(ലേഖനം)
പി ജിംഷാര്‍
വല്ല്യുമ്മ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ്, മുഖ്താര്‍ ഉദരംപൊയിലിന്‍റെ ആദ്യ നോവല്‍ ‘പുഴക്കുട്ടി’ വായിക്കുന്നത്. മരണം നല്‍കുന്ന അരക്ഷിതത്വത്തിന്‍റെ വേവ് ഉള്‍ക്കനമായി നിറഞു നില്‍ക്കുന്ന വായനാനുഭവം പുഴക്കുട്ടിയുടെ വായനയിലൂടെ അനുഭവിക്കുന്ന ഘട്ടത്തിലാണ്, വെല്ല്യുമ്മ മരിച്ചു പോകുന്നത്. വല്ല്യുമ്മയുടെ മരണത്തിന്‍റെ മൂന്നാംപക്കം പുഴക്കുട്ടിയെ കുറിച്ച് എഴുതാനിരിക്കുമ്പോള്‍ കണ്ണ് നനയുന്നു.
സല്‍മാന്‍റേയും ഇര്‍ഷാദിന്‍റേയും സല്‍മയുടേയും ഹഫീസിന്‍റേയും അടക്കം നിരവധി പേരെ പ്രിയപ്പെട്ടവരുടെ മരണവും അനാഥമാക്കിയത് എങ്ങനെയാണ്? യത്തീംഖാനയിലെ ജീവിതം അവരെ അതിജീവിക്കാനും ഇല്ലാതാക്കാനും ഇടയായത് എങ്ങനെയെന്ന് ‘പുഴക്കുട്ടി’ എന്ന നോവലില്‍ ഋജുവായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. “എതിരെ നില്‍ക്കുന്നവന്‍റെ ഉള്ളൊന്ന് അറിഞാല്‍ എല്ലാരും പാവങ്ങളാണ്” എന്ന ജിസ് ജോയ് സിനിമ സംഭാഷണത്തിന്‍റെ ചാരുതയിലാണ് പുഴക്കുട്ടി അവസാനിക്കുന്നത്. ഫീല്‍ഗുഡ് സിനിമയുടെ പ്രവചനം സാധ്യമാകുന്ന അന്ത്യമാണ് നോവലിനെങ്കിലും അകം സങ്കടത്താല്‍ നിറഞ്ഞിരിപ്പാണ്.
മക്കളുടെ പട്ടിണി സഹിക്കവയ്യാതായപ്പോള്‍ അടുത്ത പറമ്പില്‍ കയറിയൊരു ചക്കപറിച്ചതിന് കള്ളിയായി ആത്മഹത്യ ചെയ്ത ഉമ്മയുടെ ഓര്‍മ്മയില്‍ കഴിയുന്ന അന്‍ഫസ് അടക്കം ഒരുപാട് കുഞുങ്ങളുടെ കണ്ണീര്‍പ്പുഴയാണ് പുഴക്കുട്ടിയുടെ ആഴങ്ങളില്‍ നോവലിസ്റ്റ് ഒളിപ്പിച്ചു വെച്ചിട്ടുള്ളത്. പുഴക്കുട്ടി വായിച്ചു കൊണ്ടിരിക്കേ മുദ്ര (സിബി മലയില്‍), ചെപ്പടിവിദ്യ (ജി.എസ്.വിജയന്‍), Capernaum (Nadine Labaki) എന്നീ സിനിമകള്‍ ഹൃദയത്തിലൂടെ കടന്നു പോയി. ബാല്യ കൗമാരത്തിലെ സങ്കടങ്ങളും അരക്ഷിത്വതങ്ങളും ആഴത്തില്‍ ആവിഷ്ക്കരിക്കപ്പെട്ട ഈ സിനിമകളുടെ ആസ്വാദനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആഖ്യാനമാണ് ‘പുഴക്കുട്ടി’യുടേത്. കര്‍ണനെ പോലെ വലിച്ചെറിയപ്പെട്ടവര്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന ചൂഷണങ്ങളും ലൈംഗിക അതിക്രമങ്ങളും വായനക്കാരെ ആഴത്തില്‍ മുറിവേല്‍പ്പിക്കും. ‘പുഴക്കുട്ടി’കളുടെ ഏകാന്ത നോവുകളെ ആവിഷ്ക്കരിക്കുന്നത് മാപ്പിള മലയാളത്തിലാണ് എന്നത് നോവലിന്‍റെ സ്വത്വ പ്രകാശനം കൂടിയാണ്. ഏകാന്തതയും അവഗണനയും വിശപ്പും നിറഞൊരു മലബാറിനെ അവിടുത്തെ കുഞുങ്ങളുടെ കഥ സ്നേഹത്തിന്‍റേയും കരുതലിന്‍റേയും പൊറുത്ത് കൊടുക്കലിന്‍റേതുമാകുന്നു. ക്രൂരനായ വാര്‍ഡന്‍ കാക്കയോട് പൊറുത്ത് കൊടുക്കുന്ന പുഴക്കുട്ടി കെട്ടകാലത്തെ ഹിംസാത്മക രാഷ്ട്രീയത്തിന് അഹിംസയാണ് ബദല്‍, പ്രാദേശികതയാണ് അഹിംസ സ്വത്വത്തിന്‍റെ വേരെന്ന് കൂടി ആവിഷ്ക്കരിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ബാല്യകാല സഖി’യുടെ അവതാരികയില്‍ എം.പി പോള്‍ കുറിച്ച വാക്കുകള്‍ മുഖ്താര്‍ ഉദരംപൊയില്‍ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘പുഴക്കുട്ടി’ എന്ന നോവലിനെ കുറിച്ച് കുറിക്കാന്‍ കടമെടുക്കുന്നു. ഈ വിശേഷണം ‘പുഴക്കുട്ടി’യ്ക്കുള്ള മുഖസ്തുതിയല്ല യാഥാര്‍ത്യമാണ് ; “ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്.വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു.”
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല