(പുസ്തകപരിചയം)
ഷാഫി വേളം
“പൊള്ള” എന്ന കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക കൂടിയാണ് ചെയ്യുന്നത്. ആശയ ഗാംഭീര്യമൊട്ടും ചോരാതെ തന്നെ കവിതയെഴുതാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷാ ലാളിത്യവും കാവ്യഭംഗിയും കവിതയെ കൂടുതൽ ആകർഷകമാക്കുന്നു.
പുസ്തകത്തിന്റെ അവതാരികയിൽ കവിയെ കെ.ഇ.എൻ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്:
“വി.എം അരവിന്ദാക്ഷന്റെ കവിതകൾ ഇടിച്ചിറക്കുന്നത് അലംകൃത മേൽപ്പാളികൾക്കടിയിലുള്ള സമകാല ജീവിതത്തിന്റെ ആഴങ്ങളിലേക്കാണ്. ഒരുനാളും പൊള്ളയായിത്തീരാൻ പാടില്ലാത്ത മനുഷ്യാസ്തിത്വത്തിന്റെ പൊരുളുകളാണ് കവി തിരക്കുന്നത്.”
ഈ സമാഹാരത്തിലെ ഓരോ കവിതയും അനുവാചകന്റെ ബോധമണ്ഡലത്തിൽ പുത്തനുണർവിന്റെ തിരി കൊളുത്തുന്നുണ്ട്.
“പാടല്ലേ പാടല്ലേ
കരിങ്കൂരിരുളിൽ
ഓട്ടുരുളിയായ് മിന്നിയത്
വയറു കത്തിച്ച
തീയായിരുന്നുവെന്നത്”
“സെൻസിബിലിറ്റി “എന്ന കവിതയിലൂടെ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു പോവാതിരിക്കാൻ ഏതറ്റം വരെയും പോകാൻ സന്നദ്ധരായ ഒരുപറ്റം ആളുകളുടെ ചിത്രമാണ് കവി വരച്ചുകാട്ടുന്നത്. എങ്കിലും “മടിക്കുത്ത് പലർക്കായ് അഴിഞ്ഞു വീണത് മക്കൾ മണ്ണു തിന്ന് ചാവാതിരിക്കാനായിരുന്നുവെന്നും “കവിതയുടെ ഒടുവിൽ കവി പറയുന്നു. വിവിധ തലങ്ങളിലേക്ക് അനുവാചകനെ കൊണ്ടു പോകുന്ന കവിതയാണിത്.
“പുൽമേടയിൽ
അടുമേയ്ക്കാൻ പോയ
നനുത്ത കാലടികൾ
തിരിച്ചു വന്നതേയില്ല.
മുറിഞ്ഞുപോയ പാട്ട്
താഴ് വരയിലെ മരച്ചില്ലകളിൽ
തണുത്തുറഞ്ഞത്
ആരുമറിഞ്ഞതുമില്ല.
വയലിൽ
തുന്നിക്കൂട്ടിയ
ഒരു ചെരുപ്പിൽ
ചോരക്കറ കറുത്ത ചരിത്രമെഴുതി”
“വീണ്ടുകീറിയ ഒരു ചോദ്യ ചിഹ്നം” എന്ന കവിതയിലൂടെ ചോരപ്പുഴയൊഴുകുന്ന വർത്തമാനകാലത്തിൻ്റെ നെറികേടുകൾക്കു നേരെ ശക്തമായി ആഞ്ഞടിക്കുകയാണ് കവി ചെയ്യുന്നത്.
“എത്ര മണ്ണിട്ടു മൂടിയാലും
മുളയ്ക്കുന്നുണ്ട്
വിത്തുകൾ”
വളരെ മനോഹരമായ മറ്റൊരു കവിതയാണ് “വിത്തുകൾ ” എന്ന കവിത.ഒരോർമ്മപ്പെടുത്തൽ എന്ന നിലയിൽ മാത്രമല്ല ഈ വരികൾ ചിന്തിപ്പിക്കുന്നത്; മറിച്ച് മനുഷ്യൻ്റെ പ്രത്യാശയുടെ നനവുള്ളവയുമായാണ്.
ഈ സമാഹാരത്തിന്റെ എടുത്ത് പറയേണ്ട സവിശേഷത ഇതിലെ ഓരോ കവിതയും വർത്തമാനകാലത്തോട് സംവദിക്കുന്നവയാണ് എന്നതാണ്.
“ഉമ്മറത്തെ ചാരുകസേരയിൽ
വാർദ്ധക്യത്തിന്റെ
അവശതകളുമായി
അച്ഛൻ മലർന്നു കിടക്കും
ഓർമ്മകളെ കൂട്ടിമുറുക്കും.”
“വിതുമ്പൽ “എന്ന കവിതയിലൂടെ മരിച്ചു പോയ അച്ഛന്റെ ഓർമ്മകളാണ് കവി അയവിറക്കുന്നത്.
“ഒരിക്കലെപ്പഴോ
അമ്മയ്ക്കിവിടെ
പണിയൊന്നുമില്ലല്ലോ
എന്ന ഒരൊറ്റ ചോദ്യത്താലാണ്
മുറ്റത്തെ ആര്യവേപ്പിൻ കൊമ്പ് പലതായ് ചിതറിക്കരഞ്ഞത്”
“ഒറ്റചോദ്യത്താൽ ” എന്ന കവിതയിലൂടെ പലരിലും പലപ്പോഴും ഉണ്ടാവുന്ന തെറ്റായ ധാരണകളെ ഇനിയൊരു മറുപടിയില്ലാത്ത വിധം തിരുത്തുന്നു.
സമകാലീക സാമൂഹ്യ പരിസരങ്ങളുമായുള്ള കവിയുടെ സംവാദങ്ങൾ ഈ സമാഹാരത്തിൽ നിറഞ്ഞു നിൽക്കുന്നു. അനുവാചകനെ ഒരിക്കല്‍ക്കൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന അനിതര സാധാരണമായ രചനാ വൈഭവം ഈ കവിക്ക് സ്വന്തമെന്ന് പറയാം.മനോഹരമായി ഭാഷ കൈകാര്യം ചെയ്യാനറിയുന്ന കവിയുടെ ഈ പുസ്തകം കവിതയുടെ പുതുമയും ഗന്ധവും ആഗ്രഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാണ്.
ലോഗോസ് പ്രസാധനം ചെയ്ത പുസ്തകത്തിന് അനുബന്ധമായി ഡോ.പി.സുരേഷിൻ്റെ പഠനവുമുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല