസ്ഥാനിലെ നൂര്‍-സുല്‍ത്താനില്‍ വച്ചു നടന്ന പാറ്റ ട്രാവല്‍ മാര്‍ട്ട് 2019-ല്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
കേരളത്തില്‍ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമരകത്ത് നടന്ന് വരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിഗണിച്ചാണ് പുരസ്‌കാരം. കേരളത്തില്‍ ആകെയുള്ള 15,500 ഉത്തരവാദിത്ത മിഷന്‍ യൂണിറ്റുകളില്‍ 13,500 യൂണിറ്റുകള്‍ സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്നവയാണ്. എല്ലാ പരമ്പരാഗത തൊഴിലുകളേയും, ടൂര്‍ പാക്കേജുകളാക്കി മാറ്റുന്ന പ്രവര്‍ത്തനം, വനിതകളുടെ കലാഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം, പാരമ്പര്യ ഭക്ഷണം ടൂറിസ്റ്റുകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച സമൃദ്ധി എത്‌നിക് റസ്റ്റോറന്റ്, പാരിസ്ഥിതിക സൗഹൃദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തുണി സഞ്ചികള്‍ പേപ്പര്‍ ബാഗുകള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തങ്ങള്‍ ഇവയെല്ലാം സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. കുമരകത്തെ മൊത്തത്തില്‍ ഉള്ള ടൂറിസം പ്രവര്‍ത്തങ്ങളും, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളിലെ സ്ത്രീ പങ്കാളിത്വവും അവാര്‍ഡിന് പരിഗണിക്കപ്പെട്ടു.
പാറ്റാ ഗോള്‍ഡന്‍ അവാര്‍ഡുകള്‍ നേടാനായത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു അംഗീകാരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം രംഗത്ത് കേരളത്തിന്റെ ആകര്‍ഷണീയതയ്ക്കുള്ള ഏറ്റവും വലിയ സാക്ഷ്യപ്പെടുത്തല്‍ കൂടെയാണ് ഈ അവാര്‍ഡ്. ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിലുള്ള കുമരകത്തെ സ്ത്രീകള്‍ നടത്തുന്ന തദ്ദേശീയ ഭക്ഷണശാലയ്ക്ക് ലഭിച്ച അവാര്‍ഡ് എടുത്തു പറയേണ്ടുന്ന ഒന്നാണ്. സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കേരളത്തിന്റെ ടൂറിസം പോളിസിക്ക് ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നത്. ആര്‍ ടി മിഷന് കീഴിലുള്ള 15500 സംരംഭങ്ങളില്‍ 13500 സ്ത്രീകളുടെ നേതൃത്വത്തില്‍ ഉള്ളതാണെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
ഏറ്റവും മികച്ച ടൂറിസം വെബ്‌സെറ്റിനുള്ള ഗോള്‍ഡന്‍ പുരസ്‌കാരം കേരള ടൂറിസം വെബ്‌സൈറ്റിന് ലഭിച്ചു. ഇന്‍വിസ് മള്‍ട്ടിമീഡിയയാണ് കേരള ടൂറിസം വെബ്‌സൈറ്റിന് സാങ്കേതിക സഹായം നല്‍കുന്നത്. കേരള ടൂറിസത്തിന്റെ പരസ്യ പ്രചരണ പരിപാടിയായ ‘Come Out & Play’-ക്ക് മികച്ച പരസ്യ പ്രചരണ പരിപാടിക്കുള്ള പുരസ്‌കാരവും നേടി. കേരള ടൂറിസത്തിന് വേണ്ടി ആ ക്യാമ്പയിന്‍ നടത്തിയത് സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷനാണ്. മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസവും പരിശീലനവും, പ്രകൃതി, പാരമ്പര്യവും സംസ്‌കാരവും എന്നീ വിഭാഗങ്ങളില്‍ നിന്നും ഏറ്റവും മികച്ചതിനാണ് പാറ്റ അവാര്‍ഡുകള്‍ നല്‍കുന്നത്.