ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
1993 ജനുവരി ഒന്ന് എനിക്കൊരിക്കലും മറക്കാനാവില്ല. ഞാൻ ബംഗളുരുവിൽ ഒരു ബേക്കറി തൊഴിലാളിയായിരുന്നു; അന്ന് ഞങ്ങൾ ഇരുപതിൽപരം ചെറുപ്പക്കാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു, അവിടെ. എല്ലാവരും സകല ( തനതു ) കലാവല്ലഭന്മാർ. രാത്രി ആട്ടവും പാട്ടും കൂത്തുമായി ജീവിതം അടിച്ചു പൊളിക്കും. പക്ഷെ, പകൽ ഞങ്ങൾ ഉത്തരവാദിത്വമുള്ള തൊഴിലാളികളായ് മാറും.
പുതുവർഷത്തിൻ്റെ തലേന്നാൾ ഞങ്ങൾ ഒന്ന് നന്നായ് മിനുങ്ങി .പിന്നെ മിമിക്രിയും
ഗാനമേളയും കവിത ചൊല്ലലും. പാത്രങ്ങളും ചെരിപ്പും അപരൻ്റെ പുറവും
ഹരിയുടെ വായയും ചിലരുടെ കൈത്താളവും ഞങ്ങൾക്ക് താളമേളങ്ങളായി.സർവത്രബഹളം. ബഹളത്തിൻ്റെ പൂരം. കാഴ്ചയുടെ ബഹളം.
രാത്രിയുടെ ഏതോ യാമത്തിൽ തളർന്ന് വീണ് മയങ്ങിയിരിക്കാം. ബേക്കറി മാസ്റ്ററുടെ അലാറം ഞങ്ങളെ ഉണർത്തി. പുറത്ത് പുതുവർഷം പിറന്നിരുന്നു. എല്ലാം പതിവുപോലെ തന്നെ. ഇളവെയിലും ഈറൻ കാറ്റും കാക്കകരച്ചിലും അടുത്ത തൊഴുത്തിലെ എരുമയും പാൽക്കാരൻ്റെ ആർപ്പും പത്രക്കാരൻ്റെ മണിയടിയും എല്ലാം…കലണ്ടറിൽ അക്കങ്ങൾ മാറുകയും ചുമരിൽ പുതുവർഷത്തിൻ്റെ കലണ്ടർ തൂക്കുകയും ചെയ്തിരിക്കുന്നു എന്ന് മാത്രം.
ഞാൻ പതിവുപോലെ കട തുറന്ന് ജോലിയിൽ മുഴുകി. ശരീരം ഒടിഞ്ഞു നുറുങ്ങുന്നതു പോലെ. കൂടാതെ ഉറക്കച്ചടവും. മനം പിരട്ടൽ. ഉള്ളിൽ അസ്വസ്ഥതയുടെ ചിറകടി. ഒരു വിധം പിടിച്ചു നിന്നു. ഉത്തരവാദിത്തമുള്ള തൊഴിലാളിയല്ലേ. ലീവെടുക്കുക എന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല.
ഈ ദിനം ഞാൻ എങ്ങനെ മറികടക്കും?
“സുഗതാ…” ഞങ്ങൾ അണ്ണൻ എന്ന് വിളിക്കാറുള്ള മുതലാളിയുടെ മുഴക്കമുള്ള ശബ്ദം. ഞാൻ ഒന്നു ഞെട്ടി. പിന്നെ സ്വയം ഉഷാറായി, കണ്ണ് വിടർത്തി കാതു കൂർപ്പിച്ചു കൊണ്ട് നിവർന്നു നിന്നു. പതിവു ഗൗരവത്തിനു പകരം അദ്ദേഹത്തിൻ്റെ മുഖം വളരെ ശാന്തമായിരുന്നു.
“നാട്ടിൽ നിന്നും നിനക്കൊരു ഫോണുണ്ടായിരുന്നു….. നിൻ്റെ അമ്മയ്ക്ക്
നല്ല സുഖമില്ലാന്ന്….. ഉടനെ പുറപ്പെടണം. റെഡിയാക്. ഞാൻ ബസ്സ് സ്റ്റാൻ്റിൽ ഡ്രോപ്പ്
ചെയ്യാം ” മുതലാളി വാക്കുകളെ അളന്നു മുറിച്ചു കൊണ്ട് പറഞ്ഞു.
വാക്കുകൾക്കിടയിലെ മൗനത്തിൻ്റെ ആഴം ഞാൻ മനസ്സിലാക്കി.
“പേടിക്കാനൊന്നുമില്ലെടോ ” എൻ്റെ മുഖം വിവർണ്ണമാകുന്നത് കണ്ട്
അണ്ണൻ ഒന്ന് കൂടി മയപ്പെടുത്തി.
എനിക്ക് മേലാസകലം ഒരു വിറ പാഞ്ഞു. തല പെരുത്തു. തലയ്ക്കത്തുനിന്നും
അനേകം കടന്നലുകൾ മൂളിപ്പറന്നു. അമ്മയ്ക്ക് പ്രഷറിൻ്റെ ചെറിയ അസുഖം
ഉണ്ടായിരുന്നു. അതിന് മരുന്ന് കഴിക്കുന്നുമുണ്ട്. ചില നേരങ്ങളിൽ ഏതോ അദൃശ്യ ബിന്ദുവിൽ കണ്ണും നട്ട് ഒരേ ഇരിപ്പായിരുന്നു. ഒരായുഷ്ക്കാലത്ത്
അനുഭവിക്കാനുള്ളതെല്ലാം എന്നേ അനുഭവിച്ചെന്ന് ചിലപ്പോൾ പരിതപിക്കും.
അച്ഛൻ മരിച്ചതിൽ പിന്നെ വല്ലാത്തൊരു ശൂന്യത അമ്മയെ വലയം ചെയ്തിരുന്നു.
പിന്നീട് ജീവിച്ചതൊക്കെ സ്വന്തം ഹൃദയത്തിൻ്റെ ഇരുട്ടിലും ഏകാന്തതയിലും
ആയിരുന്നു. അമ്മ എനിക്ക് സ്നേഹസാഗരമായിരുന്നു. അതിലെ
ഉപ്പ് ആയിരുന്നു. ആ അമ്മയ്ക്ക് ഇപ്പോൾ എന്താണാവോ……. ഞാൻ ഓർമ്മയുടെ
വഴിത്താരയിലൂടെ മുറിയിലേക്ക് നടന്നു.
ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസ്സും പാത്രങ്ങളും. തറ നിറയെ സിഗരറ്റു കുറ്റികൾ. രാത്രി കൂട്ടുകാരൊത്ത് പുതുവർഷം ആഘോഷിച്ചതിൻ്റെ ബാക്കിപത്രം. ഞാൻ വെറും തറയിൽ ചുമരും ചാരി ഇരുന്നു. അയയിൽ ഞാത്തിയിട്ട മുഷിഞ്ഞ വസ്ത്രങ്ങൾ എൻ്റെ ജീവിതം പോലെ….കാറും കോളും നിറഞ്ഞ ആകാശം പോലെ
മനസ്സ്. കൊടുങ്കാറ്റിൻ്റെ ചൂളം വിളി. ജീവിത നദിയിൽ തോണിയിറക്കി മറുകര പറ്റാൻ
കഴിയാത്തവൻ്റെ വിഹ്വലത. ഇനി ഏതു ലക്ഷ്യത്തിലേക്കാണ് ഞാൻ തുഴഞ്ഞു നീങ്ങേണ്ടത് ? ഇനിയാര് കണ്ണിലെണ്ണയൊഴിച്ച് മറുകരയിൽ കാത്തിരിക്കും? സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും രണ്ടുവരി കുറിക്കാനാരുണ്ട്?
തടഞ്ഞു നിർത്തിയ ദുഃഖം അണപൊട്ടി. കണ്ണീരിൻ്റെ ഉപ്പ് രസം അറിഞ്ഞു.
വാതിൽ തുറന്നാരോ അകത്ത് വന്നു. രമേശനും ഹരിയും. ഇന്നലെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചവരാണ്. അവരുടെ ചിരിയിൽ പങ്കുപറ്റി ഈ ഞാനും. പക്ഷെ, ഇപ്പോൾ നമുക്കിടയിൽ ദുഃഖം കല്ലിച്ചു കിടക്കുന്നു. ജനിച്ച നാടും വീടും വിട്ട് തൊഴിൽ തേടി ഒരേ കൂടാരത്തിൽ ഇടം തേടിയവർ. ഇവിടെ ഞങ്ങൾ ഒരമ്മ പെറ്റ മക്കൾ. ഏകോദര സഹോദരങ്ങൾ. ഒരുവൻ്റെ ദുഃഖം അപരൻ്റെയും ദു:ഖമാകുന്നു.
” ഛെ, എന്താടാ….. ഇത്, ആണുങ്ങളായാൽ കൊറച്ച് മനക്കരുത്തൊക്കെ വേണ്ടേ…. ” ഇരുവരും ചേർന്ന് തോളിൽ പിടിച്ചെഴുന്നേൽപ്പിച്ചു. ബേഗും ഡ്രസ്സും എടുത്ത് തന്നു .” വാ…അണ്ണൻ കാത്തു നിൽക്കുന്നുണ്ട് ” ചുമലിൽ വിശ്രമിച്ചിരുന്ന അവരുടെ കൈപ്പത്തിയുടെ സ്വാന്തന സ്പർശത്തോടൊപ്പം ഞാൻ നടന്നു. എൻ്റെ വേദന അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നത് ഞാനറിഞ്ഞു. കണ്ണീരുറഞ്ഞ് ഞാൻ കല്ലായി !
അണ്ണൻ്റെ പിറകിൽ സ്കൂട്ടറിൽ ബസ് സ്റ്റാൻ്റിലേക്ക്. എനിക്കെതിരെ വാഹനങ്ങളും ജനങ്ങളും കെട്ടിടങ്ങളും പുറകോട്ട് പാഞ്ഞു. ഞാൻ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ല. എൻ്റെ മുന്നിൽ ഗ്രാമത്തിലെ വാഹനത്തിരക്കില്ലാത്ത ഒറ്റയടിപ്പാതയും വീട്ടിൽ വഴിക്കണ്ണുമായ് കാത്തിരിക്കാറുള്ള
അമ്മയുടെ ചിത്രവും മാത്രമായിരുന്നു.
ബസ്സ്റ്റാൻ്റിലെ ആൾ പ്രളയത്തിലൂടെ ഊളിയിട്ട് ഒന്നാം നമ്പർ പ്ലാറ്റ് ഫാറത്തിൽ
എത്തി. ബസ് പുറപ്പെടാൻ തുടങ്ങിയിരുന്നു. ആദ്യം കണ്ട ഒഴിഞ്ഞ സീററിൽ ചെന്നിരുന്നു. കണ്ണടച്ചു.
ഹൃദയത്തിൽ പാറക്കല്ല് കയറ്റി വെച്ച ഭാരം അനുഭവപ്പെട്ടു. വിശപ്പോ ദാഹമോ തോന്നിയില്ല. ഇതുവരെ ഓരോ യാത്രയും ഓരോ ഉത്സവമായിരുന്നു. ഗ്രാമത്തിൻ്റെ വിശുദ്ധിയിലേക്കുള്ള തീർത്ഥയാത്രകൾ. പക്ഷെ, ഇന്നിപ്പോൾ എൻ്റെ എല്ലാ ഉത്സവങ്ങളും കഴിഞ്ഞിരിക്കുന്നു. അമ്മയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനോ ആഗ്രഹങ്ങൾക്കൊത്ത് വളരാനോ കഴിഞ്ഞില്ല.. ‘ അമ്മേ പൊറുക്കൂ…. ഈ
മകന് മാപ്പ് തരൂ…..’ മനസ്സ് നിശബ്ദം തേങ്ങി.
ഞാൻ മയക്കത്തിൽ നിന്നും ഉണരുമ്പേൾ ബസ് കാടിനെ പിളർന്ന് താഴോട്ട് ഇറങ്ങി വരുന്ന ചുരം റോഡിലൂടെ കേരളത്തിലേക്ക് അടുത്തു കൊണ്ടിരുന്നു.
മലഞ്ചെരിവുകളിൽ മങ്ങിയ വെയിൽ നാളം പരന്നിരുന്നു. ഇരിട്ടി പുഴയിൽ
കാലം നിശ്ചലമായതു പോലെ…..പുഴയോരത്ത് കമിഴ്ത്തിവെച്ച ഒരു തോണി. അതിൻമേലിരുന്ന് ഒരു കാക്ക കാറുന്നു. വീടുകളിൽ സന്ധ്യാ ദീപം തെളിഞ്ഞു.
സ്വന്തം വീടെത്താൻ ഇനി അധികം ദൂരമില്ല. ഞാൻ കണ്ണുകൾ പിൻവലിച്ച് നെറ്റിയിൽ വിരലൂന്നി കുനിഞ്ഞിരുന്നു. നെഞ്ചകം നീറുന്നു. ഹൃദയത്തിൽ ആരോ
ശക്തമായി മർദ്ധിക്കുന്നതുപോലെ. തൊണ്ട വരണ്ടു. കണ്ണിൽ ഇരുട്ട് കയറുന്നു.
അപ്പോൾ അകക്കണ്ണിൽ മറെറാരു രംഗം തെളിയുന്നു.
നേർത്ത തേങ്ങലുകൾക്കും നെടുവീർപ്പുകൾക്കുമിടയിൽ നിലവിളക്കും നിറപറയും ചന്ദനത്തിരിഗന്ധവുമുയരുന്ന പടിഞ്ഞാറ്റയിൽ അമ്മ നിത്യനിദ്ര പൂകുന്നു.
അമ്മ ഓർമ്മയായിരിക്കുന്നു എന്ന വലിയ സത്യത്തെ അംഗീകരിക്കേണ്ടി വന്നു. ജീവിതം ക്ഷണികമാണെന്നും സകല ചരാചരങ്ങളും നശ്വരമാണെന്നുമുള്ള പ്രപഞ്ച സത്യത്തെ മുറുകെ പിടിച്ചെങ്കിലും ആത്മധൈര്യം വീണ്ടെടുക്കണം. കൂട്ടുകാരായ രമേശൻ്റെയും ഹരിയുടെയും വാക്കുകൾ ഞാൻ വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു.
“കൂത്തുപറമ്പേയ്…. കൂത്തുപറമ്പേയ്…” കണ്ടക്ടർ വിളിച്ചു പറഞ്ഞു. ഞാൻ
സ്ഥലകാല ബോധം വീണ്ടെടുത്ത് വേഗത്തിൽ പുറത്തിറങ്ങി. പെട്ടെന്ന് ഒരു
ഓട്ടോ പിടിച്ചു. നേരിയ ഇരുട്ട് വീണു കിടന്ന ഗ്രാമ പാതയിലൂടെ നേരെ വീട്ടിലേക്ക്…..
നാട്ടുകവലയിൽ പീടികകൾ അടഞ്ഞുകിടന്നിരുന്നു. എന്നെ കണ്ടപാടെ കൂട്ടുകാർ ചുറ്റും കൂടി. എൻ്റെ നെഞ്ചിടിപ്പ് കൂടി. തൊണ്ടയിൽ ഉമിനീർ വറ്റി. കാലുകൾ മരവിച്ചു പോയിരുന്നു. ചങ്ങാതിമാരുടെ ചുമലിൽ തൂങ്ങി വേച്ചുവേച്ച് നടന്നു.
വീട്ടുമുറ്റത്തും പറമ്പിലും ആളുകൾ തടിച്ചുകൂടിയിരുന്നു. പൊടുന്നനെ ആധി
പെരുത്തു. വഴിവക്കിലെ മൂവാണ്ടൻ മാവ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. തെക്കെ തൊടിയിൽ അച്ഛൻ്റെ കുഴിമാടത്തിനരികിലായ് ആറടി മണ്ണ് ഒരുങ്ങി കഴിഞ്ഞിരുന്നു. അനേകം കണ്ണുകൾ എനിക്കുനേരെ നീണ്ടു വന്നു. ആൾക്കൂട്ടത്തിൽ ചെറുചലനങ്ങളും മർമ്മരവും. ഞാൻ കുനിഞ്ഞ ശിരസ്സോടെ അകത്തേക്ക് കടന്നു. കൂടപ്പിറപ്പുകളുടെ
അടക്കിപ്പിടിച്ച തേങ്ങലുകൾ. ഉച്ചസ്ഥായി പൂണ്ടു. ജീവിതത്തിലെ സകല വേദനകളും ഏറ്റുവാങ്ങി പരാതിയോ പരിഭവമോ ഇല്ലാതെ അമ്മ ശാന്തമായി ഉറങ്ങുന്നു. അനന്തമായ സ്വച്ഛന്ദ സുഖനിദ്ര. എൻ്റെ ഉള്ള് പിടഞ്ഞു . ആ പുണ്യ പാദങ്ങളിൽ
നമസ്ക്കരിച്ചു. അമ്മേ മാപ്പ്…മാപ്പ്…. മാപ്പ്.
“ഇനി ഏതായാലും വൈകിക്കണ്ട. എല്ലാവരും വന്നു കഴിഞ്ഞല്ലോ……”
നാട്ടുമൂപ്പര് പറയുന്നതു കേട്ടു.
“മൂത്തവന് എത്താൻ കഴിയുമെന്ന് തോന്നുന്നില്ല… “ആരോ തീർപ്പു കൽപ്പിച്ചു.
ഞാൻ കുളിച്ച് ഈറനണിഞ്ഞ് വന്നു. മുറ്റത്ത് അന്ത്യയാത്രയ്ക്കായി അമ്മയുടെ ശരീരം കാത്തുകിടന്നു. എല്ലാവരും അരി നുരിച്ചു. ബന്ധുക്കളും നാട്ടുകാരും ഞാനും
ചേർന്ന് അമ്മയെ പട്ടടയിലേക്ക് ചുമന്നു . ഞാൻ തീച്ചൂട്ടുമായി പട്ടടയെ മൂന്നു വട്ടം വലം വെച്ചു. എല്ലാ വികാരങ്ങളും എന്നിൽ നിന്നും ചോർന്നു പോയിരുന്നു. നിശ്ചയമായും നിർവ്വചിക്കാനാവാത്ത ശൂന്യതയിലായിരുന്നു, ഞാൻ. എന്റേത്
മാത്രമായ ലോകത്ത് എത്തപ്പെട്ടതു പോലെ.
ഇരുളിനെ പിളർന്ന് പുകച്ചുരുളുകളും അഗ്നി ചിറകുകളും ആകാശത്തേക്ക് പറന്നുയർന്നു. തെങ്ങോലകളും വൃക്ഷത്തലപ്പുകളും വിറകൊണ്ടു. ദൂരെ മാനത്ത് ഒരു നക്ഷത്രം മാത്രം മിഴിചിമ്മി. ഒരിളം തെന്നൽ എന്നെ തഴുകി തലോടി.
ഞാൻ താളം തെറ്റിയ മനസ്സുമായി സ്വപ്നാടകനെ പ്പോലെ വീട്ടിലേക്ക് നടന്നു.
പിന്നീട് മനസ്സിൽ കുറിച്ചിട്ടു: ‘ ജനുവരി ഒന്ന് പിറക്കാതിരിക്കട്ടെ….
ഇനിയൊരു കവിതയാവട്ടെ…..
ഡിസംബർ 31
പുറത്ത്
പുതുവർഷത്തിന്റെ
ലഹരി തിളയ്ക്കുന്നു.
കത്തിപ്പടരുന്ന പടക്കങ്ങൾ
അമിട്ടുകളട്ടഹാസങ്ങൾ
ഉറയ്ക്കാത്ത കാലുകളിൽ
ചുവടുവെയ്ക്കുന്നവർ.
ആലിoഗനാഭാസങ്ങൾക്കൊപ്പം
കുഴഞ്ഞ നാക്കിൽ നിന്നും
ചൊരിയുന്ന ആശംസകൾ.
വെളിച്ചങ്ങളെയെല്ലാം പടിയിറക്കി
ഞാൻ പതിയെ
വാതിലടയ്ക്കുന്നു.
എന്റെ ഹൃദയത്തിൽ
ഒരു വിളക്കു കൊളുത്തുന്നു.
പുതുവർഷ പിറവിയിൽ
അണഞ്ഞുപോയ
അമ്മവിളക്കിന്റെ
ഒളിമങ്ങാത്ത
ഓർമ്മയ്ക്കു മുന്നിൽ
അശ്രുപൂജയർപ്പിച്ച്
ഞാനൊരു
നെയ്ത്തിരി നാളമായെരിയുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല