അയാളുടെ കണ്ണുകൾ അവയുടെ ആഴങ്ങൾ

0
173

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം )

ഭാഗം 24

രോഷ്നി സ്വപ്ന

“The only true borders lie between day and night,
between life and death,
between hope and loss.”
-Ben Hunter

എത്ര പെട്ടെന്നാണ് ചില യാഥാർത്ഥ്യങ്ങൾ മനുഷ്യരുടെ ലോകങ്ങളെ ചിതറിക്കുന്നത്!എത്ര  പെട്ടെന്നാണ് ഉച്ചത്തിലുള്ള പൊട്ടിച്ചിരികൾ നിശബ്ദതയ്ക്കു വഴിമാറി കൊടുക്കുന്നത്.

അതിരുകള്‍ മനുഷ്യന്റെ മനസുകളിലാണ് എന്ന ദര്‍വിഷ് കവിതപോലെ, ഭൂപടങ്ങള്‍ക്കും, സഞ്ചാരപാതകള്‍ക്കും പ്രവിശ്യകള്‍ക്കും ദേശങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും കണ്ടെത്താനാവാത്ത അതിര്‍ത്തികള്‍ മനുഷ്യരുടെ മനസുകളിലുണ്ട്. നിഗൂഡമായ ചില സത്യങ്ങളില്‍ ഒളിച്ചു പാര്‍ക്കുന്ന ചില തെരഞ്ഞെടുപ്പുകളില്‍ ഉണ്ട്.
അവ ചിലപ്പോൾ സങ്കീർണ്ണമായ നിമിഷങ്ങളിൽ പൊട്ടിത്തെറിക്കും. മനസ്സിൻറെ    അത്തരം സങ്കീർണതകളെ ആഴത്തിൽ ചെന്ന് കണ്ടെത്തുന്നു മെഹ്‌ദി ബർസോലി എഴുതി സംവിധാനം ചെയ്ത എ സൺ (A son )എന്ന ചലച്ചിത്രം.

പിതൃത്വം എന്ന അനുഭവത്തെ  ഏറെ സുതാര്യമായി കൈകാര്യം ചെയ്യുന്നു മെഹ്‌ദിയുടെ തിരക്കഥ. ഒട്ടും തുളുമ്പിപ്പോകാത്ത നിശബ്ദതക്ക്  ഏറെ പ്രാധാന്യമുണ്ട് ഈ  സിനിമയിൽ. നിശബ്ദതയിൽത്തന്നെയാണ് ഈ സിനിമ സംസാരിക്കുന്നതും  സംവദിക്കുന്നതും.

ടുണീഷ്യയുടെ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രവും, വ്യക്തികളുടെ സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പുകളും അടിത്തട്ടിൽ ചർച്ച ചെയ്യുന്ന ചിത്രം പ്രധാനമായും സാമി ബൗവാജില അവതരിപ്പിക്കുന്ന അച്ഛന്റെ കഥാപാത്രം അനുഭവിക്കുന്ന മനസികാവനസ്ഥയുടെ ഫോക്കസിലാണ് മുന്നോട്ട് പോകുന്നത്. ലക്ഷ്യമില്ലാത്ത യാത്രകൾ.. ഒഴിഞ്ഞ.. വരണ്ട  ഭൂപ്രദേശങ്ങൾ.. അയാളുടെ കണ്ണുകൾ അവയുടെ ആഴങ്ങൾ..

ടുണീഷ്യൻ സമൂഹം വർത്തമാനകാലത്തിൽ അനുഭവിക്കുന്ന ഒട്ടേറെ സങ്കീർണതകളിൽക്കൂടി അദൃശ്യമായി കടന്ന് പോകുന്നുണ്ട് ഈ ചലച്ചിത്രo. വാശീയത, അതിരുകൾ, പാലായനം അവയവ കൈമാറ്റം, വൈദ്യശാസ്ത്ര മേഖലയിലെ മൂലധന കയ്യേറ്റങ്ങൾ, അഭയാർഥിത്വം, ബാല  പീഡനം, അങ്ങനെ പോകുന്ന ആഖ്യാനത്തിന്റെ അന്തർധാരയിൽ അസീസ് എന്ന സ്വന്തം മകന്റെ കുട്ടിയുടെ  പിതൃത്വം മനസ് കൊണ്ടു വിട്ടുകൊടുക്കാനാകാത്ത അച്ഛനായാണ് സമി കടന്നു വരുന്നത്.

പരസ്പരം കൂട്ടിമുട്ടാത്ത മാനുഷിക വികാരങ്ങളുടെ കണ്ടെടുപ്പാകുന്നുണ്ട് അസീസ് എന്ന 12കാരന്റെ യഥാർത്ഥ അച്ഛനും സമിയും തമ്മിലുള്ള സംഭാഷണം. ഫ്രഞ്ചും അറബും കലർന്ന ഭാഷയിലാണ് മിക്കവാറും സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്.

Antoine Heberle യുടെ cinematography യും എടുത്തുപറയേണ്ടത് തന്നെ

‘love have
broad shoulders
and wings
while we
spend
one night
in Tunisia

എന്ന Stu Harley യുടെ കവിത പോലെ ട്യൂണീഷ്യയിലെ സംഘർഷഭരിതമായ രാപ്പകലുകൾ സിനിമയുടെ മറ്റൊരു ദിശയെ സൂചിപ്പിക്കുന്നു. Sami  എന്ന നടനും  ഈ സിനിമ തന്ന വേവുകളും. ടുണീഷ്യയിലേക്ക് പലായനം ചെയ്യാൻ എന്നെ കുതിപ്പിക്കുകയാണ്

ടുണീഷ്യൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ മെഹ്ദി ബർസൗയിയുടെ ആദ്യ ഫീച്ചർഫിലിം ആണ് , “എ സൺ”. ടുണീഷ്യയില്‍ ജനിച്ച് . ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൾട്ടിമീഡിയ ആർട്‌സ് ഓഫ് ടുണിസിൽ നിന്ന് (ISAMM) ബിരുദം നേടുകയും . ബിരുദാനന്തരം ഇറ്റലിയിലേക്ക് താമസം മാറുകയും ചലച്ചിത്ര മേഖലയില്‍ നിരന്തര പരിശ്രമവും  പരിശീലനവും പൂർത്തിയാക്കുകയും ചെയ്തു  മെഹ്‌ദി

ഇറ്റലിയിലെ ജീവിതത്തിനിടയിൽ, അദ്ദേഹം മൂന്ന് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു: സൈഡ്‌വേസ് (2010), ബോബി (2014), വീ ആർ ജസ്റ്റ് ഫൈൻ ലൈക്ക് ദിസ് (2016). മൂന്ന് ഷോർട്ട് ഫിലിമുകളും നിരൂപക പ്രശംസ നേടുകയും പിന്നീട് നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെടുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.  വീ ആർ ജസ്റ്റ് ഫൈൻ ലൈക്ക് ദിസ് എന്ന ഷോർട്ട് ഫിലിം ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മുഹർ ഷോർട്ട് ലം അവാർഡ് നേടി.

2019-ൽ, ടുണീഷ്യ, ഫ്രാൻസ്, ലെബനൻ, ഖത്തർ എന്നിവയുടെ സഹകരണത്തോടെ നിർമ്മിച്ച ഉൻ ഫിൽസ്  (എ സൺ) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പ്രീമിയർ പ്രദർശിപ്പിച്ചിരുന്നു . 2019 ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് ഔദ്യോഗിക തിരഞ്ഞെടുപ്പ് ലഭിച്ചു, അവിടെ ഒറിസോണ്ടി വിഭാഗത്തിലെ മികച്ച നടനുള്ള അവാർഡ് സമി ബൗജില നേടി. ഫിലിംഫെസ്റ്റ് ഹാംബർഗിൽ , ഈ ചിത്രം എൻ‌ഡി‌ആർ യംഗ് ടാലന്റ് അവാർഡ് നേടി. നിരൂപക പ്രശംസയും ചിത്രത്തിന് ലഭിച്ചു. 2020-ൽ ഈ ചിത്രം പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (PIFF) പ്രഭാത് ഇന്റർനാഷണൽ അവാർഡ് നേടി. കേരളത്തിലും ഫിലിം ഫെസ്റ്റിവലുകളിൽ ഈ ചിത്രം മികച്ച ചിത്രമായി ഒന്നാമതെത്തി. പതിനൊന്നോളം ചിത്രങ്ങളാണ്  മെഹ്ദി ബർസൗയി സംവിധാനം ചെയ്തത് .

ഒരു അഭിമുഖത്തില്‍ അദ്ദേഹം ചോദിക്കുന്നുണ്ട്, ’ഞാന്‍ എപ്പോഴും കുടുംബം എന്ന സങ്കല്‍പ്പത്തെ ചോദ്യം ചെയ്യാറുണ്ട് .അതിനു എന്തെങ്കിലും വിധത്തിലുള്ള ജനിതക ബന്ധങ്ങള്‍ ആവശ്യമുണ്ടോ? മനുഷ്യരെ ഒരേ രക്താണുവിന്‍ മേല്‍ കൂട്ടി യോജിപ്പിക്കുന്ന ഒന്ന് മാത്രമാണോ കുടുംബം? രക്ത ബന്ധമെന്നത് മനുഷ്യനെ എല്ലാത്തരത്തിലും ഒരുമിപ്പിച്ചു നിര്‍ത്തുമോ?

ടുണീഷ്യയില്‍ വളരുകയും അറബ് വസന്തവും വിപ്ലവവും അനുഭവിക്കുകയും അമ്മയുടെ പുനര്‍വിവാഹവും കൂട്ടുകുടുംബവും രക്തബന്ധമില്ലാത്ത സഹോദരങ്ങളുമായുള്ള വൈകാരികതയും എല്ലാം  അടങ്ങിയ കുടുംബമാണ് മെഹ്ദിയുടേത്.

ടുണീഷ്യയില്‍ പിതാവ് എന്നതിന്റെ അര്‍ഥം താന്‍ പലതവണ ചോദ്യം ചെയ്തിട്ടുണ്ട് എന്നദ്ദേഹം പറയുന്നുണ്ട്. 2014 ല്‍ ആണ് മെഹ്ദി  ”കുടുംബം” എന്ന സങ്കല്‍പ്പത്തിൻമേല്‍ ഒരു കഥ എഴുതാന്‍ ആരംഭിച്ചത്. ലിബിയ പോലൊരു ഉപേക്ഷിക്കപ്പെട്ട നാട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു കുടുംബത്തിന്റെ കഥയായിരുന്നു തുടങ്ങിയത്. ലിബിയയില്‍ ഇത്തരം ചിതറലുകള്‍ സാധാരണമാണ് എന്നദ്ദേഹം പറയുന്നു .പക്ഷെ ടുണീഷ്യയിലേക്ക് കഥ കൊണ്ട് വരുമ്പോള്‍ എങ്ങനെ ഈ കഥ പറയും എന്നത് ഒരു പ്രശ്നമായി മാറി. കാരണം ലിബിയയിലും ടുണീഷ്യയിലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. സമൂഹവും കുടുംബവും വ്യക്തിയുമൊന്നും ഈ രാഷ്ട്രീയാവസ്ഥയില്‍ നിന്ന് മാറിപ്പോകുന്നില്ല

ചിതറലുകളുടെ ചരിത്രവും വര്‍ത്തമാനവും പറയാന്‍ ഒരു ചെറിയ കുടുംബകഥ മതിയാവും എന്ന തീരുമാനത്തിലേക്ക് മെഹ്‌ദി എത്തിയത് അങ്ങനെയാണ്.

മകനെ രക്ഷിക്കാനുള്ള അമ്മയുടെയും അച്ഛന്റെയും കഥയിലേക്ക് അതിര്‍ത്തികള്‍ കടന്നു വരുന്നു, ദേശത്തിന്റെ, രാഷ്ട്രീയത്തിന്റെ, വംശത്തിന്റെ, ഒടുവില്‍ പിതൃത്വത്തിന്റെ….

ഈ അവ്യവസ്തിതങ്ങള്‍ ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട് .ടുണീഷ്യയിലാകട്ടെ ആളുകൾ ടെററിസ്റ്റ് ആക്രമണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അനുഭവിക്കുകയും ചെയ്യുന്നു. പ്രദേശങ്ങളുടെ അതിരുകളിലൂടെ പിതൃത്വത്തിന്റെ അതിരുകള്‍ വരക്കുകയും മായ്ക്കുകയും ചെയ്യുന്ന സവിശേഷമായ അനുഭവമായി  എ സണ്‍ മാറിയത് ഈ ചിന്തയില്‍ നിന്നാണ്.

ഒരു  കുടുംബത്തിന്റെ പോരാട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ ആശയം, തലസ്ഥാനമായ ടുണിസിൽ നിന്ന് വടക്കോട്ട് ടാറ്റൗയിനിലേക്ക് പോകുന്ന ഒരു കുടുംബം, ചില ഔദ്യോഗിക  കാരണങ്ങളാൽ അവര്‍ ഒരു പ്രദേശം കണ്ടെത്തുന്നു, അത് ടുണീഷ്യയാകുന്നു. ടുണീഷ്യയിലേക്ക് എത്തിയതോടെ അവര്‍ ശരിക്കും ഒറ്റപ്പെടുകയാണ്  രാഷ്ട്രീയമായി വിച്ഛേദിക്കപ്പെട്ടു എന്ന് പറയുന്നതാവും ശരി.

തലസ്ഥാനത്ത് നിന്ന് എല്ലാ രീതികളും വ്യത്യസ്തമായതിനാൽ അവരുടെ എല്ലാ ബന്ധങ്ങളും  അവർക്ക് നഷ്‌ടപ്പെടുന്നു. exile, alieniation എന്നൊക്കെ പറയും പോലെയുള്ള മാനസികാവസ്ഥയില്‍ അകപ്പെടുന്നു അവര്‍. അടുത്താനെങ്കിലും ഉപേക്ഷിച്ചു പോന്ന നഗരം അവര്‍ക്കുള്ളില്‍ ഓരോ നിമിഷവും ഉയര്‍ന്നു വരുന്നു.

ലിബിയയിലെ അരാജകത്വത്തിൽ, സ്വന്തം രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് പങ്കു വക്കാനുള്ള ഒരു മാർഗം കൂടിയാണ് ഈ സിനിമ എന്ന് മെഹ്ദി കരുതുന്നു, കൂടാതെ ടുണീഷ്യക്കാർക്ക് മറ്റുള്ളവരില്‍ നിന്നുള്ള വ്യത്യസ്തതയും സവിശേഷതയും വെളിപ്പെടുത്തുന്നുമുണ്ട് ഈ സിനിമ.

രാജ്യമെന്ന സങ്കല്പം തന്നെ ഈ വ്യത്യസ്തതകലെക്കുറിച്ചുള്ള പോര്‍ വിളികളിലും കലഹങ്ങളിലുമാണ്. യഥാര്‍ത്ഥ ടുണീഷ്യയെ കണ്ടെത്താനുള്ള ആഹ്വാനം കൂടിയാകുന്നുണ്ട്  സിനിമ പലപ്പോഴും. സത്യത്തിലേക്കുള്ള യാത്രയാണ് സിനിമയെന്ന് മെഹ്ദി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇത് രാജ്യത്തിന് വേണ്ടിയുള്ളയാത്രയാണ്, നമ്മുടെ രാജ്യത്തെ  കണ്ടെത്താനുള്ള യാത്രയാണ് എന്നദ്ദേഹം പറയുന്നു.

പാശ്ചാത്യ കാഴ്ചയുടെ എല്ലാ മുൻധാരണകളെയും. സമീകരിക്കുന്ന ദൃശ്യങ്ങളോടെയാണ് ചിത്രം ആരംഭിക്കുന്നത്. ചിത്രത്തിന്റെ ആഖ്യാനത്തിലേക്ക് ബോധപൂർവ്വം രൂപകൽപ്പന ചെയ്തതായി തോന്നുന്ന അറബ് ലോകത്തിന്റെ ദൃശ്യങ്ങളാണ് ആദ്യം കാണുക.

ഒരു പിക്‌നിക്കിനായി ഒത്തുകൂടിയ  ചില കോസ്‌മോപൊളിറ്റൻ ടുണീഷ്യക്കാർ പരസ്പരം ചിരിക്കുകയും, ബിയർ കുടിക്കുകയും ചെയ്യുന്നു,  തമാശകൾ പറയുന്നു, രാഷ്ട്രീയത്തെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്തുന്നു.

2011 ലെ അധികാര പതനമാണ്, ആ രാജ്യത്തിന്റെ ജനാധിപത്യവൽക്കരണത്തിന് കാരണമായത് എന്ന് ഒരു കഥാപാത്രം പറയുന്നു.

ഒരു വർഷത്തിനുള്ളിൽ, സാമൂഹിക ജീവിതം പഴയതിനേക്കാൾ അയഞ്ഞിരിക്കുകയാണ് ടുണീഷ്യയിൽ ഇപ്പോൾ. എന്നാൽ കാര്യങ്ങൾ ഇപ്പോഴും അപകടകരമാണ് താനും .വിനോദയാത്രക്ക്nശേഷം, ഫാരെസും (സാമി ബൗജില), ഭാര്യ മെറിയയും (നജ്‌ല ബെൻ അബ്ദല്ല)  ഒപ്പം അവരുടെ ഇളയ മകൻ അസീസും (യൂസഫ് ഖെമിരി) തിരിച്ചു പോകുന്നു. ടാറ്റൂയിനിലെ ഒരു വാരാന്ത്യമാണ്.
വിജനമായ റോഡിൽ, അവരുടെ കാർ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയും അസീസിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. അസീസിന് അതിജീവിക്കണമെങ്കിൽ കരൾ മാറ്റിവയ്ക്കൽ  ആവശ്യമാണ് എന്ന് അറിയുന്നു.

ചലച്ചിത്രത്തിന്റെ ആഖ്യാന പാഠത്തിലേക്ക് അദൃശ്യമായി ഭൂതകാലം ഇടപെട്ട് തുടങ്ങുകയാണ്  പിന്നീട്. കഥ പറച്ചിലിന്റ വേഗം, ഷോട്ടുകളുടെ വേഗം, ദൈർഘ്യം, വെളിച്ചങ്ങളുടെ കനം, ശബ്ദത്തിന്റെ അവേഗങ്ങൾ എല്ലാം പതിയെ മാറുന്നു.
ആശുപത്രിയുടെ മങ്ങിയ ഇടനാഴികൾ ഈ ആഖ്യാനത്തെ മുറുക്കുന്നു. നിഴലുകൾ കഥ പറഞ്ഞു തുടങ്ങുന്നു.

അസീസിന്റെ ആരോഗ്യസ്ഥിതി മോശമാക്കുകയും, അച്ഛന്റെ രക്തഗ്രൂപ്പുമായി അസീസിന്റേത് ചേർച്ചയില്ല എന്നും കണ്ടെത്തുന്നിടത്ത് കഥയുടെ വഴി മാറുന്നു. തങ്ങൾക്ക് തെറ്റ് പറ്റിയതാവാമെന്ന് പല തവണ ഡോക്ടർമാർ കരുതുന്നുണ്ട്. പക്ഷേ, ഫാരെസ് അസീസിന്റെ ജീവശാസ്ത്രപരമായ പിതാവല്ലെന്ന് മെറിയം വെളിപ്പെടുത്തുന്നതോടെ നിശബ്ദതയിലേക്ക് കൂപ്പു കുത്തുന്ന ഫാരെസ് ലൂടെ പിന്നീട് സിനിമ സഞ്ചരിക്കുന്നു. ഫാരെസിന്റെയും മെറിയമിന്റെയും ദാമ്പത്യം അത്രക്ക് സന്തോഷകരമായിരുന്നില്ല എന്ന യാഥാർഥ്യം വെളിപ്പെടുന്നു. അവർ രണ്ടുപേരും വർഷങ്ങൾക്ക് മുമ്പേ തന്നെ മാനസികമായി രണ്ട് വഴികളിൽ തന്നെയാണ്.

ഭാഗികമായ ഒരു കരൾ മാറ്റം അസീസിനെ സംബന്ധിച്ച് സാധ്യമല്ല. മെറിയത്തിന്റെ രക്ത ഗ്രൂപ്പുമായി അസീസിന് ചേർച്ചയുമില്ല. അപ്പോഴാണ് ഫാരെസിന്റെ ചേർച്ച പരിശോധിക്കുന്നത്.

മെറിയത്തിന്റെ വെളിപ്പെടുത്തൽ ചലച്ചിത്രത്തിന്റെ മൊത്തം ആഖ്യാനത്തിൽ  മാറ്റം വരുത്തുന്നു. കഥാപാത്രങ്ങൾക്കിടയിലെ അകലം മറ്റൊരു പാഠമായി കടന്നു വരുന്നു. വാക്കുകൾ ഇല്ലാതാവുന്നു. മൗനം മുഴങ്ങുന്നു.

ആരാണ് അസീസിന്റെ യഥാർത്ഥ പിതാവ് എന്നറിയേണ്ടത് “എന്റെ മകനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി മാത്രമാണ് ” എന്നാണ് ഫാരെസ് പറയുന്നത്. കഥാപാത്രമെന്ന നിലയിൽ ഫാരെസ് ഉയർന്നു നിൽക്കുന്നത് ഈ രൂപകൽപ്പന കൊണ്ടാണ്. അതേ സമയം മറ്റൊരു അടര് കഥക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. അവയവകച്ചവടമെന്ന ഭീകരമായ അവസ്ഥ, അതിന്റെ മാഫിയാസ്വഭാവം നമ്മെ ഭീതിയിലാഴ്ത്തുന്നു.

ആശുപത്രിയിൽ രോഗിയുടെ സുഖവിവരം അറിയാൻ വന്ന ഒരാളെപ്പോലെ തോന്നിക്കുന്ന  ഒരു മനുഷ്യൻ ഫാരെസിനെ സമീപിക്കുന്നു.

അയാൾ ആദ്യം ഫാരെസുമായി ചെറിയ സംഭാഷണങ്ങൾ നടത്തുന്നു. രാജ്യത്തിന്റെ അവസ്ഥ പരിതാപകരമാണ് എന്നാണയാളുടെ സംഭാഷണത്തിൽ ആദ്യം കടന്നു വരുന്നത്.

പതുക്കെ പതുക്കെ താൻ അവയവകച്ചവടക്കാരനാണ് എന്ന് അയാൾ ഫാരെസിനെ ബോധ്യപ്പെടുത്തുന്നു. വിലപേശലുകൾക്ക് ശേഷം അസീസിന് ഒരു പുതിയ കരൾ ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. അയാൾ ഫാരെസിനെ തന്റെ  ചുറ്റളവിലേക്ക് ക്രമേണ ആകർഷിക്കുന്നുണ്ട്. അവയവങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് അയാൾ വിശദമായി പറയുന്നു.

തന്റെ അവസ്‌ഥയിൽ നിന്ന് ഫാരെസ് മോചിതനാകുമോ എന്നത് സിനിമയുടെ അവസാനം വരെ നമ്മിൽ ആശങ്കയുണ്ടാക്കുന്ന ഒരു ചോദ്യമാണ്.

സൂക്ഷ്മമായി രൂപകല്പന ചെയ്തതും എന്നാൽ തീവ്രമായി സംവദിക്കുന്നതുമായ ഭാഷയാണ് ഈ സിനിമയുടേത്.

അച്ഛനും മകനും തമ്മിലുള്ള തീവ്രമായ ബന്ധം ഈ സിനിമയുടെ കാഴ്ചയെ മുറുക്കുന്നുണ്ട്. പിതൃത്വം എന്ന വിഷയത്തിലേക്ക് സൂക്ഷ്മതയും ആഴവും കൊണ്ടുവരാൻ സംവിധായകൻ ശ്രമിക്കുന്നു.

ജന്മം കൊടുത്ത പിതാവിനെക്കാൾ വൈകാരികത ഫാരെസിന് ചാർത്തികൊടുക്കുന്നു മെഹ്‌ദി. പുരുഷത്വത്തിന്റെയും പിതൃത്വത്തിന്റെയും പ്രശ്‌നങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ചർച്ച സിനിമ മുന്നോട്ട് വക്കുന്നുണ്ട്, ശക്തമായ സ്ത്രീ കഥാപാത്രമാണ് മെറിയ. സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെരെഞ്ഞെടുക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തെ അവർ മാനിക്കുന്നുണ്ട്. സ്വന്തം സ്വത്വബോധത്തിന് യാതൊരു ഇളക്കവും വരുത്താതെയാണ്‌  മെറിയ, ഫാരെസിനോട് അസീസിന്റെ പിതാവ് ആരാണെന്ന് വെളിപ്പെടുത്തുന്നത്. ഒരേ സമയം മകന്റെ രോഗാവസ്ഥയും തനിക്ക് മേൽ പതിഞ്ഞ ഒരു വഞ്ചനയുടെ പ്രതിഛായയും അവളിൽ ഏൽപ്പിക്കുന്ന ആഘാതം ഒട്ടും നഷ്ടപ്പെടാതെ തന്നെ അവൾ അസീസിന്റെയും ഫരെസിന്റെയും നഷ്ടത്തെ അഭിമുഖീകരിക്കുന്നു.

കുടുംബം, ലൈംഗികത, പിതൃത്വം എന്നീ ഇഴകളെ സമർത്ഥമായി  നെയ്തെടുക്കുന്ന മികച്ച രാഷ്ട്രീയ സിനിമ കൂടിയാകുന്നു “എ സൺ “. പശ്ചാത്തലത്തിൽ ബാഹ്യപ്രസ്താവനകൾ നിലനിർത്തിക്കൊണ്ട് സിനിമയിൽ ഉടനീളം കൃത്യമായിത്തന്നെ ഈ രാഷ്ട്രീയം പ്രയോഗിക്കുന്നുണ്ട് സംവിധായകൻ. സമീപകാല ടുണീഷ്യയുടെ സാമൂഹികന്തരീക്ഷത്തിൽ വ്യക്തിയും അധികാരവും വംശീയതയും കലാപങ്ങളും എത്രത്തോളം കുടുംബങ്ങളെയും ബന്ധങ്ങളെയും ബാധിക്കുന്നുണ്ട് എന്ന് നിശബ്ദമായി പറയുന്നുണ്ട് എ സൺ. ഭൂതകാലത്തിൽ അധിഷ്ഠിതമായ ആഖ്യാനം മിക്കപ്പോഴും മുഴങ്ങുന്ന നിശബ്ദതയിൽ ആണ് സംവദിക്കപ്പെടുന്നത്.

സാംസ്കാരിക വ്യതിയാനങ്ങളെ എളുപ്പത്തിൽ മറികടക്കുന്ന ഒരു ഭാഷയും ഈ ചിത്രത്തിനുണ്ട്. ആദ്യപകുതിയിലെ ആഘോഷഭരിതമായ  narrative അല്ല രണ്ടാം പകുതിയിൽ സംയോജിപ്പിച്ചിട്ടുള്ളത്. ആദ്യത്തെ എട്ടു മിനിറ്റിൽ അനിശ്ചിതമായ ഒരാനന്ദത്തിന്റെ പാട ദൃശ്യങ്ങളിൽ കലരുന്നുണ്ട്. കൂടുതൽ സമയം നിലനിൽക്കില്ല എന്ന് തോന്നിപ്പിക്കുന്ന ശ്ലഥബിംബങ്ങൾ കലർത്തുന്ന സ്ലോ മൂവിങ് ഷോട്ടുകളും, fade മൂവ്മെന്റ് കളും, വേഗം കൂടിയ ഷോട്ടുകളുമാണ് കാണാൻ കഴിയുക. ഫാരെസ് ബെനും കുടുംബവും ഈ ആഘോഷത്തിലേക്ക്‌ എത്തുന്നത്  2011 സെപ്തംബർ ആദ്യ ദിവസങ്ങളിൽ ആണ്.

ടുണീഷ്യൻ വിപ്ലവത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം. സ്വേച്ഛാധിപത്യത്തിന്റെ പതനത്തിൽ ഉടലെടുത്ത നവീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രുചി ആസ്വദിക്കുന്ന, നല്ല ജോലിയുള്ള മെറിയം തന്റെ ജീവിതം ആസ്വദിക്കുന്നവളാണ്.
ഈ യാത്ര ഒരു തരത്തിൽ അവരുടെ ജീവിതത്തിൽ നിന്നുള്ള തത്കാലികമായ ഒരു ഒളിച്ചോട്ടമായിരുന്നു എന്ന സൂചനകളുമുണ്ട്. പഴയ വ്യവസ്ഥയിൽ നിന്ന്…. ജീവിതത്തിൽ നിന്ന്…. ആനന്ദം വരുമെന്ന് തന്നെയാണവർ വിശ്വസിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള തീവ്ര ബന്ധത്തിന്റെ മുൻകാല രംഗങ്ങൾ സിനിമയിൽ ഉടനീളം പ്രാഥമിക പാഠമായി നമുക്ക് അനുഭവപ്പെടുന്നു.  ഒരു രക്ഷിതാവാകുന്നതിൽ ഫാരെസിന്റെ ആനന്ദം ഓരോ നിമിഷവും അനുഭവിപ്പിക്കുന്നുണ്ട് സിനിമ.

പെട്ടെന്ന് ആ ലോകം അനിശ്ചിതത്വത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ സിനിമയുടെ ആഖ്യാനത്തിന്റെ വേഗം കുറയുന്നു.. തന്റെ മകന്റെ പിതൃത്വം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയും ഭർത്താവെന്ന നിലയിൽ വഞ്ചിക്കപ്പെട്ടതായുള്ള തോന്നലും അയാളെ ആകുലനാക്കുന്നു. അയാൾ മെറിയമിനെതിരെ പൊട്ടിത്തെറിക്കുന്നു, അവർക്കിടയിൽ വര്ഷങ്ങളോളം ഖനീവഭവിച്ചു കിടന്ന അസ്വാരസ്യങ്ങൾ അഗ്നിപർവ്വതം പോലെ പുകയുന്നു. വലിച്ചു നീട്ടി ആഖ്യാനത്തെ അരോചകമാക്കാൻ സംവിധായകൻ. ശ്രമിക്കുന്നില്ല.

“എനിക്ക് ഒരു പക്ഷേ നിങ്ങളോട് പറയനാകുമായിരുന്നു  പക്ഷേ….”

എന്ന് മാത്രമാണ് മെറിയം സൂചിപ്പിക്കുന്നത്. അവർക്കിടയിൽ നിലനിന്നിരുന്ന ശൂന്യതയെ ചിത്രീകരിക്കാൻ ഈ നിശബ്ദത തന്നെ ധാരാളം ഒരിക്കലും ഒരേ രേഖയിൽ ചേരാത്ത രണ്ട് ഗ്രഹങ്ങളെപ്പോലെ അവർ ആശുപത്രി വരാന്തയിൽ ഇരിക്കുന്നു.
അയാളുടെ കണ്ണുകൾ വിദൂരമായ ഭാവിയിലേക്ക് അശാന്തിയോടെ ഉറ്റു നോക്കുന്നു.
ഫെറെസിന്റെ ഉള്ളിൽ വികാരങ്ങളുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ ദൂരെ ബോംബുകൾ പൊട്ടുന്ന ശബ്ദം കേൾക്കാം. മനുഷ്യനും കലുഷിതമായ ലോകവും തമ്മിലെന്ത് എന്ന് സിനിമ ചോദിക്കുന്നു.

ഫെരെസിനും മെറിയത്തിനും തുല്യമായ ഇടം നൽകുന്ന രീതിയാണ്‌ കഥാപാത്രകല്പനയിൽ സ്വീകരിച്ചിട്ടുള്ളത്. സിനിമയുടെ പ്രധാന പ്രത്യേകതകളിലൊന്നാണ് ഇത്. കൂടാതെ രണ്ട് അഭിനേതാക്കളും തങ്ങളുടെ റോളുകൾ ആധികാരികതയോടെ  കൈകാര്യം ചെയ്യുന്നുമുണ്ട്. ബെൻ അബ്ദുള്ളയുടേത് നിശ്ശബ്ദമായ ഒരു വേഷമാണ്, പക്ഷേ ആഴത്തിൽ മുറിവേൽപ്പിക്കുന്ന വേദന ഉള്ളിലുള്ള ഒരു കഥാപാത്രമാണത്. അമിന്‍ ബൌഹാഫയുടെതാണ് ചിത്രത്തിന്റെ സംഗീതം ഇരുളും നിഴലും കലര്‍ന്ന മനസിന്റെ വേവുകള്‍ക്ക് ബൌഹാഫ പകര്‍ന്ന സംഗീതം നമ്മെ പിന്തുടരും.

സമി ബൗആജില ( Sami bouajila)എന്ന നടൻറെ സാന്നിധ്യമാണ് എ സൺ‌’എന്ന സിനിമയെ തീവ്രമായ അനുഭവമാക്കി മാറ്റുന്നത്. സൂക്ഷ്മമായ നിരീക്ഷണ സ്പർശങ്ങളുടെ ചേർത്ത് വയ്പുകളാണ് സമി എന്ന അഭിനേതാവ് ഈ സിനിമയിൽ സമ്മാനിക്കുന്നത്. നടന്‍ എന്ന രീതിയില്‍ തന്റെ ശരീരത്തിന്റെ  ഏറ്റവും ചെറിയ ചലനങ്ങളില്‍ വരെ അര്‍ഥങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വ നടനാണ്‌ സമി.

സമി ബൗആജില ടുണീഷ്യൻ ആണ്, പക്ഷേ അദ്ദേഹം  വളർന്നത് ഫ്രാൻസിലാണ്,
എ സണ്‍ ന്റെ ഷൂട്ടിംഗിന് ഒരു വർഷം മുമ്പ് മെഹ്ദി, അന്തരിച്ച   പ്രശസ്ത സംവിധായകന്‍  മൌഫിദ ത്ലാത്ലി  (Moufida Tlatli) സംവിധാനം ചെയ്ത  “Le Silence du Palais” എന്ന ഒരു ടുണീഷ്യൻ സിനിമ കണ്ടിരുന്നു. അപ്പോഴാണ്‌ “സമിയെപ്പോലെയുള്ള ഒരു  നടൻ, എന്തുകൊണ്ട് ടുണീഷ്യൻ സിനിമകളിൽ അഭിനയിച്ചുകൂടാ” എന്ന ചിന്ത വരികയും എ സണ്‍ ന്റെ തിരക്കഥ അദ്ദേഹത്തിനു വായിക്കാൻ നൽകുകയും ചെയ്യുകയായിരുന്നു. ഈ കഥാപാത്രത്തോടും സിനിമയുടെ ആത്മാവിനോടും അദ്ദേഹം പെട്ടെന്ന് പ്രണയത്തിലാകുകയുമായിരുന്നു എന്ന് മെഹ്ദി ഓര്‍ക്കുന്നുണ്ട്.

തന്റെ രക്തമല്ല അസീസ്‌ എന്നറിഞ്ഞിട്ടും ഒരു തുള്ളി കണ്ണീര്‍ വീഴ്ത്താതെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്ന ഫെരാസിന്റെ ആത്മസംഘര്‍ഷങ്ങള്‍ സമിയുടെ കണ്ണുകളില്‍ സുരക്ഷിതമായിരുന്നു. എ സണ്‍ എന്ന സിനിമയുടെ ആഴവും ആ കണ്ണുകളില്‍ ത്തന്നെ  തന്നെ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here