വിഷാദത്തിന്റെ ജലജീവിതങ്ങള്‍

0
206

ആത്മാവിന്റെ പരിഭാഷകള്‍
(സിനിമ, കവിത, സംഗീതം )
ഭാഗം 21

ഡോ. രോഷ്നി സ്വപ്ന

(THE HOURS Dire: സ്റ്റീഫന്‍ ഡാല്‍ഡ്രി, 2001)

‘what does it mean to regret
when you have no choice?
Its what you can bear.
And there it is….
It was death.
I chose life ‘ (Michael Cunnimgham, The Hours)

ഉടൽ മുഴുവൻ സൂചിത്തുളകൾ കയറിയിറങ്ങിയ മുറിപ്പാടുകൾ. സ്വപ്നത്തിലോ ഉണർച്ചയിലോ എന്നറിയാത്ത ഒരു ഇടം. ഞാൻ അന്തമില്ലാത്ത പടവുകൾ കയറിപ്പോകുകയാണ്. അപ്രതീക്ഷിതമായ നിരാസങ്ങൾ ജീവിതത്തിൽ ഏൽപ്പിച്ച വലിയ ആഘാതങ്ങൾ വളരെ പതുക്കെ ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നും വിട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ജീവിച്ചിരിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിത്തുടങ്ങി.

The silence depressed me
it was’t the the silence of Silence.
It was my own silence .

അക്കാലത്ത് ഞാൻ കൂടുതലായി വായിച്ചത് എമിലി ഡികിൺസനെയും സിൽവിയ പ്ലാത്തിനെയും വെർജീനിയ വുൾഫിനെയും സാഫോയെയുമായിരുന്നു. വായിച്ച കവിതകളിൽ ചിലത് വിവർത്തനം ചെയ്ത് വച്ചു. ആ കാലം കഴിഞ്ഞപ്പോൾ അന്ന് ഞാൻ വിവർത്തനം ചെയ്ത കവിതകൾ ‘ചിന്ത ‘പബ്ലിക്കേഷൻസ് പുസ്തകമാക്കി, ‘പ്രണയത്തിന്റെയും മരണത്തിൻറെയും കവിതകൾ’ എന്ന തലക്കെട്ടിൽ വി.സി. അഭിലാഷിന്റെ മനോഹരമായ മുൻ കവർ. എന്റെ വിഷാദകാലം കുറച്ചൊക്കെ ഒഴുക്കിക്കളഞ്ഞത് ആ പുസ്തകവുമായി ബന്ധപ്പെട്ട ഓർമ്മകളാണ്.

“ഞാൻ
എൻറെ കണ്ണുകൾ അടച്ചു. ലോകം മുഴുവൻ
മരണം തുള്ളിയിട്ടു.
ഞാനെൻറെ കണ്ണിമകൾ തുറന്നു
എല്ലാം
ഒരിക്കൽ കൂടി ജനിച്ചു”

‘ഉന്മാദിനിയായ പെൺകുട്ടിയുടെ പ്രണയഗീത’മെന്ന കവിതയിൽ സിൽവിയ പ്ലാത്ത് മരണത്തെയും ജീവിതത്തെയും കുറിച്ച് പാടിയത് ദുർബലമായ ഒരു പൂപ്പാത്തിയുടെ ഉടലിൽ ഒളിഞ്ഞിരുന്ന് ഞാൻ പകർത്തിയെടുത്തു.

സ്വപ്നവും വിഭ്രമങ്ങളും മാത്രം ചുറ്റുപാടും നിറഞ്ഞുനിന്ന അക്കാലത്ത് കണ്ടുകൂട്ടിയ സിനിമകളിൽ സ്റ്റീഫൻ ഡാൾഡ്രി സംവിധാനം ചെയ്ത ദി ഹവേർസ് എന്ന സിനിമയുമുണ്ട്. ഇപ്പോഴും വിടാതെ പിന്തുടരുന്ന ആ സിനിമയെ കുറിച്ചാണ് ഈ എഴുത്ത്.

“A woman’s whole life
in a single day.
Just one day.
And in that day.
her whole life.” എന്ന് വെർജീനിയ സിനിമയിൽ പറയുന്നുണ്ട്.

വ്യത്യസ്ത കാലഘട്ടങ്ങളിലെ മൂന്ന് സ്ത്രീകളുടെ ജീവിതത്തിൽ ഈ സിനിമ സൂക്ഷ്മമായി ഇടപെടുന്നു. അവരോരോരുത്തരും പേരറിയാത്ത വിഷാദത്തിൽ സ്വയം ശ്വാസം മുട്ടുന്നവരാണ്. മൂന്ന് കാലങ്ങൾ, മൂന്ന് പെണ്ണുങ്ങൾ. 1923, 1951, 2001 എന്നിങ്ങനെ ആ കാലം പരസ്പരം പകർന്നു പോകുന്ന ദൃശ്യാഖ്യാനമാണ് സത്യത്തിൽ ദി ഹവേഴ്സ്.

ചിത്രം തുറന്ന് വരുന്ന രംഗം ജലപാളികളുടെ അനക്കങ്ങൾ…..
ചാരവും നീലയും കലർന്ന വെള്ളത്തിന്റെ അടരുകൾ…..
തിടുക്കത്തിൽ വാതിൽ തുറന്നു തടാകക്കരയിലേക്ക്
നടന്നു പോകുന്ന വെർജീനിയ.

“ഈ മടുപ്പിൽ നിന്ന് എന്നെ രക്ഷിക്കാൻ ആരുണ്ട്”?

നീണ്ട പേനയുടെ അറ്റം കടലാസിൽ ഉരയുന്ന ശബ്ദം…
ജലപാളികളിൽ വെയിലിന്റെ ഇളം തവിട്ട്….
ഭാരമില്ലാത്ത ഉടലുമായി
താടാകത്തിലേക്ക് ആണ്ടു പോകുന്ന വെർജീനിയ.
വെയിലും നിഴലും വെളിച്ചവുമാണ് സിനിമയുടെ ഭാഷയിൽ ഇടപെടുന്ന സാന്നിധ്യങ്ങൾ.

2001 ന്യൂയോർക്കിൽ ആണ് കഥയുടെ ഒരടര് സംഭവിക്കുന്നത്. മെറിൽ സ്ട്രീപ്പ് (Meryl Streep )അവതരിപ്പിക്കുന്ന കഥാപാത്രം ഒരു എഡിറ്ററാണ്. ജൂലിയാൻ മൂർ(Julianne Moore) 1951 ലോസ് ഏഞ്ചൽസിൽ ആത്മഹത്യ ചെയ്ത ഒരു വീട്ടമ്മയുടെ വേഷമാണ് ചെയ്യുന്നത്. നിക്കോൾ കിഡ്മാൻ – (Nicole Kidman) എഴുത്തുകാരിയായ വിർജീനിയ വൂൾഫായി മാറുന്നു. 1923 ആണ് കാലം.

മൂന്ന് കാലങ്ങൾക്കും മൂന്ന് നിരാസങ്കലനങ്ങൾ, വെളിച്ചങ്ങൾ, അനക്കങ്ങൾ…

വെർജീനിയക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ വിഷാദത്തിന്റെ ആദ്യത്തെ അനുഭവത്തിലൂടെ കടന്നു പോയിരുന്നു. ആറ് മാസത്തിലേറെയായി അത് അവളെ വേദനിപ്പിക്കുകയും ചെയ്തു.

അതിനും നാല് വർഷം മുമ്പ് ആരംഭിച്ച ഡയറി എഴുത്ത് നിർത്താൻ ഈ വിഷാദം അവളെ നിർബന്ധിക്കുകയും ചെയ്തു.

1897-ൽ, തീവ്രമായമാനസിക തകർച്ചയ്ക്ക് ശേഷം, ജീവിതം തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അത് മറികടക്കാൻ തന്റെ എഴുത്ത് ഏറെ സഹായകമായിരുന്നു എന്നും വെർജീനിയ പറഞ്ഞിട്ടുണ്ട്

1904-ൽ രണ്ടാമതും രോഗ ബാധയേറ്റ് ഗുരുതരമായ അവസ്ഥയിലേക്ക് വെർജീനിയയുടെ മനസ് സഞ്ചരിച്ചു. ആദ്യത്തെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചത് ഈ കാലമാണ്. എന്നിരുന്നാലും, വെർജീനിയയുടെ അസ്വസ്ഥതയുടെ ഏറ്റവും തീവ്രമായ കാലഘട്ടം 1913 മുതൽ 1915 വരെ ആയിരുന്നു. മനസിന്‌ കാര്യമായ അസ്ഥിരതകൾ ഉണ്ടായിരുന്നിട്ടും, 1912 ഓഗസ്റ്റിൽ വെർജീനിയ ലിയോനാർഡ് വൂൾഫിനെ വിവാഹം കഴിച്ചു.

കൂടിയ അളവിൽ ഉപയോഗിച്ച മരുന്നുകൾ മൂലമാണോ എന്നറിയില്ല, 1913 സെപ്തംബർ 9, ജീവനെടുക്കാനുള്ള മറ്റൊരു ശ്രമത്തിൽ വെർജീനിയ പരാജയപ്പെട്ടു.

by George Charles Beresford, platinum print, retouched and heightened, July 1902

1941ൽ വെർജീനിയക്ക് വീണ്ടും നിരാശ തോന്നി, അസുഖം വീണ്ടും വഷളാകുമെന്നും മുന്നെപോലെ ഏതെങ്കിലും ഒരു അഭയകേന്ദ്രത്തിൽ പോകേണ്ടിവരുമെന്നും എല്ലാവരും ഭയപ്പെട്ടു. വാസ്തവത്തിൽ, ആ കാലത്ത് വെർജീനിയ പലതരത്തിലുള്ള ശബ്ദങ്ങൾ കേൾക്കുമായിരുന്നത്രെ. കടുത്ത പ്രതിസന്ധിയുടെ ആമുഖമായിരുന്നു വെർജീനിയക്ക് അക്കാലം.

മാർച്ച് 28 ന്, രണ്ട് കത്തുകൾ വേർജീനിയ എഴുതി, ഒന്ന് ലിയോനാർഡിനും മറ്റൊന്ന് അവളുടെ സഹോദരി വനേസയ്ക്കും. ഓവർകോട്ടിന്റെ പോക്കറ്റുകൾ നിറയെ കല്ലുകൾ നിറച്ച് ഔസ് നദിയിലേക്ക് വേർജീനിയ ഇറങ്ങിപ്പോയി. ആത്മഹത്യ ചെയ്യാനുള്ള അവളുടെ അവസാന ശ്രമമായിരുന്നു ഇത്, ഇത്തവണ അവൾ വിജയിച്ചു. ലിയോനാർഡിന് അവൾ എഴുതിയ കത്തിന്റെ ഒരു ഭാഗം ഇതാണ്:

“പ്രിയപ്പെട്ടവനെ,
ഞാൻ വീണ്ടും ഉന്മാദിയാകുകയാണ് എന്ന് എനിക്കുറപ്പായിരിക്കുന്നു. ഇത് പോലെ ഭീതിതമായ മറ്റൊരു സമയത്തിലൂടെ ഇനി ഒരിക്കൽ കൂടി നമുക്ക് ഇനി കടന്നുപോകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ തവണ ഞാൻ മടങ്ങിയെത്തില്ല. ഞാൻ ചില ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും നല്ലതെന്ന് തോന്നുന്നത് ഞാൻ ചെയ്യുന്നു. നിങ്ങൾക്ക് തരാൻ സാധിക്കുന്ന ഏറ്റവും വലിയ സന്തോഷം നിങ്ങൾ എനിക്ക് നൽകി. എന്നോടൊപ്പം എപ്പോഴും നിങ്ങൾ ഉണ്ടായിരുന്നു. ഭയാനകമായ ഈ രോഗം വരുന്നതുവരെ നാം ഇരുവരും സന്തോഷത്തോടെ കഴിഞ്ഞു. ഒരു പക്ഷേ ഈ രോഗം വന്നില്ലെങ്കിൽ കൂടി ഇത് പോലെ സന്തോഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഞാൻ കരുതുന്നു. എനിക്ക് ഇനി യുദ്ധം ചെയ്യാൻ കഴിയില്ല. ഞാൻ നിങ്ങളുടെ ജീവിതം നശിപ്പിക്കുകയാണെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. ഞാനില്ലാതെയും നിങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയും. എനിക്ക് ഇത് എങ്ങനെ ശരിയായി പറഞ്ഞു മനസിലാക്കാൻ, എഴുതാൻ സാധിക്കും എന്ന് പോലും എനിക്ക് അറിയില്ല.”

വെജീനിയയുടെ എഴുത്തിൽ, പ്രത്യേകിച്ച് ആത്മകഥാപരമായ കൃതിയിൽ, രോഗത്തിൽ നിന്നുള്ള രക്ഷപ്പെടലായി സർഗ്ഗ സൃഷ്ടിയെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഭിപ്രായപ്പെടുന്നുണ്ട്.എഴുത്തിന് അതിന്റേതായ ഒരു ജീവിതം ഉണ്ടെന്നും, കാഴ്ചക്കും പ്രത്യക്ഷതയ്‌ക്കുമപ്പുറമുള്ള സത്യസന്ധമായ
ഒന്നിന്റെ സാക്ഷിയാണെന്നും വെർജീനിയ കരുതിയിരുന്നു. പക്ഷെ, വെർജീനിയക്ക്‌
വാക്കുകളിൽ വിവരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. രോഗ പീഡകളിൽ നിന്ന് മുക്തി നേടാൻ ഒരു പക്ഷേ ഈ ചിന്ത അവരെ സഹായിച്ചില്ല. സ്വന്തം അവസ്ഥയുടെ അപകടസാധ്യതയുടെ വൈകാരികാംശത്തെ മാത്രം അഭിമുഖീകരിച്ചുകൊണ്ട്, വെർജീനിയ എഴുത്തിൽ മുഴുകി. താൻ അന്വേഷിക്കുന്ന സംരക്ഷണം വെർജീനിയ എഴുത്തിലൂടെ കണ്ടെത്താൻ ശ്രമിച്ചു. തന്നെ കടന്നുപോകുന്ന സമയത്തിനെതിരായ ഒരുതരം ബഫർ എന്ന നിലയിൽ വെർജീനിയ ആളുകളുമായി ഇടപെട്ടു. പക്ഷേ അത് പരാജയപ്പെട്ടപ്പോൾ അവൾ വീണ്ടും വിഷാദത്തിലേക്ക് വീണു.

……………………………………………………………………………………………………………….

മൈക്കൽ കണ്ണിംഗ്ഹാമിന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമയുടെ ശരീരം സൃഷ്ടിച്ചിട്ടുള്ളത്.

ബ്രിട്ടീഷ് നാടകകൃത്ത് ഡേവിഡ് ഹെയർ ആണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. സ്ത്രീയുടെ ആന്തരികതയിൽ ബന്ധിക്കപ്പെട്ട ആഗ്രഹങ്ങളുടെയും, ആനന്ദത്തിനും സ്വാതന്ത്ര്യത്തിനുമുള്ള യാത്രകളുടെയും കുതിപ്പുകളെ പല കാലങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് മൂന്ന് കഥകളിലും വ്യക്തമായി പ്രതിഫലിപ്പിക്കാൻ ഡേവിഡ് ഹയർ ശ്രദ്ധിക്കുന്നു.

ഒരു ജലാശയത്തിൽ മുങ്ങിമരിച്ച വെർജീനിയ വൂൾഫിന്റെ ആത്മഹത്യയ്ക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. ക്രെഡിറ്റുകൾ റോൾ ചെയ്യുമ്പോൾ, സിനിമ അനാവരണം ചെയ്യുന്നു. ഓരോ കഥയും ആത്മഹത്യയുടെ ഭൂതത്താൽ വേട്ടയാടപ്പെടുന്നു. ഓരോ സ്ത്രീയും, ബാഹ്യജീവിതത്തിന്റെ ഉപരിതലത്തിന് താഴെ, പ്രതിസന്ധിയുടെ ഒരു നിമിഷത്തിൽ സ്വയം കണ്ടെത്തുകയാണ്.

വെർജീനിയയുടെ വിഷാദരോഗം ലഘൂകരിക്കാമെന്ന പ്രതീക്ഷയിൽ ഭർത്താവ്, ലിയോനാർഡ് (സ്റ്റീഫൻ ദില്ലൻ) ലണ്ടനിൽ നിന്ന് റിച്ച്മണ്ട് ഗ്രാമത്തിലേക്ക് തങ്ങളുടെ താമസം മാറ്റുന്നു. തന്റെ ആദ്യത്തെ നോവൽ മിസിസ് ഡല്ലോവേ എഴുതാൻ വെർജീനിയ തീരുമാനിച്ച സമയമായിരുന്നു അത്. അതേസമയം, തന്നെ വിഴുങ്ങാൻ ഭീഷണിപ്പെടുത്തുന്ന വിഷാദരോഗത്തെ അതിജീവിക്കാനും ശ്രമിക്കുന്നുണ്ട്
മിസിസ് ഡല്ലോവേയുടെ ആശയം ആ ഗ്രാമത്തിൽ വച്ചാണ് ഉരുവം കൊള്ളൂന്നത്. പുസ്തകത്തിൽ, ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു ദിവസത്തിലൂടെ അവളുടെ ജീവിതം മുഴുവൻ വെളിപ്പെടുത്തുന്നുണ്ട് വെർജീനിയ.

തുടർന്ന് സഹോദരി വനേസയും (മിറാൻഡ റിച്ചാർഡ്‌സൺ) മൂന്ന് യുവാക്കളും നടത്തിയ സന്ദർശനത്തിനു ശേഷം താൻ ലണ്ടനെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് അവൾ തിരിച്ചറിയുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തര ലോസ് ഏഞ്ചൽസിൽ ജീവിക്കുന്ന യുവതിയായ ഭാര്യയും അമ്മയുമായ ലോറ ബ്രൗൺ, “മിസിസ് ഡല്ലോവേ”യെ വായിക്കുന്നു, അത് അവളെ ആഴത്തിൽ ബാധിക്കുന്നു. താൻ സ്വയം തിരഞ്ഞെടുത്ത ജീവിതത്തെ
അവൾ ചോദ്യം ചെയ്യാൻ തുടങ്ങുന്നു.

“ഇത് ഒരു പാട് അപകടം പിടിച്ച ഒരു കളിയാണ്.
മുഴുവൻ കുടുംബത്തെയും
പിന്നിൽ
ഉപേക്ഷിച്ചു കൊണ്ട്
സ്വന്തം സ്വത്വം കണ്ടെത്തുക എന്നത് ” എന്ന് ജൂലിയാനാ മൂർ പറയുന്നുണ്ട്.

ക്ലാരിസ വോൺ ആകട്ടെ സമകാലിക ന്യൂയോർക്കിലെ ആധുനിക കാലത്തെ “മിസിസ് ഡല്ലോവേ!യാണ്, എയ്ഡ്‌സുമായുള്ള പോരാട്ടത്തിൽ പതുക്കെ ജീവിതത്തിൽ നിന്ന് പിന്നെ വാങ്ങുന്ന അവളുടെ സുഹൃത്തും മുൻ കാമുകനുമായി കടന്നു വരുന്നവരുടെ സാന്നിധ്യത്തിൽ അവൾ സ്വന്തം ജീവിതത്തിൽ പല ചോദ്യങ്ങളും സ്വയം ചോദിക്കുന്നു. ഏകദേശം 80 വർഷത്തെ കാലയളവാണ് സിനിമയിൽ മൂന്ന് ലെയറിലൂടെ കാണിക്കുന്നത്.

വെർജീനിയ തന്റെ നോവലിനെക്കുറിച്ച് ആലോചന തുടരുമ്പോൾത്തന്നെ തന്റെ കഥയിൽ ആരെങ്കിലും മരിക്കണം എന്നതിനെക്കുറിച്ചു ലിയോനാർഡുമായി തർക്കം
തുടങ്ങുന്നുണ്ട്. എങ്ങനെയാണ് അവനവനിൽ നിന്ന് രക്ഷ നേടുക എന്നും അതോടൊപ്പം വെർജീനിയ ആലോചിക്കുന്നുണ്ട്.

ലിയനാർഡോവിനുള്ള ഒരു കത്ത് വായിക്കുന്ന വെർജീനിയയെ സിനിമയിൽ ഒരിടത്ത് കാണാം.

“To look life in the face,
always, to look life in the face and to know it for what it is.
At last to know it,
to love it for what it is,
and then, to put it away.
Leonard, always the years between us, always the years. Always, the love. Always, the hours.”

പതിഞ്ഞു പോകുന്ന ജീവിതത്തിൽ പതിവുകൾ എത്രമാത്രം ഒരുവളെ മടുപ്പിക്കുന്നുവെന്ന് ഇവിടെ വ്യക്തമാവുന്നുണ്ട്.

……………………………………………………………………………………………………………….

ലോറ (മൂർ), രണ്ടാമത്തെ കുഞ്ഞിനെ നാല് മാസം ഗർഭിണിയായിരിക്കുകയാണ്.
എന്നിരുന്നാലും, മകനു വേണ്ടിയും ഭർത്താവിന് വേണ്ടിയും തന്റെ മുഴുവൻ സമയവും നീക്കി വക്കുന്നു, ജോലികളിൽ മുഴുകുകയും ഭർത്താവിനെ പരിചരിക്കുകയും മറ്റും ചെയ്യുന്നു.

1951-ലേക്കെത്തുമ്പോൾ, ലോറ, കിറ്റിയെ ആവേശത്തോടെ ചുംബിക്കുന്നുണ്ട് . എന്നിട്ടും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ അവൾ തന്റെ മകനെ ഉപേക്ഷിച്ച് ഒരു കാറിൽ വേഗത്തിൽ ഡ്രൈവ് ചെയ്യുന്നു.തന്റെ പ്രിയപ്പെട്ട എഴുത്തുകാരി വെർജീനിയ വൂൾഫിന്റെ നോവലും രക്ഷപ്പെടാൻ ആവശ്യമായ ഉറക്ക ഗുളികകളും മാത്രം എടുത്തു കൊണ്ടാണ് ആ ഇറങ്ങിപ്പോക്ക്.

ക്ലാരിസയുടെ കഥയിൽ വെർജീനിയ ഇടപെടുന്നത് കൗതുകകരമായ ആഖ്യാനമായി അനുഭവപ്പെടുന്നു. എയ്ഡ്‌സ് ബാധിച്ച് മരിക്കുന്ന ഒരു കവിയായ അവളുടെ സുഹൃത്ത് റിച്ചാർഡിനു (എഡ് ഹാരിസ്) ഒരു സാഹിത്യപുരസ്‌കാരം ലഭിക്കുന്നു. അത് ആഘോഷിക്കാനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകളിൽ മുഴുകുകുകയാണ് അവൾ.. അപ്പോൾ അങ്ങോട്ടെത്തിയ ആ അതിഥിയുടെ സന്ദർശനം ക്ലാരിസയിൽ ചില ഓർമ്മകൾ ഉണർത്തുന്നു. താനും റിച്ചാർഡും ഒരിക്കൽ പ്രണയികളായിരുന്നുവെന്ന ഓർമ്മ അവളിൽ കടൽത്തിരകൾ പോലെ ഉയർന്നു വരുന്നു.

അവളുടെ ഇപ്പോഴത്തെ കൂട്ടുകാരൻ സാലി (അലിസൺ ജാനി), അവളെ ഒരു പാട് സ്നേഹിക്കുന്ന, സ്വതന്ത്ര ചിന്താഗതിയുള്ള മകൾ (ക്ലെയർ ഡെയ്ൻസ്) എന്നിവരുമൊത്ത് ആനന്ദകരമായ ജീവിതം ഉണ്ടായിരുന്നിട്ടും, റിച്ചാർഡിനൊപ്പമുള്ള ആ ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരുന്നുവെന്ന് ക്ലാരിസ മനസ്സിലാക്കുന്നു.

ഈ മൂന്ന് കഥകൾ പരസ്പരം കലരുകയാണ്. പറയാനോ വിശദീകരിക്കാനോ കഴിയാത്ത വിഷാദത്തിന്റെ നൂൽ ചങ്ങലകൾ കൊണ്ട് പരസ്പരം ചേർത്ത് ബന്ധിക്കപ്പെട്ട ആന്തരികതകളാണ് ഈ മൂന്ന് സ്ത്രീകൾക്കും ഉള്ളത്.

തങ്ങൾ അന്വേഷിക്കുന്ന സന്തോഷം എന്താണ് എന്ന് മനസിലാക്കാൻ അവർ നിരന്തരം ശ്രമിക്കുന്നു. ആശയങ്ങളും സംഭാഷണശകലങ്ങളും വരികളും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോൾ, ഓരോ കഥയും ഒരു പുതിയ വെളിപാടിലേക്ക് (epiphany) എത്തിച്ചേരുന്നു.

വെർജീനിയയുടെ വിഷാദാത്മകത ശരീരത്തിലും ശബ്ദ സ്വരവിന്യാസത്തിലും ചലനങ്ങളിലും, ആവിഷ്കരിക്കാൻ കിഡ്മാൻ ഏറെ ശ്രമിച്ചിട്ടുണ്ട്. ഭ്രമാത്മകതയും ശബ്ദങ്ങളും കൊണ്ട് അലങ്കോലപ്പെട്ട ഒരു ഉടലായാണ് അവൾ വെളിപ്പെടുന്നത്.
വൈകാരികതയും ധിഷണയും ഒരുപോലെ കെട്ട് പിണഞ്ഞ വെർജീനിയയുടെ സ്വത്വത്തെ ആഴത്തിൽ മുറിവേറ്റ പോലെ യാണ്‌ കിഡ്മാൻ അവതരിപ്പിക്കുന്നത്.

ജീവിതവുമായുള്ള നിരന്തര പോരാട്ടങ്ങളിലൂടെ തന്റെ വിഷാദത്തെ മറികടക്കാൻ അവളുടെ കഠിനമായ ബുദ്ധി കിണഞ്ഞു പോരാടുന്നത് നാം കാണുന്നു.കടലാസിൽ പേനയുടെ മുനകൊണ്ട് പോറി വരയുന്ന ഒച്ചകൾക്കൊപ്പം കൺപീലികൾ ഇളക്കുന്ന അവളുടെ മുഖം ഓർക്കുക.

ജൂലിയാൻ മൂറിന്റെ ലോറ, സ്ത്രയ്ണതയുടെ ഇരുണ്ട വശമാണ്, തന്റെ വ്യക്തിസത്തക്ക്‌ പാകമല്ലാത്ത ഒരു മൂശയിലേക്ക് ഒതുങ്ങാൻ ശ്രമിക്കുന്ന മൂർന്റെ കഥാപാത്രത്തിന്റെ സംഘർഷങ്ങളിൽ വിഷാദത്തിന്റെ നേർത്ത തലങ്ങളുണ്ട്.

ലോറയുടെ ഉൾ മനസ്സിന്റെ ഉപരിതലത്തോട് ചേർന്ന് ഭയപ്പെടുത്തുന്ന എന്തോ കുമിളകൾ തിളക്കുന്നതായി അവൾക്ക് സ്വയം തോന്നുന്നുണ്ട്. വെർജീനിയയെക്കാൾ ലിയോനാർഡുമായാണ്‌ അവൾക്ക് അടുപ്പം കൂടുതൽ.

വെറുതെയല്ല റിച്ചാർഡ് അവളെ മിസ്സിസ് ഡല്ലോവേ എന്ന് വിളിക്കുന്നത്, അവളുടെ ജീവിതത്തിൽ എന്തെങ്കിലും നഷ്ടമായോ എന്ന അവളുടെ തന്നെ ഭയം വളരെ വലുതാണ്. അത് കാഴ്ചയുടെ ഓരോ പ്രതലത്തിലും കൃത്യമായി വെളിവാകുന്നുമുണ്ട്.

ദി ഹവേഴ്സ് ന്റെ ഛായാഗ്രാഹകൻ സീമസ് മക്ഗാർവി, പ്രൊഡക്ഷൻ ഡിസൈനർ മരിയ ജുർകോവിച്ച്, കോസ്റ്റ്യൂം ഡിസൈനർ ആൻ റോത്ത് എന്നിവർ ചേർന്ന ഒരു വലിയ സംഘത്തിന്റെ മുന്നേറ്റമാണ് ഈ സിനിമ എന്ന് ഡാൽഡ്രി ഒരിക്കൽ പറയുന്നുണ്ട്.

മൂന്ന് കാലങ്ങളുടെ നിറങ്ങൾ, ഉപകരണങ്ങൾ, 1920-കളിലെ ഇംഗ്ലണ്ട്, അവിടെയുള്ള പരിസരം, ട്വീഡ് ആൻഡ് എർത്ത് നിറങ്ങൾ, നാടോടി പാരമ്പര്യങ്ങൾ, എന്നിവയൊക്കെ വളരെ കൃത്യമായി ഓരോ അഖ്യാനത്തിലേക്കും ചേർത്തു വച്ചിട്ടുണ്ട്. ഒരു വേള ആക്കാലത്തെ കാമറയുടെ കണ്ണുകളെ പോലും പുനരാവിഷ്കരിച്ചിട്ടുണ്ട് സിനിമയിൽ.

1950 ലെ ലോസ് ഏഞ്ചൽസ് ഏകദേശം തവിട്ട്, മഞ്ഞ, കടും നീല, സൂര്യനിൽ ചുട്ടുപഴുപ്പിച്ച വെയിൽ, നിഴൽ, ആളുകളുടെ ഔപചാരികത, സ്വാഭാവിക വികാരങ്ങളെ സുഗമമാക്കുന്ന ജീവിതത്തിന്റെ ആദർശവൽക്കരണം എന്നിവയിലാന്ന് ഊന്നൽ കൊടുത്തിട്ടുള്ളത്.

ആധുനിക കാലത്തെ മാൻഹട്ടൻ അവഷ്കരിക്കുമ്പോൾ സ്വീകരിക്കുന്ന കറുപ്പും നീലയും, ശീതകാലവും ഏറെ ശാന്തവും തണുത്തതുമാണ്. കാലത്തിന്റെ മങ്ങിയ യാഥാർത്ഥ്യത്തെ മറയ്ക്കാൻ പൂക്കൾ വാങ്ങാൻ ക്ലാരിസയെ പ്രേരിപ്പിക്കുകയാണ് ഈ പരിസരം.

മൂന്ന് സ്ത്രീകളും സ്വയം തിരിച്ചറിയുകയും സ്വന്തം ഇടങ്ങളിലേക്ക് ഇറങ്ങിപ്പോകുകയുമാണ്. വെർജീനിയ മരണത്തിലേക്കും മറ്റുള്ളവർ അവരവരുടെ ലോകങ്ങളിലേക്കും.

നനഞ്ഞ മണ്ണിൽ കൊക്കുകൾ പിളർന്നു മരിച്ചു കിടക്കുന്ന പക്ഷിയോടൊപ്പം മണ്ണിലേക്ക് കവിളുകൾ ചേർത്ത് വെർജീനിയ കിടക്കുന്ന ഒരു ഷോട്ട് ഒരു നീറ്റലോടെയല്ലാതെ കാണാൻ സാധിക്കില്ല

എത്രയോ തവണ ഓർമ്മയിൽ ആ നനഞ്ഞ മണ്ണും പാതി തുറന്ന പക്ഷിക്കണ്ണുകളും എന്നെ വീണ്ടും വീണ്ടും വിഷാദത്തിലേക്ക് ആഴ്ത്തിക്കളഞ്ഞു എന്നറിയില്ല. ഒരു പക്ഷേ ഈ കവിത അതിന്റെ ഒരു അടരാകാം.

“അവളുടെ ഉടലിനെ മൂടിയ
വെളുത്ത
നേർത്ത
നൂലിഴകളെ
കൊത്തിയാറ്റുന്നു .

പക്ഷികൾ
പെൺകുട്ടിയുടെ
കണ്പീലിയിൽ
ഉമ്മ വക്കുന്നു.

അവളുടെ ചുണ്ടിൽ
പൂമ്പൊടി വിതറുന്നു.

പക്ഷികൾ
പെൺകുട്ടിയുടെ
ഉടലിൽ
സ്വന്തം
തൂവലുകൾ
ഉടുപ്പിക്കുന്നു.

അവളുടെ
ഉടലിലൂടെ
പറക്കുന്ന
കാറ്റുകളെ
മറച്ചു വക്കുന്നു.

പക്ഷികൾ
സ്വന്തം
ഉടലിൽ നിന്ന്
ജീവൻ
കൊത്തിയെടുത്ത്
പെൺകുട്ടിക്ക് നൽകുന്നു.
പെൺകുട്ടി
പറന്നു പോകുന്നു.
പക്ഷികൾ
മണ്ണിനോട്
ചേർന്ന്
മിണ്ടാതെ…
മരിച്ചു കിടക്കുന്നു.”


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here