ജാതി സെൻസസ് മണ്ഡൽ കാലത്തേക്ക് വഴിമാറുന്ന ദേശീയ രാഷ്ട്രീയം

0
118
(ലേഖനം)
സഫുവാനുൽ നബീൽ ടിപി
ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ അനേകം മുന്നേറ്റങ്ങളുടെ പ്രഭവ കേന്ദ്രമാണ് ബീഹാര്‍. ഗാന്ധിയുടെ ആദ്യത്തെ സത്യാഗ്രഹ സമരം ഉടലെടുക്കുന്നത് ബിഹാറിലെ ചമ്പാരനിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഒരു വഴിത്തിരിവായിരുന്നു അത്. ജയപ്രകാശ് നാരായണന്റെയും ലാലുപ്രസാദ് യാദവിന്റെയും മുന്നേറ്റങ്ങള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിയെഴുതിയവയായിരുന്നു. ഇങ്ങനെ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ മുന്നേറ്റങ്ങളെ നട്ടുനനക്കുന്നതില്‍ എന്നുമെന്ന പോലെ ഇന്നും ബിഹാറിന് അനിഷേധ്യ പങ്കുണ്ടെന്ന് വേണം പറയാന്‍. പത്തുവര്‍ഷത്തിലൊരിക്കല്‍ നടന്നുപോന്നിരുന്ന പൊതു സെന്‍സസ് പോലും നടത്തുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരാജയപ്പെട്ട വേളയിലാണ്, ബിഹാര്‍ ജാതി സെന്‍സസുമായി മുന്നോട്ട് പോയത്. കൃത്യമായ രാഷ്ട്രീയ സൂചന കൂടിയായിരുന്നു അത്. ഈ വര്‍ഷം ആദ്യത്തിലാണ് സെന്‍സസ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ബിഹാറിന് പുറമെ ഒഡിഷയും ജാര്‍ഖണ്ഡും ജാതി സെന്‍സസുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ‘മഹാ വികാസ് അഘാഡി’ സര്‍ക്കാരിന്റെ കാലത്ത് മഹാരാഷ്ട്ര നിയമസഭയും ജാതി സെന്‍സസിനായി പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അത് പൂർത്തിയാക്കുവാനോ പ്രസിദ്ധീകരിക്കുവാനോ അവർക്ക് കഴിഞ്ഞില്ല.ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ അടർത്തിമാറ്റാനാവാത്ത ആണിക്കല്ലാണ്‌ ജാതി രാഷ്ട്രീയ വ്യവഹാരങ്ങൾ.ബ്രിട്ടീഷ് സർക്കാർ 1931ൽ നടത്തിയ ജാതി സെൻസസിന് ശേഷം ദേശീയ തലത്തിൽ ഒരു സർക്കാരും അത് നടത്താൻ മുന്നോട്ടുവന്നില്ല ആ നിലക്ക് നിലവിലെ ബീഹാറിലെ ജാതി സെൻസസ് രാഷ്ട്രീയത്തിൽ  ദൂരവ്യാപകമായ അലയൊലികൾ സൃഷ്ടിച്ചേക്കും.
ബിഹാര്‍ സര്‍ക്കാര്‍ മാസങ്ങളെടുത്ത് തയ്യാറാക്കിയ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ഗാന്ധി ജയന്തി ദിവസം പുറത്തുവന്നിരിക്കുന്നു
ജാതി സെന്‍സസ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട ആയിരിക്കുമെന്നത് ഉറപ്പാണ്. സനാതന ധര്‍മത്തെ ചുറ്റിപ്പറ്റിയുള്ള വിവാദവും അതില്‍ നിന്നുള്ള രാഷ്ട്രീയ നേട്ടവും മുന്നില്‍ക്കണ്ടാണ് ബി.ജെ.പി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. മോദി തന്നെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നായകന്‍. ‘ജാതി സെന്‍സസ്’ ചിലപ്പോള്‍ ബി.ജെ.പിയെ പുനരാലോചന നടത്താന്‍ പ്രേരിപ്പിച്ചേക്കാം. കേരളത്തില്‍ പോലും ധൃതിപ്പെട്ട് നടപ്പാക്കിയ 2019 ലെ E.W.S (സാമ്പത്തിക സംവരണം) സംവരണത്തെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കും. ജനസംഖ്യയില്‍ 15 ശതമാനം മാത്രം വരുന്ന മുന്നോക്കക്കാര്‍ക്ക് 10% സംവരണം ലഭിക്കുമ്പോള്‍, 63 ശതമാനത്തോളം വരുന്ന പിന്നോക്കക്കാര്‍ക്ക് (OBC + EBC) 27% മാത്രമാണ് സംവരണം. വനിതാ സംവരണ ബില്ലിലെ ഉപസംവരണത്തില്‍ ഒ.ബി.സിയെ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യവും ഉണ്ട്. കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ ഒ.ബി.സി സമുദായങ്ങളില്‍ നിന്നും ബി.ജെ.പി ക്ക് ലഭിക്കുന്ന പിന്തുണ ഏറിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 ശതമാനം ഒ.ബി.സി വോട്ടുകള്‍ ബി.ജെ.പി ക്ക് ലഭിച്ചുവെന്നാണ് കണക്കുകള്‍. ആ നിലക്ക് ഒബിസി സമുദായത്തെ പ്രീതിപ്പെടുത്തി നിർത്തുവാൻ  വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്  ക്രിയാത്മക നടപടികളിലേക്ക് തിരിയാൻ  ബിജെപിയ്ക്ക് ജാതി സെൻസസ് വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ കാണേണ്ടിവരും. ബി.ജെ.പി വലിയൊരു ധര്‍മസങ്കടത്തിലാണ് അകപ്പെട്ടിട്ടുള്ളത്. സെന്‍സസ് റിപ്പോര്‍ട്ടിനെ ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോയാല്‍ മുന്നാക്ക ജാതികളില്‍ നിന്നുള്ള ഉറച്ച പിന്തുണ നഷ്ടപ്പെടുമോയെന്ന ഭയം അവര്‍ക്കുണ്ട്. ഇനി റിപ്പോര്‍ട്ടിനെ അവഗണിക്കുകയാണെങ്കില്‍, ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ, പ്രത്യേകിച്ച് ഒ.ബി.സി പിന്തുണ നഷ്ടപ്പെടും.
2021ലെ സെന്‍സസ് രാജ്യത്ത് നടന്നിട്ടില്ല. 2011ലെ ജാതി സെന്‍സസ് ഡാറ്റ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കൈവശം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 130 കോടി ഇന്ത്യക്കാരുടെ ജാതി തിരിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശം ഇപ്പോള്‍ പ്രസിദ്ധീകരിക്കാതെ ഇരിക്കുന്നുണ്ട് എന്നര്‍ഥം. 2011നു മുമ്പ് സ്വതന്ത്ര ഇന്ത്യയില്‍ ജാതി സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ ജാതികളുടെ പേരിന് ഐകരൂപ്യം നല്‍കാന്‍ 2011ലെ സെന്‍സസിനു സാധിച്ചിട്ടില്ല. 1931ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 4147 ജാതികളാണ് ഉള്ളത്. എന്നാല്‍ ഒരേ ജാതിയുടെ പേര് വിവിധ രീതിയില്‍ എഴുതുന്നതിനാല്‍ ജാതികളുടെ എണ്ണം അനേകം മടങ്ങായി മാറിയെന്നതാണ് 2011ലെ സെന്‍സസ് ഡാറ്റയുടെ പരിമിതി. ഇതോടെ ജാതി സെന്‍സസ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത് പ്രതിസന്ധിയിലായി. ജാതികളുടെ എണ്ണത്തെക്കുറിച്ചു പോലും കൃത്യമായ ധാരണ സര്‍ക്കാരിനില്ല. കേന്ദ്ര ഗവണ്‍മെന്റ് ലിസ്റ്റ് പ്രകാരം രാജ്യത്ത് ഒബിസി വിഭാഗത്തില്‍ പെട്ട 2479 ജാതികളുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ കൈവശമുള്ള ലിസ്റ്റ് പ്രകാരം ഒബിസി വിഭാഗത്തില്‍ 3150 ജാതികള്‍ ഉള്‍പ്പെടുന്നു (ദ ഹിന്ദു). 2011ലെ സെന്‍സസില്‍ ജാതികളുടെ പേര് രേഖപ്പെടുത്തുന്നതില്‍ പാളിച്ചകള്‍ ഉണ്ടായെന്ന ആക്ഷേപത്തെ സെന്‍സസ് രജിസ്ട്രാര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണ് ജാതി സെന്‍സസ്.
ബഹുജനങ്ങളുടെ ശാക്തീകരണത്തി അവസര സമത്വത്തിനുള്ള വകാശം ഉറപ്പുനല്‍കുന്ന ഇന്ത്യയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പുറന്തള്ളുന്ന അദൃശ്യമായ ഒരു അരിപ്പ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം തീര്‍ച്ചയാണ്. അതിനാല്‍ തന്നെ രാജ്യത്ത് സാമൂഹിക ശാക്തീകരണത്തിന് കരുത്തു പകരാന്‍ ജാതി സെന്‍സസ് അനിവാര്യമായ ഘടകമാണ്.രാജ്യത്ത് സെന്‍സസ് നടത്താനുള്ള അവകാശം സെന്‍സസ് ആക്ട് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസിനെ മുഖവിലയ്ക്ക്ടുക്കാൻ തയ്യാറാകാത്തതും തൽസ്ഥിതി തുടർന്നു പോകാനുള്ള താല്പര്യം ഉള്ളതുകൊണ്ടാണ്.
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പൂര്‍ണമായ ജാതി സെന്‍സസ് പൂർത്തീകരിക്കുന്നതാവട്ടെ ബിഹറിലെ ജനസംഖ്യയിൽ നല്ലൊരു പങ്കും പിന്നോക്ക വിഭാഗക്കാരാണ് എന്നുള്ളത്കൊണ്ടാണ്. സമൂഹത്തിലെ എല്ലാ ദുര്‍ബല വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി ഉറപ്പാക്കുന്നതാണ് ജാതി സെന്‍സസ് എന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭിപ്രായം.
വിവിധ ജനവിഭാഗങ്ങളുടെ സാമൂഹികമായ ഉണര്‍വിനെ അപ്രസക്തമാക്കി ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാണിച്ച് രാജ്യത്തിന്റെ ഭരണം കൈവെള്ളയില്‍ നിലനിര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും ശക്തമായ പ്രതിരോധമാണ് ജാതി സെന്‍സസിലൂടെ മതേതര കക്ഷികള്‍ മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യ മുന്നണി അധികാരത്തെത്തിയാൽ രാജ്യത്ത് തുടർന്നുള്ള ജാതി സെൻസസ് നടപ്പിലാക്കുമെന്ന്  മോഹവാഗ്ദാനം  നൽകിയത്.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും പ്രത്യേക പരിരക്ഷകളും അവകാശങ്ങളും ഇന്ത്യൻഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്. ആയതിനാൽ ജാതി സെൻസസ് അതിന്റെ പരിധിയിൽ നിന്ന് വ്യാഖ്യാനിക്കാവുന്നതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 15 (4), 16 (4) പ്രകാരം,വിദ്യാഭ്യാസ- ഉദ്യോഗ മേഖലകളിൽ ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിഭാഗങ്ങൾക്ക് വരുമാനത്തിന്റെ കാര്യത്തിലുള്ള അന്തരം ലഘൂകരിക്കണമെന്നും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലാതാക്കണമെന്നും ആർട്ടിക്കിൾ 38 (2) പറയുന്നു.ഒപ്പം, ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധയോടെയുള നടപടികൾ ഉണ്ടാകണമെന്നും ആർട്ടിക്കിൾ 46 നിർദ്ദേശിക്കുന്നുണ്ട്. അവരുടെ വിഷമതകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാൻ രാഷ്ട്രപതിക്ക് കമ്മിഷനെ നിയമിക്കാമെന്ന് നിർദ്ദേശിക്കുന്നതാണ് ആർട്ടിക്കിൾ 340(1). ഇയാൾ തന്നെ ഇന്ത്യയിലെ ജാതികളെ തിരിച്ചറിയുന്നതിനുള്ള സെൻസസ് പ്രക്രിയയെ നിയമപരമായി നിരാകരിക്കാനാവില്ല എന്നത് മനസ്സിലാക്കേണ്ടതുണ്ട്.
ജാതി സെന്‍സസ് എടുക്കുന്നതിലൂടെ ഓരോ ജാതിയുടെയും രാജ്യത്തെ ജനസംഖ്യ വേര്‍തിരിച്ച് അറിയാന്‍ സാധിക്കുന്നു.ഓരോ ജാതിക്കും സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പ്രാതിനിധ്യം തിരിച്ചറിയാന്‍ സാധിക്കുന്നു. ദേശീയതലത്തിലും വിവിധ സംസ്ഥാനങ്ങളിലും അനുവദിച്ചിരിക്കുന്ന ഒബിസി സംവരണം പിന്നാക്കവിഭാഗങ്ങളുടെ ജനസംഖ്യയുമായി തുലനം ചെയ്യാന്‍ സാധിക്കുന്നു. വിവിധ പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളിലൂടെ നീക്കിവെക്കുന്ന ഫണ്ട് ജനസംഖ്യാപരമായി മതിയായതാണോ എന്നു പരിശോധിക്കാനും ജാതി സെന്‍സസിലൂടെ സാധിക്കുന്നു. രാജ്യത്തിന്റെ ബജറ്റ് വിഹിതം, അധികാര പങ്കാളിത്തം, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ വലിയ സംവാദങ്ങള്‍ക്ക് വഴിതെളിയിക്കാന്‍ ജാതി സെന്‍സസിന് സാധിക്കുമെന്നര്‍ഥം.
രാജ്യം സ്വതന്ത്രമായി മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ജനാധിപത്യ ഇന്ത്യയില്‍ അധികാരത്തിന്റെ ജനാധിപത്യവത്കരണം പൂര്‍ത്തിയായിട്ടില്ല. സാമൂഹികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവര്‍ രാഷ്ട്രീയാധികാരത്തിന്റെ സിംഹഭാഗവും കൈയാളുന്നു. സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മണ്ഡലങ്ങളെല്ലാം ഉയര്‍ന്ന ശ്രേണിയില്‍ പെട്ടവര്‍ തന്നെയാണ് തൽസ്ഥാനങ്ങൾ   കൈയാളുന്നത്. സാമൂഹികമായും ചരിത്രപരമായും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് പുറന്തള്ളപ്പെടുകയും അവഗണനയോടെ അതിജീവിക്കുകയും സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി ക്ലേശിച്ചു ജീവിക്കുകയും ചെയ്യുന്നു. ശൂദ്രവര്‍ണരായ ഒബിസിക്കാര്‍ രാജ്യത്തെ ഭൂരിപക്ഷമാണ്. 1931ലെ സെന്‍സസ് പ്രകാരം അവര്‍ രാജ്യത്തിന്റെ 53% വരും. കാര്‍ഷിക ജോലികളും കൈത്തൊഴിലുകളും കരകൗശല പ്രവൃത്തികളും കൂലിവേലയുമായി അവര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ്. പട്ടികജാതി-പട്ടികവര്‍ഗങ്ങളുടെ ജനസംഖ്യാ ഡാറ്റ സര്‍ക്കാരുകളുടെ കൈവശം ലഭ്യമാണ്. എന്നാല്‍ ഒബിസിയുടെ ജനസംഖ്യാ ഡാറ്റ രാജ്യത്ത് ലഭ്യമല്ല. മുസ്‌ലിം, യാദവ, മറാത്ത എന്നിവരുടെ ജനസംഖ്യയെ കുറിച്ച് അനുമാനങ്ങള്‍ മാത്രമാണുള്ളത്.ആ അനുമാനക്കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നാമമാത്രമായ ഒബിസി സംവരണം.ആ സംവരണം തന്നെ മണ്ഡല്‍കാല സമരങ്ങളുടെ വിജയമാണ്.
ഹിന്ദുത്വ പ്രചാരവേലകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാഗികമായി മാത്രമേ വിജയിക്കുകയുള്ളൂ. താഴ്ന്ന ജാതിക്കാരുടെ പിന്തുണയില്ലാതെ ബിജെപിക്ക് തിരഞ്ഞെടുപ്പുവിജയം അസാധ്യമാണ്.ഈ പ്രതിസന്ധി മറികടക്കാന്‍ തന്ത്രപരമായ രാഷ്ട്രീയനീക്കങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഒബിസി വിഭാഗത്തിന്റെ ശക്തമായ യാദവ രാഷ്ട്രീയത്തെ അതിനെക്കാള്‍ പിന്നാക്കമായ ഒബിസി വിഭാഗങ്ങളെ ഉപയോഗിച്ചാണ് ബിജെപി പരാജയപ്പെടുത്തുന്നത്. അതിനു വേണ്ടിയാണ് ‘ഒബിസി മഹാകുംഭും’ വിശ്വകര്‍മ ജയന്തിയും ബിജെപി നടത്തുന്നത്.
തൊണ്ണൂറുകളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വഴിമാറ്റം സൃഷ്ടിച്ച മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ക്ക് സമാനമായി ബിഹാറിലെ ജാതിസര്‍വേ ഫലം പുറത്തുവന്നത്തോടെ വീണ്ടും ഇന്ത്യയുടെ രാഷ്ട്രീയം ജാതിയെന്ന യാഥാർഥ്യത്തിലേക്ക് ഒരിക്കൽകൂടി തിരിയുകയാണ്. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് 27% സംവരണം ശുപാർശ ചെയ്യുന്ന മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിനെ തുടർന്ന് 1990-കളിൽ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട ഉണർവും, അതിനെ അക്രമാക്തമായ പ്രക്ഷോഭങ്ങളിലൂടെ നേരിട്ട സവർണ ലോബികൾ മണ്ഡലിനു പകരം കമണ്ഡൽ ഉയർത്തി നടത്തിയ അഴിഞ്ഞാട്ടവും മറക്കാറായിട്ടില്ല. പിന്നാക്ക ജനതയ്ക്ക് ഉദ്യോഗങ്ങളിലും വിദ്യാലയ പ്രവേശനത്തിലും 27% സംവരണം നിലവിൽ വന്നെങ്കിലും, സാമൂഹികമായും വിദ്യാഭ്യാസപരമായും അവഗണനയുടെ പടുകുഴിയിൽ കിടന്നിരുന്ന വിഭാഗങ്ങൾക്ക് അത് പൂർണതോതിൽ ലഭ്യമാക്കാതിരിക്കുന്നതിൽ അധികാരം കൈയാളുന്ന സവർണ ലോബികൾ വിജയിച്ചു. അതിന്റെ ഫലമാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഒത്താശയോടെ നടപ്പിലാക്കിയതാണ് ക്രീമിലെയർ എന്നു വാദിക്കുന്ന നിരീക്ഷകരുണ്ട്.
 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് അജൻഡയാണ് ജാതി സെൻസസ്. ബി.ജെ.പിയുടെ കമൽ രാഷ്ട്രീയത്തിനെതിരേ മണ്ഡൽ രാഷ്ട്രീയം പരീക്ഷിക്കാനാണ് ഇൻഡ്യ മുന്നണിയുടെ തീരുമാനം.
പിന്നോക്കവിഭാഗങ്ങളെയെല്ലാം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കുടക്കീഴിൽ കൊണ്ടുവരുവാനുള്ള ബി.ജെ.പിയുടെ തന്ത്രത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള ആയുധമാണ് മണ്ഡൽ രാഷ്ട്രീയം.1990ൽ രാമക്ഷേത്രനിർമാണം ആഹ്വാനംചെയ്ത് എൽ.കെ അദ്വാനി നടത്തിയ രഥയാത്രയ്ക്ക് തടയിടാനായിരുന്നു വി.പി സിങ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയത്. അന്നു മുതൽ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രഹരശേഷിയുള്ള ആയുധം മണ്ഡൽ രാഷ്ട്രീയമാണ്. അതാണ് ഇപ്പോൾ പ്രതിപക്ഷം പൊടിതട്ടിയെടുത്തിരിക്കുന്നത്.
മണ്ഡല്‍ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവ് ആകുമെന്നതാണ് പ്രത്യേകത. മുസ്‌ലിം സംവരണത്തെ എതിര്‍ത്ത്, പൊതുശത്രുവിനെതിരെ ജാതിയില്ലാത്ത ഹിന്ദു എന്ന മിഥ്യാസങ്കല്‍പ്പത്തെ അവതരിപ്പിച്ചു വോട്ട് നേടുകയെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റിപ്പോന്നിരുന്നത്. മുന്‍ കര്‍ണാടക സര്‍ക്കാരിന്റെ മുസ്ലിം സംവരണം എടുത്തു കളഞ്ഞ നടപടി ഇതിനൊരുദാഹരണമാണ്.തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലികളിലുടനീളം മുസ്ലിം പിന്നോക്കക്കാര്‍ക്കുള്ള സംവരണം എടുത്തു കളയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാഹ് പ്രസംഗിച്ചത്. എന്നാല്‍, ‘ജാതി സെന്‍സസ്’ ബി.ജെ.പി യുടെ ആ കുതന്ത്രത്തെയും പൊളിച്ചു കളയും.
1990 മുതലിങ്ങോട്ട് ഹിന്ദി ഹൃദയഭൂമിയില്‍ ‘മണ്ഡല്‍ രാഷ്ട്രീയവും’ ‘മന്ദിര്‍ രാഷ്ട്രീയവും’ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്. പൊതു ശത്രുവിനെ ചൂണ്ടിക്കാട്ടി, ജാതിയെന്നത് മിഥ്യയാണെന്നു പറഞ്ഞു, ‘ഹിന്ദു’ എന്ന സ്വത്വത്തെ സൃഷ്ടിച്ച് വോട്ടുനേടുന്ന രീതിയാണ് ‘മന്ദിര്‍ രാഷ്ട്രീയം’. ജാതിയെന്ന യാഥാര്‍ഥ്യത്തെ ചൂണ്ടിക്കാട്ടി, അര്‍ഹമായ പ്രതിനിധ്യമെന്ന ആവശ്യമുയര്‍ത്തി ജാതി വോട്ടുകള്‍ സമാഹരിക്കുന്നതാണ് ‘മണ്ഡല്‍ രാഷ്ട്രീയം’. മന്ദിര്‍ രാഷ്ട്രീയം വിജയിച്ചു നില്‍ക്കുന്ന ഒരു അന്തരീക്ഷത്തില്‍, വീണ്ടുമൊരു മണ്ഡല്‍ ഉദയമാണ് പ്രതിപക്ഷ കക്ഷികളുടെ കണക്കു കൂട്ടല്‍. അത് എത്രത്തോളം വിജയം കൈവരിക്കുമെന്നും, ബി.ജെ.പി ഏതു തരത്തിലുള്ള പ്രതിരോധം തീര്‍ക്കുമെന്നുമുള്ള കാര്യം ആകാംക്ഷയുയര്‍ത്തുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് മണ്ഡല്‍ രാഷ്ട്രീയം വീണ്ടും ചർച്ചയാക്കി, ഒ.ബി.സി വോട്ടുബാങ്കിൽ ബി.ജെ.പിക്കുള്ള സ്വാധീനം മറികടക്കുക എന്നതാണ് പ്രതിപക്ഷ മുന്നണിയുടെ ലക്ഷ്യം. രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ഇൻഡ്യാ മുന്നോട്ടുവയ്ക്കുന്നത്.
ഇക്കഴിഞ്ഞ ജൂണിൽ പാറ്റ്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിതീഷ് കുമാർ ജാതി സെൻസസിന്റെ പ്രാധാന്യത്തെക്കുറിച്ച്  ചൂണ്ടിക്കാണിച്ചിരുന്നു. സഖ്യത്തിന്റെ പ്രധാന അജണ്ടകളിലൊന്നായിരിക്കണം ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വിജയിച്ചാൽ ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിക്കണമെന്നത് നിതീഷ് കുമാർ ആവശ്യമായിരുന്നു ചില പാർട്ടികൾ ഈ ആശയത്തോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, മറ്റ് ചില സംസ്ഥാനങ്ങൾ സമാനമായ സർവേ ‌നടത്താൻ ആലോചിക്കുന്നുണ്ട്.
ബീഹാർ സർക്കാർ നടത്തിയ ജാതി സർവേയുടെ വിശദാംശങ്ങൾ മഹാരാഷ്ട്ര സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം, ആം ആദ്മി പാർട്ടി, എൻസിപി, സമാജ്‌വാദി പാർട്ടി, ബിജെഡി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ജാതി സർവേയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിലേതിന് സമാനമായ ജാതി സെൻസസ് വേണമെന്നത് രാഹുൽ ഗാന്ധിയും ശക്തമായി ആവശ്യപ്പെട്ടതോടെ ഇന്ത്യ മുന്നണിയിൽ തൃണമൂൽ കോൺഗ്രസാണ് ഫലത്തിൽ ജാതി സെൻസസിനെ എതിർക്കുന്നത്.
തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഇതുവരെ കോണ്‍ഗ്രസ് കാര്യമായി പരിഗണിക്കാത്ത വിഭാഗമാണ് ഒബിസി. മണ്ഡൽ കമ്മീഷൻ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ നടപ്പിലാക്കാനുള്ള കോൺഗ്രസിന്റെ പല ശ്രമങ്ങളും വടക്കൻ സംസ്ഥാനങ്ങളിൽ വേണ്ടത്ര വിധത്തിൽ കാര്യമായ നേട്ടങ്ങളൊന്നും കോൺഗ്രസിന് നേടി കൊടുത്തിട്ടില്ല. ബ്രാഹ്‌മണരുള്‍പ്പെട്ട സവര്‍ണരും ദളിതരും മുസ്ലീങ്ങളും എന്ന സമവാക്യമാണ് കോണ്‍ഗ്രസ് പൊതുവില്‍ അതിന് ശക്തിയുണ്ടായിരുന്ന 80 കളില്‍ ഉത്തരേന്ത്യയില്‍ പയറ്റിയത്. (ക്ഷത്രിയ ഹരിജന്‍-ആദിവാസി- മുസ്ലിം -KHAM പോലുള്ള സോഷ്യല്‍ എൻജിനിയറിങ്ങുകള്‍). ഇതില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു കാലത്ത് ഒബിസിയെ ലക്ഷ്യമിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. പിരിഞ്ഞുപോയ ഒബിസി വിഭാഗങ്ങളിലേക്കെത്താന്‍ ജനതാപരിവാര്‍ പാര്‍ട്ടികളും. രാഷ്ട്രീയം ജാതി പറയുമ്പോള്‍ ബിജെപിയുടെ ‘ഇന്‍ക്ലൂസീവ്’ ഹിന്ദുത്വത്തിന്റെ അടിത്തറ ഇളകുമോ എന്നതാണ് വരാനിരിക്കുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ വിദഗ്ധർ നോക്കിക്കാണുന്നത്.
നമ്മുടെ രാജ്യത്തെ രാഷ്ട്രീയ, ഭരണ, അധികാര കേന്ദ്രങ്ങളിലും സാമ്പത്തികമായ വിഭജനങ്ങളിലും തുലോം അവഗണിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങളുടെ, പ്രത്യേകിച്ചും ദളിത് ആദിവാസി വിഭാഗങ്ങളുടെ ഡാറ്റകൾ കൃത്യമായി ശേഖരിക്കുക എന്നതാണ്.ആ നിലക്ക് നോക്കുമ്പോൾ നിതീഷ് കുമാർ സർക്കാറിന്റെ നടപടി ശുഭകരമായ കാര്യമാണ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here