(പുസ്തകപരിചയം)
വിനോദ് വിയാര്‍
മൂന്ന് കല്ലുകള്‍ തുടങ്ങുന്നത് കറുപ്പനില്‍ നിന്നാണ്. ഒരു പ്രസാധക സ്ഥാപനത്തിലെ പ്രൂഫ് റീഡറായ കറുപ്പന്‍. കുറെയധികം പേജുകളില്‍ ഇയാളുടെ പേരെന്താണെന്ന കൗതുകം വായനക്കാര്‍ക്ക് ഉണ്ടാകും. പിന്നെയും വായന നീളുമ്പോള്‍ മറ്റൊരു കറുപ്പനെക്കൂടി കാണുന്നു. മാധവന്റെ അച്ഛനായ കറുപ്പന്‍. പ്രൂഫ് റീഡറായ കറുപ്പന്‍ എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് താന്‍ വരച്ച ഒരു വൃത്തത്തില്‍ ജീവിക്കാനാഗ്രഹിക്കുന്ന ആളാണ്. ഓര്‍ത്തിരിക്കാന്‍ യോഗ്യമായ സംഭവങ്ങളില്ലാത്ത സൗഹൃദമോ സ്‌നേഹബന്ധങ്ങളോ പിന്തുടര്‍ന്നു വരാത്ത നിസ്സാരന്‍ എന്ന് കറുപ്പന്‍ ഓര്‍ക്കുന്നുണ്ട്. കോഴിക്കോടെത്തി കബീറിനെ കണ്ടെത്തുന്നതു വരെ അത് അങ്ങനെ തന്നെയായിരുന്നു. കബീര്‍ കറുപ്പനില്‍ കഥകള്‍ നിറയ്ക്കുന്നു. മാധവന്റെ കഥ. മാധവനിലൂടെ ഊറായിയുടെ മിനായുടെ റഷീദയുടെ ചോരയുടെ കാക്കയുടെ അങ്ങനെയങ്ങനെ കാലത്തെ ജീവിതം കൊണ്ട് പൂരിപ്പിച്ചവരുടെ കഥകള്‍.
ഭൂതകാലവും വര്‍ത്തമാനകാലവും ഒരേ ചില്ലയിലെ ഇലകള്‍ പോലെ മൂന്നു കല്ലുകളില്‍ ഇളകുന്നു. വായനക്കാര്‍ മനസ്സ് കൊണ്ട് ഇതിനെ ക്രമപ്പെടുത്തുന്ന ആനന്ദം അനുഭവിക്കുന്നു. ഓര്‍മ്മകളുടെ കല്ലുകള്‍ വാരിയെടുക്കുമ്പോള്‍ അതിന് ക്രമമുണ്ടാകില്ലല്ലോ. കാലങ്ങള്‍ക്ക് മുന്‍പേ മണ്‍മറഞ്ഞ ചോരയെ ഇന്നും മാധവന്‍ കാണുന്നു. ചോരയെ കണ്ടു എന്ന് ഇടയ്ക്കിടെ മാധവന്‍ പറയുന്നു. മാധവന്‍ മാധവന്റെ രഹസ്യങ്ങളെയാണ് ഇതിലൂടെ സ്പര്‍ശിക്കുന്നത്. ചോര സൂക്ഷിച്ച രഹസ്യത്തിന്റെ മൂന്നു കല്ലുകള്‍ മാധവന് ഉള്ളില്‍ ഉള്‍ക്കിടിലമാണ്. മാധവന്‍ ചോരയെ ഉള്ളില്‍ കൊണ്ടുനടക്കുന്നു. കബീറിനെ പ്രീയപ്പെട്ട സഹോദരനെപ്പോലെ ഹൃദയത്തില്‍ വെയ്ക്കുന്നു. ഏകയെ പ്രണയത്തോടെ തിരസ്‌കരിക്കുന്നു. കൊച്ചാപ്പ എന്ന് വിളിക്കുന്ന ഊറായിയുടെ, സുഹൃത്തായ മിനായുടെ മകള്‍ റഷീദയെ ജീവിതസഖിയാക്കുന്നു. മാധവന്‍ ഒന്നിലും ഗതിയില്ലാത്ത മനസ്സുമായി കാലങ്ങളുടെ ഒഴുക്ക് ഉള്ളില്‍ പേറി അലയുന്നു. കബീര്‍ കറുപ്പനോട് പറയുന്ന മാധവന്റെ കഥ കറുപ്പനില്‍ ആഴമുള്ള അനുഭവങ്ങളാകുന്നു. കഥ കേട്ടു കഴിയുമ്പോള്‍ ഇത് എഴുതണമെന്ന് അയാള്‍ തീരുമാനിക്കുന്നതും അതുകൊണ്ടാണ്.
ഈ നോവലില്‍ മനുഷ്യബന്ധങ്ങള്‍ തെളിച്ചമുള്ളതായി കാണാം. അവര്‍ വേഗം അടുക്കുന്നവരും സംസാരിക്കുന്നവരും ആഴത്തില്‍ സൗഹൃദത്തിലേക്കോ പ്രണയത്തിലേക്കോ കടക്കുന്നവരുമാണ്. പരിതസ്ഥിതി കൊണ്ട് രണ്ട് ധ്രുവങ്ങളില്‍ ജീവിക്കുമ്പോഴും കാണുന്ന മാത്രയില്‍ മനുഷ്യന്റെ സഹജസ്വഭാവമായ സ്‌നേഹവും കരുതലും ഇതിലെ കഥാപാത്രങ്ങള്‍ പ്രകാശിപ്പിക്കുന്നു. വായനക്കാരെ സംബന്ധിച്ചിടത്തോളം കഥാപാത്രങ്ങള്‍ ഉള്ളിലേക്ക് നേരിട്ടിറങ്ങുന്ന അനുഭവമായി തീരുന്നു. കഥാപാത്രങ്ങളെ തൊടുന്ന പോലെയും അവരുടെ ജീവിതമനുഭവിച്ച് അവരുടെ അടുത്ത് നില്ക്കുന്ന പോലെയും തോന്നുന്നു.
അജയ് പി മങ്ങാട്ട് എഴുതിയ ഈ നോവല്‍ കഴിഞ്ഞതും തുടരുന്നതുമായ വലിയ കാലഘട്ടത്തെ ജീവിതങ്ങളുടെ ഇമ്പങ്ങള്‍ കൊണ്ട് ഇഴ നെയ്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മാധവനും കറുപ്പനും കബീറും മൂന്നു ശിലകളാകുകയും അവരില്‍ നിന്ന് ഓര്‍മ്മകള്‍ പ്രവഹിക്കുകയും അത് കലര്‍ന്നൊഴുകുകയും ചെയ്യുന്ന പ്രതീതി ഈ നോവല്‍ അനുഭവിപ്പിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല