പതിനേഴുകാരിയുടെ അതിജീവനാക്ഷരങ്ങൾ

0
144
പുസ്തകപരിചയം

ഷാഫി വേളം

കാന്‍സറിന്റെ വേദനയിലും നിരാശയിലും ജീവിതം അവസാനിച്ചെന്നു കരുതുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്നത് കാന്‍സറിനെ അതിജീവിച്ചവരുടെ അനുഭവങ്ങളാണ്. വിശ്രുതരായ സൈക്ലിംഗ് താരം ലാന്‍സ് ആര്‍ംസ്‌ട്രോംഗിന്റെ ‘കം ബാക് ഫ്രം ക്യാന്‍സര്‍’ മുതല്‍  ഇന്നസെന്റിന്റെ ‘ക്യാൻ‍സര്‍ വാര്‍ഡിലെ ചിരി’ വരെയുള്ള പുസ്തകങ്ങള്‍ രോഗ ബാധിതര്‍ക്ക് നല്‍കിയ പ്രതീക്ഷയുടെ വെട്ടം ചെറുതല്ല. അതുപോലെ കാന്‍സറിനെ അസാധ്യമായ മനക്കരുത്തുക്കൊണ്ട് കീഴ്‌പ്പെടുത്തിയ പതിനേഴുകാരിയുടെ അതിജീവനകഥയാണ്  ‘ജീവിതത്തിന്റെ ശമനതാളം’എന്ന പുസ്തകം. അക്ഷര വർണനകളോ ആകർഷക വാക്യങ്ങളോയില്ലാതെ പ്രിയ എഴുത്തുകാരി വരച്ചുകാട്ടുന്ന ഓരോ അനുഭവ ചിത്രവും കണ്ണ് നിറക്കുന്ന അനുഭവങ്ങളായിരുന്നു.
ജീവിതത്തെ അതിന്റെ കയ്പേറിയ അനുഭവങ്ങൾക്കും അനിശ്ചിതാവസ്ഥകൾക്കും മുമ്പിൽ പതറാതെ നയിക്കാൻ പര്യാപ്തമാക്കുന്ന ചിന്തകൾ പങ്കുവച്ചുകൊണ്ട്, രോഗാതുരമായ കാലത്തെ അതിജീവിക്കാൻ തക്കവണ്ണം മൂല്യവത്താക്കുന്നതെന്തെന്നു മനസ്സിലാക്കിത്തരുന്ന ചില അനുഭവങ്ങളും ദർശനങ്ങളുമാണ് ഈ അമൂല്യ കൃതി മുന്നോട്ടുവയ്ക്കുന്നത്. ഈ പുസ്തകത്തിലെ യാഥാർഥ്യങ്ങൾ മാത്രം നിറഞ്ഞ അനുഭവപരിസരങ്ങൾ കരുത്ത് പകരുന്നു.ഒരു പുസ്തകം വായിക്കുകയായിരുന്നില്ല, പച്ചയായ ഒരുപാട് ജീവിതങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയത് അവസാന താളും വായിച്ചു തീർന്നപ്പോഴായിരുന്നു.
എഴുത്തിലെ ലാളിത്യവും നിഷ്കളങ്കതയും പ്രയോഗങ്ങളും വായന കൂടുതൽ എളുപ്പത്തിലാക്കുന്നു.  അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവന്ന ‘എവിങ്സ് സർകോമ ‘എന്ന മാരകമായ  അർബുദ രോഗത്തിന്റെ നാൾവഴികളെ  ഹൃദയമിടിപ്പുകളോടു ചേർത്തു വെച്ച് അക്ഷരങ്ങളാക്കുകയാണ് മുബശ്ശിറ മൊയ്തു.

 അതിജീവിക്കുവാൻ നമുക്ക് ആവശ്യം വേണ്ടത് മനശക്തിയാണ്. അത് ആർജ്ജിക്കാനുള്ള എളുപ്പവഴി അതിലൂടെ നടന്നവരുടെ അനുഭവങ്ങൾ കേൾക്കുക എന്നത് തന്നെ ആണ്. അത്തരത്തിൽ ഏതൊരാൾക്കും പ്രചോദനം ആവുന്ന ഒരു പുസ്തകം ആണിത്.
ഓടിച്ചാടി നടക്കേണ്ട പ്രായത്തിൽ അർബുദം ബാധിച്ച് തളർന്നുപോയിട്ടും മനോബലംകൊണ്ട് അതിജീവിച്ചതിനെയാണ് എഴുത്തുകാരി എഴുതുന്നത്. അരയ്ക്കു കീഴെ തളര്‍ത്തിയിരുത്തിയ അര്‍ബുദത്തോടുള്ള പോരാട്ടത്തിന്റെ നാൾവഴികളിലും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുകയായിരുന്നു എഴുത്തുകാരി. നിനച്ചിരിക്കാതെ കാൻസറിന്റെ പിടിയിൽ അമരുമ്പോൾ അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളും ആശുപത്രി അനുഭവങ്ങളും ആത്മബലം കൊണ്ട് ആ രോഗത്തെ അതിജീവിച്ച് ജീവിതത്തിന്റെ പച്ചപ്പിലേക്ക് കടന്നുവന്ന അനുഭവമാണ് ഈ പുസ്തകം നമ്മോട് പങ്കു വെക്കുന്നത്. കൂടെ കാൻസർ വാർഡിൽ കണ്ടുമുട്ടിയ പലതരം ജീവിതാനുഭവങ്ങളും അനുവാചകർക്ക് വായിക്കാം.
തന്റെ ആശങ്കകളും ആവലാതികളും ഒന്നൊഴിയാതെ പങ്ക് വെക്കുന്നു.
എത് വിഷമ ഘട്ടത്തിലും അനുഗ്രഹങ്ങളെ വിസ്മരിക്കരുതെന്നും അരികെ നിന്ന് വിതുമ്പുന്നവരെ ചേർത്ത് നിർത്തണമെന്നാണ് എഴുത്തുകാരി ഹൃദയം കൊണ്ടെഴുതുന്നത്.
ഒരുപാട് ജീവിതങ്ങളെ യാഥാർത്ഥ്യങ്ങളെ , കൂടെ നിൽക്കുന്നവരെ കാണിച്ചു തന്നത് ക്യാൻസറാണെന്ന് എഴുത്തുകാരി പറയുന്നുണ്ട്. മനോധൈര്യമാണ്  പ്രധാനമായിട്ടുള്ളതെന്ന് പുസ്തകത്തിലെ കുറിപ്പുകൾ ഓർമ്മപ്പെടുത്തുന്നു. നന്മയും പരസ്പര സഹായങ്ങളും ഒരാചാരം പോലെ തുടർന്ന് പോന്നിരുന്ന കുറെ മനുഷ്യരുടെ പേരും  ഈ കുറിപ്പുകളിൽ തെളിഞ്ഞുകിടക്കുന്നു. കേവലം അനുഭവങ്ങളിലൂടെ കടന്നുപോയ അനുഭൂതി യല്ല ഇതിലൂടെ വായനക്കാരിലേക്ക് പടരുന്നത്,
ഓരോ അനുഭവവും അനുവാചകർക്ക് നൽകുന്നത് ആത്മവിശ്വാസവും ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുളള പ്രചോദനം കൂടിയാണ്. ക്യാൻസർ നാൾവഴികളിലെ പൊള്ളിയടർന്ന അനുഭവങ്ങളെ ചേർത്തുകെട്ടുക മാത്രമാണ് ഈ പുസ്തകത്തിലൂടെ എഴുത്തുകാരി ചെയ്യുന്നത്. ഓരോ അനുഭവങ്ങളുടെയും തീക്ഷ്ണത ഉള്ളുപൊള്ളിക്കുന്നു. ഓരോ അനുഭവക്കുറിപ്പിലും ജീവിത സാഹചര്യങ്ങൾക്കിടയിലെ പരിസരങ്ങളെ അതീവ സൂക്ഷ്മതയോടെയാണ് അവതരിപ്പിക്കുന്നത്. ചികിത്സ തേടിയ ആശുപത്രിയും അവിടുത്തെ പലതരക്കാരായ മനുഷ്യരും എഴുത്തുകാരിയെ സ്വാധീനിക്കുന്നതും ജീവിതത്തിന് അർഥം നൽകുന്നതുമായ അനുഭവങ്ങൾ കൂടി ഇവിടെ പങ്കുവെക്കുന്നു.
 സമൂഹത്തെ ക്യാന്‍സര്‍ രോഗം കാർന്നുതിന്നുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോഴും നമുക്കു ചുറ്റും പ്രതീക്ഷയുടെ നേർത്ത വെട്ടമകാൻ ഈ പുസ്തകത്തിന് സാധ്യമാണ്.
 പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു നടു വേദനയായി വന്ന് കാലുകളെ തളർത്തി  അവസാനം അത് കൊണ്ടെത്തിച്ചത് കോഴിക്കോട് മെഡിക്കൽ കോളജിലെ ക്യാൻസർ വാർഡിലേക്കാണ്.
മുബഷിറ മൊയ്തു പന്തിപ്പൊയില്‍
പിന്നീട് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടപ്പാച്ചിലായിരുന്നു. അപ്പോഴും വരാനിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു അവളിൽ ആശങ്കയായി നിഴലിട്ടിരുന്നത്.
ചെറുപ്പമാണ്. തളർന്നേക്കാവുന്നതാണ്,പക്ഷെ ധൈര്യം സംഭരിച്ച് എല്ലാം നേരിടുകയാണുണ്ടായത്. വേദന കടിച്ചമർത്തുന്ന മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞുപോവുമ്പോഴും ചുറ്റുമുള്ള രോഗികളിലേക്ക് കണ്ണോടിച്ച്, അവരുടെ പ്രയാസങ്ങളോട് തുലനം ചെയ്തപ്പോൾ അസഹ്യമാണല്ലോ അവരുടെ വേദന എനിക്കീ ഗതിയൊന്നും വന്നില്ലല്ലോ എന്ന് പറഞ്ഞ് ദൈവത്തെ സ്തുതിക്കുന്ന ഒരു രംഗമാണ് ഈ സമാഹാരത്തിൽ കാണാനാവുന്നത്, പടച്ചവൻ നമുക്ക് നൽകിയ അനുഗ്രഹങ്ങൾ എത്രമേൽ ആകാശ വിശാലതയുളളതാണെന്ന് തിരിച്ചറിവിലേക്കാണ് ഈ പുസ്തകം എത്തിച്ചേരുന്നത്.
വേദനയുടെ കയങ്ങളിൽ  മുങ്ങി നിവരുന്നവരെ കരകയറ്റുക മാത്രമല്ല, മറ്റുള്ളവരുടെ  ദു:ഖങ്ങളില്‍ കരുത്തുപകരാനും കൂടി ശക്തയാണ് ഇന്ന് ഈ എഴുത്തുകാരി.തന്റെ നീറുന്ന അനുഭവങ്ങള്‍ ചുറ്റുമുള്ളവര്‍ക്ക് പ്രചോദനം പകരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് എഴുത്തുകാരി നമുക്ക് നൽകുന്നത് ആത്മവിശ്വാസവും ഏതു സാഹചര്യങ്ങളെയും തരണം ചെയ്യാനുളള പ്രചോദനവുമാണ്. ഏത് രോഗാതുരമായ നാളുകളെയും അതിജീവിക്കാന്‍ മരുന്നിനും ചികിത്സയ്ക്കും അപ്പുറം രോഗിയുടെ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ഏറെ പ്രധാനമാണെന്നും, അത് നിലനിര്‍ത്താന്‍ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയവരുടെ അനുഭവം പ്രചോദനമാകുമെന്നും ഈ പുസ്തകം വരച്ചു കാട്ടുന്നു.
അനുഭവങ്ങളുടെ കലർപ്പില്ലാത്ത സത്യസന്ധതയും ചിന്തയുടെ തെളിച്ചവും എല്ലാം കൂടിച്ചേര്‍ന്ന് ആര്‍ക്കും എളുപ്പം വായിച്ചുപോകാവുന്ന പുസ്തകമാണിത്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here