ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 32
ഡോ. രോഷ്നി സ്വപ്ന
(God Exists, Her Name Is Petrunya, Director: Teona Strugar Mitevska, Macedonia)
എന്റെ ദൈവം ഒരു പെണ്ണാണ് എന്ന പേരിൽ ടോബി ഇസ്രായേൽ എഴുതിയ ഒരു കവിതയുണ്ട്.
“ഞാൻ ക്ഷീണിതയാണ്
ഒട്ടേറെ ദിനങ്ങൾ!
പൊതിഞ്ഞു കെട്ടിയ
എന്റെ ഉടൽ….
മറ്റാരുടെയോ നന്മക്ക് വേണ്ടി….
എനിക്ക് കീഴിൽ തിളച്ചു മറിയുന്ന
ക്രോധങ്ങൾ…!
ഞാൻ അത്ഭുതപ്പെടുന്നു
എന്റെ ഭാവുകത്വങ്ങളെ ആരാണ് മാനിക്കുക?
ക്ഷീണിതയാണ് ഞാൻ.
തെളിഞ്ഞ തണുത്തുറഞ്ഞ
ജലപാളികളിലേക്ക് ഞാൻ ഉറ്റുനോക്കുന്നു.
എന്റെ ഉടലിൽ നിന്ന് അൽപ്പം കുതറി…
ഒടുവിൽ ഞാൻ സമ്മതിക്കുന്നു.
അല്ല…
എന്റെ ദൈവമിതല്ല
ഒളിഞ്ഞിരിക്കുന്ന…
ലജ്ജ പൊതിഞ്ഞ…
ഈ രൂപം.
എന്റെ ദൈവമല്ല
നോക്കൂ.
എന്റെ ദൈവം ഒരു പെണ്ണാണ്.
ഈ ഭൂമിയുടെ അതിജീവനത്തിന്റെ
അടയാളമാണവൾ.
ഭൂമി നിലനിൽക്കും വരെ.
അവളുടെ
കാൽപ്പാദങ്ങളിൽ അഴുക്ക് പുരണ്ടിരിക്കുന്നു
എന്റെ ദൈവം ഒരു പെണ്ണാണ്
വന്യസമുദ്രങ്ങളിൽ നിന്ന് അവൾ തുഴഞ്ഞു വരുന്നു.
സമുദ്രങ്ങൾ നിലനിൽക്കും വരെ…
അവളുടെ മുടിയിഴകൾ ഉപ്പും വിമോചനവും രുചിക്കുന്നു.
എന്റെ ദൈവം ഒരു സ്ത്രീയാണ്.
അവൾ നിലാവിൽ നൃത്തം ചെയ്യും.
നിങ്ങൾക്ക് കാണാനാകില്ല.
എനിക്ക് കാണാം.
എന്റെ ദൈവം ഒരു പെണ്ണാണ്
അവൾക്ക് എന്റെ തൊലി ഇഷ്ടമാണ്
ഞാൻ സൗന്ദര്യത്തെ ആരാധിക്കുന്നു.
നഗ്‌നതയുടെ സൗന്ദര്യത്തെ ……
നഗ്നമായ തൊലിയിൽ
നിലാവിന്റെ
ജാലകണങ്ങൾ!
ചോരയുടെ…
അഴുക്കിന്റെ…
വ്യത്യസ്തതകളെ പ്രതിരോധിച്ച്
പ്രതിരോധിച്ച്…..
ഞാൻ ക്ഷീണിച്ചിരുന്നു.
കടയിലേക്ക് നഗ്നയായി
വഴുതിപ്പോകുകയെന്നതിന്റെ
അർത്ഥം എനിക്കറിയില്ല.
എനിക്കതിൽ ഒട്ടും തൃപ്തിയുമില്ല.
ദൈവം സ്ത്രീയാകുമ്പോൾ ആർക്കാണ് ഭയമുണ്ടാകുക എന്ന് ഈ കവിത സൂചിപ്പിക്കുന്നു. ആരുടെ പേരാണ് ദൈവത്തിനു പിണക്കമുണ്ടാക്കുക.? ദൈവം ആണാണെന്ന് ആര് പറഞ്ഞു? അഥവാ ദൈവം പെണ്ണാണെങ്കിൽ…? നിലനിൽക്കുന്ന എല്ലാ പൊതു ബോധങ്ങളും സുരക്ഷാ കവചങ്ങളും ആൺപ്രത്യയ ശാസ്ത്രങ്ങളും ഞൊടിയിടയിൽ തകർന്നു വീഴും.. മതം അതിന്റെതായ ശരികൾ നിവർത്തിച്ചു കൊണ്ടേയിരിക്കും.. പുരോഹിതന്മാര്‍ ഒന്നുകിൽ പൊതുസമൂഹത്തിന്റെ, അല്ലെങ്കിൽ മത സമൂഹത്തിന്റെ അദൃശ്യ ആജ്ഞകൾ അനുസരിച്ചു കൊണ്ടേയിരിക്കും.
Macedonian ഡയറക്ടർ Teona Strugar Mitevska ഒരുക്കിയ ചിത്രം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒറ്റ വാക്കിൽ ഉത്തരം നൽകാനാവില്ല. സ്ത്രീ തൊട്ടാൽ അശുദ്ധിയാകുന്ന ദൈവികത ഏതു കാലത്തും ഏത് സമൂഹത്തിലും തീ പൊള്ളുന്ന ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. സ്ത്രീക്ക് ദൈവത്തിന്റെ എത്രക്കടുത്തെത്താൻ അനുവാദമുണ്ട്…
മാസിഡോണിയയിലെ ചെറിയ പട്ടണമായ സ്റ്റിപ്പിലാണ് 32-കാരിയായ,
തൊഴിൽരഹിതയായ പെട്രൂന്യ തന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്,
അവളുടെ അമ്മക്ക് അവൾ ഒരു ജോലി കണ്ടെത്തണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ചരിത്രത്തിൽ ഉപയോഗശൂന്യമായ ബിരുദവും(അവളുടെ ഭാഷയിൽ ) വിഷാദവും ഉള്ള പെട്രൂന്യ, അന്യവൽക്കരിക്കപ്പെട്ട സ്വന്തം അസ്തിത്വത്തിൽ ഉറച്ചു നിൽക്കുന്ന ഒരുവളാണ്.
പെട്രൂന്യക്ക് സ്വന്തം അസ്തിത്വത്തെ കുറിച്ച് വ്യക്തതയുണ്ട്. അടക്കി വച്ച ആത്മഭാഷണങ്ങളാണ് അവൾ. ഉടലും മനസും ഒരുപോലെ ചോദ്യം ചെയ്യുന്നത് അവൾ കേൾക്കാതെയല്ല. മുൻകൂട്ടി നിശ്ചയിച്ച രൂപ രേഖകളിലല്ല അവളുടെ ചലനങ്ങൾ, യാത്രകൾ, ചിന്തകൾ…
അവൾക്ക് വേണ്ടി സംവിധായക കരുതി വയ്ക്കുന്ന സൂക്ഷ്മാഖ്യാനങ്ങൾ വ്യത്യസ്തമാണ്. പുരുഷാധിപത്യ നിയമങ്ങളാലും ഇടപെടലുകളാലും അവൾ നിശ്ചലയായിപ്പോകുകയാണ്. പുരുഷന്മാർ മാത്രമുള്ള ഒരു വ്യവസ്ഥാപിത ചടങ്ങിൽ അവൾ പങ്കെടുക്കുമ്പോൾ മുതൽ തകർന്നു തുടങ്ങുന്ന ചില വ്യവസ്ഥിതികളാണ് ഈ സിനിമയുടെ കേന്ദ്ര പ്രമേയമായി വരുന്നത്. എല്ലാ വർഷവും, ഒരു പുരോഹിതൻ നദിയിലേക്ക് ഒരു കുരിശ് ഇടുകയും പുരുഷന്മാർ അത് പിടിച്ചെടുക്കാൻ നെട്ടോട്ടമോടുകയും ചെയ്യുന്നു. സിനിമയിലെ രസകരമായ ഒരു ക്രിയയാണിത്.
അതിലേക്ക് പെട്രൂന്യ അപ്രതീക്ഷിതമായി എടുത്ത് എടുത്തു ചാടുകയാണ് .
പുരുഷന്മാരുടെ ലോകത്ത് ‘പ്രവേശിച്ച ‘അവൾക്ക് അറസ്റ്റ് നേരിടേണ്ടി വരുന്നു.
ഭീഷണിപ്പെടുത്തലിലും കീഴ്‌വഴക്കമനുസരിച്ചുള്ള ചെറുതാവലിനും നിന്നു കൊടുക്കാതെ പെട്രൂന്യ അവസരത്തിനൊത്ത് സംസാരിക്കുന്നുണ്ട്.
താന്‍ മുൻപ് ഇങ്ങനെയായിരുന്നില്ലല്ലോ എന്ന് ഒരവസരത്തിൽ അവൾക്ക് തോന്നുന്നുണ്ട്. സിനിമ ആരംഭിക്കുന്നത് അവൾ ഉണരുമ്പോഴാണ്.
അധിനിവേശത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും. കഥയിലേക്ക് നേർത്ത നർമ്മം കലർത്തുകയാണ് സംവിധായിക ടിയോണ സ്‌ട്രൂഗർ. പെട്രൂന്യയിൽ എവിടെയോ സ്വതന്ത്രമായി വെളിപ്പെടാനുള്ള ഒരു ത്വര ഉണ്ടായിരുന്നു എന്ന് നമുക്ക് മനസിലാക്കാം. അവൾ ഒരു ഗാർമെന്റ് ഫാക്‌ടറി മുതലാളിയെ പിന്തിരിപ്പിച്ച് ഒരു
ആൾപ്പാവയുമായി(mannequim ) നടക്കുന്നത് ഒരിടത്ത് നമുക്ക് കാണാം. അത് സ്വാഭാവികമായും നിയമത്തെ അനുസരിക്കാനാവാത്ത ഒരാളുടെ വെളിപ്പെടലായി വായിക്കാം.
പരാജയപ്പെട്ട ഒരു തൊഴിൽ അഭിമുഖത്തിന് ശേഷം, മാനേജർ ലൈംഗികമായി ഒരു നീക്കം അവളോട് നടത്തുന്നുണ്ട്. അവള്‍ ആ ജോലിക്ക് പ്രപ്തയല്ല എന്ന് അവര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അവൾ അവിടെ നിന്നും ഓടിപ്പോകുന്നു.
പെട്രൂന്യ വീട്ടിലേക്ക് ഓടുകയായിരുന്നു. കുരിശ് കൈക്കലാക്കാനുള്ള ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന ഒരു കൂട്ടം യുവാക്കളുടെ നടുവിൽ അവൾ പെടുന്നത് യാദൃശ്ചികമായാണ്. ഓർത്തഡോക്സ് എപ്പിഫാനി ആഘോഷിക്കുന്നതിനുള്ള പരമ്പരാഗത മാസിഡോണിയൻ മത ആചാരത്തിനു നടുവിലാണ് അവൾ എത്തിപ്പെടുന്നത്.
ശുദ്ധമായ നിരാശാജനകമായ വിരസതയുടെ മാനസികാവസ്ഥയിലായിരുന്ന പെട്രൂന്യക്ക് ഒരു നിമിഷത്തിന്റെ തോന്നലിലാണ് വെള്ളത്തിലേക്ക് എടുത്തു ചാടാൻ തോന്നുന്നത്. ജലത്തില്‍ മുങ്ങിത്താഴുന്ന ആ കുരിശ് അവളെ പ്രലോഭിപ്പിക്കുന്നു. ലക്ഷ്യം മാത്രം മുൻനിർത്തി അവള്‍ വെള്ളത്തിലേക്ക് ചാടുകയും
കുരിശ് കണ്ടെത്തുകയും ചെയ്യുന്നു. പെട്ടെന്ന് ആള്‍ക്കൂട്ടത്തിൽ പരക്കുന്ന നിശബ്ദത രസകരമാണ്. കുരിശ് കണ്ടെത്തുക എന്നത് ഒരു ‘പുരുഷ പദവി’യായാണ് ആ സമൂഹം കരുതി വരുന്നത് . ഒരു വിശ്വാസത്തിന്റെയും മതവും അധികാരവും കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്താനുള്ള പുരുഷ കാമാനകളുടെയും പ്രത്യക്ഷങ്ങളാണ് നാം പിന്നീട് കാണുക. ലിഖിത നിയമമല്ല എങ്കിലും പരാജിതരായ പുരുഷന്മാരുടെ രോഷത്തിൽ പുരോഹിതൻ തന്നെ ആദ്യം നിരായുധനാകുകയാണ്. പെട്രൂന്യ കുരിശുമായി രക്ഷപ്പെടുകയും മാമൂലുകൾക്ക് അപവാദമായി മാറുകയും ചെയ്യുന്നു. സ്വാഭാവികമായി ആള്‍ക്കൂട്ടം/സമൂഹം പരാതിപ്പെടുകയും അവള്‍ ഒരു കുറ്റം ചെയ്തു എന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ഒരു യഥാർത്ഥ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസും പള്ളി അധികാരികളും തമ്മിൽ തർക്കിക്കുകയും സംഭവത്തെ ഒരു കരിയർ മേക്കിംഗ് സ്റ്റോറിയായി രൂപപ്പെടുത്താൻ ഒരു അതിമോഹമുള്ള ടിവി ന്യൂസ് ജേണലിസ്റ്റ് ഏറ്റെടുക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നു. ലിംഗ വിവേചന പ്രശ്നവും രാജ്യത്തിന്റെ അവസ്ഥയും ഈ കഥയുടെ ഭാഗമായി വരുന്നു. സോരിയാക്ക് നുസേവ (Zoric Nusheva )എന്ന നടിയുടെ പ്രകടനമാണ് ഈൗ സിനിമയുടെ ഹൈലൈറ്. 30 കഴിഞ്ഞ ഒരു സ്ത്രീയുടെ ലൈംഗികത, ആത്മീയത, ഭൗതികസങ്കീർണ്ണതകൾ, ദൈവവുമായുള്ള അവളുടെ കൊടുക്കൽ വാങ്ങലുകൾ…. ആൺ നോട്ടങ്ങളിൽ അവൾ….. ഏകാന്തമായ അവളുടെ പകലുകൾ… രാത്രികൾ.. എല്ലാം ചിത്രം കണ്ടെടുക്കുന്നു .
അത്തരം ഒരു നിമിഷത്തിലാണവൾ ദൈവത്തെ സ്വന്തമാക്കാൻ തുനിയുന്നത്… പുരുഷൻ മാത്രം സ്പർശിച്ച കുരിശിനു വേണ്ടി അവൾ ആൾക്കൂട്ടത്തിനു മുന്നിൽ നിന്ന് വെള്ളത്തിലേക്ക് ചാടുന്നത്… കുരിശു സ്വന്തമാക്കുന്നത്… അപ്പോഴും പുരുഷ സമൂഹം അവളെ ക്രൂശിക്കുന്നു. ചോദ്യം ചെയ്യലും പീഡനങ്ങളും അവളെ നിരാശപ്പെടുത്തുന്നില്ല. ദൈവം /കുരിശ് എന്റേതാണ് എന്നവൾ ഉറപ്പിച്ചു പറയുന്നു…
ഒടുവിൽ അത് അംഗീകരിച്ചു കിട്ടുമ്പോൾ അവൾ കുരിശ് പോപ്പിന് തിരിച്ചു കൊടുത്തു കൊണ്ടു അവൾ പറയുന്നത്.
“ഇത് കയ്യിൽ വച്ചോളു. നിങ്ങൾക്കിത് എപ്പോഴെങ്കിലും ആവശ്യം വരും” എന്നാണ്.
സ്ത്രീയുടെ ആത്മീയത ദൈവത്തിന്റെ സാന്നിധ്യത്തെ എത്തരത്തില്‍ അളക്കുന്നു എന്ന ഈ രംഗം ഉറപ്പിക്കുന്നുണ്ട്. സൂക്ഷ്മമായ സമീപനമാണ് ഈ സിനിമ മുന്നോട്ട് വക്കുന്നത്
ചോദ്യം ചെയ്യലിന്റെ സമയത്ത് പോലീസ് ഉദ്യോഗസ്ഥൻ അവളോട് ചോദിക്കുന്നു.
“നിങ്ങൾ മത വിശ്വാസിയാണോ?
‘അതിനിവിടെ എന്ത് പ്രസക്തി?’
അവൾ തിരിച്ചു ചോദിക്കുന്നു.
‘ചോദ്യത്തിനുള്ള ഉത്തരം മാത്രം പറയു’’
“നിങ്ങൾ ഒരു ഗേ ആണോ?’’
അവൾ തിരിച്ചൊരു ചോദ്യം ചോദിക്കുന്നു. ചെറിയ പുഞ്ചിരിയോടെ.
“നിനക്ക് നിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ധാരണയുണ്ടോ?’’
“നന്നായി ധാരണയുണ്ട്. മാത്രവുമല്ല. വ്യക്തിപരമായ യാതൊരു ചോദ്യത്തിനും ഞാൻ മറുപടി പറയില്ല. ഞാൻ നിങ്ങളോട് സംസാരിക്കില്ല. ഒരു പക്ഷെ ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടാലും ഇല്ലെങ്കിലും”
അവളുടെ സ്ഥൈര്യം പോലീസ് ഓഫീസർമാരെ അത്ഭുതപ്പെടുത്തുന്നു..
പെട്രൂന്യ ഇരിക്കുന്ന ചില്ലു മേശയിൽ അവളുടെ പ്രതിബിംബം കാണാം..
മറ്റൊരു രംഗത്തിൽ അവളോട് ചോദിക്കുന്നു.
“നീ നിയമം ലംഘിച്ചിരിക്കുന്നുവെന്ന് നിനക്കറിയാമോ?”
“എന്ത് നിയമം?
“ഒരു പെണ്ണും ഇത് വരെ ഈ ചടങ്ങിൽ പങ്കെടുത്തിട്ടില്ല ”
“ഞാൻ ഒരു പെണ്ണാണ്. ഒരു വിഡ്ഢിയല്ല ”
ആൾക്കൂട്ടം പുറത്ത് നിന്ന് വിളിച്ചു പറയുന്നത് കേൾക്കാം.
“അവൾ വിജയിയല്ല.. മനുഷ്യമാംസം അണിഞ്ഞ ചെകുത്താനാണവൾ ”
പള്ളിക്ക് ആ കുരിശ് തിരിച്ചു വേണം.”
“എനിക്ക് സന്തോഷിക്കാൻ ഒട്ടും. അനുവാദമില്ല എന്നാണോ “?
അവൾ തിരിച്ചു ചോദിക്കുന്നു.
“ഒരു പെണ്ണ് കുരിശിൽ സ്പർശിച്ചു എന്നത് ഇത്ര വലിയ പ്രശ്നമാണോ?
അവളുടെ ആശങ്കൾക്കൊപ്പം പുറത്ത് അൽമുറയിടുന്ന ആൾക്കൂട്ടത്തെ കാണാം. ഒരു മാൻകുട്ടിയുടെ മുഖം.
“ഒരു പക്ഷെ ദൈവം പെണ്ണായാലെന്താണ് ” ആരോ ചോദിക്കുന്നത് കേൾക്കാം.
നഗ്നമായ ഉടലിൽ നെഞ്ചിൽ കിടത്തി വച്ച കുരിശ്… പെട്രൂന്യയുടെ ചിരിക്കുന്ന മുഖം.
ഒളിവ്വെര്‍ (സമൌല്ലെന്റെ Ollivier Samouiellan ) സംഗീതം മികച്ച ഗ്രാഫുകളാണ് സൃഷ്ടിക്കുന്നത്…
ആക്രമണാത്മകവും യുക്തിരഹിതവുമായ ഒരു ചടങ്ങിൽ മത്സരിക്കാനുള്ള പെട്രൂന്യയുടെ അവകാശം സ്ഥിരീകരിക്കുന്നതിൽ അവിശ്വാസികൾക്ക് എന്തെങ്കിലും അർത്ഥമുണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉയർന്നേക്കാം.
“മോഷ്ടിക്കപ്പെട്ട ” കുരിശിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
മാസിഡോണിയൻ മതത്തോടും സമൂഹത്തോടും പെട്രൂന്യയുടെ മനോഭാവം എന്താണ്?
പെട്രൂന്യയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നത് കാണുകയും കുരിശ് മോഷ്ടിച്ചതിന് കീഴടങ്ങാൻ അവൾ തയ്യാറാണോ എന്ന് ചോദ്യം ചെയ്യുകയും ചെയ്യുന്ന മനുഷ്യരുടെ മുഖഭാവം കൗതുകമുണ്ടാക്കുന്നു.
അലസവും അനിശ്ചിതത്വവുമായ ചില രംഗങ്ങളില്‍ ഈ ചോദ്യങ്ങളൊന്നും യഥാർത്ഥത്തിൽ ചോദിക്കുകയോ ഉത്തരം തേടുകയോ ചെയ്യുന്നില്ല.
പരാജിതരായ പുരുഷന്മാർ പുറത്ത് പ്രത്യക്ഷപ്പെടുകയും ആക്രമണസ്വഭാവത്തിൽ ഇടപെടുകയും. ചെയ്യുന്നതോടെ രംഗം വഷളാകുന്നു.
അപകടകരമായ ഒരവസ്ഥയെ വെളിവാക്കും വിധം സിനിമ. ഇടപെടുന്നില്ല.
പെട്രൂന്യയും സഹാനുഭൂതിയുള്ള ഒരു യുവ പോലീസും തമ്മിലുള്ള പ്രണയത്തിന്റെ സൂചനയും അതുപോലെ നിശബ്ദമായ ആഖ്യാന രേഖകളാണ്
പെട്രൂന്യയുടെ കഥാപാത്രസൃഷ്ടി പോലെതന്നെ, ദൈവം നിലവിലുണ്ട്, അവളുടെ പേര് പെട്രൂന്യ എന്നുമാകാം എന്ന സാധ്യത തള്ളിക്കളയാൻ ആകില്ല.
അതിന്റെ പ്രേരണകൾ പൂർണ്ണമായും മനസ്സിലാക്കേണ്ട ആവശ്യം പ്രേക്ഷകർക്കില്ലതാനും. ജീവിതത്തോട് ഒരുവൾ കാണിക്കുന്ന വിസ്മയിപ്പിക്കുന്ന ആത്മീയ യാത്രയുടെ ഒരു ക്രോണിക്കിൾ ആണിത്. ആഖ്യാനം പല വിരാമങ്ങളും തുടർച്ചകളും നിറഞ്ഞതാണ്. അവിടെ സുഗമമായ വരികളും സുസ്ഥിരവും അഭേദ്യവുമായ ആരോഹണാവരോഹണ ക്രമങ്ങളും കാഴ്ച്ചയിൽ കൂടുതൽ സംതൃപ്തി നൽകും. പെട്രൂന്യയുടെ കഥയുടെ വിശദാംശങ്ങൾ അവളുടെ ചലനങ്ങൾ പോലെ തന്നെ വ്യക്തമാണ്, എന്നാൽ സിനിമയുടെ പ്രധാന ചർച്ചാ വിഷയങ്ങൾ എല്ലാവിധ അസ്തിത്വ അന്വേഷണങ്ങൾക്കും സമാനമാണ്. സമൂഹത്താൽ
നിർവീര്യമാക്കപ്പെടുന്ന ആത്മവിമർശനത്തിനപ്പുറം നിലനിൽക്കുന്ന ഊർജസ്വലമായ ഒരു ജൈവിക ഇടം, ദൈവികതയുടെ മാനുഷിക പ്രതിബിംബങ്ങളായി നമ്മുടെ അന്തർലീനമായ ജന്മാവകാശം പോലെ ഉൾക്കൊള്ളാൻ നമ്മെ ക്ഷണിക്കുന്ന -സ്വന്തമായ സ്ഥലം എങ്ങനെ കണ്ടെത്താനാകും?
ആ ചോദ്യത്തിന് ഉത്തരം നൽകുന്നത് ഒരു പക്ഷെ ജീവിതം തന്നെയാകേണ്ടതുണ്ട്.
പക്ഷേ “God exsist,Her Name Is Petrunya” സൂചിപ്പിക്കുന്നത് നമുക്ക് ചുറ്റുമുള്ള ആൾക്കൂട്ടത്തെ ശാന്തമാക്കണമെങ്കിൽ നമുക്ക് ഉള്ളിലേക്ക് നോക്കാമെന്ന സന്ദേശമാണ്;അതെങ്ങനെ എന്ന സന്ദേഹമാണ്.
ഛായാഗ്രാഹകൻ വിർജീനി സെന്റ് മാർട്ടിൻ പെട്രൂന്യയുടെ ബാഹ്യലോകത്തിന് കൂടുതൽ കൗശലവും കണ്ണഞ്ചിപ്പിക്കുന്ന നിറക്കലർച്ചകളും(colour pattern ) നൽകുന്നു.വിശാലമായ ഇടങ്ങളിൽ അവൾ ഏകാകിയായിപ്പോകുന്ന കാഴ്ചകൾക്ക് ചിലയിടങ്ങളിൽ നിറങ്ങൾ സഹായകമാകുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല