കാഴ്ചയിൽ ചരൽക്കല്ലുകൾ തടയുമ്പോൾ കടലിനെ എങ്ങനെ കാണാതിരിക്കും

0
166

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)
ഭാഗം 17

ഡോ രോഷ്നി സ്വപ്ന

the best art is political – Tonny Morrison

2017 സെപ്റ്റംബറിൽ തൃശൂർ IFFT യുടെ വുമൻ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ആയിരുന്നു. മൂന്ന് നാളുകൾ. ഒൻപത് ചിത്രങ്ങൾ. ഒൻപത് പെണ്ണുങ്ങൾ സംവിധാനം ചെയ്ത ഒൻപത് തീപ്പന്തങ്ങൾ. അതിൽ രണ്ടുസിനിമകൾ ഇപ്പോഴും ഓർമ്മയെ വേട്ടയാടുന്നുണ്ട്. ഒന്ന് നദേയിൻ ലബാക്കി (NADAIN LABAKI) സംവിധാനം ചെയ്ത ” where do we go now ” എന്ന ലെബനീസ് ചിത്രം. മറ്റൊന്ന് തുർക്കിയിൽ നിന്ന് വന്ന മുസ്തങ്. where do we go now എന്ന ചലച്ചിത്രത്തെകുറിച്ചാണ് ഈ കുറിപ്പ്.

”How can there be exile
when there is homeland ”

ലെബനീസ് കവിയായ നാദിയ തുവേനി( Nadiya tuveni )യുടെ ഒരു കവിത ഇങ്ങനെയാണ്. നിലനിൽപ്പും പുറപ്പെട്ടുപോക്കും അതിജീവനവും സ്ത്രീയുടെ ഭാഷയിൽ എഴുതപ്പെട്ട ഒരു ചലചിത്രമാണിത്. ‘നില നിൽക്കുന്ന ഭൂമിയെക്കുറിച്ച് ഉരുവം കൊള്ളുന്ന ആശങ്കകളിൽ നിന്നാണ് ലബനനിലെ സ്ത്രീകവിതാ ചരിത്രം സംവദിക്കുന്നത്. ലോകത്തിന്റെ പലയിടങ്ങളിലും സ്ത്രീ ഇടങ്ങൾ ഏറ്റം പ്രതിരോധാത്മകമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, കവിതയിലും സിനിമയിലും നാടകത്തിലും ഒക്കെയായി സ്ത്രീകൾ തീർക്കുന്ന ഇടങ്ങൾ സാരമായ കലഹങ്ങളും സമരങ്ങളും തീർത്തുകൊണ്ടിരിക്കുകയാണ്. നിലനിൽക്കുന്ന മണ്ണിനെക്കുറിച്ച്, പൊതുഇടങ്ങളെക്കുറിച്ച്, നിയമങ്ങളെക്കുറിച്ച്, അവകാശങ്ങളെക്കുറിച്ച്, സുരക്ഷയെയും സ്വാതന്ത്ര്യത്തെയും കുറിച്ച്, ഉറക്കെ പറയുന്ന സ്ത്രീയുടെ പ്രതിനിധാനങ്ങൾ ലോകമെമ്പാടും മുഴങ്ങിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഈ സിനിമകൾക്ക് ഏറെ പ്രസക്തിയുണ്ട്. ലെബനന്റെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തോട് തീവ്രകലാപത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളാണ് നദൈൻ ലബാകിയുടെ സിനിമയുടെ യാത്ര നയിക്കുന്നത്. നാദിയയുടെ കവിത പറയും പോലെ തന്നെ ഭൂമിയും മണ്ണും മാതൃരാജ്യവും ഭാഷയുമൊക്കെത്തന്നെ ജീവനും മരണത്തിനും മേൽ നിസ്സഹായമാകുകയാണ് സിനിമയിൽ.

” ഓരോ ദിവസവും
ആത്മഹത്യക്കു ശ്രമിച്ചുകൊണ്ടിരിക്കുന്ന
ഒരു രാജ്യത്ത് നിന്നാണ്
ഞാൻ വരുന്നത് .
ഓരോ ദിവസവും
കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന
ഒരു രാജ്യത്ത് നിന്ന്.
ഇത് യാഥാർഥ്യമാണ്.
തിളയ്ക്കുന്ന യാഥാർഥ്യം.
പല തവണ
മരണപ്പെട്ട
ഒരു രാജ്യത്തു നിന്നാണ്
ഞാൻ വരുന്നത്.
എന്തിനാണ്
ഞാനും
ഈ ചീഞ്ഞളിഞ്ഞ,
അപമാനകരമായി
ഇഴഞ്ഞു നീങ്ങുന്ന
മരണത്തിന്
അടിമപ്പെടുന്നത് ?

ലബനനിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് വിമർശിച്ച് നിന്നുകൊണ്ടുതന്നെയാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ഹിംസയുടെ അടയാളങ്ങൾ വലയം ചെയ്യപ്പെട്ട ഒരു ഗ്രാമത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം. മൈനുകളാൽ മൂടപ്പെട്ട ആ ഗ്രാമത്തിലെ അമ്മമാരുടെ വീര്യം നമ്മെ വേട്ടയാടുന്നു. മക്കളുടെ മൃതശരീരം അടക്കം ചെയ്യാൻ ഇടമില്ലാതെ ” നാം ഇനി എങ്ങോട്ടു പോകും എന്ന് അവർ ചോദിക്കുന്നത് ലോക മനസാക്ഷിയോട് തന്നെയാണ്. അപ്രതീക്ഷിതമായ കൊലകളുടെ, യുദ്ധങ്ങൾക്ക് നേരെ നടക്കുന്ന അധികാരസാധൂകരങ്ങളുടെ, സർവ്വോപരി സ്ത്രീയുടെ പ്രതിരോധത്തിന്റെ നിശബ്ദമൂർച്ഛകളെ ആവിഷ്കരിക്കുന്നു ചിത്രം. മിഡിൽ ഈസ്റ്റ് പ്രവിശ്യകളിൽ ഗവണ്മെന്റ് എടുക്കുന്ന ചില നയങ്ങൾ സ്ത്രീ ജീവിതത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കുന്നുണ്ട് എന്ന യാഥാർഥ്യം സിനിമ കൂടുതൽ വെളിപ്പെടുത്തുന്നു.

ലെബനനിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിലെ സ്ത്രീകൾ ജീവിതത്തിലേക്ക് സമാധാനം തിരിച്ചു കൊണ്ടുവരാൻ തീരുമാനിക്കുന്നു. അത്രമേൽ അവരുടെ ജീവിതം കലുഷിതമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കൗതുകകരമായ ചില ഒത്തുചേരലുകളിലൂടെ, ഗൂഢാലോചനകളിലൂടെ അവർ തങ്ങളുടെ പദ്ധതികൾ ഒരുക്കൂട്ടുന്നു. പ്രാദേശിക ക്രിസ്ത്യാനികളും മുസ്ലീങ്ങളും പുരാതന കാലം മുതൽ സഹവർത്തിത്വത്തിലാണ്. എങ്കിലും, അടുത്ത കാലങ്ങളിൽ വരുന്ന ടെലിവിഷൻ വാർത്തകളും മറ്റും അവിടെയുള്ള പുരുഷന്മാരെ കുപിതരാക്കുന്നു. രണ്ടു കൂട്ടരും ശത്രുക്കളാകുന്ന അവസ്ഥ വരുന്നു. രണ്ട് മതവിഭാഗങ്ങളിലെയും അംഗങ്ങൾ സംസ്കാരത്തിൽ ഫലത്തിൽ സമാനമാണ്. അവർ ഒരേ ജോലികൾ ചെയ്യുന്നു, ഒരേ ഭക്ഷണം കഴിക്കുന്നു, ഒരേ സംഗീതം പോലെ, ഒരേ ഭാഷ സംസാരിക്കുന്നു. പക്ഷേ അവർക്കിടയിൽ മതിലുകൾ അദൃശ്യമായി രൂപപ്പെടുന്നു. പിന്നെ എന്തിനാണ് അവർ തമ്മിൽ കലഹിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നത് ?

സമൂഹത്തിൽ മതബോധത്തിന് വളരെ മുമ്പേ പരിണമിച്ച പുരാതന ഗോത്ര സഹജാവബോധത്തിന്റെ ഇരകളാണ് അവർ. യോദ്ധാക്കളാകാനും അവരുടെ ആളുകളെ ഒളിപ്പോരാളികളായി സംരക്ഷിക്കാനുമാണ് പുരുഷന്മാരെ വളർത്തുന്നത്. ഇപ്പോൾ, എല്ലാവരും ചേർന്ന് ജീവിക്കുന്നുണ്ടെങ്കിലും, മതപരമായ വ്യത്യാസങ്ങൾ അവരെ ഒറ്റപ്പെട്ട കൂടുകളിൽ ആക്കിയിരിക്കുകയാണ്. അവരുടെ വിശ്വാസങ്ങളിലെ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ അവരോട് ആവശ്യപ്പെടുമ്പോൾ അവർക്ക് വാക്കുകൾ നഷ്ടമാകുകയാണ്. കറുത്ത വസ്ത്രം ധരിച്ച സ്ത്രീകളുടെ ഘോഷയാത്രയോടെയാണ് ചിത്രം ആരംഭിക്കുന്നത്. മുസ്ലീം, ക്രിസ്ത്യൻ അമ്മമാർ അവരുടെ ആൺമക്കളുടെ മൃതദേഹങ്ങൾക്കായി വരണ്ട ശ്മാശാന ഭൂമിയിലേക്ക് പോകുകയാണ്.
ശരീരങ്ങളുടെ പ്രത്യേകചലനങ്ങളിലൂടെ അവർ സവിശേഷമായ ഒരു ദൃശ്യഭാഷ നിർമ്മിച്ചെടുക്കുന്നു. അവർ ശവകുടീരങ്ങൾ വൃത്തിയാക്കുന്നു, കല്ലറകളിലെ പൊടി തുടച്ചു വൃത്തിയാക്കുന്നു, കളകൾ പറിക്കുന്നു, പൂക്കൾ നട്ടുപിടിപ്പിക്കുന്നു, കല്ലറകളിൽ പതിപ്പിച്ചു വച്ചിരിക്കുന്ന ഫ്രെയിമുകളിൽ സ്ഥാപിച്ചിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ മങ്ങിയ ഫോട്ടോകളിൽ തഴുകുന്നു. കാരണങ്ങളില്ലാത്ത മരണങ്ങളാണ് അവരുടെ പുരുഷന്മാർക്ക് വിധിച്ചത്.

”ഞങ്ങൾ കരയുന്നത് അബലകളായത് കൊണ്ടല്ല” എന്ന് അവർ വിളിച്ചു പറയുന്നുണ്ട് ഒരിക്കൽ.

ലബാക്കി തന്നെ വേഷമിടുന്ന അമാലെ എന്ന കഥാപാത്രമാണ് സ്ത്രീകളുടെ സംഘത്തിന്റെ ബലം.
പുരുഷന്മാർക്ക് ഇവർ പല തരത്തിലുള്ള തെരെഞ്ഞെടുപ്പുകളും നിബന്ധനകളും നിഷേധങ്ങളും നൽകുന്നു. അതിലൊന്ന് ലൈംഗികത നിഷേധിക്കുക എന്നതായിരുന്നു. പക്ഷേ മക്കളെ സ്വന്തം കണ്മുന്നിൽ വച്ചു മരണത്തിലേക്ക് കൊടുക്കേണ്ടി വരുന്ന അമ്മമാർ ഈ ജീവിതങ്ങളുടെ ആഴത്തിലുള്ള വേദന വെളിപ്പെടുത്തുന്നു. മരണവുമായാണ് തങ്ങൾ മുഖാമുഖം സംസാരിച്ചു കൊണ്ടിരിക്കുന്നതെന്ന് ഈ സ്ത്രീകൾ തിരിച്ചറിയുന്നു. ഒരേ വിശ്വാസങ്ങളിൽ നിലനിൽക്കുന്നവർക്കിടയിൽ കൊലയുടെയും ഹിംസയുടെയും ഭീതി പടരുന്നതിന്റെ കാരണം മതമാണ് എന്ന് നിശബ്ദമായി പറയുന്നുണ്ട്. എല്ലാ വിഭാഗീയതകളും മാറിനിൽക്കുന്ന ഒരു ഇടമെന്ന പേര് ചരിത്രത്തിൽ ലെബനന് ഉണ്ടായിരുന്നു. പക്ഷേ മതവും വിഭാഗീയതയും പുരുഷനെന്ന ആക്രോശങ്ങളും തകർത്തു കളഞ്ഞ വർത്തമാന കാലമാണ് ലെബനന്റെത്. ഒരുപക്ഷേ സ്ത്രീകൾക്ക് അധികാരമുണ്ടായിരുന്നെങ്കിൽ ഹിംസയുo കലാപവും ഇത്രമേൽ പരക്കില്ലായിരുന്നു
എന്ന പ്രത്യാശ സിനിമ പകരുന്നു. ക്രിസ്ത്യൻ, മുസ്ലീം വിഭാഗീയതയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും, ചിത്രത്തിന്റെ ശക്തമായ ഛായാഗ്രഹണവും ഈ വിഷയവുമായി ഏറെ ശക്തമായ ബന്ധം സൂക്ഷിക്കുന്നു. ദൃശ്യങ്ങൾക്ക് തെരെഞ്ഞെടുത്തിരിക്കുന്ന നിറങ്ങൾ, അവയുടെ കടുപ്പം, ഇരുൾച്ച, തവിട്ടു നിറത്തിന്റെ ആധിക്യം, ഉണങ്ങിയ ഭൂപ്രദേശങ്ങൾ മഞ്ഞയും തവിട്ടും കലർന്ന മൺ പാളികൾ…ചിലപ്പോൾ ദൃശ്യങ്ങളുടെ പ്രതീകാത്മകതയിൽ കാഴ്ചക്ക്‌ ഏറ്റെടുക്കാൻ പ്രയാസമെന്ന് തോന്നുന്ന ആശയവിനിമയം നടത്തുന്നതിൽ ക്രിസ്റ്റോഫ് ഓഫിൻസ്റ്റിൻ (Christophe Offenstein) ന്റെ ക്യാമറ ഒട്ടും പിശുക്ക് കാണിച്ചിട്ടില്ല. ഖാലീസ് മൗസറുടെ പശ്ചാത്തല സംഗീതവും ശ്രദ്ധേയം തന്നെ. ജൈവീക, ഭൗതിക ഭൂപ്രകൃതികളെയും അതിലെ നിവാസികളുടെ വൈകാരിക ഭൂപ്രകൃതിയെയും ക്യാമറ പ്രതിനിധീകരിക്കുന്നു

ലെബനനിലെ ആഭ്യന്തര യുദ്ധശേഷമുള്ള രാഷ്ട്രീയ സംഘർഷങ്ങളാണ് ലബാക്കിയുടെ ചലച്ചിത്രങ്ങളിലെ അന്തർധാര. പാലായനവും ദാരിദ്ര്യവും മനുഷ്യനിൽ, പ്രത്യേകിച്ച് സ്ത്രീ ജീവിതങ്ങളിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ ലബാക്കിയുടെ കലയുടെ പാഠങ്ങളാണ്. ഒരു ദേശം ഉള്ളിൽ പേറുന്ന യുദ്ധാനന്തര കെടുതികളോടുള്ള രാഷ്ട്രീയ വിമർശനമായി ലബാക്കിയുടെ സിനിമകൾ സമൂഹത്തിൽ ഇടപെടുന്നു. യുദ്ധത്തിന്റെ മുറിവുകൾ, അവയുമായുള്ള ഉരസലുകൾ ലബാക്കിയുടെ ചലച്ചിത്ര ജീവിതത്തെ ഉരച്ചെടുത്തു എന്ന് വേണം പറയാൻ. ലോകത്തെ സ്ത്രൈണതയുടെ കാഴ്ചയിലൂടെ നിർവ്വചിക്കാനും നിർണ്ണയിക്കാനുമുള്ള ആർജ്ജവം ലബാക്കിക്കുണ്ട്. അത് കൊണ്ടാണ് അധികാരം സ്ത്രീകൾക്ക് കിട്ടുകയാണെങ്കിൽ ഇത്രയേറെ ഹിംസകൾ ലോകത്തിൽ നടമാടില്ല എന്ന് അവരുടെ കഥാപാത്രങ്ങൾ വിളിച്ചു പറയുന്നത്. മിഡിൽ ഈസ്റ്റ് ഭാഗത്തെ സ്ത്രീകളുടെ ദൈനംദിന സംഘർഷങ്ങളെയും അതിജീവിക്കാനുള്ള പോരാട്ടങ്ങളെയും ലബാക്കി ആഴത്തിൽ തന്റെ ചലച്ചിത്രങ്ങളിലൂടെ വരച്ചിടുന്നു.

തന്റെ സിനിമകളിലൂടെ, അറബ് ലോകത്തെയും പാശ്ചാത്യലോകത്തെയും പ്രമേയങ്ങളെ ബന്ധിപ്പിക്കാൻ ലബാക്കി പരമാവധി ശ്രമിക്കുന്നു. സാധാരണ സ്ത്രീകൾക്കിടയിലെ പോരാട്ടങ്ങൾക്ക് ആഗോളതലത്തിൽ തന്നെ ഫെമിനിസത്തിന്റെ വായന സാധ്യമാക്കുന്നുണ്ട് ലബാക്കി. ദൈനദിന ജീവിതത്തിൽ നിന്ന് സാധാരണ മനുഷ്യരെയാണ് ലബാക്കി തന്റെ സിനിമകളിലെ കഥാപാത്രങ്ങൾക്ക് വേണ്ടി കണ്ടെത്തുന്നത്. മനുഷ്യരുടെ ജീവിതങ്ങൾ അടുത്ത് കാണാൻ വേണ്ടി മാസങ്ങളോളം അവർക്കിടയിൽ ചെലവഴിച്ചാണ് തന്റെ കഥാപാത്രങ്ങൾക്കിണങ്ങിയ ആളുകളെ താൻ കണ്ടെത്തുന്നത് എന്ന് അവർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
where do we go now എന്ന ചിത്രത്തിലും ഈ തെരഞ്ഞെടുപ്പ് ആഖ്യാനത്തിന്റെ ആഴം കൂട്ടുന്നു.

caramel (2007), റിയോ ഐ ലവ് യൂ, കാപ്പർ നോം (2018), എന്നിവയാണ് ലബാക്കിയുടെ മറ്റു സിനിമകൾ. ഇതിൽ കാപ്പർ നോമിന് 2018 ലെ കാൻ ജൂറി പുരസ്‌കാരം ലഭിച്ചു. ക്യാരമൽ 2007ൽ കാനിൽ പ്രദർശിപ്പിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു. വേർ ഡൂ വി ഗോ നൗ 2011കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ലോക ചലച്ചിത്ര രംഗത്ത് സ്ത്രൈണതയുടെ രീതിശാസ്ത്രമനുസരിച്ച്‌ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാഴ്ചകൾ ആവിഷ്കരിക്കുന്ന സ്ത്രീ സംവിധായകരിൽ ഏറ്റവുംപ്രതിബദ്ധയായ കലാകാരി എന്ന് നിലയിൽ നദേയ്ൻ ലബാക്കിയുടെ ഓരോ സിനിമയും ഓരോ പൊട്ടിത്തെറിയാണ്. യഥാർത്ഥ വിമോചനം നടക്കുന്നത് സ്ത്രീകളുടെ ആത്മാവിലാണ് എന്ന് അക്ഷരാർത്ഥത്തിൽ അനുഭവിപ്പിച്ചുകൊണ്ട് അവ ഓരോ കാഴ്ചയിലും നടുക്കങ്ങളും നീറ്റലുകളുമാകുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here