HomeTHE ARTERIASEQUEL 126ആദിവാസികളെ കാഴ്ച വസ്തുക്കളാക്കപ്പെടുമ്പോള്‍

ആദിവാസികളെ കാഴ്ച വസ്തുക്കളാക്കപ്പെടുമ്പോള്‍

Published on

spot_imgspot_img

കുഞ്ഞിക്കണ്ണൻ പൂക്കുന്നം

‘കേരളീയം’ ഇപ്പോൾ കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ പതാകയുർത്തി നിൽക്കുന്ന സമയമാണല്ലോ. രണ്ടാം കേരളീയം നടത്താനുള്ള ഒരുക്കത്തിലുള്ള സംഘാടകരോട്, സർക്കാരിനോട് കേരളത്തിലെ ഗോത്രസമൂഹം ചോദിക്കുന്ന വലിയൊരു ചോദ്യമാണ്, കേരളീയത്തിൽ സംഘാടകർ ഗോത്രകലകളുടെ പ്രദർശനമാണ് ലക്ഷ്യമിട്ടതെങ്കിൽ എന്തുകൊണ്ട് ആദിവാസി കലാപ്രദർശനത്തിനുമാത്രം ഇങ്ങനെയൊരു മനുഷ്യപ്രദർശനശാലയുടെ സ്വഭാവം വന്നുയെന്നത്. പല ചാനൽ ചർച്ചകളും, നവമാധ്യമങ്ങളിലും ഈ പ്രശ്നം വളരെ നല്ല രീതിയിൽ ചർച്ച ചെയ്തെങ്കിലും ഈയൊരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതും കൂടാതെ മനുഷ്യ മ്യൂസിയത്തിലെ സ്വന്തം സമുദായത്തിന്റെ കുടിലുകളടക്കം അവസാന ദിനം നേരിൽ സന്ദർശിച്ച വ്യക്തിയെന്ന നിലയിൽ, ലിവിങ്ങ് മ്യൂസിയം എന്ന തെറ്റായ ആശയത്തെ ചോദ്യം ചെയ്ത മാവിലൻ ആദിവാസി വിഭാഗത്തിലെ മൂന്നു കലാകാരൻമാരെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വെയ്ക്കുകയും ഒടുവിൽ ഉപാധികളോടെ വിട്ടയക്കുകയും ചെയ്തത് ഫോക് ലോർ അക്കാദമിയുടെ വീഴ്ചയാണെന്നു കൂടി സൂചിപ്പിക്കുന്നതോടൊപ്പം പ്രസ്തുത വിഷയത്തിൽ സർക്കാർ ആദിവാസികൾക്ക് അനുകൂലമായ ശക്തമായ നിയമം കൊണ്ടുവരണമെന്ന ചിന്തയോടു കൂടിയുമാണ് ഇന്ത്യയിലെ ആദ്യത്തെ ലിവിങ്ങ് മ്യൂസിയം എന്ന ആശയത്തിന്റെ അപകടങ്ങളെ കുറിച്ച് ഇവിടെ പരാമർശിക്കുന്നത്.

സംഘാടക ലക്ഷ്യങ്ങൾ

തലസ്ഥാനത്തെ മൃഗശാലയോട് ചേർന്നുള്ള കനകകുന്ന് കൊട്ടാരത്തിന്റെ മുമ്പിലായിരുന്നു കേരളീയത്തിന്റെ ഭാഗമായുള്ള ഫോക് ലോർ അക്കാദമിയുടെ ആദിമം ലിവിങ്ങ് മ്യൂസിയം ഒരുക്കിയിരുന്നത്. വിദൂരഭാവിയിൽ ഭൂമുഖത്തിൽ നിന്നും ഇല്ലാതാകുന്ന മൃഗങ്ങളെപ്പോലെ, ശരിക്കും പറഞ്ഞാൽ നഗരവാസികൾക്ക്, കേരളത്തിന്റെ ഉൾവനാന്തരങ്ങളിൽ മാത്രം കാണപ്പെടുന്ന മനുഷ്യജീവികൾ എന്നതരത്തിൽ കേരളത്തിലെ പട്ടിക വർഗ്ഗവിഭാഗമായ പളിയൻ, ഊരാളി, മന്നാൻ, മാവിലൻ, കാണിക്കാർ എന്നീ സമുദായങ്ങളെ അവരുടെ പാരമ്പര്യ രീതിയിൽ കുടിൽകെട്ടി കലയുടെ പേരിൽ ആധുനികതയുടെ കച്ചവടം കണ്ണോടെ കേരളം അപമാനിച്ചത്. ഒരുകാലത്ത് ക്ഷേത്രത്തിൽ പോലും കയറാൻ അവകാശമില്ലാതിരുന്നവരെ, വർഷങ്ങൾക്ക് മുമ്പ് അടിമകളായിരുന്നവരുടെ പിൻതലമുറയെയും, ഏഷ്യയിലെ ഏകഗുഹാവാസികളെയും, വിശപ്പിനാൽ മറ്റുജാതിക്കാരുടെ ശ്മാശാനത്തിലെ മറവുചെയ്ത ശവത്തിനു മുകളിൽ മൂന്നാം നാൾ വിളമ്പുന്ന ഭക്ഷണവും, മറ്റുള്ളവർ കഴിച്ച എച്ചിലുകൾ കഴിച്ചവരുടെയും പിൻതലമുറയെ ഭാവിയിൽ കേരളീയ ലിവിങ്ങ് മ്യൂസിയത്തിലേക്കും, കൂടാതെ ഫോക് ലോർ, കിർത്താട്സ്, ഗദ്ദിക, എൻ ഊര്, സ്വാതന്ത്ര്യസമരം മ്യൂസിയം, ചരിത്ര മ്യൂസിയം എന്നിവടങ്ങളിൽ പ്രദർശിപ്പിക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ തുടക്കമാണോ എന്നു ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കേരളീയം വാർത്താസമ്മേളനത്തിലെ ന്യായീകരണ മറുപടി ശ്രദ്ധിക്കുമ്പോൾ ഗോത്രസമൂഹം ഭയപ്പെടുകയാണ്.

വിലക്കുന്ന വേദികൾ

ഗോത്രപ്രശ്നങ്ങൾ ചർച്ചചെയ്യുമ്പോൾ വംശീയ കേന്ദ്രീകരണത്തിലേക്ക് സ്വന്തം കാഴ്ച്ചപ്പാടുകൽ നീങ്ങുന്നുവെന്നറിയാമെങ്കിലും ചിലത് പറയാതിരിക്കുന്നതും ശരിയല്ലായെന്ന് വിശ്വസിക്കുന്നു. മുഖ്യധാര സമൂഹത്തിന്റെ സംസ്കാരം, മതം, കലാരൂപങ്ങൾ രൂപംകൊള്ളുന്നതിനും മുമ്പേ രൂപകൊണ്ട കലകളാണ് ഓരോ ഗോത്രത്തിന്റെയും സംഗീതവും കലാരൂപവും. എന്നാൽ ഈ വർത്തമാനകാലഘട്ടത്തിൽ കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയം, കനകകുന്ന് പാലസ്, പുത്തരികണ്ടം മൈതാനം തുടങ്ങിയ പ്രധാനവേദികളിൽ നിന്നും തെരുവ് വേദികളിലേക്ക് ഗോത്ര പരിപാടികളെ മാറ്റിയതിന്റെ ജാതിയത പരിശോധിക്കപ്പെടേണ്ടതുണ്ട്. കലാകാരൻമാർ എല്ലാവരും തുല്യരാണ്. ഒരു കൂട്ടർക്കുമാത്രം കാലപ്രകടനത്തിനു മുമ്പും ശേഷവും വിശ്രമിക്കാൻ എല്ലാവിധ സുഖസ്വകര്യങ്ങളും നൽകിയപ്പോൾ ആദിമത്തിൽ ഒരു കസേര പോലും ക്രമികരിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ലായെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ജാർഖന്ധിലെ സംവാദ് പോലുള്ള പതിനായിരക്കണക്കിന് കാണികൾക്ക് മുമ്പിലെ വലിയവേദികളിൽ വരെ മംഗലംകളി അവതരിപ്പിച്ച ഒരു കലാപ്രവർത്തകർക്ക് ആദിമത്തിലെ കുടിലിലെ ഇത്തിരി പോന്ന വരാന്തയിൽ ഒരു പത്തുപേർക്ക് ഇരുന്നു കാണാനുള്ള സ്വകര്യം പോലും ഇല്ലാതെ കലകൾ അവതരിപ്പിക്കേണ്ടിവന്ന അവസ്ഥയും, കൂടാതെ പരിപാടി അവതരണത്തിന് ശേഷം വിശ്രമിക്കാൻ പായ വിരിച്ചുകൊടുത്തതും, നൂറുമീറ്റർ അകലെ നിന്നും മൃഗശാലയിലെ കാഴ്ചകൾക്കുശേഷം ഇവിടെ വന്ന് അത്ഭുതത്തോടെ ഫോട്ടോയും വീഡിയോയും എടുക്കാൻ സമ്മതം നൽകിയ ഫോക് ലോർ അക്കാദമിയും സംഘാടകരും ശരിക്കും മനുഷ്യധ്വംസന പ്രവർത്തനം തന്നെയാണ് ചെയ്തത്. ഇതിനെതിരെ കേരള ഗോത്ര സമൂഹം ഒന്നിച്ച് പ്രതിരോധിക്കേണ്ട സമയമാണ്. ഈ കാര്യത്തിൽ പട്ടിക ജാതി -പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിയുടെ ക്ഷമാപണവും ‘ ഷോ കേയ്സിൽ വയ്ക്കപ്പെടേണ്ടവരല്ല ആദിവാസികൾ’ എന്ന പ്രസ്താവനയും വളരെ ഗൗരവത്തോടെകൂടി കാണേണ്ടതു തന്നെയാണ്.

Fakelore ആയ Folklore അക്കാദമി

‘മാവിലർ’ എന്ന് കുടിലിന്റെ മുമ്പിൽ അക്കാദമിയുടെ പേരിൽ എഴുതിവച്ചിരുന്ന ബോർഡിൽ (അതിന്റെ ഫോട്ടോ ഇതോടപ്പം വെയ്ക്കുന്നുണ്ട് ) എത്ര മോശമായിട്ടാണ് മാവിലരെ രേഖപ്പെടുത്തിയിരിക്കുന്നത്. നാളിതുവരെയുള്ള അക്കാദമിയുടെ പഠനത്തിൽ കേരളത്തിൽ കാസറഗോഡ് ജില്ലയിൽ മാത്രമാണോ മാവിലർ അധിവസിക്കുന്നത്? ജനന മരണ സമയത്ത് തുടങ്ങി എല്ലാവേളകളിലും പാട്ടും നൃത്തവും ഒഴിച്ചുകൂടാനാവാത്തതാണു പോലും. എവിടെ നിന്നാണ്? എന്താണ് ഇതിനൊക്കെ തെളിവുള്ളത്? തീർന്നില്ല, ഇനിയുമുണ്ട് അതിലെ മഹത്വവൽക്കരിക്കൽ. എന്തിനാണ് ഒരു സമുദായത്തെ ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു അവഹേളിക്കുന്നത്. ചുരുങ്ങിയത് കലാകാരൻമാരോടോ അല്ലെങ്കിൽ അക്കാദമിയിലെ ലൈബ്രറിയിലെ ആർ. സി കരിപ്പത്തിന്റെ മലയിലെ മാവിലൻ എന്ന ബുക്ക് എങ്കിലും പരിശോധിക്കാമായിരുന്നില്ലേ? ജനനവും മരണവും തിരിച്ചറിയാൻ ഞങ്ങൾക്ക് മജ്ജയും മാംസവും മനസും ഇല്ലന്നാണോ കേരള ഫോക് ലോർ അക്കാദമി ധരിച്ചുവെച്ചിരിക്കുന്നത്? ജനനവും മരണാനന്തരവുമായി ബന്ധപ്പെട്ടുള്ള ജീവിതഘട്ടത്തിലെ ഓരോ ചടങ്ങുകളും ആചാരങ്ങളും വളരെ പരിശുദ്ധിയോടെയാണ് ഓരോ ഗോത്രവും ഇന്നും നടത്തി ക്കൊണ്ടിരിക്കുന്നത്. അക്കാദമിയുടെ നാലുച്ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങാതെ ഓരോ സമുദായത്തിന്റെയും ഊരുകൾ സന്ദർശിച്ച്, കേരളത്തിലെ അടിയർ മുതൽ പിള്ളമാർ വരെയുള്ള 217 ഓളം വരുന്ന ജാതികളുടെ ആചാരനുഷ്ടാനങ്ങളെക്കുറിച്ച് ഇനിയെങ്കിലും പഠിക്കാനുള്ള ശ്രമവു മുണ്ടാവട്ടെ.

കച്ചവടവൽക്കരിക്കപ്പെടുന്ന ജനം….

കേരളീയത്തിന്റെ പ്രഥമലക്ഷ്യം തന്നെ കച്ചവടമായിരുന്നല്ലോ. കടുത്ത സാമ്പത്തിക പ്രയാസത്തിൽ നിൽക്കുന്ന സർക്കാരിന് കോടികളായിരിക്കുമല്ലോ വരുമാനമായി ലഭിച്ചത്. എന്നാൽ ഷോ കേയ്സിൽ കാഴ്ച്ചവസ്തുകളയാവർക്ക് ലഭിച്ച കൂലി വെറും തുച്ഛംമായിരുന്നുവെന്നതും നമ്മളറിയേണ്ടതുണ്ട്.
കേരളീയം പരിപാടി വൻ വിജയമാണെന്നും, ഹാപ്പിയാണെന്നും പറയുമ്പോഴും അർഹിച്ച വേതനംപോലും ലഭിക്കാതെയാണ് ആദിമനിവാസികൾ അവരുടെ ഊരിലേക്ക് തലസ്ഥാനനഗരിയിൽ നിന്നും മടങ്ങിയെതെന്നുകൂടി നമ്മളോർക്കണം. പൊതു സമൂഹത്തിന്റെ ആദിവാസികളോടുള്ള കാഴ്ച്ചപാടുകൾ തിരുത്തേണ്ടതിന്റെ ആവശ്യകതയാണ് നവകേരളത്തിന്, സാക്ഷര കേരളീയത്തിന് വേണ്ടതെന്ന അഭിപ്രായവും ഈയൊരുവസരത്തിൽ പങ്കുവെക്കുകയാണ്. അതുപോലെ ഒരു സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിച്ച ഫോക് ലോർ അക്കാദമിയോടും, അതിന് ചുക്കാൻപിടിക്കുന്ന ഗോത്രകലാ ടീമിന്റെ സവർണ്ണ കോർഡിനേറ്റരോടും കലാടീമിന് പിന്നിലെ ‘ഇതൊന്നും ഞങ്ങൾക്ക് പ്രശ്നമില്ലെന്നു’ പറഞ്ഞ പ്രിയ കലാകാരൻമാരോടും നീരസം മാത്രം.

കേരളീയം വിശ്വാസങ്ങൾക്ക് മേലുള്ള കടന്നുകയറ്റം…

കലയുടെ പേരിൽ ആചാരാനുഷ്ഠാനം എന്ന രീതിയിൽ പരിപാലിച്ചു പോരുന്നതാണ് വടക്കൻ ജില്ലകളിലെ തെയ്യങ്ങൾ. കേരളീയത്തിന്റെ ഭാഗമായി തെയ്യക്കോലങ്ങളെ പൊതു വേദിയിൽ അവതരിപ്പിക്കുന്നതിന്റെ പുരോഗമനവാദങ്ങളെ പുനപരിശോധികേണ്ട അവസ്ഥയുമുണ്ട്. കാരണം ഓരോ സംസ്‍കാരത്തിന്റെയും പവിത്രതയെ കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യതയാണ്. റോഡ് പ്രദർശനത്തിനും വേദികളിലുമടക്കം തെയ്യത്തെ വികൃതമായ രീതിയിൽ കെട്ടിയാടിക്കുന്ന പ്രവണത ഈയടുത്തകാലത്ത് കൂടിവരികയാണ്. കേരളത്തിൽ തെയ്യകാലമാണിപ്പോൾ. പൊതുജനത്തിന് ഈയൊരു ആചാരകലയെ അതിന്റെ യഥാർത്ഥ രീതിയിൽ കാണാൻ വടക്കിന്റെ മണ്ണിലെ കാവുകളിലും, പതികളിലേക്കും, പള്ളിയറയിലേക്കും ദേവാസ്ഥാനങ്ങളിലേക്കും സന്ദർശിക്കുവന്നതാണ്. കാനഡയിൽ നിന്നും കേരളത്തിലെത്തി കാസറഗോഡ് ജില്ലയിലെ ഗോത്ര തെയ്യങ്ങളെകുറിച്ച് ഗവേഷണപഠനം നടത്തിയ വിൻസെന്റിനു സംഭവിച്ച കാര്യം ഓർക്കുക ‘ പ്ലാച്ചികരയിലെ മലവേട്ടുവാൻ സമുദായത്തിലെ തെയ്യപഠനത്തിനു വന്ന അദ്ദേഹത്തിന്, ഒരു സാധാരണ ഭക്തനു ലഭിക്കുന്നതരത്തിലുള്ള തെയ്യത്തിന്റെ ദർശനം ലഭിക്കുകയുണ്ടായി. ഒരു തവണ നിങ്ങൾ തെയ്യത്തെയും ആചാരനുഷ്ടാനങ്ങളും നേരിൽ കാണുമ്പോൾ മനസിലാകും, ഈയൊരു കലയെ വേദിയിലേക്ക് മാറ്റുമ്പോഴുള്ള പ്രയാസങ്ങൾ ഒരുപാടുണ്ടെന്ന്. അതുപോലെ ഓരോ പതികളും പള്ളിയറകളും ദേവസ്ഥാനങ്ങളും സാമൂഹ്യകോടതിയായും, അടിച്ചമർത്തവരുടെ ഉയർത്തെഴുന്നേൽപ്പായും, നീതിയുടെ കാവലാളുമായി മാറുകയാണെന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളു.

ശക്തമായ നിയമത്തിന്റെ ആവശ്യകത

ഞങ്ങൾ വംശനാശം നേരിട്ടുകൊണ്ടിക്കുന്ന ഗോത്രമല്ല എന്നാൽ പ്രക്തനഗോത്രവിഭാഗങ്ങളിൽ ഈ പ്രശ്നം നിലനിൽക്കുന്നുമുണ്ട്. എന്നുകരുതി ഞങ്ങൾ വിദ്യാഭ്യാസപരമായോ തൊഴിൽ പരമായോ പുറകിലല്ല. ഞങ്ങളെ കാണുന്നത് പോലെത്തന്നെ ഞങ്ങൾക്ക് കാണുന്നതിനുവേണ്ടി രാജകുടുംബത്തിലെ തിരുന്നാൾമാരെയും തമ്പുരാട്ടിമാരെയും അടുത്ത കേരളീയത്തിലെ ലിവിങ്ങ് മ്യൂസിയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും ഉണ്ടാകട്ടെ. കേരളത്തിലെ ഊരുകളിൽ മാറുന്ന ലോകത്തോടപ്പം മാറാൻ ആഗ്രഹിക്കുന്ന ഒരു തലമുറയുണ്ട് . ആ തലമുറയുടെ മുന്നിലാണ് നവോത്ഥാനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പുരോഗമനസർക്കാർ തന്നെ ആദിവാസികളെ മനുഷ്യമ്യൂസിയത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് എന്നത് സാക്ഷരകേരളത്തിന് അപമാനമാണ്. ഭരണഘടനയിലും പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരവും പ്രത്യേകം സംരക്ഷണം നൽകേണ്ട ഒരു ജന സമൂഹമാണെന്ന് അറിഞ്ഞു കൊണ്ടുതന്നെയല്ലേ ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ആൻഡമാൻ ദീപുകളിലെ ജാറവ ഗോത്രവംശജരുടെ ജീവിതം കാണിക്കാനെന്ന പേരിൽ നടത്തിയിരുന്ന ഹ്യൂമൻ സഫാരി കോടതി ഇടപെട്ട് നിർത്തിച്ചതൊക്കെ ഫോക് ലോർ അക്കാദമിയും സംഘാടകരും അറിഞ്ഞില്ലായെന്നാണോ നമ്മൾ മനസിലാക്കേണ്ടത്. അതുപോലെ ക്ഷേത്ര പ്രവേശന വാർഷിക പരിപാടിയിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗങ്ങൾ പങ്കെടുക്കാത്തതും, അവരോടുള്ള സർക്കാർ പരിഗണനയുമെല്ലാം ജനാധിപത്യ സമൂഹം അറിയുകയും ചെയ്യുമ്പോൾ അയ്യകാളിയുടെ വില്ലുവണ്ടിപോലെ സാക്ഷരകേരള ജനതയുടെ വില്ലുവണ്ടി ലിവിങ്ങ് മ്യൂസിയം ആവർത്തിക്കാതിരിക്കുന്നതിനുവേണ്ടി ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ആയത്കൊണ്ട് സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും പ്രസ്തുത വിഷയത്തിൽ ശക്തമായ നിയമം കൊണ്ടുവരേണ്ടത്തിന്റെ ആവശ്യകത സൂചിപ്പിക്കുകയാണ്. ഒരുകാലത്ത് ജന്മികുടിയാൻ വ്യവസ്ഥകൾക്കെതിരെ രൂപം കൊണ്ട മംഗലംകളി ഞങ്ങളിനിയും വേദികളിൽ കളിക്കും, സാമൂഹ്യ അനീതിക്കെതിരെ മംഗലംകളിയിലൂടെ തന്നെ പ്രതിരോധവും, പ്രതിഷേധവും ഗോത്രജനത തീർക്കുകയും ചെയ്യും.
ജയ് ഭീം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...