ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
അമ്മയുടെ കൂടെ കാര്യാട്ടുള്ള തറവാട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ ആദ്യമായി ഒരു ബജാര് കാണുന്നത്. നമ്മുടെ പഞ്ചായത്ത് രേഖകളിലൊന്നും ഇല്ലാത്ത സ്ഥലപേരാണ് കാര്യാട് !? കാര്യാട്ടുപുറം തൊട്ട് വേളായി, മുണ്ടയോടും പിന്നെ കൂറ്റേരി പൊയിൽ മുതൽ ഈസ്റ്റ് വളള്യായി വരെയും വലിയ ‘0’ വട്ടത്തിന് കാര്യാട്ട് എന്ന പേര് നമ്മൾ തരം പോലെ പണ്ട് ചാർത്തി കൊടുത്തിട്ടുണ്ട്. എത്രയോ വർഷങ്ങൾക്കിപ്പുറം ഈയിടെ ശ്രീ കാര്യാട് ഭഗവതി എന്ന ഒരു ക്ഷേത്രസങ്കല്ലം അവിടെ ഒരിടത്ത് പുത്തരി ഉത്സവമായി ഉരവം കൊണ്ടിരിക്കുന്നു!. എൻ്റെ വായനാ വഴിയിലൊരിടത്ത് വെച്ച് ഒ .വി വിജയൻ്റെ ഖസാക്കിലെ തസ്രാക്ക് പോലെ നേരെ തിരിച്ചും പിൽക്കാലത്ത് ഞാൻ കാര്യാട്ടിനെ സങ്കൽപ്പിച്ചു പോന്നു.
മലയാളത്തിലെ തകഴിയുടെ പ്രശസ്ത കൃതി ചെമ്മീൻ സംവിധാനം ചെയ്ത രാമു കാര്യാട്ടിനെയും ചിലപ്പാൾ ഈ പേര് ഓർമ്മയിൽ കൊണ്ടുവരും. കാര്യാടൻ മുണ്ടയോടൻ കുഞ്ഞൻ രൈരു എന്നൊരു പടക്കുറുപ്പിനെ കുറിച്ച് വടക്കൻപാട്ടിലുണ്ടെന്ന് എൻ്റെ ഓർമ്മകൾ കനം വെക്കുന്നതിനു മുന്നേ അമ്മ പറഞ്ഞു തന്നിരുന്നു. എല്ലാറ്റിനുമുപരി ‘ഗാന മജ്ഞരി’എന്ന ലളിതഗാന പുസ്തകമിറക്കിയ കെ .സി .ജി.കാര്യാട് അകാലത്തിൽ വിട പറഞ്ഞ എൻ്റെ മൂത്ത സഹോദരിയുടെ ഭർത്താവും നമ്മുടെ വീട്ടിൽ വരാറുള്ള വിശേഷപ്പെട്ട അഥിതിയുമായിരുന്നു. മൂന്നുമാസം മാത്രം അമ്മിഞ്ഞ നുണയാൻ വിധിക്കപ്പെട്ട ഇളം പൈതൽ കൂടപിറപ്പായി നമ്മോടൊപ്പം ചിരിച്ചും കളിച്ചും പഠിച്ചും വളർന്നു. നമ്മുടെ അമ്മുടെ ഏറ്റവും വാത്സല്യം നിറഞ്ഞ മകനായിരുന്നു, അവൻ!. മാതൃസ്തന്യം കൊതിക്കുന്ന തൻ്റെ കുഞ്ഞിനെ കാണാനായി കാര്യാട്ടുനിന്നും അമൂൽ പാൽപൊടി ടിന്നും പലഹാര പൊതിയുമായി കോണിപ്പടി കയറി വരുന്ന മാഷും എൻ്റെ ഓർമ്മകളിലുണ്ട്. കാലിയാകുന്ന അമൂൽ പാട്ടയ്ക്ക് വേണ്ടി പെണ്ണുങ്ങൾ മുൻകൂട്ടി പറഞ്ഞു വയ്ക്കും.
അതിലെ ഓമനത്വം തുളുമ്പുന്ന വാവയുടെ ചിത്രത്തിന് എൻ്റെ മുഖഛായയാണെന്ന്
പറഞ്ഞ് മുതിർന്ന കുട്ടികളുള്ള മൂത്തമ്മ കുറെ പാട്ടകൾ കൊണ്ടു പോയിട്ടുണ്ടെന്ന്
പറഞ്ഞു കേട്ടിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കാര്യാട്ടേക്കുള്ള യാത്രകൾ എന്നെ ഒരു കാൽപ്പനിക കാഥികനാക്കി!
ഇരുണ്ട പച്ചപ്പുള്ള കുന്നും വാറ്റുചാരായത്തിൻ്റെ വാടയടിക്കുന്ന കശുമാവിൻ തോട്ടവും വന്യമായ കരിമ്പാറയും വെടിമരുന്നിൻ്റെ ഗന്ധമുള്ള ആഗാധഗർത്തങ്ങളുള്ള കരിങ്കൽ ക്വാറികളും പുതുമഴ പെയ്ത്തിലെ മണ്ണിൻ്റെ ചൂരുള്ള ചെങ്കൽ പണയും തട്ടുതട്ടായ് കിടക്കുന്ന പറമ്പുകളും സമതലവും പുഴയോട് ചുററപ്പെട്ട വയലും പൂത്താളി നിറഞ്ഞ കുളവും കൈതപ്പൂ മണമുള്ള കൈത്തോടും തണുപ്പിൻ്റെ കാറ്റുപുതച്ച് വരി നിൽക്കുന്ന കമുങ്ങ് നിറഞ്ഞ തോട്ടിറമ്പുകളും ഉയരത്തിൽ കുലച്ചു നിൽക്കുന്ന തെങ്ങുകളും ചെമ്മൺപാതകളും അങ്ങാടിയും ചേർന്ന വന്യവും മനോഹരവുമായ ഭൂമികയാണ് കാര്യാട്.
പുരാതന ശിലയുഗത്തിലെ ഒരു ഗുഹ ആൾപ്പാർപ്പില്ലാത്ത എടത്തിലെ പറമ്പത്തുണ്ടായിരുന്നു. പിന്നീടത് ‘എടത്തിൽ ഗുഹ’ എന്ന് പ്രാദേശികമായി നാമകരണം ചെയ്യപ്പെട്ടു!. അരിപ്പൂക്കാടും കാട്ടപ്പയും നിറഞ്ഞ ആ ഗുഹ കുറുക്കന്മാരുടെ താവളമായി മാറി. രാത്രി കാലങ്ങളിൽ കനത്ത നിശബ്ദതയെ തുളച്ച് ഓരിയിട്ട് ഗ്രാമത്തിൻ്റെ സ്വച്ഛന്ത നിദ്രയ്ക്കവ ഭംഗംവരുത്തിയിരുന്നു. കൊടുവാളും വടിയുമെടുത്ത് കൂട്ടുകാരൊത്ത് കാട് തെളിച്ച് ഗുഹ നിരീക്ഷണം നടത്താനുള്ള
ആകാംക്ഷയും ആവേശവും അതിരുകടന്നിരുന്ന കാലം. മൂന്നാൾക്ക്
ഇരിക്കാൻ പാകത്തിൽ ഉയരവും ചുറ്റളവുമുള്ള ഗുഹയ്ക്ക് ഒരാൾക്ക് നൂണ് കടക്കാൻ തക്ക അകലമുള്ള കവാടവുമുണ്ടായിരുന്നു. ഈ ഗുഹയിലൂടെ അരകിലോമീറ്റർ അകലെ കാര്യാട്ടുപുറം വരെ ചെന്നെത്താമെന്ന് പരിസരവാസിയായ സത്യൻ പറഞ്ഞിരുന്നത് സത്യമായും വിശ്വസിച്ചിരുന്ന കാലം!
മുതിയങ്ങ വയലിൻ്റെ വളഞ്ഞു തിരിഞ്ഞു പോകുന്ന നെടുവരമ്പിലൂടെ എണ്ണമറ്റ നേന്ത്രവാഴക്കൈകൾ വെഞ്ചാമരം വീശുന്നതും, സ്കൂൾ അസംബ്ലിയിലെ പിള്ളേരെ പോലെ നിരയൊപ്പിച്ച മരച്ചീനി (കൊള്ളി)ക്കിഴങ്ങിൻ്റെ അനേകം ഇല കലശങ്ങളും പച്ചചേല വിരിച്ചതു പോലെ പടർന്നു പരന്ന വെള്ളരിപ്പാടങ്ങളും പരവതാനിപോലെ മുററിത്തഴച്ചു നിൽക്കുന്ന നെൽച്ചെടികളും പാടത്ത് പണിയുന്നവരെയും വയലിലെ ഒറ്റപ്പെട്ട, അനേകം കൊമ്പും പിരിവുമുള്ള പാലമരവും തല താഴ്ത്തി തൂങ്ങിക്കിടക്കുന്ന കടവാതിലുകളെയും കൺകുളിർക്കെ കണ്ട് വട്ടിയും തലയിൽ എടുത്തു കാര്യാട്ടേക്ക് പോകുന്ന അമ്മയുടെ പിറകിൽ ചെറിയ കാലുകൾ വെച്ചുള്ള യാത്രകൾക്ക് എന്തൊരു കുളിരായിരുന്നു?! കാൽമുട്ടോളം വെള്ളമുള്ള ആശാരിത്തോടിറങ്ങി, വീതിയുള്ള ഇടവഴി നടന്നാൽ ചെറുവാഞ്ചേരിക്ക് പോകുന്ന ചെമ്മൺനിരത്തിലെത്തും. വല്ലപ്പോഴും പോകുന്ന ഒരു ജീപ്പോ ലോറിയോ ബസ്സോ പൊടിപറത്തി കൊണ്ട് കടന്നു പോകും. ചെമ്മൺ പൊടിയും വാഹനത്തിൻ്റെ പെയിൻറും ഇന്ധനവും കലർന്ന ഗന്ധം തെല്ലിട അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. കുട്ടിക്കാലത്ത് ബസ്സിൽ കയറിയാൽ മുന്നിലെ കണ്ണാടിയോട് ചേർന്ന നീളൻ സീറ്റിൽ ഇരിക്കാൻ തിടുക്കം കൂട്ടുമായിരുന്നു. ആനപ്പുറത്തിരുന്ന് കാഴ്ച്ചകൾ കാണുന്ന ഒരു കുട്ടിയായ് ഞാൻ സ്വയം സങ്കൽപ്പിക്കും. അമ്മ പരിചയക്കാരെക്കണ്ടാൽ മിണ്ടിയും പറഞ്ഞും അങ്ങനെ നടക്കും. ഓടിയും നടന്നും കാഴ്ചകൾ കണ്ട് ഞാനും. എൻ്റെ മനസ്സ് മുഴുവനും തിരിച്ചു വരുമ്പോൾ കാര്യാട്ടുപുറം ബജാരിലെ ചായക്കടയിൽ നിന്നും കിട്ടുന്ന കായുണ്ടയും ചായയിലും ആയിരുന്നു.
പള്ളി താക്കിലെ ഊസുവിൻ്റെ പീടികയിൽ കുത്തിനിറച്ചത്രയും സാധനങ്ങളുണ്ടാകും;
പല വ്യഞ്ജനങ്ങളൊഴികെ. ഊസുക്ക അതിനകത്തുണ്ടോ എന്ന് പുറത്ത് നിന്നാൽ കാണില്ല. അതു കഴിഞ്ഞ് ചെറിയ ഒന്തം കയറിയാൽ ബജാരിൻ്റെ തുടക്കമായി. വേനലവധിക്കാലത്ത് കടലവിൽപ്പന നടത്താൻ തോന്നിയപ്പോൾ തോടുള്ള പച്ച നിലക്കടല വാങ്ങാൻ നോട്ടമിട്ടത് പിലാപ്പറമ്പൻ അനന്തേട്ടൻ്റെ അനാദിപീടികയും! ഇരുവശങ്ങളിൽ ഇടവിട്ട് നിരന്ന പിടികകൾ. പീടികയുടെ നിരപ്പലുകൾ ഇരിപ്പിടമായും ചിലർ തിരച്ചു വെച്ച അരി ചാക്ക് നിരത്തി വെക്കാനും ഉപയോഗിക്കുന്നു. അടച്ചിട്ട പീടിക തിണ്ണയും മുകളിലെ വരാന്തയിലും ഇരുന്ന് മടിയിൽ വെച്ച മുറത്തിൽ നോക്കി ലുങ്കിയും ബനിയനുമിട്ട് ബീഡി തെരുക്കുന്നവർ. ഒരു ചെറു തകിട് ബീഡിയിലയിൽ വെച്ച് തെറുക്കാനുള്ള ഇല കത്രിച്ചു കൂട്ടുന്നവർ. കൂട്ടത്തിലൊരാൾ ഉറക്കെ പത്രം വായിക്കുന്നു. പീടികമുറിക്ക് മുകളിലെ പാർട്ടി ഓഫിസിൽ തോരണവും ചെങ്കൊടികളും കാണാം. മരത്തോട് ചാരി വെച്ച കുമ്മായം പൂശിയ ചാക്ക് ബോർഡിലെഴുതിയ പ്രതിഷേധ ധർണ്ണയുടെ ചുമരെഴുത്ത് . പാർട്ടി ഓഫീസിൻ്റെ ഉയരമുള്ള പുറംചുമരിൽ ‘അടിയന്തിരാവസ്ഥ അറബിക്കടലിൽ’
എന്ന് എഴുതിയതിൻ്റെ മായാൻ തുടങ്ങിയ വികലമായ അക്ഷരങ്ങൾ ഇരുണ്ട കാലത്തിൻ്റെ പ്രതിഷേധമായി തുറിച്ചു നോക്കുന്നുണ്ട്!.
തറവാട്ടിലെ പത്തായത്തിൽ നിന്നെടുത്ത കുരുമുളകോ തോട്ടത്തിൽ നിന്നു പെറുക്കി
സൂക്ഷിച്ച കശുവണ്ടിയോ വയലിൽ നിന്നും പിഴുതെടുത്ത ചീരയോ നുള്ളി എടുത്ത
നീളൻ പയറോ കാററിൽ ഒടിഞ്ഞുതാണ വാഴയിലെ മൂക്കാത്ത നേന്ത്രക്കുലയോ
അമ്മയുടെ അധ്വാനത്തിൻ്റെ ബാക്കിപത്രവും നിറഞ്ഞ സംതൃപ്തിയുമായി വട്ടിയിൽ കരുതിക്കൊണ്ട് തിരിച്ചുപോരും. വരുന്ന വഴി ബജാരിലെ ഗോപിയേട്ടൻ്റെ പീടികയിൽ വട്ടിയിൽ കരുതിയ സാധനങ്ങൾ വിൽക്കുകയും വീട്ടിലേക്കുള്ള അരി സാധനങ്ങൾ വാങ്ങിച്ച് വട്ടിയിൽ അടുക്കി വെക്കുകയും ചെയ്യും. ബാക്കി പൈസ തിരിച്ചു വാങ്ങി വട്ടി തലയിലേറ്റാൻ നേരം അമ്മയുടെ വിയർപ്പു പൊടിഞ്ഞ ചുണ്ടിൽ വിരിഞ്ഞ
മന്ദഹാസത്തിന് എന്തൊരഴകായിരുന്നു!. തോർത്ത് കൊണ്ട് ചുണ്ടിലെ വിയർപ്പ് ഒപ്പി കൊണ്ട് അടുത്ത ചായക്കടയിലേക്ക് നടക്കും. അപ്പോൾ എൻ്റെ വിയർത്ത കുഞ്ഞുതലയിൽ അമ്മയുടെ പരുത്ത കൈത്തലത്തിൻ്റെ തലോടൽ ഒരു മാത്ര നുകരാം.
സായാഹ്നത്തിൽ ബജാരിൽ ആളും ആരവവും നിറഞ്ഞ് സജീവമാകും. കള്ളുഷാപ്പിലും ചായ പീടികയിലും കടത്തിണ്ണകളിലും ആളുകൾ നിറയും. മീൻ വിൽക്കുന്നിടത്തു നിന്നും ഒച്ചത്തിലുള്ള ആർപ്പു കേൾക്കാം. റേഷൻ പീടികയിൽ മേശയ്ക്കു ചുറ്റും തിരക്കിനിൽക്കുന്ന പെണ്ണുങ്ങൾ, പെട്രോമാക്സ് കത്തിക്കാനുള്ള പുറപ്പാടിന് തയാറെടുക്കുന്ന കച്ചവടക്കാർ. അമ്മ കാര്യാട്ടു പോയി വരുമ്പേൾ കൊണ്ടുവരുന്ന പലഹാര പൊതികൾക്കു വേണ്ടി വഴിക്കണ്ണുമായ് സന്ധ്യയ്ക്ക് ഞങ്ങൾ കൊതിയോടെ കാത്തിരുന്നിട്ടുണ്ട്. അന്തിചോപ്പു പടരുന്ന വയൽ പരപ്പുകളിൽ അമ്മയുടെ തല വെട്ടവും വട്ടിയും കണ്ടാൽ ഞങ്ങൾ ഓടും. അമ്മയുടെ പിറകിൽ ഞങ്ങൾ മൂന്നു മക്കൾ അമ്മയെ തൊട്ടുകൊണ്ട് വീട്ടിലേക്ക് ആനയിക്കും. അമ്മയുടെ ഉപ്പുരുചിയുള്ള വിയർപ്പിന്റെ മണവും പലവ്യഞ്ജനത്തിന്റെയും എണ്ണക്കടിയുടെയും സമ്മിശ്ര ഗന്ധവും സ്നേഹകൂട്ടായി നാക്കിൽ നിറയും.
വട്ടി ഇറക്കി വെച്ചതിനു ശേഷം ഒരു നുള്ള് പലഹാരം എടുത്ത് അമ്മ തൊടിയിലൂടെ പുഴയിലേക്കെറിയും. തന്റെ മക്കളെ വരുന്നതുവരെ കാത്ത പോറ്റമ്മയ്ക്കുള്ള പങ്കായിരിക്കുമോ? അകാലത്തിൽ അകന്നുപോയ മകളെ കുറിച്ചുള്ള ഓർമ്മ ചിന്തോ?
അതോ മക്കൾക്ക് കൊതികൂടാതിരിക്കാനുള്ള കരുതലോ! മന്ത്രമോ? അപ്പൊഴൊന്നും അതിന്റെ അത്ഥം എനിക്കറിയില്ലായിരുന്നു; ഇപ്പൊഴും. പിന്നീട് ആദ്യ വിഹിതം അവിവാഹിതയും അംഗപരിമിതിയുമുള്ള, ഞാൻ പാറു അമ്മമ്മ എന്നു വിളിക്കാറുള്ള എന്റെ അച്ഛൻ പെങ്ങൾക്ക്. (അവർ പരസ്പരം ഏടത്തി ഏടത്തി എന്നാണ് ബഹുമാനത്തോടെ വിളിക്കാറ്.) ശേഷം കുഞ്ഞനുജന് പിന്നെ കുട്ടികളായ ഞങ്ങൾക്ക്. അപ്പൊഴെക്കും അമ്മയുടെ മനസ്സും വയറും നിറയും. അമ്മയുടെ കണ്ണിൽ വസന്തം വിരിയും. യഥാർത്ഥത്തിൽ അമ്മ ആരായിരുന്നു?! എൻ്റെ ചെറിയ കാലുകളിൽ താണ്ടിയ കാര്യാട്ടോർമ്മകൾക്കൊപ്പം കഞ്ഞിയിൽ അലിഞ്ഞ് കാണാതാവുന്ന ഉപ്പ് തരിപോലെ അമ്മയുടെ കാണാത്ത കണ്ണീരിൻ്റെ ഉപ്പ് രുചി ഞാനറിയുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.