HomeTHE ARTERIASEQUEL 77അഗ്നിചിറകും ഞാനും

അഗ്നിചിറകും ഞാനും

Published on

spot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

ബംഗളുരുവിലെ ദേവനഹള്ളി വിമാനത്താവളത്തിനടുത്തുള്ള ഒരു കോളജിൽ കേന്റീൻ നടത്തി വരുന്ന കാലം. കൂററൻ ഗേറ്റിൽ ‘മാനേജ്മെന്റ് ആന്റ്
സയൻസ് ‘എന്ന് കോളജിന്റെ പേരിനൊപ്പം വലിയ അക്ഷരത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഏതാണ്ട് ഒരു കോർപ്പറേറ്റ് ഓഫീസിന്റെ കെട്ടും മട്ടും. കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ച് ലാപ്ടോപ്പുമായി വരുന്ന കുട്ടികൾ കാമ്പസിൽ അലസമായി അലഞ്ഞു നടക്കുന്നു. ചിലർ കേന്റീനിൽ വട്ടമേശാ ചൊറകളിൽ. പഠിപ്പ് മാത്രം ഇല്ല. പകരം എന്തൊക്കെയോ പന്തികേടും പിടിപ്പുകേടും. ഒരു സ്ഥാപനത്തെ എങ്ങനെ കുളംകോരാം എന്നു പഠിപ്പിക്കുന്ന കളരിയാണോ ഇത്……..?!

സിമന്റുകട്ടകൾകൊണ്ട് പണിത ഒരു താത്ക്കാലിക ഷെഡ്ഢാണ് നമ്മുടെ അടുക്കക്കളരി. ചുറ്റും വളച്ചുകെട്ടി ഇരിപ്പിടമൊരുക്കി ഉത്തരേന്ത്യൻ ഢാബയേപ്പോലെ മോടികൂട്ടിയിരുന്നു. ചരടു പിരിച്ചതുപോലെ മുടിയുള്ള സുഢാൻകാരികളായ കറുത്ത സുന്ദരികൾ. ഓറഞ്ചു നിറമുള്ള തുടുത്ത ഇറാനികൾ. ശ്രീലങ്കയിൽ നിന്നും വന്ന തമിഴ് വംശജർ. കൂടാതെ, ഇന്ത്യയുടെ നാനാഭാഗത്തു നിന്നും വന്ന കുട്ടികളും. കൂടിയാൽ നൂറിൽ ഏറില്ല. ആരുടെയൊക്കെയോ കെണിയിൽ വന്നു പെട്ടു പോയ പാവങ്ങൾ……!. “വരുന്ന അധ്യയന വർഷം നാനൂറോളം കുട്ടികൾ ഉണ്ടാവും. കേരളത്തിൽ നിന്നുള്ള നഴ്സിംഗ് കുട്ടികളും കാണും. അപ്പോൾ നിങ്ങൾക്ക് വിശാലമായ കാന്റീൻ സൗകര്യം ഞങ്ങൾ ഒരുക്കിത്തരാം. You can go ahead with your mission. You may not encounter with any loss…..wish you all the success….. ”

ശീതീകരിച്ച ഓഫീസ് മുറിയിലെ കറങ്ങുന്ന കസേരയിലിരുന്നു കൊണ്ട് പ്രിൻസിപ്പൽ ഡോ. ജാനറ്റ് മേരി ഒഴുക്കൻ ഇംഗ്ലീഷിൽ എന്റെ ആശങ്കകളെ വിഴുങ്ങി. കാര്യങ്ങൾ ഒരു മാസം വലിയ പരുക്കുകളില്ലാതെ തള്ളി നീക്കി. മുപ്പതോളം വരുന്ന ഹോസ്റ്റൽ വിദ്യാർത്ഥികളുടെ മെസ് ബിൽ മാസത്തിലൊരിക്കൽ തരാമെന്ന് മാഡം ഏറ്റിരുന്നു. കറുത്ത കാറിൽ വല്ലപ്പോഴുമൊരിക്കൽ ചെയർമാൻ വരും. കുട്ടികൾ ഇല്ലാത്ത തക്കം നോക്കിയാണ് കക്ഷിയുടെ വരവ്. ഹിന്ദി സിനിമയിലെ വില്ലന്റെ മുഖമായിരുന്നു അദ്ദേഹത്തിന്. ജീൻസ് പാന്റും ടീ ഷർട്ടും ഓവർക്കോട്ടും കറുത്ത ബൂട്സും വേഷം. ചിലപ്പോൾ കുർത്തയും പൈജാമയും. ക്ലീൻ ഷേവ് ചെയ്ത മുഖത്ത് കറുത്ത കണ്ണട. കഴുത്തിലും കൈത്തണ്ടയിലും പൊങ്ങച്ച ചങ്ങലകൾ. ചുണ്ടിൽ എപ്പൊഴും എരിയുന്ന സിഗരറ്റ്. കൂടെ ചടച്ച ചപ്രാസി കം ഡ്രൈവറും ഉണ്ടാകും. ഒന്ന് പരിസരവീക്ഷണം നടത്തിയതിനു ശേഷം, ഗോവണി കയറി തന്റെ മുറിയിലേക്ക് പോകും. പിന്നെ അടച്ച മുറിക്കകത്ത് ചെയർമാനും മേരിയും ചർച്ചയിലായിരിക്കും. കുറേ കഴിഞ്ഞ് രണ്ട് തണുത്ത കോളയ്ക്ക് മൊബൈലിൽ വിളി വരും. ചിലപ്പോൾ ചിക്കനും പൊറോട്ടയ്ക്കും ഡ്രൈവറെ അയക്കും.

കോളജിന്റെ എല്ലാ അധികാരവും വിധവയായ മേരിക്ക് നൽകിയിരുന്നു അദ്ദേഹം. അതിന്റെ തണ്ട് അവരുടെ നടപ്പിലും പെരുമാറ്റത്തിലും ഉണ്ടായിരുന്നു. കുട്ടികളുടെ മെസ്സ് ബില്ലിന് വേണ്ടി എനിക്ക് പലപ്പോഴും ഗോവണി കയറി പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലെ കസേരയിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മുറിക്കകത്ത് കുട്ടികളെ പിടിച്ചു നിർത്തി തിരക്കും ബഹളവുമുണ്ടെന്ന് വരുത്തി തീർക്കുകയായിരിക്കും അവർ. ഇത്തരം മുഷിഞ്ഞ വേളകളിൽ എന്റെ നോട്ടം ചുറ്റുമുള്ള ചുമരുകളിൽ തട്ടി വട്ടം കറങ്ങും. മനോഹരമായ ചട്ടക്കൂട്ടിൽ ആങ്കലേയത്തിൽ ആലേഖനം ചെയ്ത അർത്ഥവത്തായ ആപ്തവാക്യങ്ങൾ…….! സമയത്തെ കുറിച്ചും കൃത്യനിഷ്ഠയെ കുറിച്ചുമുള്ള സ്വയം വിമർശനങ്ങൾ……… പെരുമാറ്റ രീതിയെ കുറിച്ചുള്ള പരാമർശങ്ങൾ…… ഇരുന്നു മുഷിയുന്നവന്റെ ധർമ്മസങ്കടങ്ങളുടെ കര കാണാക്കടലുകൾ…… നെഞ്ചിലെ നെരിപ്പോടുകൾ….. കൂടാതെ, ഒരു മൂലയിൽ ചാരി വെച്ച വെളുത്ത ബോർഡിൽ ആരൊക്കെയോ നിത്യേന കോറിയിടുന്ന ഉദ്ധരണികൾ, മഹദ് വചനങ്ങൾ……. ജീവിതവഴിയിൽ ഇടറുന്നവന് ഊന്നുവടികളായ് തീരേണ്ടവ. ജീവിതം വെട്ടിപ്പിടിക്കാനുള്ള ചവിട്ടുപടികൾ. പക്ഷെ, ഇപ്പോൾ നിരർത്ഥകമായി തീർന്നിട്ടുള്ള ഇത്തരം വാക്യങ്ങൾ എന്നെ വേദനിപ്പിക്കുന്നു. കരളിൽ തീ കോരിയിടുന്നു. സമയം പോലും ശാപമായിത്തീരുന്നു. എല്ലാം ഇട്ടെറിഞ്ഞു പോയാലോ എന്നു പോലും ആലോചിച്ചു പോകുന്നു.

അകത്തു നിന്നും ഇറങ്ങി വരുന്ന പിള്ളേർക്കിടയിലൂടെ ചിലപ്പോൾ ഞാൻ തള്ളിക്കയറും. അപ്പോൾ മേരി മാഡത്തിന്റെ മൂഡ് പെട്ടെന്നു മാറും. വിളറിയ മുഖത്ത് കോപത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടും. സാമ്പാറിന്റെ രുചിക്കുറവിനെ കുറിച്ചും പൂരിയുടെ മയമില്ലായ്മയെ പറ്റിയും ചുമ്മാ കുറ്റം പറഞ്ഞ് എന്നെ നിർത്തി പൊരിക്കാൻ തുടങ്ങും. ഒടുവിൽ കുറെ ഒഴിവു കഴിവുകൾ പറഞ്ഞ് വെറും കയ്യോടെ ഇറക്കി വിടും. ഇങ്ങനെ പോയാൽ മെസ്സ് നടത്തി കൊണ്ടുപോകാൻ പ്രയാസമാണെന്ന് പലതവണ പറഞ്ഞു നോക്കി. പക്ഷെ, മേരിക്ക് യാതൊരു കുലുക്കവുമില്ല. ഈ കളി ഏറെക്കാലം തുടരാൻ മനസ്സു കൂട്ടാക്കിയില്ല. പിള്ളേരുടെ പള്ളയ്ക്കടിക്കുക തന്നെ. മറ്റു മാർഗ്ഗമില്ല. പിന്നെ ഞാനെന്തു ചെയ്യും………!?
സ്വയം ന്യായീകരിച്ചു.

പിറ്റേന്ന് കാലത്ത് ലാപ്ടോപ്പും കളിതമാശകളുമായി കയറി വന്ന പിള്ളേർക്കു മുന്നിൽ ഞാൻ കൈ മലർത്തി. പിന്നെ ശൂന്യമായ അടുക്കളയിലേക്ക് വിരൽ ചൂണ്ടി. ഭക്ഷണം തന്ന് കാലിയായ കീശയെ കുറിച്ചും കാശുതരാതെ കളിപ്പിച്ച (കരയിപ്പിച്ച ) പ്രിൻസിയെ പറ്റിയും പറഞ്ഞ് ഞാൻ കത്തിക്കയറി. എന്റെ രോഷം പിന്നെയും പരുഷ വാക്കുകളായി പുകഞ്ഞുകൊണ്ടിരുന്നു. കുട്ടികൾ നിർവികാരരായി കരിഞ്ഞ വയറുമായി ഗോവണി കയറിപ്പോകുന്നത് ഞാൻ ഹൃദയ ഭാരത്തോടെ നോക്കി നിന്നു. ഉച്ചഭക്ഷണമെങ്കിലും കൊടുക്കാതിരുന്നാൽ ദൈവം പോലും പൊറുക്കില്ല. മനസ്സിൽ പിരിമുറുക്കം പെരുകി. ഒന്നുകൂടി മാഡത്തേക്കണ്ട് കാര്യം ധരിപ്പിക്കാം. ഇപ്പൊഴെങ്കിലും അവർ പാഠം പഠിച്ചു കാണുമായിരിക്കും. കുറ്റബോധത്താൽ കുനിഞ്ഞ ശിരസ്സും മരവിച്ച കാൽവെപ്പുകളുമായി പതുക്കെ ഗോവണിപ്പടികയറിയിറങ്ങവെ, മൂലയിൽ ചാരി വെച്ച വെളുത്ത ബോർഡിൽ മാർക്കറിനാൽ എഴുതിയ ചുവന്ന അക്ഷരങ്ങൾ എന്റെ ഹൃദയത്തെ കൊളുത്തി വലിച്ചു . “A man can alive about 40 days without food, about 3 days without water, about 8 minutes without air. But, only for 1 second without hopes” – Abdulkalam.

ഒരു മനുഷ്യന് ഭക്ഷണമില്ലാതെ ഏകദേശം നാൽപ്പതു ദിവസവും, വെള്ളമില്ലാതെ ഏകദേശം മൂന്നു ദിവസവും, വായുവില്ലാതെ ഏകദേശം എട്ടു മിനുട്ടും ജീവിക്കാൻ കഴിയും. പക്ഷെ, പ്രതീക്ഷകളില്ലാതെ ഒരു സെക്കന്റു പോലും ആവില്ല. അബ്ദുൾ കലാമിന്റെ ” അഗ്നി ചിറകുകളിലെ “അനശ്വരവരികൾ…….! ഡോക്ടർ ജാനറ്റ് മേരിയാൽ കുറിക്കപ്പെട്ടിരിക്കുന്നു..പിള്ളേരെ പാട്ടിലാക്കാനുള്ള അടവ്. മാഡം ആളു കൊള്ളാമല്ലോ ……..
പൊടുന്നനെ ഉള്ളിലൊരു ചിരി മിന്നി. അന്തരാളത്തിൽ ഇടിമുഴങ്ങിയോ….? എന്നെ ഇത്രയും കാലം വഴി നടത്തിയിരുന്നതും ഈ വരികളായിരുന്നല്ലോ……ഞാൻ പ്രതീക്ഷയോടെ പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ പിന്നെയും കാത്തിരുന്നു. ഡോക്ടർ ജാനറ്റ് മേരി നെററിയിൽ കയ്യൂന്നി ചിന്താവിഷ്ടയായി ഇരിക്കുന്നത് പാതി ചാരിയ വാതിലിലൂടെ എനിക്ക് കാണാമായിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

Latest articles

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

More like this

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....