(വിചാരലോകം)
എസ് നബീല്‍ ടിപി
2023 മെയ് മൂന്ന് മുതല്‍ മണിപ്പൂര്‍ സംസ്ഥാനത്ത് അരങ്ങേറി തുടങ്ങിയ അക്രമ പരമ്പരയുടെ അതിഭീകരമായ കാഴ്ചകള്‍ നാം ഇയിടെ കണ്ടു. ലജ്ജയും വേദനയും വെറുപ്പോടെയുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആ ക്രൂരതകളോട് പ്രതികരിച്ചത്. സത്യത്തില്‍ സ്ഥിതി ശാന്തമായി എന്ന് കരുതിയ മണിപ്പൂരിലെ അവസ്ഥ അതല്ല എന്നതാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.
മണിപ്പൂരിന്റെ ചരിത്രവും, ആനുകാലിക രാഷ്ട്രീയവും, സാമൂഹിക സാമുദായിക പശ്ചാത്തലങ്ങളും, ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളുടെ യാഥാര്‍ഥ്യങ്ങളും വിശകലനം ചെയ്യപ്പെടണം. കേവലം അതൊരു ലഹളയല്ല, മറിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ വര്‍ഗീയ കലാപമാണ്.
മുമ്പ് ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള അതിക്രമങ്ങളും അസ്വസ്ഥതകളുമാണ് കഴിഞ്ഞ മെയ് മൂന്നാം തിയ്യതി മുതല്‍ മണിപ്പൂര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 170ലേറെ പേര്‍ കൊല്ലപ്പെടുകയോ, 1700 ല്‍ പരം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെടുകയും, 220 ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും 45,000 ലേറെ പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. 4 ഹൈന്ദവ ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്തെ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിശ്വസിക്കുന്ന മണിപ്പൂര്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായ നടപടികളെച്ചൊല്ലി മാസങ്ങളായി വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടായത്. സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്‌തേയ് സമുദായത്തെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ മെയ് 29-നകം കേന്ദ്ര ഗോത്രവര്‍ഗ മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവാണ് സംഘര്‍ഷത്തിന് ഉടനടി കാരണമായത്.
എന്നിരുന്നാലും മണിപ്പൂരിലെ ഗോത്ര കലാപങ്ങള്‍ക്ക് ദീര്‍ഘകാല ചരിത്രമുണ്ട്.1949-ല്‍ മണിപ്പുര്‍ ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടുവെങ്കിലും, ഇന്ത്യയുടെ അനുബന്ധമായി മാറിയതിലുള്ള കടുത്ത അതൃപ്തി ബാക്കിയായിരുന്നു. അതിന് കാരണങ്ങളുമുണ്ടായിരുന്നു. മണിപ്പുരിനും ഇന്ത്യക്കും പൊതുവായ ഘടകങ്ങളൊന്നുമുണ്ടായിരുന്നില്ല: ഭാഷ, സംസ്‌കാരം, വസ്ത്രം, ആചാരങ്ങള്‍, എന്തിന് മതം പോലും.
മണിപ്പൂരിലെ മെയ്തി വിഭാഗക്കാര്‍ പൊതുവേ സനമെഹി അഥവാ പ്രകൃതി ആരാധന വിശ്വാസികളാണ്. അവര്‍ക്കു മേലാണ് ഹിന്ദുമതം അടിച്ചേല്‍പ്പിക്കപ്പെട്ട അനുഭവം ഉള്ളത്. മണിപ്പുരിന്റെ ഹൈന്ദവേതരമായ ഈ സാംസ്‌കാരിക അടിത്തറ, ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ‘ഒരു മതം, ഒരു ഭാഷ, ഒരു പാര്‍ട്ടി’ എന്ന ആശയത്തിന് എതിരാണ്. രണ്ടു ദശാബ്ദമായി ഈയൊരു ആധിപത്യ സാംസ്‌കാരിക രാഷ്ട്രീയത്തെ മണിപ്പുര്‍ ചെറുത്തുനില്‍ക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി അരാംബെ തെങ്കോല്‍ പോലുള്ള തീവ്രവാദ സംഘങ്ങള്‍ രൂപപ്പെട്ടു, അവ വംശീയ കൂട്ടക്കൊലകളിലേക്ക് തിരിയുന്നു. സനമാഹിസത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മെയ്തി ലീപുനും ഇപ്പോഴത്തെ സംഘര്‍ഷങ്ങളിലെ പ്രധാന സഖ്യകക്ഷിയാണ്. അങ്ങനെ സകുഞ്ചിതമായ സാഹചര്യങ്ങളിലേക്ക് മണിപ്പൂരിന് എത്തിക്കുന്നത് ഇത്തരം ഘടകങ്ങളാണ്.
1972- ല്‍ മണിപ്പുരിന് സംസ്ഥാന പദവി ലഭിച്ചു. മണിപ്പുര്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഹമ്മദ് അലിമുദ്ദീനായിരുന്നു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി. അദ്ദേഹം മെയ്തി മുസ്ലിം വിഭാഗക്കാരനായിരുന്നു. ഗോത്ര വിഭാഗങ്ങളും മെയ്തികളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആത്മാര്‍ഥ നടപടികളുണ്ടായി. എന്നാല്‍, പ്രാദേശിക പാര്‍ട്ടികളോടുള്ള കോണ്‍ഗ്രസിന്റെ സ്വേച്ഛാധിപത്യ രാഷ്ട്രീയ സമീപനം മണിപ്പുരിനെ കലുഷിതമാക്കിയെന്നതും വാസ്തവമാണ്.
‘വിഭജിച്ചു ഭരിക്കുക’ എന്ന രാഷ്ട്രീയതന്ത്രത്തിലൂടെ കോണ്‍ഗ്രസ്, മണിപ്പുരിലെ ജനാധിപത്യാന്തരീക്ഷം തകര്‍ത്തു. അതോടെ, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ അല്‍പ്പായുസ്സുകളായി, സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പതിച്ചുകൊണ്ടിരുന്നു. 1972 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളില്‍ പത്തിലേറെ തവണയാണ് മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
കേന്ദ്ര ഭരണകൂടങ്ങളുടെ സങ്കുചിത രാഷ്ട്രീയം മണിപ്പുരിന്റെ ജനാധിപത്യവല്‍ക്കരണത്തിനേല്‍പ്പിച്ച പരിക്കുകള്‍ ഗുരുതരമാണ്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത്, ബര്‍മീസ് മലനിരകളാല്‍ ചുറ്റപ്പെട്ട കാബു താഴ്വര ബര്‍മക്ക് കൈമാറിയിരുന്നു മെയ്തികളായിരുന്നു ഇവിടെ ഭൂരിപക്ഷവും. ഇപ്പോള്‍ മണിപ്പൂരിലുള്ള മെയ്‌തെ ജ നഭാഗത്തിന്റെ വേരുകളാണ് അന്ന് അടര്‍ത്തപ്പെട്ടത്. മണിപ്പൂരില്‍ തലയുയര്‍ത്തി വന്ന പ്രാദേശിക വിഘടന വാദ തീവ്രവാദ ശക്തി ഗ്രൂപ്പുകള്‍ക്ക് ചൈനയില്‍ നിന്ന് സഹായം ലഭിക്കുന്നു എന്ന സൂചന ലഭിച്ചതോടെ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന ‘അഫ്സ്പ’ നിയമത്തിലൂടെ സംസ്ഥാനത്തെ അക്ഷരാര്‍ഥത്തില്‍ സൈനികനിയന്ത്രണത്തിലാക്കുകയായിരുന്നു കേന്ദ്ര ഭരണകൂടം ചെയ്തത്. ഇതോടെ, മനുഷ്യാവകാശലംഘനം ഭരണകൂടനീതി തന്നെയായി സ്ഥാപിക്കപ്പെട്ടു. റേപ്പുകളും പ്രകോപനമില്ലാത്ത വെടിവെപ്പുകളും കൊലപാതകങ്ങളും പതിവായി. ഈ സാഹചര്യം മെയ്തികളെ കേന്ദ്ര ഭരണകൂടത്തില്‍നിന്ന് വീണ്ടും അകറ്റി.
വനത്തില്‍ കഴിയുന്ന കുകികളുടെ ജീവിതം അതി കഠിനമാണ്. സ്വാഭാവികമായും ഒറ്റപ്പെട്ട സ്വത്വം അവര്‍ ആഗ്രഹിക്കുന്നുണ്ട് ഇത്, മറ്റു ഗോത്രവിഭാഗങ്ങളുമായി നിരന്തര സംഘര്‍ഷത്തിലേക്ക് നയിച്ചു. താഴ്വരയിലെ മെയ്തികള്‍ തങ്ങളുടെ പ്രദേശങ്ങള്‍ കീഴ്‌പ്പെടുത്തുമോ എന്ന ഭയത്താന്‍ അവര്‍ ആയുധം എടുത്തു കൊണ്ടിരുന്നു. നിലനില്‍പ്പിനായി കുകികള്‍, ആയുധക്കടത്തിലേക്കും മയക്കുമരുന്ന് ഇടപാടുകളിലേക്കും തിരിഞ്ഞു. മെയ്തി, നാഗ തീവ്രവാദി സംഘങ്ങളെ പ്രതിരോധിക്കാന്‍ കുകികള്‍ സ്വന്തം സായുധസംഘങ്ങളുണ്ടാക്കുകയും ചെയ്തു.
2017-ലാണ് ബി.ജെ.പി മണിപ്പുരില്‍ അധികാരത്തിലെത്തുന്നത്. അന്നവര്‍ 21 സീറ്റ് നേടി. കോണ്‍ഗ്രസിന് ലഭിച്ചത് 28 സീറ്റ്. എന്നാല്‍, ഗോത്ര വിഭാഗ എം.എല്‍.എമാരുടെ പിന്തുണയോടെ എന്‍. ബിരന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു. അതോടെയാണ് വിദ്വേഷ- വിഭജന രാഷ്ട്രീയം സംസ്ഥാനത്ത് ശക്തിപ്രാപിച്ചത്. മെയ്തികളും ഗോത്രവിഭാഗങ്ങളും തമ്മിലുള്ള വംശീയമായ ഭിന്നത, ശത്രുതയായി മാറി. ബിരന്‍ സിങ്ങിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍, ഒക്രം ഇബോബി സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തൊട്ടുമുമ്പുള്ള പതിനഞ്ചു വര്‍ഷങ്ങളെ ഇല്ലാതാക്കി. ഇബോബി സിങ്ങിന്റെ ഭരണം സംസ്ഥാനത്തെ അതിവേഗ വികസനത്തിലേക്ക് നയിച്ചുരുന്നു. അടിച്ചമര്‍ത്തിയും തലോടിയുമുള്ള നയങ്ങളിലൂടെ തീവ്രവാദ സംഘങ്ങളെ വരുതിയിലാക്കി. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന ഇന്‍ക്ലൂസീവ് സമീപനമാണ് ഇബോബി സിങ് സ്വീകരിച്ചത്. അതോടെ, ടൂറിസം സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗമായി. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഫെസ്റ്റിവലുകള്‍ക്ക് മണിപ്പുര്‍ വേദിയായി. ഇതാദ്യമായി ഇംഫാലില്‍നിന്ന് മെറേ വഴി ബര്‍മയിലേക്ക് ഡീലക്സ് ബസ് സര്‍വീസ് തുടങ്ങി. ജനാധിപത്യപരമായ ഒരു സിസ്റ്റത്തിന്റെ പുനഃസ്ഥാപനമാണ്, ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞത്. 2022-ലെ തെരഞ്ഞെടുപ്പില്‍, ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ, മണിപ്പുരിന്റെ ദുരന്തം ആരംഭിക്കപ്പെട്ടു.
സാമ്പത്തിക- വ്യാപാര മേഖലയില്‍ സ്ത്രീകള്‍ക്ക് നേതൃപരമായ സ്വാധീനമുണ്ട്. അരി, പച്ചക്കറി, മത്സ്യം, പുകയില, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങളുടെ ആഭ്യന്തര വ്യാപാരത്തില്‍ സ്ത്രീസംഘങ്ങളാണ് മുന്നില്‍. ബ്രിട്ടീഷുകാരുടെ കാലം മുതല്‍, ഭരണകൂട നയങ്ങള്‍ക്കെതിരായ സമരങ്ങളുടെ നേതൃത്വം സ്ത്രീകള്‍ക്കായിരുന്നു. ആ സ്ത്രീത്വത്തെയാണ് അതിഭീകരമായി വര്‍ഗീയവാദികള്‍ നഗ്‌നമാക്കി നടത്തി ഹൃദയം പൊട്ടി നമ്മള്‍ കണ്ടത്.
ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ വിശകലനം ചെയ്താല്‍ ചില ചോദ്യങ്ങള്‍ ഉയന്നുവരും: കാലങ്ങളായി ഗോത്രവിഭാഗങ്ങള്‍ താമസിച്ചുവരുന്ന റിസര്‍വ് വനപ്രദേശം ഒഴിപ്പിക്കാന്‍എന്തിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത് എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. തങ്ങളുടെ ഭൂമി കയ്യേറാന്‍ മെയ്തികള്‍ക്കുള്ള ശ്രമം ആയിട്ട് കൂടിയാണ് കുക വിഭാഗത്തില്‍ ഉള്ളവര്‍ ഈ നിക്കത്തെ കാണുന്നത്.
ഏപ്രില്‍ മധ്യത്തില്‍, റിസര്‍വ് വനപ്രദേശം ക്ലിയര്‍ ചെയ്യാനെന്നു പറഞ്ഞ് ഏതാനും പഴയ ചര്‍ച്ചുകളും ഗോത്രവിഭാഗക്കാരുടെ വീടുകളും സര്‍ക്കാര്‍ തകര്‍ത്തു. ഈ നടപടി മുന്‍കൂട്ടി ഇവരെ അറിയിച്ചിരുന്നില്ല, മാത്രമല്ല, ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം താമസസൗകര്യവും നല്‍കിയില്ല.
പ്രതിഷേധക്കാരെ തണുപ്പിക്കാന്‍ ചുരചാന്ദ്പുരില്‍ നടന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി സംസാരിക്കാനിരുന്ന വേദി സമരക്കാര്‍ തീയിട്ടു. ഓള്‍ ട്രൈബല്‍സ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് സമാധാനപരമായിരുന്നു. എന്നാല്‍, സായുധ അക്രമിസംഘം മാര്‍ച്ചിനെ ആക്രമിക്കുകയും ആംഗ്ലോ കുകി യുദ്ധ സ്മാരകം കത്തിക്കുകയും ചെയ്തതോടെ, മാര്‍ച്ച് അക്രമാസക്തമായി. ഈ സന്ദര്‍ഭം മുതലെടുത്ത് കുകി ഗ്രാമങ്ങള്‍ക്കും ഇംഫാലിലെ ചര്‍ച്ചുകള്‍ക്കും നേരെ സംഘടിത ആക്രമണമുണ്ടായി. പെട്രോള്‍ ബോംബ് അടക്കമുള്ള ആയുധങ്ങളുമായി എത്തിയ സംഘങ്ങളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് നൂറുകണക്കിന് വീടുകളും ചര്‍ച്ചുകളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ഇംഫാലില്‍നിന്ന് കുകികളെ പൂര്‍ണമായും തുടച്ചുമാറ്റാനുള്ള ആസൂത്രിത അക്രമമായിരുന്നു ഇത് എന്ന് വ്യക്തമാണ്. ഇപ്പോള്‍, സൈന്യത്തെ വിന്യസിച്ചിട്ടും വിദൂര മേഖലകളില്‍ കുകികള്‍ക്കുനേരെയുള്ള ആക്രമണം അവസാനിച്ചിട്ടില്ല. നൂറുകണക്കിന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള മെയ്തി സംഘങ്ങള്‍, ഗ്രാമങ്ങളിലേക്കുപോകുന്ന സൈനിക വാഹനങ്ങള്‍ വളഞ്ഞുവക്കുകയാണ്. ഈ തക്കത്തിന് പുരുഷന്മാര്‍ ഗ്രാമങ്ങളിലെത്തി തീവെപ്പും കൊലപാതകങ്ങളും നടത്തുന്നു. മെയ്തി അക്രമിസംഘങ്ങള്‍ക്കൊപ്പമാണ് മണിപ്പുര്‍ പൊലീസ് എന്നും പറയുന്നു.
മണിപ്പൂര്‍ സംഘര്‍ഷത്തിന് മാസങ്ങള്‍ക്ക് മുന്‍പ് മെയ്തേയ് വിഭാഗം നേതാവായ പ്രമോദ് സിങ് ദി വയര്‍ എഡിറ്റര്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, ഞങ്ങളുടെ കൈയില്‍ തോക്കുകളുണ്ട്, ആയുധങ്ങളുണ്ട്. അത് ഞങ്ങള്‍ കുക്കികള്‍ക്കെതിരെ പ്രയോഗിക്കാന്‍ പരിശീലനം കൊടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ്.മണിപ്പുരിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയവും മതപരവുമായ ഭിന്നത അതിരൂക്ഷമായിട്ടുണ്ട്. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയമാണ് മണിപ്പുരിനെ ഈയൊരു സാഹചര്യത്തിലെത്തിച്ചത്. മെയ്തികളെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ അനന്തരഫലം കൂടിയാണ് കലാപം.ഇതൊരുതലത്തില്‍ കലാപമല്ല വംശഹത്യ കൂടിയാണ്.ഇപ്പോഴത്തെ വംശഹത്യക്കിടെ, നിരവധി മെയ്തി ചര്‍ച്ചുകള്‍ കത്തിച്ചു, പ്രാര്‍ഥനാ ഹൗസുകളില്‍നിന്ന് മെയ്തി ഭാഷയിലുള്ള നിരവധി ബൈബിളുകള്‍ എടുത്തുകൊണ്ടുപോയി കത്തിച്ചു. വംശീയവും മതപരവുമായ ആക്രമണങ്ങളുടെ ക്രമം ഇന്ത്യയില്‍ എല്ലായിടത്തും ഒരേപോലെയാണ്. അതിന് ഗുജറാത്ത് എന്നോ കശ്മീര്‍ എന്നോ ഭേദമില്ല.ജനാധിപത്യത്തിന് ഇടമില്ലാതാക്കി മാറ്റി, ഒരു സമ്പൂര്‍ണ സൈനിക നിയന്ത്രണ മേഖലയാക്കി മണിപ്പുരിനെ മാറ്റിയാല്‍, അന്യരാക്കപ്പെട്ടവരുടെ തുടച്ചുനീക്കലുകള്‍ ഭരണകൂടത്തിന് എളുപ്പമാകും.
ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുക, കുകികളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണ്ട് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ ഭാഗമായി ഉയരുന്നുണ്ട്.വിഷയത്തില്‍ ഇന്ത്യ അനുവദിച്ചാല്‍ ഇടപെടാന്‍ തയ്യാറാണെന്ന് അമേരിക്കയുടെ അഭിപ്രായത്തെ അപ്പാടെ ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.
മണിപ്പൂരില്‍ യഥാര്‍ത്ഥത്തില്‍ എന്ത് നടക്കുന്നു എന്നത് യഥാസമയം പുറത്തുവരുന്നതില്‍ കേന്ദ്ര ഭരണത്തിന് അതൃപ്ത്തിയുണ്ട് അതുകൊണ്ടുതന്നെയാണ് ഇന്റര്‍നെറ്റ് വിച്ഛേദനവും സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണവും മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയത്. മണിപ്പൂരില്‍ നടക്കുന്നത് രണ്ടു വര്‍ഗീയ സംഘട്ടനമാണ് എന്ന് പറഞ്ഞു ഒഴിയുവാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുകയില്ല. അതുമല്ലെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞ് മുഖം രക്ഷിക്കാനുള്ള നീക്കത്തെയും എതിര്‍ക്കപ്പെടേണ്ടതുണ്ട്. സൈന്യത്തെ ഇറക്കിക്കൊണ്ട് കലാപത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമല്ല ന്യായീകരിക്കപ്പെടേണ്ടത്. കലാപത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമായിരുന്നു. എന്നാല്‍ അപ്പോഴെല്ലാം മൗനം പൂണ്ട സര്‍ക്കാരും പ്രധാനമന്ത്രിയും അനവസരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് തയ്യാറായതില്‍ തെല്ലും അതിശയപ്പെടാനില്ല. മണിപ്പൂരിലെ അക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ യൂറോപ്പ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ചര്‍ച്ചയോട് അതിരൂക്ഷം ആയിട്ടാണ് ഇന്ത്യ നയതന്ത്ര മറുപടി നല്‍കിയത്. മണിപ്പൂര്‍ വിഷയം ഇന്ത്യയുടെ തികച്ചും ആന്തരികമായ വിഷയമാണ് അതില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടേണ്ടതില്ല എന്ന പ്രസ്താവനയില്‍ തന്നെ ആഗോള രാഷ്ട്ര സംവാദത്തില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ആയതില്‍ ഇന്ത്യക്ക് ഉണ്ടായ അസ്വസ്ഥത സൂചിപ്പിക്കുന്നതാണ്.
എന്തായാലും മണിപ്പൂര്‍ കത്തുമ്പോള്‍ മൗനം ഭൂഷണമല്ലന്ന യാഥാര്‍ത്ഥ്യം വിടുവായത്തം പറയുന്ന ഭരണാധികാരികള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.!’
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല