തുല്യതയ്‌ക്കൊപ്പമോ നീതി…???

0
260

“There is no limit to what we, as women, can accomplish. ”
-Michelle Obama

പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം മുൻനിർത്തി വർഷാവർഷം നാം അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നുണ്ട്. എന്നാൽ അതുവഴി എത്രത്തോളം സ്ത്രീശാക്തീകരണം സാധ്യമാവുന്നുണ്ട് എന്നത് ഇക്കാലത്തും ഒരു പ്രധാന ചോദ്യം തന്നെയാണ്. പുരുഷനാൽ കൈകാര്യം ചെയ്യപ്പെടുന്നൊരു ലോകത്ത് അവിടെ ജീവിക്കാൻ മാത്രം അനുവാദമുള്ള രണ്ടാം തരത്തിൽ പെട്ട ഒരു ലിംഗമായി മാത്രം സ്ത്രീകളെ കാണുന്നവർക്കിടയിലാണ് ഇന്നും നാം ജീവിക്കുന്നത് എന്നത് തീർത്തും അത്ഭുതമില്ലാതെ പറയാൻ സാധിക്കുന്ന യാഥാർഥ്യമാണ്. തന്റെ ആവശ്യങ്ങളെ ചോദ്യം ചെയ്യുന്ന, നീതികേടിനെതിരെ വിരൽ ചൂണ്ടുന്ന ഓരോ സ്ത്രീകൾക്കും ചരിത്രത്തിൽ അഹങ്കാരിയെന്ന് തന്നെ ആയിരിക്കും മുദ്രണം ചെയ്യപ്പെടുന്ന പേര്.

114 വർഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കുമ്പോൾ, 1909 ൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 15000 ത്തോളം സ്ത്രീകൾ കുറഞ്ഞ വേതനത്തിനെതിരെയും, തുല്യതാവകാശത്തിന് വേണ്ടിയും, വോട്ടവകാശത്തിന് വേണ്ടിയും ന്യൂയോർക്കിൽ സംഘടിക്കുകയും പിന്നീടത് രാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം, 1910 ൽ കോപ്പൻഹേഗനിൽ വെച്ചു നടന്ന വനിതാ തൊഴിലാളികളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ക്ലാര സീത്കിനാണ് അന്താരാഷ്ട്ര വനിതാദിനം എന്ന മഹത്തായ ആശയം ഉയർത്തുന്നത്. പിന്നീട് 1917 മാർച്ച് എട്ടിന് റഷ്യയിലെ പെട്രോഗ്രഡിൽ ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടി സ്ത്രീകൾ നടത്തിയ സമരം വനിതാദിനത്തിന്റെ ചരിത്രത്തെ പുനഃപരിശോധിക്കുമ്പോൾ റഷ്യൻ വിപ്ലവത്തിന്റെ ഒരു സുപ്രധാന ഘട്ടമായി തന്നെ രേഖപ്പെടുത്താവുന്ന ഒന്നാണ്. 1975 ൽ ഐക്യരാഷ്ട്രസഭ സാർവ്വദേശീയമായി വനിതാദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിക്കുകയും, “ഭൂതകാലത്തെ ആഘോഷിക്കുക, ഭാവി ആസൂത്രണം ചെയ്യുക” എന്ന പ്രമേയം മുന്നോട്ട് വെയ്ക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്തും തൊഴിലിടങ്ങളിലും തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിലും ലിംഗസമത്വത്തിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കുക എന്നത് തന്നെയായിരുന്നു എല്ലാ കാലവും നിലനിന്നിരുന്ന അടിസ്ഥാന ആശയം. എന്നാൽ, സമൂഹത്തിൽ പുരുഷന് മേൽ ഉയർന്നുവരുന്ന സ്ത്രീ അപകടമാണെന്ന തെറ്റിദ്ധാരണ ഉയർത്തുന്ന കടുത്ത വെല്ലുവിളി എക്കാലവും തുടർന്നു പോരുന്നുണ്ട്. കായികശേഷിയെ മാത്രം മുൻനിർത്തി പുരുഷന്മാരെ തിരഞ്ഞെടുക്കുമ്പോഴും സ്വന്തം കഴിവും ബൗദ്ധിക നിലവാരവും തെളിയിക്കാനുള്ള അവസരങ്ങൾ സ്ത്രീകൾക്ക് അനുവദിക്കാത്തിടത്തോളം കാലം ഇനിയും ഈ വിവേചനം തുടർന്നുകൊണ്ടേയിരിക്കും.

വനിതകൾക്ക് മാത്രമായുള്ള ഒരു ദിനത്തിന്റെ ആവശ്യകത എന്തെന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ യഥാർത്ഥത്തിൽ അത്തരത്തിലുള്ളവർക്ക് ഇതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2021ൽ 4,28,278 കേസുകൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 നെ അപേക്ഷിച്ച് 15.3 % വർദ്ധനവാണുള്ളത് (3,71,503). IPC പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും “ഭർത്താക്കന്മാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരത” (31.8%), “സ്ത്രീകളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുക” (20.8%), “ബലാത്സംഗം” (7.4%) ഇപ്രകാരമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021ൽ പുറത്തുവിട്ട NCRB ഡാറ്റ അനുസരിച്ച്, ഒരുലക്ഷം ജനസംഖ്യയിൽ സ്ത്രീകൾക്കെതിരായി രജിസ്റ്റർ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ നിരക്ക് 64.5% ആയിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവരുടെ സംരക്ഷണം ഏത് വിധേനയും ഉറപ്പുവരുത്തുക എന്നത് നിലവിലെ ഭരണകൂടത്തിന്റെയും നിയമത്താൽ വ്യവസ്ഥാപിതമായ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

“ലിംഗസമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും” എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രമേയം. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാങ്കേതികവിദ്യ എത്രത്തോളം സഹായകരമാകുന്നു എന്നതാണ് ഈ വനിതാ ദിനത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. ഡിജിറ്റൽ രംഗത്ത് വർദ്ധിച്ചു വരുന്ന ലിംഗവ്യത്യാസത്തിൽ നിന്ന് തുടങ്ങി സൈബർ ലോകത്ത് നേരിടുന്ന അരക്ഷിതാവസ്ഥയിലേക്ക് നീണ്ടുപോകുന്നു വെല്ലുവിളികൾ. പൊതുവേ ശാസ്ത്രസാങ്കേതിക മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം പുരുഷന്മാരെ അപേക്ഷിച്ച് കുറവാണ്. മാത്രമല്ല ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, പുരുഷന്മാരെക്കാൾ 259 ദശലക്ഷം കുറവ് സ്ത്രീകൾക്കാണ് ഇന്റർനെറ്റ് കൈകാര്യം ചെയ്യാനുള്ള കഴിവുള്ളത്.

മുൻവിധിയും സ്റ്റീരിയോടൈപ്പിംഗും വിവേചനവും ഇല്ലാത്ത പുരുഷന്മാരും സ്ത്രീകളും തത്തുല്യരായി വ്യാപിച്ചുകിടക്കുന്ന ഒരു ലോകം ചിന്തിച്ചു നോക്കൂ. വൈവിധ്യങ്ങളെ വിലമതിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു സമൂഹം. തുല്യതയും നീതിയും തമ്മിൽ ബൃഹത്തായ ഒരു അന്തരമുണ്ട്. തുല്യത എന്നത് ഓരോ വ്യക്തിക്കും അവരുടെ ജീവിതവും കഴിവുകളും പരമാവധി പ്രയോജനപ്പെടുത്താൻ തുല്യ അവസരമുണ്ടെന്ന് ഉറപ്പാക്കലാണ്. എവിടെ ജനിച്ചു, എവിടെ നിന്ന് വരുന്നു, എന്തിലെല്ലാം വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ ആർക്കും അവസരങ്ങൾ നഷ്ടപ്പെടരുത് എന്നതു കൂടിയാണ്. ധാർമികത, യുക്തിബോധം, നിയമം, പ്രകൃതി നിയമം, മതം അല്ലെങ്കിൽ തുല്യത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ധാർമിക അവകാശത്തിന്റെ ഒരു ആശയമാണ് നീതി. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് തുല്യത ഉറപ്പുവരുത്തുന്നത് പോലെ നീതിയെ തുല്യമായി വിഭജിക്കാൻ സാധിക്കുകയില്ല. ഈ വനിതാദിനത്തിൽ തുല്യതയേക്കാൾ ഉപരിയായി നീതിയെ പുണരുക അഥവാ Embrace Equity എന്ന ആശയത്തിലൂന്നി ലിംഗവിവേചനമില്ലാതെ സ്ത്രീകളായി അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യരെയും ചേർത്തുപിടിക്കാനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും അവസരങ്ങൾ പ്രദാനം ചെയ്യാനും സാധിക്കട്ടെ.

1978 ൽ പ്രമുഖ അമേരിക്കൻ കവയിത്രിയും പൗരാവകാശ പ്രവർത്തകയുമായിരുന്ന മായ ആഞ്ചലോ എഴുതിയ “Still I Rise” എന്ന കവിതയിലെ വരികളെ ഓർക്കുന്നു. സ്ത്രീത്വത്തെയും ലൈംഗികതയെയും അഭിനന്ദിക്കുന്ന അടിച്ചമർത്തലുകൾക്ക് അതീതമായി സധൈര്യം ഉയർന്നതിനെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്ന വരികൾ.

“You may write me down in history
With your bitter, twisted lies,
You may trod me in the very dirt
But still, like dust, I’ll rise. ”


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here