(ലേഖനം)
ഫാഇസ് പി എം
യാത്രാവിവരണങ്ങൾക്ക് ഓരോ നാടിന്റെയും സ്പന്ദനങ്ങളെ സ്പർശിക്കാനുള്ള കഴിവുണ്ട്. കാരണം ചരിത്രപഠനങ്ങളേക്കാൾ ഓരോ നാടിന്റെയും സ്വാഭാവിക സാഹചര്യങ്ങളെയും ജനജീവിതത്തെയും വ്യക്തമായി പരാമർശിക്കുന്ന രീതിയാണ് യാത്രാവിവരണങ്ങൾക്കുള്ളത്. അത്തരത്തിൽ കിടയറ്റ ധാരാളം യാത്രാവിവരണങ്ങൾ മലയാള സാഹിത്യത്തിന്റെ ആണിക്കല്ലുകളാണ്. ഈ സാഹിത്യ ശാഖയിൽ പൊതുവായ രീതിയെ തിരുത്തി കൊണ്ട് തന്റെ തനതായ ശൈലി മുന്നോട്ട് വെക്കുന്നതാണ് സി.വി. ബാലകൃഷ്ണന്റെ യാത്രാവിവരണങ്ങൾ. ചെറുപ്രായത്തിൽ തന്നെ എഴുതാനാരംഭിച്ച അദ്ദേഹത്തിന് സാഹിത്യത്തിന്റെ സമസ്തമേഖലകളെയും രുചിക്കാനായിട്ടുണ്ട്. അതിൽ ഒരു നോവലിനും തന്റെ പരൽമീൻ നീന്തുന്ന പാടം എന്ന ആത്മകഥയും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കേവലം എഴുത്തുകാരനെന്നതിലുപരി മലയാള സിനിമയുടെ പ്രാരംഭ കാലത്തെ പ്രശസ്ത സംവിധായകൻ കൂടിയാണ്. അങ്ങനെ സാഹിത്യത്തിലും കലയിലും സമാന്തരമായി തിളങ്ങിയ അദ്ധേഹവും അദ്ദേഹത്തിന്റെ കൃതികളും കേരള സാഹിത്യ അക്കാദമിയിലെ സ്ഥിര സാന്നിധ്യമായി മാറി.
“ഏതോതോ സരണികളിൽ” അദ്ദേഹത്തിന്റെ പ്രധാന യാത്രാവിവരണമാണ്. 1979 ലെ തന്റെ 4 മാസം നീണ്ട ആദ്യ ബംഗാൾ യാത്ര കഴിഞ്ഞ് 35 വർഷത്തിനു ശേഷം കൊൽക്കത്തയിലേക്ക് യാത്ര പോകുന്നതാണ് ഇതിന്റെ ഇതിവൃത്തം. ബംഗാളി നാടക വേദിയെക്കുറിച്ച് പഠിക്കാനാണ് യാത്ര. ഇത് തികച്ചും യാദൃശ്ചികമാണെന്ന് എഴുത്തുകാരൻ പ്രതിപാദിക്കുന്നുണ്ട്. യഥാർത്ഥത്തിൽ കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരത്തിനായി എഴുത്തുകാരൻ നൽകിയിരുന്നത് മലബാർ കലാപത്തെ തുടർന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ടവരുടെ പിൽകാല ജീവിതത്തെക്കുറിച്ചുള്ള പ്രൊജക്റ്റ് ആയിരുന്നു. എന്നാൽ സാഹിത്യ അക്കാദമിയുടെ 750 രൂപ ഗ്രാൻഡിൽ യാത്രാ ചിലവ് ഒതുങ്ങാതായതോടെ ആശങ്കാകുലനായി സാഹിത്യ അക്കാദമിയിൽ ചെന്നപ്പോഴാണ് ഈ ബംഗാൾ യാത്രയുടെ നാമ്പുമുളക്കുന്നത്.
കോറമാണ്ഡൽ എക്സ്പ്രസിന്റെ കണക്ഷൻ ട്രെയിനായ മംഗലാപുരം മെയിൽ നേരം വൈകിയാൽ യാത്ര അനിശ്ചിതത്വത്തിലാവുമെന്ന് കരുതി ഒരു ദിവസം മുമ്പ് മദ്രാസിലെത്തിയത് മുതലാണ് യാത്രാ വിവരണം ആരംഭിക്കുന്നത്. മദ്രാസിന്റെ ഭൂവിശേഷങ്ങളാണ് തുടക്ക ഭാഗത്തെ അലങ്കരിച്ചിരിക്കുന്നത്. മലയാളി സുഹൃത്തിന്നോടൊപ്പം ഒരു പകൽ മുഴുവൻ മദ്രാസ് ചുറ്റിക്കറങ്ങി അടുത്ത ദിവസം രാവിലെയാണ് അവിടുന്ന് ട്രെയിൻ കയറുന്നത്. പിന്നീട് ഹൗറയിലേക്കുള്ള നീണ്ട ട്രെയിൻ യാത്രയും അതിലെ അനുഭവങ്ങളും വളരെ വിശാലമായി വിവരിക്കുന്നുണ്ട്. പുറത്തെ കാഴ്ചകളേയും മനസ്സിൽ മിന്നി മറയുന്ന ഓർമയുടെ വെള്ളിത്താലങ്ങളേയും യോജിപ്പിച്ച് ഹൗറയിലെ മലയാളി സുഹൃത്തുക്കളെയും അവരുടെ ആദ്യ സന്ദർശനത്തിലെ സ്വീകരണത്തെക്കുറിച്ചും എഴുത്തുകാരൻ വാചാലനാവുന്നു . മലയാളികളുടെ രീതിയെയും കേരളത്തോടുള്ള ബംഗാളിന്റെ ചില സാമ്യതകളെയും പറഞ്ഞു കൊണ്ട് ആ പരമ്പര നീണ്ടു പോകുന്നു.
യാത്രയോടൊപ്പം നീങ്ങുന്ന പ്രധാനമായ രണ്ട് ചർച്ചകളാണ്, ഒന്ന് ബംഗാളി നാടകത്തിന്റെ ചരിത്രവും വർത്തമാനവും, രണ്ട് ബംഗാളി സാഹിത്യ മേഖലയും. സി.വി യുടെ തന്നെ പ്രഥമ നോവലായ ആയുസിന്റെ പുസ്തകത്തിന്റെ പശ്ചാത്തലം ബംഗാളായതിനാൽ ബംഗാളി സാഹിത്യവും സാഹിത്യകാരന്മാരും അമേഹത്തിന് അത്യധികം ബന്ധമുള്ളവയാണ്. അതു കൊണ്ട് തന്നെ ബംഗാളി എഴുത്തുകാരായ ബിഭൂതി ഭൂഷണും താരാശങ്കർ ബാനർജിയും മാണിക് ബാനർജിയും ബിമൽ മിത്രയും ഇടക്കിടെ താളുകളിലൂടെ കടന്നുപോകുന്നുണ്ട്. അവർ വായനക്കാരോട് ആഴത്തിലുള്ള സംഭാഷണങ്ങളും സംവാദങ്ങളും നടത്തുന്നു. രബീന്ദ്രനാഥ ടാഗോർ പോലെയുള്ള എഴുത്തുകാർ ബംഗാളിൽ നിന്ന് ഇന്ത്യയോളം വളർന്നതിന്റെ അവശേഷിപ്പുകൾ വിവരണത്തെ സാഹിത്യ ചരിത്ര സമ്പുഷ്ടമാക്കുന്നുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യ കാലഘട്ടത്തിലെ ബംഗാൾ സാഹചര്യങ്ങളും തുടർന്നുണ്ടായ സംഭവ വികാസങ്ങളും പലർക്കുമറിയാത്ത യാഥാർത്ഥ്യങ്ങളും ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ തുറന്നു പറയുന്നു. തന്റെ പ്രൊജക്ടിനാവശ്യമായ ഓരോ യാത്രകളിലും കടന്നു പോകുന്ന സ്ട്രീറ്റിന്റെയും നിർമിതികളുടെയും തെരുവുകാഴ്ചകളുടെയും ചിത്രവും ചരിത്രവും അക്ഷരങ്ങളിലൂടെ വായനക്കരിലേക്ക് കൈമാറാൻ എഴുത്തുകാരൻ കഴിഞ്ഞിട്ടുണ്ട്. അതിൽ ഹൗറയും ബാളിഗഞ്ചും രാഷ്ബിഹാരി അവന്യൂവും വിക്ടോറിയ മെമ്മോറിയലും ചൗരംഗി റോസും പാർക്ക് സ്ട്രീറ്റും ഗരിയാ ഹട്ടും കോളേജ് സ്ട്രീറ്റും ശാന്തിനികേതനും മറ്റും ഉൾപ്പെടുന്നു. എപ്പോഴും ആന്തരിക ചൈതന്യമായി ടാഗോറും രബീന്ദ്ര സംഗീതങ്ങളും എഴുത്തുകാരനെ പുൽകുന്നുണ്ട്. അതു കൊണ്ട് തന്നെ ടാഗോർ ബോൽഗ്രപൂരിൽ സ്ഥാപിച്ച ശാന്തിനികേതൻ വിദ്യാലയം പുസ്തകത്തിലെ പല കോണിലും പ്രത്യക്ഷപ്പെടുന്നു. അവിടുത്തെ മഹർശിമാരും പഠിതാക്കളും എഴുത്തുകാരനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാവുന്നതാണ്.
സിനിമ വിശേഷങ്ങളാണ് പുസ്തകത്തിന്റെ ആദ്യാന്ത്യം വരെ പരാമർശിക്കുന്ന രണ്ടാമത്തെ ഘടകം. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ സത്യജിത്ത് റായ് പോലെയുള്ള ബംഗാളി സംവിധായകരുടെ സംഭാവന അതുല്യമാണ്. പത്താം തരത്തിലെ ഇംഗ്ലീഷ് പാം പുസ്തകത്തിലെ പ്രൊജക്ട് ടൈഗർ സത്യജിത്ത് റായിയുടെയും ഷൂട്ടിംഗ് വൈഭവത്തിന്റെ നേർചിത്രമാണ്. പ്രശസ്ത ബംഗാളി സംവിധായകരായ സത്യജിത്ത് റായ്, ഋതിക് ഘട്ടക്, മൃണാൾ സെൻ, ഗൗതം ഘോഷ്, അപർണ സെൻ തുടങ്ങി നിരവധി ഇതിഹാസങ്ങളെ തന്റെ ആദ്യ യാത്രയിൽ എഴുത്തുകാരൻ നേരിട്ടു സംവദിച്ചതും ചലച്ചിത്ര മേഖലയെ അടുത്തറിഞ്ഞതും അദ്ധേഹം ഓർമിക്കുന്നു, കൂടെ സത്യജിത് റായിയുടെ ടോളിഗഞ്ചിലെ ഇന്ദ്രപുരി സ്റ്റുഡിയോയും. പാഥർ പാഞ്ചാലിയും തീൻ കന്യയുമൊക്കെയാണ് അദ്ദേഹത്തിന്റെ ഇഷ്ടസിനിമകൾ. ദിവസവും പ്രഭാതത്തിലെ സവാരിയിൽ സന്ദർഷിക്കുന്ന ബംഗാളി തിയേറ്ററുകളുടെയും നാടകങ്ങളുടെയും വിശേഷങ്ങളും അഭിപ്രായങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.
കൊൽകത്തയിലേയും സമീപ നഗരങ്ങളിലേയും കൃസ്ത്യൻ സാഹചര്യങ്ങൾ അദ്ധേഹം വിക്ടോറിയ മെമ്മോറിയലും സെന്റ് പോൾ കത്തീഡ്രലും സന്ദർശിക്കുന്നിടത്ത് വിവരിക്കുന്നുണ്ട്. കൃസ്ത്യൻ മതാടിസ്ഥാനത്തിലെ കുമ്പസാര ചടങ്ങുകളോട് അദ്ദേഹം ഒരല്പം വൈമനസ്യവും കാണിക്കുന്നുണ്ട്. പാപത്തെക്കുറിച്ചും പാപമോചനത്തെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തൽ ആണ് അതിനെ ഉപസംഹരിക്കുന്നത്. കൂടാതെ ബംഗാളിലെ പല തെരുവുകളിലേയും ജനജീവിതവും അവരുടെ ജീവിതോപാധിയും ഇതിനോട് ചേർത്തു വെക്കുന്നു. റിക്ഷക്കാരും വേശ്യ സ്ത്രീകളും അടങ്ങുന്ന സേനാഗച്ചി അത്തരത്തിലുള്ള പ്രധാന തെരുവാണ്. അതുപോലെ പ്രകൃതി വർണ്ണനകളും വശ്യമായ രീതിയിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലോത്തുകസബ എന്ന കുടിയേറ്റ ഗ്രാമത്തിലെ പുഴയും കുന്നുകളും എഴുത്തുകാരന്റെ മഷിത്തുള്ളിയിൽ വിരിയുന്നു.
35 വർഷം ബംഗാളിന്റെ പ്രകൃതിയിൽ അത്രയധികം മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും മനുഷ്യമനസ്സുകളെ അടിമുടി പരിവർത്തനപ്പെടുത്തിയിട്ടുണ്ടെ ന്ന് എഴുത്തുകാരൻ പറയുന്നു. അന്നത്തെ രബീന്ദ്ര സംഗീതവും നവോത്ഥാനവും ഇന്നിവിടെ ഇല്ല എന്നാണ് എഴുത്തുകാരന്റെ വാക്കുകൾ. അതുപോലെ ആദ്യ യാത്രയിൽ തന്നെ വളരെയധികം സ്വാധീനിച്ച മദർ തെരേസ, സത്യചിത്ത് റായി, മൃണാൾസൻ, ജ്യോതിസൻ, ബാദൽ സർക്കാർ തുടങ്ങിയവരുടെ അഭാവം എഴുത്തുകാരനെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരുകാലത്ത് കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നാടകത്തിന്റെയും സിനിമയുടെയും കേന്ദ്രബിന്ദുവായ കൊൽക്കത്ത ഇന്ന് ശിഥിലീകരണത്തിന്റെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. എഴുത്തുകാരന്റെ അക്ഷരക്കൂട്ടങ്ങളും സഹയാത്രികനായ മധുരാജിന്റെ ചിത്രങ്ങൾ കൂടി ചേർന്ന ഈ കൃതി എല്ലാകാലത്തും പ്രസക്തിയുള്ളതാണ്. ശാന്തിനികേതനിലെ തൻറെ ഹൃദയസ്പർശിയായ അനുഭവങ്ങളെ സ്മരിച്ചു കൊണ്ടാണ് യാത്രാവിവരണം അവസാനിക്കുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല