ഓർമ്മ
റാഫി നീലങ്കാവില്‍
കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള പുളിമരച്ചോട്ടിലിരുന്ന് പാട്ടുവഴികളെക്കുറിച്ച് ഒത്തിരി സംസാരിച്ചു. പക്ഷേ എനിക്കാവശ്യമായ കണ്ടല്‍പാട്ട് എഴുതാനാവില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. നിരാശനായന്ന് മടങ്ങുന്നതിനിടയില്‍ അദ്ദേഹം ഒരു സ്വകാര്യം പറഞ്ഞു. എനിക്ക് കണ്ടലിനെക്കുറിച്ചൊന്നും അറിയില്ല. അറിയാത്ത കാര്യങ്ങള്‍ എഴുതുന്നതെങ്ങനെ?
മാഷൊരു കാര്യം ചെയ്യ്. അറിയാവുന്ന രീതിയില്‍ പാട്ടെഴുതൂ.
പാട്ട് മൂളുകമാത്രം ചെയ്തു ശീലിച്ച ഞാന്‍ വാശിയോടെ നാട്ടിലെ കണ്ടലിന്‍റെ പേരുകള്‍ ചേര്‍ത്തന്ന് വരികള്‍ എഴുതി. ജീവിതത്തിലെ ആദ്യത്തെ പാട്ടെഴുത്ത്. പിന്നീടുളള ദിവസങ്ങളില്‍ വെട്ടലും തിരുത്തലുമായി നല്ലക്കുട്ടിയായി ഞാന്‍ ഒപ്പംകൂടി. അങ്ങനെ ഞാന്‍ പട്ടെഴുതി അദ്ദേഹം ഈണമിട്ടു, പതുക്കെപ്പതുക്കെ പാട്ടൊരുങ്ങി. കണ്ടല് കണ്ടാ പൂക്കണ്ടല്… എന്ന കണ്ടൽ നാടന്‍പാട്ട്
അഭിനയം @ 73
പാട്ട് പാടുന്നതിനിടയില്‍ അദ്ദേഹത്തിന്‍റെ വാക്കുളും ചലനങ്ങളും എന്നെ ആകര്‍ഷിച്ചു. ഞാനെന്‍റെ ആഗ്രഹം അദ്ദേഹത്തോട് പറഞ്ഞു.
ഞാന്‍ ജീവിച്ചിട്ടേയുളളൂ ഒരിക്കലും അഭിനയിച്ചിട്ടില്ല. അദ്ദേഹം ചിരിച്ചു.
“മതി. അതുമതി” ഞാന്‍ പറഞ്ഞു.
നാടന്‍ ജീവിതരീതികളും ശരീരഭാഷയിലും കണ്ടല്‍ പൊക്കുടനെ അനുസ്മരിക്കും വിധമായതിനാല്‍ തന്നെ ഹ്രസ്വചിത്രത്തില്‍ കണ്ടല്‍മാമനായി മറ്റൊരാളെ ചിന്തിക്കാനാവില്ലെന്ന എന്‍റെ സ്നേഹ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങി.
അങ്ങനെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി പുരസ്കാങ്ങള്‍ നേടിയ മേരിമോളുടെ കണ്ടല്‍ ജീവിതം എന്ന ഹ്രസ്വചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. മത്രമല്ല ഹ്രസ്വചിത്രത്തില്‍ സംഗീതമൊരുക്കി പാട്ടുപാടുകയും ചെയ്തു. പേരക്കുട്ടികളായ അനിഷ്മയും അമൃതകൃഷ്ണയുമാണ് ഒപ്പം പാടിയിരിക്കുന്നത്. ആദ്യമായിട്ടാണ് അറുമുഖന്‍ വെങ്കിടങ്ങ് ഇത്തരത്തില്‍ പാടി അഭിനയിക്കുന്നത്. മാത്രമല്ല കണ്ടലിനെകുറിച്ച് ആദ്യമായിട്ടാണ് ഒരു നാടന്‍പാട്ട് ഇറങ്ങുന്നതും. ചിത്രീകരണത്തിന്‍റെ ഭാഗമായി അദ്ദേഹം ചേറ്റുവ കണ്ടല്‍ക്കാടുകളിലൂടെ വഞ്ചിയാത്ര നടത്തിയതും അതിന് വേണ്ടി ജീവിതത്തില്‍ ആദ്യമായി തുഴ പിടിച്ചതതും കാല്‍മുട്ടില്‍ നീര് വന്ന് വീര്‍ത്തിരിക്കുമ്പോഴും മുട്ടറ്റം ചെളിയിലിറങ്ങി കണ്ടല്‍ നട്ടതും ജ്വലിക്കുന്ന ഓര്‍മ്മകളാണ്.
എഴുപത്തിമൂന്നാം വയസ്സില്‍ കോവിഡ് കാലത്തെ മുരടിപ്പിലും പാട്ടിലും അഭിനയത്തിലും പുതിയ വഴികള്‍ കണ്ടെത്തിയ പ്രതിഭയായിരുന്നു അറുമുഖന്‍ വെങ്കിടങ്ങ്. നാടന്‍ പാട്ടിന്‍റെ കൂട്ടുകാരന്‍ എന്ന ഡോക്യുമെന്‍ററി നിര്‍മ്മിക്കാന്‍ തുനിഞ്ഞെങ്കിലും പല കാരണങ്ങളാല്‍ മാറ്റിവെക്കേണ്ടി വന്നത് നഷ്ടമായി തോന്നുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല