പ്രണയം പൂക്കുന്ന ഇടവഴികൾ

0
126

(പുസ്തകപരിചയം)

ഷാഫി വേളം

മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ “മാഞ്ഞു പോകുന്ന അടയാളങ്ങൾ” എന്ന  രണ്ടാമത്തെ കവിതാ സമാഹാരം. സാധാരണക്കാരനായ ഒരാളുടെ  മൗലികവും ആത്മാർഥവുമായ അനുഭവങ്ങുളുടെ പങ്കു വെക്കലാണ് ഈ സമാഹാരത്തിലുടനീളം കാണാനാകുന്നത്. വ്യഥകളും ആശങ്കകളും  കാലവുമെല്ലാം ഈ സമാഹാരത്തില്‍ വായിക്കാം.സമകാലീക സാമൂഹ്യ പരിസരങ്ങളുമായുള്ള കവിയുടെ  സംവാദങ്ങളും ഈ സമാഹാരത്തിലുണ്ട്. വ്യത്യസ്ത വിഷയങ്ങളില്‍ തികച്ചും മൗലികമായ ഉള്‍ക്കാഴ്ചയോടെ എഴുതപ്പെട്ടവയാണ് എല്ലാ കവിതകളും. ജീവിത പരിസരം നമ്മെ കൊണ്ടെത്തിച്ച ദുർവിധിയിൽ വിലപിക്കുയല്ല അവയുടെ നിജാവസ്ഥയിൽ നിന്നുകൊണ്ട് തിരിച്ചറിവിന്റെയും ജാഗ്രതയുടെയും ലോകത്തേക്ക് ആനയിക്കുകയാണ് കവി.പ്രണയം പൂക്കുന്ന ഇടവഴിയിലൂടെ സഞ്ചരിക്കാനും കവി മറക്കുന്നില്ല. ജീവിതത്തിന്റെ പ്രധാനവും അപ്രധാനവുമായ  രംഗങ്ങൾ ഒരു ഇളം കാറ്റ് പോലെ  അനുവാചകരെ തൊടുന്നു. സ്വന്തത്തോടും കാലത്തോടുമാണ് കവി നിരന്തരം കലഹിക്കുന്നത്
“അപ്രതീക്ഷിതമായി
പെയ്യുന്ന
മഴയുടെ ആരവം
അവളിൽ
കനപ്പെട്ടു കൊണ്ടിരിക്കുന്ന
വെയിലിനൊരാശ്വാസമാകുന്നു
കുടയന്വേഷിക്കാനുള്ള
അവളുടെ
മിഴികളുടെ
പിടച്ചിലുകൾക്കിടയിൽ
ഞാനൊരു കുടയായി മാറുന്നു”
ചേർന്നു നിൽപ്പിന്റെ മഴവിൽ സൗന്ദര്യമാണ് ‘മഴയും കുടയും ‘എന്ന കവിത പങ്കു വെക്കുന്നത്ചെറിയ ചിന്തകളിൽ നിന്ന് ഗഹനമായ ആശയങ്ങളിലേക്ക് പടരുന്ന കവിതകളാണ് ഈ സമാഹാരമെന്ന് വായനയുടെ ഒടുവിൽ ഏതൊരാളും പറയും.
ഓരോ കവിതയും അനുവാചകന്റെ ബോധമണ്ഡലത്തിൽ പുത്തനുണർവിന്റെ പ്രകാശം ചൊരിക്കുന്നുണ്ട് .
“സ്വാതന്ത്ര്യത്തെക്കുറിച്ച്
ഉൾപുളകം കൊള്ളുന്നത്
കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയുടെ കുറുകൽ പോലെയാണത്
ജനാധിപത്യത്തിന്റെ
മേന്മകളെക്കുറിച്ച് വാചാലമാകുമ്പോൾ
മരണപ്പെട്ടതിനു ശേഷമുള്ള സ്തുതി ഗീതങ്ങളെ പോലെയും!”
സമാഹാരത്തിന്റെ എടുത്ത് പറയേണ്ട  സവിശേഷത  ഇതിലെ ഓരോ കവിതയും  വർത്തമാനകാലത്തോട് സംവദിക്കുന്നവയാണ് എന്നതാണ്.
“ഹൃദയത്തിൽ
നിന്നുമിറങ്ങി പോക്കറ്റിൽ
വിശ്രമിക്കുന്നതു കൊണ്ടു
നാം ഗാന്ധിയെ ഓർത്തെടുക്കുന്നു”
വ്യത്യസ്തമായ ചിന്തകളിലേക്ക് മനുഷ്യ ഹൃദയങ്ങളെ കൂട്ടികൊണ്ടു പോകുന്ന, കാലികപ്രസക്തമായ കവിതകയാണിത്. സമകാലീന അവസ്ഥയുടെ ഒരോർമ്മപ്പെടുത്തൽ എന്ന നിലയിൽ മാത്രമല്ല ഈ വരികൾ ചിന്തിപ്പിക്കുന്നത്; മറിച്ച് മനുഷ്യരെ മുൻ കരുതലെടുക്കാൻ പ്രാപ്തമാക്കുകയാണ്.
“ഓരോ പ്രണയവും കടന്നുപോകുന്നത്
ഒടുവിലൊരു മൗനത്തെ
ചൂണ്ടയിൽ കൊരുക്കിയാണ്”
‘വിത്തുകൾ പാകുന്ന ചില ഓർമകൾ’ എന്ന കവിത പ്രണയത്തിലാണ് പൂക്കുന്നത്
‘രക്ത സാക്ഷികൾ സൃഷ്ടിക്കപ്പെടുമ്പോൾ’ എന്ന കവിത മനസ്സിലൊരു വിങ്ങലായി ബാക്കി നിൽക്കുന്നു.
“മുൻ ബെഞ്ചിലിരുന്ന്
ജീവിതത്തിന്റെ ഏണിപ്പടികൾ കയറുമ്പോൾ
പിൻബെഞ്ചിലിരുന്ന് മരണം സൂക്ഷ്മ ശ്രദ്ധാലുവായിരുന്നു
ഇടയ്ക്കെപ്പോഴെങ്കിലും
ഇടറി വീഴുന്ന കാലുകൾ
പിടിച്ചു കണ്ണുകൾ തുറപ്പിച്ചു
മിന്നിമറയാനുള്ള മൃത്യുവിന്റെ ജാഗ്രത
ജീവിത യാത്രയുടെ വിസ്മയത്തിൽ നമ്മളോർക്കാറില്ല”
‘മരണമെത്തുന്ന: നേരം’ എന്ന കവിതയിൽ മരണമെന്ന യാഥാർത്ഥ്യത്തിന്റെ ഓർമ്മപ്പെടുത്തലുകൾ അനുവാചക ഹൃദയത്തിൽ ഞെരിപ്പോടുകൾ തീർക്കുന്നു.
“നീയുള്ളപ്പോൾ
അസഹ്യമായ ചൂടേറ്റ്
പുറം വിണ്ടു വെന്നാലും
ഉള്ളിലെന്തന്നില്ലാത്ത
കുളിരാവും”
‘നീയുള്ളപ്പോൾ  ‘എന്ന കവിത പ്രണയത്തിന്റെ മറ്റൊരു തലമാണ് പങ്കു വെക്കുന്നത്
അത്രയും പ്രിയപ്പെട്ടവൾ കൂടെയുണ്ടാകുമ്പോൾ അനുഭവിക്കേണ്ടി വരുന്ന അനുഭൂതി എത്രത്തോളമാണെന്ന് കവിവരച്ചു കാട്ടുന്നു.
“ദേശ സ്നേഹത്തിൻ പൊയ്മുഖം അണിഞ്ഞവരുടെ
അകതാരിൽ മത ചിന്നം തൃശ്ശൂലം കണക്കെ കൂർത്തിരിക്കും”
എന്ന കവിയുടെ പറച്ചിൽ വായനക്കാരുടെ നെഞ്ചിലാണ് തുളച്ചുകയറുന്നത്. മതേതര ഭാരതത്തെ  ശക്തമായി പ്രതിനിധാനം ചെയ്യാൻ ഈ കവിതക്ക് സാധ്യമാകും.

ഈ  കവിതാസമാഹാരത്തിലെ എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചപ്പെട്ടിരിക്കുന്നു എന്ന് വായനയുടെ ഒടുവിൽ ഏതൊരാളും നിസ്സംശയം പറയും, ഓരോ കവിതയും ഓരോ വ്യത്യസ്ത ഭാവങ്ങളിൽ നിന്ന് പിറവിയെടുത്തതാണ് . ഈ സമാഹാരത്തിലെ മുഴുവൻ കവിതകളും ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഭാഷയും ശൈലിയും ഒരുക്കിയിരിക്കുന്നത്. പ്രണയം പൂക്കുന്ന ഇടവഴിയിൽ വീണ മഞ്ചാടി മണികളായി അനുവാചകർക്ക് ഈ സമാഹാരത്തിലെ കവിതകളെ ഹൃദയത്തിൽ സൂക്ഷിക്കാൻ സാധിക്കും


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

 

 

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here