HomeTHE ARTERIASEQUEL 96മിഡ്‌നൈറ്റ് ഇൻ പാരീസ്- മഞ്ഞച്ചുഴികളും നീലച്ചുഴികളും വെളുത്ത നക്ഷത്രങ്ങളും

മിഡ്‌നൈറ്റ് ഇൻ പാരീസ്- മഞ്ഞച്ചുഴികളും നീലച്ചുഴികളും വെളുത്ത നക്ഷത്രങ്ങളും

Published on

spot_imgspot_img

ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം 14)

ഡോ രോഷ്നി സ്വപ്ന

 

“ഒറ്റക്കാവുമ്പോൾ
ഇരുട്ടിലാവുമ്പോൾ
ഉറക്കം
വരാത്തപ്പോൾ
ഞാൻ
പഴയ കാലത്തേക്കിറങ്ങുന്നു ”
—ആറ്റൂർ (കാഴ്ചക്കുറ്റം )

2010 നിന്ന് ഒരാൾ ഭൂതകാലത്തിലേക്ക് എത്തുന്നു. ദാലിയും പിക്കാസോയും ഏർനെസ്റ്റ് ഹെമിംഗ് വെയും ലൂയി ബുനുവലും അയാളെ സ്വീകരിക്കുന്നു….രാത്രിയിൽ മഴ നനഞ്ഞ തണുത്ത കല്ലുകൾ പാകിയ തെരുവിൽ നിന്നയാൾ അവരോടൊപ്പം പോകുന്നു. സമയത്തെ പിടിച്ച് കെട്ടാൻ കലാകാരനല്ലാതെ മറ്റാർക്ക് കഴിയും! മിഡ്‌നൈറ്റ് ഇൻ പാരീസിൽ വൂഡി അലൻ നെയ്യുന്ന സ്വപ്നങ്ങളുടെ ഇഴകളിൽ നിന്ന് നാം ഏത് കാലത്തെ സ്വീകരിക്കും? തീർച്ചയായും ‘സ്വപ്നങ്ങളുടെ കാലത്തെ ‘എന്നാണ് എന്റെ ഉത്തരം.

Stephene wrembel ന്റെ music ട്രാക്കുകൾ വിശേഷപ്പെട്ടതാണ്. തുടക്കവും ഒടുക്കവും ഉപയോഗിച്ച സംഗീതം ആഹ്‌ളാദത്തിൽ നിന്ന് തെല്ലിട മാറി മൈനർ നോട്ടുകളിലേക്ക് വീഴുന്നുണ്ട്. അവ്യവസ്ഥിതമായ എന്തോ ഒന്നിലേക്ക് ഈ മൈനെർ നോട്ടുകൾ നമ്മെ നയിക്കുന്നു. കാലത്തിന് പിന്നിലേക്ക് പോയി അവിടെ പ്രണയം കണ്ടെടുക്കുന്ന ഗിൽ എന്ന കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളെ Spanish ഗിറ്റാറിന്റെ ഉന്മാദം മുഴുവനായി പ്രകാശിപ്പിക്കുന്നു. കലയെക്കുറിച്ചും, ആരാണ് യഥാർത്ഥ കലാകാരൻ / കലാകാരി എന്നതിനെക്കുറിച്ചും woody allen ഈ സിനിമയിൽ പറയുന്നുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെ… സ്വപ്നവും യഥാർഥ്യവും ഇഴഞ്ഞു കലരുന്ന ഈ ചലചിത്രമെന്നെ ഭൂമിയിൽ നിന്ന് ഉയരെ പറത്തി വിടുന്നു.

എഡ്ഗർ അലൻ പോ എഴുതിയ ഒരു കവിതയുണ്ട്. A dream with in a dream എന്നാണ് കവിതയുടെ തലക്കെട്ട്.

എന്റെ ദിനരാത്രങ്ങളെല്ലാം ഒരു സ്വപ്നമാണെന്ന
സ്വപ്നം
കാണുന്നതാരാണ്?
എങ്കിലും
ഒറ്റ രാവിൽ
എല്ലാ പ്രതീക്ഷകളും
ദൂരേക്ക്
പറന്ന് പോയെങ്കിൽ !
അല്ലെങ്കിൽ ഒറ്റ പകൽ കൊണ്ട്….
ഒറ്റ കാഴ്ച്ചയിൽ…..
ഇതിലൊന്നുമല്ലാതെ….
നാം ഇത്രയും നാൾ കണ്ടതെല്ലാം ….
ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെല്ലാം
ഒരു സ്വപ്നത്തിനുള്ളിലെ സ്വപ്നമായിരുന്നെങ്കിൽ ”

എന്നാണ് കവിതയിലെ ഉൾവരികളിൽ ചിലത്. കവിത അവസാനിക്കുന്നതും ഈ സ്വപ്നത്തിനുള്ളിലെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്. മനുഷ്യൻ അചേതന വസ്തുക്കളെപ്പോലെയല്ല എന്ന് പറയുന്നതിൽ സവിശേഷമായ ചില കാരണങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. അതിലൊന്ന് ചിന്തയാണ്. മറ്റൊന്ന് ഓർമ്മ, മൂന്നാമത്തേത് സ്വപ്നമാവാം. സ്വപ്നത്തിൽ അവൻറെ / അവളുടെ അഭിലാഷങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്, കാണാൻ ആഗ്രഹിക്കുന്നവരെക്കുറിച്ചുള്ള സങ്കല്പങ്ങൾ ഉണ്ട്. താൻ എന്താണ് അല്ലാത്തത്, അതെല്ലാം ആയിത്തീരാനുള്ള തീവ്രമായ ആകാംക്ഷ !. സ്വപ്നമാണോ മിഥ്യാബോധമാണോ യാഥാർത്ഥ്യം എന്ന ഒരു പഠനം ‘ഇന്ത്യൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത്’ നടത്തിയിട്ടുണ്ട്.

തലച്ചോറിന്റെ ഓർമ്മ സംഭരണിയിലാണ് സ്വപ്നങ്ങളുടെ അജ്ഞാതവാസം. ഉറക്കത്തിൽ തലച്ചോറിലെ അനുഭവങ്ങൾ ഉണരുന്നു. ഉറക്കത്തിൽ ഓർമ്മകൾ പുന:സംഭരിക്കപ്പെടുന്നു എന്ന് ഈ പഠനം കണ്ടെത്തുന്നു.
” ഈ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമെല്ലാം ഒരു സ്വപ്നത്തിന്റെ ഉള്ളിലെ സ്വപ്നമാണോ എന്ന് എഡ് ഗർ അലൻ പോ വിസ്മയിച്ചത് അത് കൊണ്ടാവാം. വൂഡി അലന്റെ Midnight in Paris എന്ന ചലച്ചിത്രം സ്വപ്നത്തിനുള്ളിലെ സ്വപ്നങ്ങളിലേക്ക് ഊളിയിടുകയും സ്വപ്നം കണ്ട ഇടങ്ങളിലേക്ക് വീണ്ടും വീണ്ടും പോയി തിരിച്ചുവരികയും, കാലങ്ങൾക്ക് മുമ്പേ മറഞ്ഞു പോയവരോട് അവരെക്കുറിച്ച് തന്നെ പറഞ്ഞ് കാലവുമായി ഒളിച്ചു കളി നടത്തുകയും ചെയ്യുന്നു.

The artist’s job is not to succumb to despair but to find an antidote for the emptiness of existence

ആരാണ് കലാകാരൻ എന്ന ചോദ്യത്തിന് ആരാണ് നല്ല മനുഷ്യൻ എന്ന ഉത്തരം കൂടിയുണ്ട്. കലാകാരൻ എന്ന സ്വത്വത്തിലെ നില നിൽപ്പ് മിഡ്‌നൈറ്റ് ഇൻ പാരീസിലെ നായകന് ഏറെ സംഘർഷങ്ങൾ കൊടുക്കുന്നുണ്ട്. നിലനിൽപ്പിനെ സംബന്ധിച്ച ഏറ്റവും സൂക്ഷ്മമായ ഒരു സ്പർശം കണ്ടെത്തുക എന്നതാണ് കലാകാരൻ എന്ന നിലയിൽ തനിക്ക് ചെയ്യാണുള്ളത് എന്നയാൾ പറയുന്നുണ്ട്. അയാളിലെ കലാകാരനെ അംഗീകരിക്കുന്ന കാലത്തിലേക്കാണയാൾ പുറപ്പെട്ടു പോകുന്നത്. കാലവുമായി കലാകാരൻ നടത്തുന്ന നിരന്തര സംവാദങ്ങളാണ് ഒരു കണക്കിൽ ഈ സിനിമ. അസംതൃപ്തമായ ജീവിതത്തിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന കലക്ക്‌ അതാത് കാലമാണ് ഉത്തരവാദി എന്നാണയാൾ ചിന്തിക്കുന്നത്.

“that’s what the present is.
It’s a little bit unsatisfying
because life’s a little unsatisfying.

പാരീസിലെ വസന്തത്തിൽ വിനോദസഞ്ചാരത്തിന് മാതാപിതാക്കളോടൊപ്പം എത്തിയതാണ് ഗിലും ഇനെസും. എഴുത്തുകാരനാകാൻ തീവ്രമായി ആഗ്രഹിക്കുന്നുണ്ട് ഗിൽ. പൊടുന്നനെ അയാൾ പെട്ടുപോകുന്ന ഒരു സ്വപ്നത്തിന്റെ അടരുകൾ വിടർന്നു വരുന്നു. പാരീസിന്റെ വസന്തർത്തുക്കൾ അയാളെ വിസ്മയിപ്പിക്കുന്നു. ആറ്റൂരിന്റെ “ലൗകികൻ “എന്ന കവിതയിലേതു പോൽ.

“മഞ്ഞുകാലം എന്നെ തൊപ്പിയിടുവിക്കുന്നു
മഴക്കാലം കുട പിടിപ്പിക്കുന്നു
വേനൽക്കാലം എന്റെ കുപ്പായമഴിക്കുന്നു
ഞാൻ കണ്ടില്ലെങ്കിലും നടപ്പുവഴിയിൽ
പൂക്കൾ എന്നെ നോക്കുന്നു
വഴിക്കുഴികൾ എന്റെ ചവിട്ടടികൾ കാത്തുകിടക്കുന്നു.
ഉത്സാഹിപ്പിക്കുന്നു
കണ്ണു പോയിട്ടും കാണുന്നു കഴിഞ്ഞതെല്ലാം
ഈ ലോകത്തെ ഒഴിച്ചു നടക്കാൻ ഒരു വഴിയുമില്ലേ…”

ഗില്ലിനു പാരീസിൽ ജീവിതം ചെലവഴിക്കാൻ ഇഷ്ടമാണ്. ഇനസിനാകട്ടെ അമേരിക്കൻ ആഡംബര ജീവിതത്തോടാണ് പ്രതിപത്തി. ഒറ്റയ്ക്കായിപ്പോയ ഒരു രാത്രിയിൽ അയാൾ പാരീസിലെ ഒരു തെരുവിലൂടെ നടക്കുകയാണ്. ഹോട്ടലിലേക്കുള്ള വഴി കിട്ടാതെ അയാൾ ഒരു പടിയിൽ ഇരിക്കുന്നു. ഇരുണ്ട രാത്രിയിൽ അയാൾക്ക് മുകളിൽ അപ്പോൾ പാതിരാപ്പള്ളിമണിയൊച്ച കേൾക്കുന്നു. അയാളുടെ മുന്നിലേക്ക് പുരാതനകാലത്ത് നിന്നെന്നപോലെ ഒരു വണ്ടി വന്നു നിൽക്കുന്നു. സ്വർണ്ണ നിറത്തിൽ അരികുകൾ ഉള്ള, പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ആ വാഹനത്തിൽ അയാൾ കയറുന്നു. ആ വണ്ടി ഒരു കഫേയിൽ എത്തുന്നു. പുരാതന പ്രൗഢിയിൽ ഒരു വിരുന്നു നടക്കുകയാണ് ഒരാളവന് വഴികാട്ടുന്നു. ഗിലിന് അപരിചിതത്വം അനുഭവപ്പെടുന്നുണ്ട്.

“വരൂ നമുക്ക് പ്രണയത്തിൽ അകപ്പെടാം ”

എന്ന ഗാനമാണ് കേൾക്കുന്നത്. അവിടെയുള്ള ഒരു അതിഥി ഗിലിനോട് ചോദിക്കുന്നു. “എന്ത് ചെയ്യുന്നു”?

“ഞാൻ ഒരു എഴുത്തുകാരനാണ്”

ഗിൽ മറുപടി പറയുന്നു

” ഞാൻ ഒരു നോവൽ എഴുതുകയാണ് ”

ആ സ്ത്രീ സെൽഡ ഫിറ്റ്സർലാൻഡ് ആണ്. ഗിൽ അത്ഭുതപ്പെടുന്നു. സെൽഡ അവിടെയുണ്ടായിരുന്നവരെ ക്ഷണിച്ച് ഗില്ലിനെ പരിചയപ്പെടുത്തുന്നു.

“നോക്കൂ ഒരു എഴുത്തുകാരൻ”
എല്ലാവരും ഗില്ലിനെ അഭിനന്ദിക്കുന്നു.
സെൽഡയോടൊപ്പം സ്കോട്ടും ഉണ്ട്.

എഴുത്തിനെ കുറിച്ച് പറയുന്നതിനിടയിലാണ് താൻ വന്നുപെട്ട ഇടത്തെക്കുറിച്ച് ഗില്ലിന് ധാരണ ഉണ്ടാകുന്നത്.

” ഇത് എവിടെയാണ് എന്ന് പറയാമോ?

സെൽഡക്ക്‌ ബോറടിക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം ഗിൽ മറ്റൊരിടത്തേക്ക് പോകുന്നു. പിന്നീട് മറ്റൊരു ഹോട്ടലിലേക്കും. അവിടെ വച്ച് അവൻ ഹെമിങ് വേയെ കണ്ടുമുട്ടുന്നു.
ആദ്യം ഒന്ന് അമ്പരന്നു നിന്ന ഗില്ലിനോട് ഹെമിംഗ് വേ പറയുന്നു.

” നിനക്ക് എന്നെ അറിയാം നിനക്ക് എന്നെ പുസ്തകങ്ങൾ ഇഷ്ടമാണ് അല്ലേ? ”

സ്കോട്ടിന്റെയും സെൽഡയുടെയും കൂടെയുള്ള രസകരമായ യാത്രകൾക്ക് വിശദീകരണം തേടേണ്ടതില്ല എന്ന് സിനിമയിൽ പറയുന്നുണ്ട്. നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്നതാണ് സംഭവിക്കുക.
അത് ജീവിതമോ യാഥാർത്ഥ്യമോ എന്തുമാകട്ടെ.

സെൽഡയും ഹെമിംഗ് വേയും തമ്മിൽ തർക്കത്തിൽ ഏർപ്പെടുന്നു. എന്തെങ്കിലും പറയാൻ ഹെമിംഗ്വേയും ഗില്ലിനോട് ആവശ്യപ്പെടുന്നു. “സത്യവും സ്വപ്നവും തിരിച്ചെടുക്കാനാവാത്ത അവസ്ഥയിലാണ് ഞാനിപ്പോൾ” അവൻ പറയുന്നു. “കഥയിൽ എന്തും പറയാം അത് സത്യമാണെങ്കിൽ ഭാവനാത്മകമായ സത്യം.”. ഭ്രമാത്മകമായ ഭാവനയുടെ പൂർത്തീകരണമാണ് ഗില്ലിന്റെ കഥാപാത്ര ചിത്രീകരണത്തിലൂടെ വൂഡി അലൻ
ഏറ്റെടുത്തിരിക്കുന്നത്. സമയത്തിന് പിന്നിലേക്ക് സഞ്ചരിച്ച് കലയുടെ, കലാകാരന്റെ നിർവ്വചനം കണ്ടെത്തുകയാണ് വൂഡി അലൻ. സിനിമയിൽ ഒരിടത്ത് ഗില്ലും ലൂയി ബുനുവലും തമ്മിൽ സംസാരിക്കുന്നുണ്ട്. കാലത്തിനുള്ളിൽ / സമയത്തിനുള്ളിൽ ആരോ മണി മുഴക്കുന്നതനുസരിച്ചാണ് മനുഷ്യർ ചരിക്കുന്നത് എന്ന് ബുനുവൽ പറയുന്നു. മറ്റൊരവസരത്തിൽ തന്റെ ആരാധനാ പാത്രങ്ങളെ ഇങ്ങനെ കാണാനാകുമെന്ന് കരുതിയതല്ല എന്ന് ഗിൽ പറയുന്നുണ്ട്.

” നിനക്ക് എഴുതാൻ ആകും എന്ന് ഉറപ്പുണ്ടോ?

“ഉണ്ട് ”

“നീ എന്തിനെക്കുറിച്ചാണ് എഴുതുക?”

” ഗൃഹാതുരത്വത്തിലേക്ക് സഞ്ചരിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് എഴുതണം എന്ന് എനിക്ക് ആഗ്രഹമുണ്ട് ”

അവൻ മറുപടി പറയുന്നു.

Nostalgia is denail, denial of the painful present.

വേദനിപ്പിക്കുന്ന വർത്തമാനകാലത്തിലെ നിരാസമാണ് ഗൃഹാതുരത്വം.

എന്ന് ഹെമിംഗ് വേ അവനോട് പറയുന്നു. പെട്ടെന്ന്, “ഞാൻ ഇപ്പോൾ വരാം “എന്ന് പറഞ്ഞു ഗിൽ പുറത്തേക്ക് ഓടുന്നു. തെരുവിലൂടെ ഒന്ന് ഓടി ആത്മവിശ്വാസം തിരിച്ചെടുത്ത ശേഷം ഗിൽ തിരിച്ച് കഫെയിലേക്ക് തന്നെ പോകുന്നു. നിമിഷനേരംകൊണ്ട് ആ തെരുവ് മാറി മറിഞ്ഞിരിക്കുന്നു ഇറങ്ങിപ്പോയ കഫെ അവിടെയില്ല. തൊട്ട ഷോട്ടിൽ പുതിയ കാലമാണ്. ഉറക്കം തീർത്തു കട്ടിലിൽ തന്നെ ഇരിക്കുകയാണ് ഗിൽ. തലേരാത്രിയിൽ ഹെമിങ് വേയെ യും മറ്റും കണ്ട കാര്യം അവൻ ഇനസിനോട് പറയുന്നുണ്ട്..
രാത്രിയിൽ ആ ഇടം കാണിക്കാം എന്ന് പറഞ്ഞു അതേ തെരുവിലെ പള്ളിപ്പടവുകളിലേക്ക് ഗിൽ ഇനസിനെ കൊണ്ടുപോകുന്നു.. അവൾക്ക് ഉറക്കം വരുന്നുണ്ട്. എത്ര കാത്തുനിന്നിട്ടും വാഹനം വരുന്നില്ല. അവൾക്ക് ഇതെല്ലാം അസംബന്ധമായി തോന്നുന്നു. അവൾ അവിടെ നിന്നും പോകുന്നു.

രണ്ടാം രാത്രിയിലും പന്ത്രണ്ടാം പള്ളിമണി മുഴങ്ങുമ്പോൾ അതേ വാഹനം അവിടേക്ക് വരുന്നു. അതിനുള്ളിൽ ഹെമിംഗ് വേയുണ്ട്. ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും വൈകാരികതയെക്കുറിച്ചും അവർ സംസാരിക്കുന്നു. സിനിമയിൽ ഉടനീളം വാൻഗോഗിന്റെ അദൃശ്യ സാന്നിധ്യമുണ്ട്. കോരിയൊഴിച്ച നിറങ്ങളിൽ നിന്ന്…കത്തുന്ന രാത്രിവിളക്കുകളിൽ നിന്ന് വാൻ ഗോഗ് നമ്മെ നോക്കുന്നു. ഒരു പകലിൽ ഗിൽ തെരുവിലൂടെ നടക്കുന്നു. സുഹൃത്തുക്കളോടൊപ്പം നടക്കുമ്പോഴും അയാൾ ഏകാകിയായി പോകുന്നുണ്ട്. വാൻ ഗോഗിന്റെ സ്വപ്നങ്ങളിൽ നിന്ന് നീലച്ചുഴികളും മഞ്ഞച്ചുഴികളും വെളുത്ത നക്ഷത്രങ്ങളും അയാളെ ആവാഹിക്കുന്നുണ്ട്. സ്വപ്നങ്ങളിൽ നിന്ന് ആർജ്ജിച്ചെടുത്ത ഭാഷ അയാളിൽ പക്വത തീർക്കുന്നുണ്ട്. രാത്രിയിൽ അയാൾ വീണ്ടും ആ സ്വപ്നത്തെരുവിൽ എത്തുന്നു. സംഗീതവും നൃത്തവും പിന്നെ സ്വപ്നവും.

പിന്നീട് കണ്ടെത്തുന്നത് ദാലിയെയാണ്.

ക്രിസ്തുവിൻറെ മുഖച്ഛായ ഉള്ള ഒരു ദിനോസറിനെ വരച്ച കഥ ദാലി പറയുന്നു. എല്ലാവരും പുറപ്പെട്ടുപോകുന്ന സങ്കീർണതകളെ കുറിച്ച് സംസാരിക്കുന്നു. അപ്പോൾ അവിടേക്ക് ബുനുവൽ കടന്നു വരുന്നു. ദാലി പറയുന്നു

“past is also present ”

തന്റെ ഏറ്റവും വലിയ പ്രശ്നം എന്നത് യാഥാർത്ഥ്യമാണ് എന്ന് ഗിൽ പറയുന്നു..ഒട്ടും ചേർച്ചയില്ലാത്ത കാലത്താണ് താൻ ജനിച്ചതെന്നാണ് ഗിലിന്റെ സങ്കടം. സമയമെന്നത് മനസ്സിൻറെ തോന്നലാണ്. സമയം ഉരുകുന്നു. ഘടികാരങ്ങൾ ഉരുകുന്നു. ഘടികാരങ്ങളുടെ കൈകൾ ഉരുകുന്നു. അടുത്തദിവസം ഉറക്കം വരുമ്പോൾ തലേരാത്രിയിൽ ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്തതിനെക്കുറിച്ച് ഇനസ് ചോദിക്കുന്നുണ്ട്. അന്നേദിവസം പന്ത്രണ്ടാം പള്ളിമണിക്കൊപ്പം അതേ വാഹനം വരുന്നു. വണ്ടിയിൽ ടി എസ് ഏലിയറ്റുണ്ട്.
അവർ ജെട്രൂഡിന്റെ അടുത്തേക്കാണ് പോകുന്നത്. നെരൂദയെ വിട്ടു അഡ്രിയാനോ ഹെമിംഗ് വെയോടൊപ്പം പോയതായിരുന്നു അവിടെത്തെ സംസാര വിഷയം. പലരുടെയും പ്രണയിനിയാണ് അഡ്രിയാനോ. പക്ഷെ എല്ലാവരേക്കാൾ അവൾ ആഗ്രഹിച്ചത് ഗില്ലുമായി പ്രണയത്തിലാവാനായിരുന്നു. മുൻ കാമുകന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ,ഗില്ലിന്റെ വ്യക്തിത്വത്തെ അവൾ ഏറെ ഇഷ്ടപ്പെടുന്നത്രെ !
വർത്തമാനകാലത്തിൽ നിന്നു വന്ന ഗില്ലിനെ പ്രണയിക്കാൻ ഭൂതകാലത്തിൽ നിന്നവൾ തയ്യാറാകുന്നു. ഗില്ലിനെ ഇപ്പോൾ അലോസരപ്പെടുത്തുന്നത് അയാളുടെ വർത്തമാനകാലമാണ്. ആ കാലത്ത് നിന്ന് ഓടിപ്പോകുകയാണയാൾ. ഭൂതകാലത്തിലേക്ക് ഒരു യാത്ര എന്നതിലേറെ സ്വന്തം ആത്മത്തെ അതുപോലെ തുരന്നു വക്കാവുന്ന ഇടം കൂടിയാണ് അയാൾക്ക് കാലത്തിലൂടെയുള്ള ഈ പിൻമടക്കം.

അഡ്രിയാനക്ക് കൊടുക്കാൻ ഗിൽ ഇനെസിന്റെ വൈരക്കമ്മലുകൾ എടുക്കുന്നു. രാത്രിയിൽ അയാൾ അത് അഡ്രിയാനക്ക് സമ്മാനിക്കുന്ന സമയത്ത് രണ്ടു കുതിരകളെ പൂട്ടിയ ഒരു വണ്ടി അങ്ങോട്ട് വരുന്നു. ഒരു വിരുന്നു ശാലയിലേക്കാണ് അവർ എത്തുന്നത്. പകലിലും രാത്രിയിലും താൻ അലഞ്ഞ തെരുവുകളിൽ വെച്ച് ഗില്ലിന് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. വഴിയിൽ പൂക്കളും മറ്റും വിൽക്കുന്ന ഒരു പെൺകുട്ടിയെ അവൻ കാണുന്നു. മഴ….സംഗീതം….. അവരിരുവരും തെരുവ് പാതയിലൂടെ നടന്നു പോകുന്ന ദൃശ്യത്തിൽ പാരീസിലെ ആ പാതിരാക്കനവ് അവസാനിക്കുന്നു.

രണ്ടു കാലങ്ങളെ ചിത്രീകരിക്കുമ്പോൾ സ്വീകരിച്ചിരിക്കുന്ന നിറങ്ങളും വെളിച്ചങ്ങളും തീർത്തും വ്യത്യസ്തമാണ്. smoothen ലെൻസുകൾ പുതിയ കാലത്തെ ഒപ്പിയെടുക്കാനായി ഉപയോഗിച്ചിരുന്നു. സ്വപ്നത്തിലെ ലോകത്ത് കത്തുന്ന മഞ്ഞ വെളിച്ചങ്ങളും നനവിന്റെ മങ്ങിയ കരിങ്കൽ നിറങ്ങളും സമൃദ്ധമായുണ്ട്. നായകൻ ആദ്യം സ്ഥലത്തിലൂടെയും പിന്നീട് സമയത്തിലൂടെയും സഞ്ചരിക്കുന്നു.
പിന്നീട് ഈ സ്ഥലവും കാലവും ഭാവനാത്മകമാണ് എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നു. വർത്തമാന കാലം അയാളിൽ നിന്ന് അകന്നു പോകുകയും ഭൂതകാലത്തെ അയാൾ എത്തിപ്പിടിക്കുകയും ചെയ്യുന്നു.

സ്വപ്നങ്ങളിലേക്ക് ഒന്നുമറിയാതെ ഒളിച്ചു പോകാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...