വായന
ലക്ഷ്മിപ്രഭ സ്നേഹലത
ചക്കക്കുരു മാങ്ങാ മണം എന്ന പേരിന്റെ കൗതുകം തന്നെയായിരുന്നു
ബുക്ക് വാങ്ങിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ ഒരു ബുക്ക് നമ്മൾ കൈയിലെടുക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന എല്ലാ മുൻവിധികളെയും ഇത് തകർക്കുന്നുണ്ട്.
ഒന്ന് ഒന്നിനോട് ബന്ധപ്പെടാത്ത, തികച്ചും വ്യത്യസ്തവും മൗലികവുമായ 39 കവിതകൾ. ഒരു കവിയുടെ ആദ്യ കവിതാസമാഹാരം ഇത്രയും വ്യത്യസ്തമായി തീരുന്നത് തന്നെ അത്ഭുതമാണ്.
കവിതകൾക്ക് തന്നെ വലിയ വ്യത്യസ്ത
ഉണ്ട്. നീണ്ട കവിതകൾ, ചെറിയ കുറു കവിതകൾ, ഹൈക്കുമോഡൽ കവിതകൾ അങ്ങനെ പലവിധം. കവിതയിലൂടെ അനീഷ് വായനക്കാരെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നത് അനിർവചനീയമായ ഒരു ലോകത്തിലേക്കാണ്.
ആദ്യത്തെ കവിതയായ മഴക്കാല രാത്രികൾ പകരുന്ന ഇന്ദ്രിയാനുഭവം സവിശേഷമാണ്. ക്രിസ്തുമസ് കാലത്ത് ഒരുക്കുന്ന പുൽക്കൂട് പോലൊരു കൊച്ചുകൂര, അവിടെ പുതപ്പിൻ്റെ ധാരാളിത്തമില്ലാതെ, അമ്മ പുതപ്പിച്ച പോളിസ്റ്റർ സാരിയിൽ കരുതലും മഴയുടെ തണുപ്പും അറിഞ്ഞുറങ്ങുന്ന കുട്ടി, അവനു താരാട്ടുപാട്ടായി മഴവെള്ളത്തിൻ്റെ കിലുക്കം..ചക്കക്കുരു മാങ്ങാ ഒരേ സമയം രുചിയും മണവുമായി ഉണ്ട് രാജമല്ലി ചുവയ്ക്കുന്ന വെള്ളത്തിൽ വാ കഴുകി, രാത്രിയിലെപ്പോഴോ അച്ഛൻ്റെ കുറ്റിത്താടിയുടെ വാത്സല്യമറിയുന്ന മഴക്കാല രാത്രികൾ- വാക്കുകളിലൂടെ വായനക്കാരും കുട്ടിയുടെ അനുഭവത്തിൻ്റെ പങ്കുപറ്റുന്നു.
ചാച്ചൻ എന്ന കവിതയുടെ സവിശേഷത പുത്രവാത്സല്യം അതിൽ നിറയുന്നു എന്നതാണ്. പിതാവിനോടുള്ള വാത്സല്യം, അദ്ദേഹം ഉപേക്ഷിച്ച വസ്തുക്കളിൽ അച്ഛൻ്റെ സാമീപ്യമറിയുന്ന മകൻ- മാതാ പിതാക്കളുടെ സ്നേഹത്തിൻ്റെ മാറ്റൊലിയാകേണ്ടതും എന്നാൽ മക്കൾ കൈമാറാൻ മറക്കുന്നതുമായ പുത്രവാത്സല്യം കവിതയ്ക്ക് വിഷയമായിട്ടുള്ളത് അപൂർവ്വമായി മാത്രം.
മരം കയറുന്ന പെൺകുട്ടിയുടെ രഹസ്യമറിഞ്ഞ കുട്ടിക്കാമുകൻ,
കട്ടച്ചേറു മണക്കുന്ന മണിയറ, ജാതി വിവേചനത്തിൻ്റെ വേദനയറിഞ്ഞവൻ നിങ്ങടെ വായിൽ പഴമായിരുന്നോ എന്നു ചോദിച്ചപ്പോൾ ഉത്തരം മുട്ടിയ കർത്താവിനെ കടല മണക്കുന്ന വെള്ളിരൂപ കൊടുത്ത് ആശ്വസിപ്പിക്കുന്ന കുഞ്ഞൂഞ്ഞ്, വാത്സല്യമായി സ്മരണയിൽ നിറയുന്ന മാമിയെ കായലിൽ തള്ളേണ്ടിവരുന്ന, മണ്ണിൻ്റെമേൽ അവകാശം നിഷേധിക്കപ്പെട്ടവൻ്റെ വേദന,
നട്ടുച്ച എന്ന കവിതയിൽ ഇടവേളയില്ലാതെ പരസ്പരം നോക്കുന്നു. ലതികക്കുഞ്ഞമ്മയും ചാക്കോച്ചനും പ്രണയത്തിൻ്റെ ദൃശ്യാവിഷ്‌ക്കാരമാകുന്നു, കണ്ണുകൾ കൊണ്ടു ദാഹവും മോഹവും കൈമാറുന്ന നിത്യപ്രണയികൾ, നമ്മൾ ഓരോരുത്തരുടെയും പ്രതീകങ്ങൾ. പ്രണയത്തെ ശരീരത്തിൽ നിന്ന് വേർപെടുത്തി അറിയാനാവില്ല എന്ന് ഓർമ്മിപ്പിക്കുന്ന ചുവന്ന ഷഡ്ഢിയിൽ എത്തിനിൽക്കുന്ന നോട്ടം, ശരീരത്തിൻ്റെ ഗന്ധം. ഒരാൾ മരിക്കുമ്പോൾ അയാളിൽ നമ്മളും മരിക്കുന്നു എന്ന ഉയിർത്തെഴുന്നേൽപ്പ് എന്ന കവിതയിലെ നിരീക്ഷണം മരണത്തിന് പുതിയൊരു മാനം നൽകുന്നു.
അവർ എന്ന കവിതയിൽ അപരിചിതരെ അറിയുന്നവൻ്റെ സംതൃപ്തി കാണാം, ലോകത്തിൻ്റെ ഇടപാടുകളിൽ നിന്നകന്ന് പരസ്പരം പങ്കിടുന്ന ചോറിലും കറിയിലും സന്തോഷമറിയുന്ന അവർ, അവരറിയാതെ അവരെക്കാണുന്ന ഒരുവൻ.
വെള്ളമൊഴിക്കുമ്പോൾ ദേഹത്ത് താമരക്കിഴങ്ങു മുളച്ചു പൊന്തുന്ന പെൺകുട്ടി വെള്ളത്തിലല്ല, രണ്ടാനച്ഛൻ്റെ കാമത്തിൽ മുങ്ങിയാണ് മരിച്ചതെന്ന രഹസ്യം ഉള്ളിലെ ഇളകാത്ത മുള്ളാകുന്നു, ഓരോ ചെറുശ്വാസത്തിലും രഹസ്യം സൂക്ഷിപ്പുകാരൻ വേദനയറിയുന്നു, അതിൽനിന്ന് അവനു മോചനമില്ല.
മരിച്ചവരോട് പറയാൻ ബാക്കിയായ വാക്കുകളുടെ വേദന പേറുന്ന കവിതയുടെ പേരും വാക്കുകൾ എന്നാണ്. വേറിട്ടു ചിന്തിക്കുന്നവരുടെ ആകുലതകൾ അടയാളപ്പെടുത്തുന്ന കവിതയാണ് കാറ്റ്. കൂട്ടത്തിൽ നിന്നു പുറത്താക്കപ്പെട്ട, നിശബ്ദരാക്കപ്പെട്ട, ജീവിച്ചിരിക്കെ ജീവിതത്തിൻ്റെ നിറം കെട്ടുപോയവരുടെ പ്രതിനിധിയായി നിൽക്കുന്നു കൂട്ടിലടയ്ക്കപ്പെട്ട കാറ്റ്.
ലോകത്തിൻ്റെ നോട്ടങ്ങളിൽ നിന്ന് വേർപെട്ട് തങ്ങളായിരിക്കാൻ ഇത്തിരി നേരം വേണമെന്ന ആഗ്രഹം പങ്കുവയ്ക്കുന്ന കവിതയാണ് ഭ്രാന്ത് എന്ന് വിളിക്കുന്ന രണ്ട് പേർ ലോകത്തിന് കൊടുക്കുന്ന ഓഫർ.
തന്നിലേക്കുള്ള മടക്കത്തെ ബുദ്ധൻ ആത്മീയതയായി കണ്ടെങ്കിൽ ഉള്ളിലേക്കുള്ള പിൻവാങ്ങലിലാണ് കവിത പിറവിയെടുക്കുന്നത് എന്ന തിരിച്ചറിവിൽ തൻ്റെ മതം കവിതയാണെന്ന് അനീഷ് പ്രഖ്യാപിക്കുന്നു.
ബാലനായും യുവാവായും പ്രണയിയായും കീഴാളനായും ജ്ഞാനിയായും അനീഷ് കവിതകളിൽ പടർന്നു കിടക്കുന്നു. പരിചിതമല്ലാത്ത പല ഇടങ്ങളിലേക്ക് കവിത വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു, എല്ലായിടത്തും ജീവിതം തുടിച്ചു നിൽക്കുന്നു.
അനീഷിന്റെ കവിതകളിൽ ഉടനീളം കേൾക്കുന്ന സ്വരം പുരുഷൻ്റേതാണ്. പക്ഷെ എവിടെയും മേൽക്കൈ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല എന്നത് സവിശേഷതയായി തോന്നി.
സ്നേഹത്തിൻ്റെ തീക്ഷ്ണതയും മനുഷ്യ ജീവിതത്തിൻ്റെ നിസ്സഹായതയും പോരാട്ട വീര്യവും ചിതറിക്കിടക്കുന്ന വാക്കുകൾ, വരികൾ. അരികുവൽക്കരിക്കപ്പെട്ട സ്വത്വത്തിൻ്റെ അനുഭവങ്ങൾ, തൻ്റെ ജീവിത പരിസരത്തു നിന്നുകൊണ്ട് തൻ്റെ തന്നെ ഭാഷയിൽ, രൂപകങ്ങൾ തീർത്ത് ആഖ്യാനിക്കുമ്പോൾ കവിത സമൂഹമനസ്സിനെ ഉത്തരംമുട്ടിക്കുന്ന വിപ്ലവമായി മാറുന്നു.
മലയാളകവിതയിലെ പുതുചലനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വ്യക്തി ആണെങ്കിൽ നിങ്ങൾ തീർച്ചയായും ഈ കവിതാസമാഹാരം വാങ്ങേണ്ടതാണ്.
പാപ്പാത്തി ബുക്സാണ് പ്രസാധകർ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
സ്നേഹം ആത്മയ്ക്കും സ്നേഹപ്രഭാ ടീച്ചർക്ക് ????????