അധ്യാപകർ ഒരു പച്ച സിറ്റി ബസാണ്

0
144

(ലേഖനം)

പ്രസീത

അധ്യാപകർ ഒരു മനുഷ്യനെ എത്രത്തോളം സ്വാധീനിക്കും എന്ന് ചോദിച്ചാൽ ഞാൻ പറയും; അതൊരു പച്ച സിറ്റി ബസിന്റെ ജനൽ സീറ്റോളം. കാരണം സ്വപ്നങ്ങൾ ചിറകുകൾ വെച്ച് പറന്നു നടക്കുന്നത് HD ദൃശ്യ മികവോടെ ഞാൻ കാണാറുള്ളത് ബസിന്റെ ജനലരികിൽ സ്ഥാനം പിടിക്കുമ്പോൾ ആണ്.

മിസിനും ബസിനും ഒരേ ഒഴുക്കായിരുന്നു. നിർത്തിയാ നിർത്തി. ഇല്ലെങ്കിൽ ഒരു പോക്ക്. നിർത്തിയാലോ അവിടെ പളുങ്കു മണികൾ പൊഴിയും.

മിസ് മിക്ക ദിവസങ്ങളിലും പച്ച സിറ്റി ബസിലാണ് വരുക. അതും ജനൽ സീറ്റിൽ.

മിസ് ബസ് ഇറങ്ങി ന്നു ഉറപ്പിച്ചാൽ പിന്നെ എന്റെ സ്ഥാനം വരാന്തയിൽ ആണ് “ഗുഡ് മോർണിംഗ് മിസ്” എന്ന് ആദ്യം പറയുന്ന നല്ല കുട്ടിയാവാൻ.

വൈകുന്നേരം മിസിന്റെ തിരിച്ചു പോക്കും പച്ച സിറ്റി ബസിൽ തന്നെയായിരിക്കും. ജനൽ സീറ്റിൽ ഇരിക്കുന്ന മിസിനെ നോക്കി “ബൈ മിസ്” എന്നൊരു ഡയലോഗ് അടിച്ചില്ലേൽ ഒരു ഉഷാറു കുറവാണു.

എപ്പോഴും മിസ് ചിരിക്കും. ഹൃദയം പച്ചച്ചു നിൽക്കുന്ന പോലെ.

കീറ്റ്‌സിന്റെ ഗ്രാസ് ഹോപ്പർ എടുക്കുമ്പോ മിസിനാകെയും ഒരു പച്ചപ്പുള്ളതായി തോന്നിയിട്ടുണ്ട്. പലപ്പോഴും ഞാൻ ആ ഒഴുക്കിൽ പച്ച തുള്ളനായി മാറിയിട്ടുണ്ട്…

മക്‌ബതിലെ കഥാപാത്രങ്ങൾ എന്നെ പലവട്ടം അലോസരപ്പെടുത്തിയിട്ടുണ്ട്‌. ബിർണം ഫോറെസ്റ് എന്റെ നെഞ്ചിലൂടെ കയറി ഇറങ്ങി ചവുട്ടി മെതിച്ചിട്ടുണ്ട്.

ഔൾ ക്രീക്ക് ബ്രിഡ്‌ജിലെ ക്യാപ്റ്റൻ ഉരുളക്കിഴങ്ങ് തൊലി പൊളിക്കുന്നതിന്റെ ഗാംഭീര്യം ഇംഗ്ലീഷ് ക്ലാസുകളിൽ മുഴങ്ങി കേട്ടിട്ടുണ്ട്.

ഭൂമി തിരിഞ്ഞു കറങ്ങി തല കുത്തനെ നിന്നാലും ഇംഗ്ലീഷ് ക്ലാസുകൾ സ്കിപ് ചെയ്യാതെ ഓടി ക്ലാസിൽ കേറും. കാരണം അവിടെയാണ് മിസ് പച്ചപ്പുള്ള സ്നേഹത്തിന്റെ പച്ച ചമയങ്ങൾ തൂവി തന്നത്.

അച്ഛനെ കുറിച്ചൊരു കവിത പഠിപ്പിക്കുമ്പോള്‍ കന്നു പൂട്ടുന്ന ശബ്ദം മിസ് അനുകരിച്ചത് ഓർമയുണ്ട്.

എങ്ങാനും ഇച്ചിരി ലേറ്റ് ആയി ക്ലാസിൽ എത്തിയാൽ ബാഗും വെച്ചൊരു ഓട്ടമാണ് സ്റ്റാഫ് റൂമിലേക്ക്; മിസ് വന്നിട്ടുണ്ടോ നോക്കാൻ. കാരണം, ഏതെങ്കിലും ഒരു കഥയോ നോവലോ പാതി പറഞ്ഞുനിര്‍ത്തിയായിരിക്കും മിസ് തലേ ദിവസം പോയിട്ടുണ്ടാവുക.

അതിന്റെ ബാക്കി ആലോചിച്ചു രാത്രി മുഴുവന്‍ തല പുണ്ണാക്കി വെച്ചിട്ടുണ്ടാകും. ബാക്കി അറിയാതെ പിന്നെന്തു ചെയ്യും? പ്രിന്‍സസ് ഓണ്‍ ദി റോഡ് ഒരാഴ്ച എടുത്താണ് മിസ് പൂര്‍ത്തിയാക്കിയത്. ആ ഒരാഴ്ചയും ഈ പ്രിന്‍സസിനു ഇനിയെന്ത് പറ്റിട്ടുണ്ടാവുന്നുള്ള അങ്കലാപ്പാണ്. മിസ് വന്നാലേ പ്രിന്‍സസ് രക്ഷപ്പെടൂ എന്നൊരു ഫീല്‍.

എല്ലാ കഥയുടെ ഒടുക്കത്തില്‍ എന്തെങ്കിലും മിസിന്റേതായി ചേര്‍ക്കും. അങ്ങനെ ഒരു കഥാന്ത്യത്തില്‍ നിങ്ങളൊക്കെ ഭാവിയില്‍ ആരാവും എന്നൊരിക്കല്‍ മിസ് ചോദിച്ചു. ബഹളം കൊണ്ട് മുഖരിതമായ ക്ലാസ് മുറിയില്‍ ഞാനന്ന് വിളിച്ചു പറഞ്ഞു; ‘മിസ്സെ എനിക്ക് ഇങ്ങളെ പോലെ ആവണം’. ശബ്ദം എവിടെ നിന്നെന്നു അറിയാന്‍ പാടില്ലാഞ്ഞിട്ടാവും. ‘അതാരാ പറഞ്ഞെ, ആ മുഖം ഞാനൊന്നു കാണട്ടെ’ എന്ന് മിസ് ചോദിച്ചു. പേടി കാരണം ഞാനാണെന്നും പറഞ്ഞില്ല. ഇന്നും അത് ഞാനായിരുന്നെന്നു പറയാന്‍ എനിക്ക് ധൈര്യമില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ അവരോളം വളര്‍ന്നു. അവരറിയാതെ അവരായി മാറുന്നത് സ്വപ്നം കണ്ടു .

മിസിന്റെ പിറന്നാള്‍ ദിവസം, സ്റ്റാഫ് റൂമിലെ മിസിന്റെ ടേബിളില്‍ എക്ലയര്‍ മിഠായിയുടെ കവറിനു പുറത്തു മിസ്സിനെ വരച്ചു. ഉള്ളിലൊരു മിഠായിയും വെച്ച് മിസ് അതെടുക്കുന്നതും നോക്കുന്നതും കാണാന്‍ കൊതിച്ച് പുറത്തങ്ങനെ നിന്നു. ഞാന്‍ നോക്കി നില്‍ക്കെ സീനിയര്‍ ബാച്ചിലെ ഏതോ ഒരുത്തന്‍ മേശപ്പുറത്തിരുന്ന മിഠായി എടുത്തു വായിലിട്ട് കവറും കളഞ്ഞു നടന്നു പോയി. പിന്നാലെ വന്ന മറ്റൊരുത്തന്‍ ആ മിഠായി കവര്‍ ചവിട്ടി ചെരുപ്പില്‍ പറ്റിച്ചു നടന്നു നീങ്ങി. എന്റെ സ്‌നേഹ വര മണ്ണോടു ചേര്‍ന്ന് ചരമം പ്രാപിക്കുന്നത് നിസ്സഹായതയോടെ ഞാന്‍ നോക്കി നിന്നു. അറിഞ്ഞു കൊണ്ടാണോ അറിയാതെ ആണോ എന്നറിയില്ല അന്ന് വൈകുന്നേരം മിസ് എന്നെ കടന്നു പോകുമ്പോള്‍ എനിക്കൊരു പെന്‍സില്‍ തന്നു. എന്താ മിസ്സെ എന്നു ചോദിച്ചപ്പോള്‍ ‘വെറുതെ തന്നതാണ് കുട്ടീ, നീയെടുത്തോ’ എന്ന് പറഞ്ഞു. ഇന്നും ഞാന്‍ കാത്തു സൂക്ഷിക്കുന്ന അവിചാരിതമായ ഒരു കുഞ്ഞു സമ്മാനമാണത്.

‘ഞാന്‍ ഇങ്ങളെ അടുത്തിരിക്കട്ടെ മിസ്സെ’ എന്ന് ചോദിച്ചു ഇടയ്ക്കു ഞാന്‍ അവര്‍ക്കടുത്തുള്ള ചെയറുകള്‍ ചോദിച്ചു വാങ്ങി. ഒരു ശ്വാസത്താല്‍ പോലും മിസിനെ അലോസരപ്പെടുത്താതെ, അനങ്ങാതെ ഞാനിരിക്കും. ‘ഏതായാലും നീ ഇരിക്കല്ലേ, സീനിയര്‍ ബാച്ചിന്റെ പരീക്ഷ പേപ്പറുകളുടെ മാര്‍ക്ക് കൂട്ടി പറയൂ’ മിസ് പറയും. ‘രണ്ടും അഞ്ചും ഏഴ്, ഏഴും പന്ത്രണ്ടും’ എന്നൊക്കെ പറഞ്ഞു കൂട്ടുന്ന എന്നെ മിസ് ഇടയ്ക്കു ഇടങ്കണ്ണിട്ട് നോക്കും. ‘എന്താ മിസ്സെ നോക്കുന്നത്’ എന്നു ചോദിച്ചാല്‍ ‘ഒന്നും ഇല്ല. നീ കൂട്ടിക്കോ’ എന്ന് പറയും.

എനിക്കൊരു കഴിവും ഇല്ലെന്ന ചിന്തയുടെ അസ്ഥിവാരം വരെ മാന്തി, മിസ് എന്നില്‍ എന്നെ നൂറാവര്‍ത്തി നിറച്ചു തന്നിട്ടുണ്ട്. ഞാന്‍ പറയുന്നതൊക്കെയും കേട്ട്, ചിരിച്ചു തലയാട്ടി കൊണ്ട്, ‘നീ പറയെടോ’ എന്ന് അഗ്‌നി കൊളുത്തി തന്നിട്ടുണ്ട് ജന്മന്തരങ്ങളിലേക്ക്…

മിസ്സേന്ന് വെറുതെ വിളിച്ചു ചെന്ന നേരങ്ങളില്‍ ഒക്കെ, ‘എന്താണ് മോളെ’ന്ന് ചോദിച്ചു കൊണ്ട് തിരക്കുകളില്‍ നിന്നൊഴിഞ്ഞു മാറി നിന്നു തന്നിട്ടുണ്ട്.

മലയാളം അത്ര പെട്ടന്ന് ദഹിക്കാറില്ലാത്ത മിസിനു മലയാളത്തില്‍ കവിതകള്‍ എഴുതി നല്‍കി, മധുര പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്.

അതിനൊക്കെ ഇപ്പുറം, സ്വപ്നങ്ങളുടെ ആവനാഴി തന്നു കൊണ്ട്, പോ പോയി JRF അടിച്ചിട്ട് എന്റെ അടുക്കെ വാ എന്ന് വിജയമൊഴി തന്നു വിട്ടിട്ടുമുണ്ട്….

ജീവിതം കൊറേ ജയിച്ചും അതിലേറെ തോറ്റും, പിന്നെ തൊട്ടും തലോടിയും കടന്നു പോകുന്നു. ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു; അവരെന്റെ മികച്ച അധ്യാപകരില്‍ മികച്ചയാളും, ഞാനവരുടെ നല്ല വിദ്യാര്‍ത്ഥികളില്‍, അത്രയൊന്നും നല്ലതല്ലെങ്കിലും മികച്ച വിദ്യാര്‍ത്ഥിയായിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here