(ലേഖനം)
ഷാഫി വേളം
‘നിഴലിനെ ഓടിക്കുന്ന വിദ്യ’എന്ന കവിതാ സമാഹാരത്തിലൂടെ നമ്മുടെ ചുറ്റുവട്ടത്തുള്ള ജീവിതങ്ങളെ കണ്ടെടുത്ത് അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെക്കുകയാണ് കെ.എം റഷീദ്. ജീവിതാനുഭവങ്ങളുടെ മഷിയിൽ മുക്കി എഴുതിയ ഇതിലെ കവിതകൾ അനുവാചക ഹൃദയങ്ങളിൽ ഓളങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്.
വ്യത്യസ്ത വിഷയങ്ങളില്‍ തികച്ചും മൗലികമായ ഉള്‍ക്കാഴ്ചയോടെ എഴുതപ്പെട്ടവയാണ് എല്ലാ കവിതകളും. കാലത്തോട് നേരിന്റെ ഭാഷയിൽ സംവദിച്ചുകൊണ്ടും പ്രതിപ്രവർത്തിച്ചുകൊണ്ടുമാണ് എല്ലായ്പ്പോഴും കവിത അതിജീവിച്ചുകൊണ്ടിരിക്കുന്നത്.
പുസ്തകത്തിന്റെ അവതാരികയിൽ പി.രാമൻ ഈ കവിയെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. “കരിനിഴലുകളെ ഓടിക്കുന്ന വിദ്യയാണ് ഈ കവിക്ക് കവിത. നിഴൽക്കുത്ത് ഒരു പഴയ അഭിചാര കർമമത്രേ. നിഴലുകൾ കൊണ്ടുള്ള കുത്തല്ല. ഇവിടെ നിഴലിനെ കുത്തിയോടിക്കലാണെന്നു മാത്രം.”
ഈ സമാഹാരത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇനിയും ഈ യാത്ര തുടർന്നിരുന്നെങ്കിലെന്ന് അനുവാചകർ അറിയാതെ മോഹച്ചിറകിലേറും. അത്രത്തോളം സൂക്ഷ്മമായ നിരീക്ഷണവും മൗലികമായ ആഖ്യാനവും കൊണ്ട് സമ്പന്നമാണ് ഇതിലെ കവിതകൾ.
“കാറ്റു വലിച്ചു കെട്ടിയ അയയിൽ
നാം നമ്മുടെ പ്രണയത്തിന്റെ തൂവാല തൂക്കി
ആർത്തലച്ചു വന്ന മഴ
എത്ര വേഗം തകർത്തുകളയുന്നു
ഓരോ ഇഴയും ” പോലുള്ള കവിതച്ചാർത്തുകൾ വർത്തമാന കാല യാഥാർത്ഥ്യങ്ങളെയാണ് അനാവരണം ചെയ്യുന്നത്.
“ഞാനടിച്ച ഗോളുകളൊന്നും എന്റേതല്ല
വിജയങ്ങളിൽ എന്റെ മുഖമില്ല
വലിച്ചുകെട്ടിയ പതാകകളിൽ പേരില്ല
എന്നിട്ടും,
തോൽവികളെല്ലാം എന്റേത് മാത്രം
പാഴായ പെനാൽറ്റികൾ
പിണഞ്ഞ ഫൗളുകൾ
അടിക്കാത്ത കിക്കുകൾ
അവയാണ് എന്റെ സ്മാരകങ്ങൾ”
കളിയിൽ കളിക്കാരന്‍ ഇല്ലാതാവുകയും രാഷ്ട്രവും പതാകയും ജഴ്‌സിയും മാത്രം അവശേഷിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തെ പുറത്തെടുത്ത് വിചാരണ ചെയ്യുകയാണ് ഈ കവി ഇതിലൂടെ ചെയ്യുന്നത്.
ഓരോ കവിതയിലൂടെയും കാണാതായ ഇടങ്ങൾ കാണുകയും കേൾക്കാതെ പോയ ശബ്ദങ്ങൾ വീണ്ടെടുക്കുകയാണ് കവി.
“പുഴകളെല്ലാം ചോരയാകുന്നതിൻ മുമ്പ്
നിലാവ് കഫൻ പുടവയണിയും മുമ്പ്
വഴികളെല്ലാം ഖബറിടങ്ങളാകും മുമ്പ്
ഗർഭപാത്രത്തിലേക്കെന്ന പോലെ
എന്നെക്കൂടി തിരിച്ചു വിളിക്കൂ.
ഉമ്മാ..”
വല്ലാത്തൊരു കാലത്തേയാണ് ഈ കവിത അഭിമുഖീകരിക്കുന്നത്. ഈ ഭീകര സ്ഥിതി വിശേഷം സ്വാഭാവികമായി ജനിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന ചിന്ത ഏതൊരാളിലും ഉടലെടുക്കുന്നു.
കേരളീയ മുസ്ലിം ജീവിതവും റഷീദിന്റെ കവിതകളിൽ വന്നുപോകുന്നുണ്ട്.
‘മഞ്ഞുതുള്ളിയുടെ സുജൂദ്’ അത്തരത്തിലൊരു മനോഹര കവിതയാണ്.
“ഒരു മഞ്ഞുതുള്ളിയെങ്കിലുമാകാനെത്ര
നോമ്പുനോൽക്കണം ഞാൻ
ഒരായത്തെങ്കിലും കണ്ടു തീർക്കാനെത്ര
ഉറക്കമിളയ്ക്കണം ഞാൻ “
ഉമ്മ പ്രമേയമാക്കിയ ധാരാളം കവിതകൾ ലോകത്ത് ഇതൾ വിരിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഭൂമിയിൽ പിറന്ന ഏതൊരു മനുഷ്യനെ സംബന്ധിച്ചും പെറ്റുമ്മയോളം ഹൃദയത്തിൽ വേരുകളാഴ്ത്തിയ മറ്റൊരാളെ കാണാൻ അസാധ്യമാണ്. അതുകൊണ്ടാവും ഉമ്മയെക്കുറിച്ചുള്ള വരികൾ ഈ സമാഹാരത്തിൽ ഇടക്കിടക്ക് വരുന്നതായി അനുവാചകർക്ക് കാണാൻ സാധിക്കുന്നത്. ഈ സമാഹത്തിന്റെ അനുബന്ധമായി ചേര്‍ത്ത ‘വായിച്ചുതീരാത്ത പുസ്തകം പോലെ’ എന്ന റഷീദിന്റെ കുറിപ്പ് ഉമ്മയെക്കുറിച്ചാണ് പറയുന്നത്.
“ആരും കാണാത്ത നഗരങ്ങളിലും ചിരിക്കാത്ത മുറികളിലും മറക്കാത്ത വേദനകളിലും പറയാനാവാത്ത കടലുകളിൽ കരയുവാനാകാത്ത തേങ്ങലുകളിൽ ഉണക്കാനാവാത്ത മുറിവുകളിൽ പിന്നെയുംപിന്നെയും ഉമ്മവെക്കുന്നുമ്മ” യെന്ന് ‘ഉമ്മവെച്ച മുറിവുകൾ’ എന്ന കവിതയിൽ കവി എഴുതുന്നു.
ഉമ്മയും വീടും തമ്മിലുള്ള അടുത്ത ഹൃദയ ബന്ധം ജീവികളിലൂടെ അടയാളപ്പെടുത്തുകയാണ് ‘പഴുതാരയുടെ വീട്’ എന്ന കവിതയിലൂടെ. ‘‘വീടിന്റെ ചുമതലയിൽനിന്ന് ഉമ്മ പിൻവാങ്ങിയതിൽ പിന്നെ കാര്യങ്ങളെല്ലാം താളം തെറ്റി.
കിടന്ന കട്ടിൽ വിടവുകളിലൂടെ ചുവന്ന രേഖകൾ വരച്ച് ചിതലുകളാണ് തുടക്കമിട്ടത്.
മുറ്റത്തെ മാവിൻ ചോട്ടിൽ അടിച്ചു വാരാതെ കിടന്ന ഇലയ്ക്ക് കീഴിൽ വീടുണ്ടാക്കി പഴുതാര.”
“അവസാന ചങ്ങാതിയും
വിട പറയുമ്പോൾ
ഒരാൾ എന്തു ചെയ്യും ?”
എന്ന ചോദ്യം തനിച്ചാകുമ്പോൾ ഒരാളിൽ ഉടലെടുക്കുന്ന അസ്വസ്ഥതയെയാണ് തുറന്നുകാട്ടുന്നത്. ഹൃദയ സ്പർശിയായ ഒരു കവിത കൂടിയാണിത്.
“ഓണത്തിന്
പൂപറിക്കാൻ പോയ കുട്ടികൾക്ക്
തെറ്റിപ്പൂ
മൂക്കുറ്റി
ചെമ്പരത്തി
ഒന്നും കിട്ടിയില്ല
പഴയ മൊബൈൽ ഫോൺ ചാർജർ
ടി വി
കമ്പ്യൂട്ടർ മോണിറ്റർ
ഇയർ ഫോൺ കൊണ്ട്
പൂക്കളമൊരുക്കി.”
കാലം മാറുന്നതിനനുസരിച്ച് വലിയ മാറ്റങ്ങളാണ് ഈ ഭൂമിയിൽ സംഭവിക്കുന്നതെന്ന് ഈ വരികളിലൂടെ അനുവാചകർക്ക് എളുപ്പം ഗ്രഹിക്കാം. ഈ സമാഹാരത്തിലെ വളരെ ശ്രദ്ധേയമായ ഒരു കവിത കൂടിയാണിത്. സമകാലീക സാമൂഹ്യ പരിസരങ്ങളുമായുള്ള കവിയുടെ സംവാദങ്ങൾ ഈ സമാഹാരത്തിൽ നിറഞ്ഞു നിൽക്കുന്നു.
കദീശുമ്മയും മാളുവമ്മയും തമ്മിലുള്ള അടുത്ത സൗഹൃദമാണ് ‘കദീശുമ്മയുടെ ഒസ്യത്തിന്റെ’ ഇതിവൃത്തം. കുറച്ച് പൂളയും മീൻകറിയും ഭക്ഷിക്കാനും, അമ്പലത്തിലെ ഉത്സവത്തിനു പോകുന്ന വഴികളില്‍ ഒന്നുകൂടെ നടക്കാനും, കൊയ്ത്തുപാടങ്ങളില്‍ കറ്റ കെട്ടിയ കാലം ഓര്‍ത്തെടുക്കാനും കദീശുമ്മ അവസാനമായി ആഗ്രഹിക്കുകയാണ്. “മാളുവിന്റെ വീട്ടുമുറ്റത്തെ മൈലാഞ്ചിക്കൊമ്പൊന്ന് മുറിച്ചുതരണം, കിണറ്റില്‍ നിന്ന് ഒരുപാള വെള്ളം മുക്കിത്തരണം ” എന്നൊക്കെ ഈ കവിതയിലെ മനം കവരുന്ന വരികളാണ്
കേളന്റെ മരണം, കോഴിപ്പോര്, കുഞ്ഞുങ്ങള്‍ എന്നീ കവിതകൾ സമകാലിക രാഷ്ട്രീയത്തിന്റെ നേര്‍ചിത്രങ്ങളിലേക്ക് തുറന്നു വെച്ച കവിതയുടെ കളങ്കമില്ലാത്ത കുഞ്ഞിളം കണ്ണുകളാണ്.
2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എഴുതി, വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച 63 കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. പി. രാമൻ, മോഹനകൃഷ്ണൻ കാലടി, പി.പി. ശ്രീധരനുണ്ണി എന്നിവരുടെ കവിതാ വായനകളും ഈ പുസ്തകത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല