(ലേഖനം)
കെ ടി അഫ്സൽ പാണ്ടിക്കാട്
ഓരോ രാജ്യത്തും ആപേക്ഷികമായി ന്യൂനപക്ഷങ്ങൾ നിരവധിയുണ്ട്. മുസ്ലിംകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം. രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങൾക്കും പ്രശ്നങ്ങളുമുണ്ട്.
രാജ്യത്ത് ഇടക്കിടെ സിഖുകാരും ക്രൈസ്തവരും മറ്റു ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടാറുണ്ടെങ്കിലും സ്ഥിരമായി വിവേചനത്തിനും പ്രശ്നങ്ങൾക്കുമിരയാകുന്നത് മുസ്ലിംകളാണ്. സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പേ ആരംഭിച്ച മുസ്ലിംവിരുദ്ധ അക്രമങ്ങളും കലാപങ്ങളും വിവേചനങ്ങളും ഇപ്പോഴും സജീവമായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്.
ന്യൂനപക്ഷൾക്കെതിരായ അക്രമങ്ങൾ 1992ലെ ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷമാണ് കൂടുതൽ രൂക്ഷമായത്. ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന വിവേചനങ്ങളും അവശതകളും സർക്കാർ നിയോഗിച്ച രജീന്ദർ സച്ചാർ കമ്മിറ്റി വർഷങ്ങൾക്ക് മുമ്പ് അക്കമിട്ട് ചൂണ്ടിക്കാട്ടിയതാണ്. ഇതിന്റെ അനന്തരഫലമെന്നോണം ക്ഷേമപദ്ധതികളും വികസന പരിപാടികളും ഏറെ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും സച്ചാർ കമ്മിറ്റി റിപ്പോർട്ടിനു ശേഷം മുസ്ലിംകളുടെ സാമൂഹികാവസ്ഥ കൂടുതൽ
പിന്നാക്കമാവുകയാണുണ്ടായതെന്നാ ണ് സച്ചാർ കമ്മിറ്റി അംഗം ഡോ. അബു സ്വാലിഹ് ശരീഫ് പറഞ്ഞത്.
രാഷ്ട്രീയ, സാമൂഹിക വിദ്യാഭ്യാസ മേഖലകളിലൊക്കെ ഉയർന്ന നിലവാരം പുലർത്തുന്ന കേരളത്തിലും ന്യൂനപക്ഷങ്ങളോടുള്ള നിലപാട് ഏറെയൊന്നും ആശാവഹമല്ല, ജനസംഖ്യയുടെ ഇരുപത്തിഴേഴ് ശതമാനത്തോളം വരുന്ന മുസ്ലിംകളുടെ പ്രാതിനിധ്യം നിയമസഭ മുതൽ ഗ്രാമസഭവരെയും കലക്ടറേറ്റ് മുതൽ പഞ്ചായത്ത് ഓഫിസ് വരെയും തുലോം വിരളമാണ്. മുസ്ലിം ന്യൂനപക്ഷത്തിന് മാത്രമായുള്ള സംവരണാവകാശം ആദ്യം 80:20 എന്ന രീതിയിൽ ആക്കുകയും പിന്നീട് അത് ഇല്ലാതാക്കുകയും ചെയ്ത ചതികൾ എല്ലാവർക്കുമറിയുന്ന നഗ്ന യഥാർത്ഥ്യങ്ങളാണ്. ന്യൂനപക്ഷ കമ്മിഷനിൽ ഇപ്പോൾ മുസ്ലിം എന്ന ന്യൂനപക്ഷം ഉണ്ടോയെന്ന് തന്നെ സംശയമാണ്. അത്തരം പ്രവർത്തനങ്ങളാണ് ഇന്ന് രാജ്യത്ത് അരങ്ങേറി കൊണ്ടിരിക്കുന്നത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം തരപ്പെടുത്തി യഥാർഥ സംവരണാവകാശികൾക്ക് സംവരണം നഷ്ടപ്പെടുത്തിയതിൽ നമ്മുടെ കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. കൂടാതെ രജീന്ദർ സച്ചാർ സമിതി നൂറു ശതമാനവും മുസ്ലിംകൾക്കു മാത്രമായി നിജപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് വർഷങ്ങളായി അട്ടിമറിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഭരണഘടന ന്യൂനപക്ഷങ്ങൾക്കായി പ്രത്യേകം അനുവദിക്കപ്പെട്ട അവകാശങ്ങളിൽ പലതും ഭരണഘടനാ ഭേദഗതികളിലൂടെ ഇല്ലാതാക്കാനുള്ള തിടുക്കത്തിലാണ് കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും.
സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ വിവേചനങ്ങൾക്കും ഇന്ത്യയിൽ ഏറ്റവുമധികം വിധേയരാകുന്നത് ന്യൂനപക്ഷങ്ങളാണ്. പൊതുരാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ നിന്ന് അവർ ബോധപൂർവം അകറ്റപ്പെടുന്നു. തീരുമാനങ്ങൾ എടുക്കുന്നതിൽ അവരെ കരുതിക്കൂട്ടി ഒഴിവാക്കപ്പെടുന്നു. പലപ്പോഴും വംശഹത്യകൾക്കു വരെ ഇരകളായിത്തീരുന്നു. ഇന്ത്യയെ ഏകശിലാത്മക ദേശീയതയായി നിർവചിക്കുന്നവരുടെ ഏറ്റവും വലിയ തടസം രാജ്യത്തെ ന്യൂനപക്ഷങ്ങളാണ്. ഏക സിവിൽ കോഡ് (UCC)ലൂടെ അവർ ലക്ഷ്യം വെക്കുന്നതും ഇത് തന്നെയാണ്. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെന്ന് അംഗീകരിക്കാൻ അവർ തയ്യാറല്ല. ന്യൂനപക്ഷങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്ക് മായ്ച്ചുകളയാൻ തീവ്രശ്രമങ്ങളാണ് വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാൻ കഴിയുമെന്നവർ കണക്കുകൂട്ടുന്നു. ന്യൂനപക്ഷാവകാശങ്ങൾ വല്ലപ്പോഴും വകവച്ചു കിട്ടുകയാണെങ്കിൽ അതിനെ പ്രീണനമായി ചിത്രീകരിക്കുവാൻ പ്രചണ്ഡ പ്രചാരണമാണ് ഇലക്ഷൻ അടുത്ത ഈയൊരു സമയത്ത് സംഘ്പരിവാർ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ ദേശീയതയെ ഹിന്ദുത്വ ദേശീയതയായി പരിവർത്തിപ്പിക്കാൻ വലിയ തോതിലുള്ള പിന്തുണയും ഭരണകൂടത്തിന് ലഭിക്കുന്നുണ്ട്. കാരണം ഇന്ത്യൻ ജനസംഖ്യയിലെ ഏറ്റവും വലിയ ഭൂരിപക്ഷം അത്തക്കാർ ആയി എന്നത് തന്നെ. ന്യൂനപക്ഷങ്ങളുടെ പൗരത്വം പോലും റദ്ദ് ചെയ്യാനൊരുങ്ങുന്ന ഈയൊരു സാഹചര്യത്തിൽ അകമഴിഞ്ഞ ഏകത്വം കാത്തുസൂക്ഷിക്കുക എന്നത് മുമ്പത്തേക്കാളും വലിയ ബാധ്യതയായി ന്യൂനപക്ഷ സമൂഹം മനസ്സിലാക്കേണ്ടതുണ്ട് . ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെ പോകാനും അതിനെതിരേ ഉയരുന്ന ഏതു വെല്ലുവിളികളും സധൈര്യം നേരിടുമെന്നും രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികൾ ഒറ്റക്കെട്ടായി തീരുമാനിക്കണം. രാഷ്ട്രീയ പരമായി പ്രതിപക്ഷ കക്ഷികൾ ഒറ്റകെട്ടായി ഇതിനെതിരെ തിരിഞ്ഞു എന്നത് ആശ്വാസാ വഹമാണ്.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളെ പ്രതിനിധീകരിച്ച് രാജ്യം ഭരിക്കുന്ന ബി. ജെ. പിയുടെ ഭരണ സിരാകേന്ദ്രത്തിൽ ഒരു മന്ത്രിയോ എം.പി.യോ ഇല്ലെന്നത് വരാൻ പോകുന്ന അപകടങ്ങളുടെ വ്യാപ്തി മനസ്സിലാക്കി തരുന്നുണ്ട്.
വർഗപരമായും മതപരമായും ലിംഗപരമായും രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ തോതിലുള്ള വിവേചനങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സാധാരണ വ്യക്തികൾക്കുള്ളതുപോല, എല്ലാ കാര്യങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കും അവകാശമുണ്ട്. എന്നാൽ അവയിൽ പലതും നിഷേധിക്കപ്പെടുന്നുവെന്നതാണ് യാഥാർഥ്യം.
ഹരിയാനയിലേത് ന്യൂനപക്ഷ വേട്ടയോ?
മണിപ്പൂരിലെ ദിവസങ്ങളായുള്ള അക്രമണങ്ങൾക്ക് ശേഷം ഹരിയാനയിലും വലിയ രീതിയിലുള്ള സംഘർഷങ്ങൾ അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ മേഖലയായ നൂഹാണ് പുതിയ സംഘർഷ മൈതാനി. യഥാർത്ഥത്തിൽ ഇന്ത്യ മുഴുവൻ ‘മണിപ്പൂരാക്കുക’ എന്ന ലക്ഷ്യം വെച്ച് സംഘപരിവാർ പ്രവർത്തിക്കുന്നു എന്ന് സംശയിക്കാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഒരർത്ഥത്തിൽ മണിപ്പൂരിലേതും ഹരിയാനയിലെതും ന്യൂനപക്ഷ വേട്ട കൂടിയാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ ഇസ്ലാമിനെയും ക്രിസ്ത്യാനിറ്റിയേയുമാണ് അവർ കാര്യമായി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം ബിജെപി മുൻ ദേശീയ ഉപാധ്യക്ഷനായിരുന്ന സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയ പ്രസ്താവനകൾ നാം ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. “2024 തിരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയിലെ രാമ ക്ഷേത്രത്തിൽ ആക്രമണം നടക്കുമെന്നും ആ ആക്രമണത്തിൽ ഒരു ബിജെപി നേതാവ് കൊല്ലപ്പെടുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി പുൽവമായെ വെച്ചാണ് വോട്ട് നേടിയതെങ്കിൽ ഈ വർഷം പുൽവാമയിൽ യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് ഞാൻ ജനങ്ങളോട് വെളിപ്പെടുത്തും. ഹരിയാനയിലെ നൂഹിലെ സംഘർഷം ആദ്യമേ ആസൂത്രണം ചെയ്തതാണ്. 2024 തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തീരുമാനിച്ച ആക്രമണമാണിത്. ഇതുപോലെ ഇനിയും ഒരുപാട് ക്രൂരകൃത്യങ്ങൾക്ക് രാജ്യം സാക്ഷിയാവേണ്ടിവരും”.
വിചിത്രമെന്ന് തോന്നാത്ത മറ്റൊരു കാര്യം കൂടി അദ്ദേഹം വെളിപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചില മുസ്ലിം രാജ്യങ്ങൾ തുടരെ സന്ദർശിക്കുന്നതിന് പിന്നിൽകൃത്യമായ ലക്ഷ്യമുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത ഈയൊരു സമയത്ത് ജനങ്ങളെ സർക്കാരിലേക്ക് അടുപ്പിക്കാൻ പാക്ക് അധീന കാശ്മീരിലേക്ക് ഇന്ത്യൻ സൈന്യത്തെ കയറ്റിവിടുകയും അത് വഴി തങ്ങളുടെ ശക്തിയും ചുണയും കാണിക്കുകയും ജനങ്ങളുടെ ശ്രദ്ധ അവിടേക്ക് തിരിക്കുകയും സ്വാഭാവികമായും ആ സമയം ഇന്ത്യക്കെതിരായുണ്ടാകുന്ന തിരിച്ച് ആക്രമണത്തിൽ നിന്ന് പാകിസ്ഥാനെ പിന്തിരിപ്പിക്കാൻ മറ്റു മുസ്ലിം രാഷ്ട്രങ്ങളുടെ മേൽ ഇന്ത്യ സമ്മർദ്ദം ചൊലുത്തുകയും ചെയ്യും എന്നതാണ് കാര്യം. അതിനുവേണ്ടി ഇസ്ലാമിക രാഷ്ട്രങ്ങൾക്കുമേൽ ഇന്ത്യ ബന്ധം സ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്.
എന്നാൽ എല്ലാ പത്ര മാധ്യമപ്രവർത്തകർക്കും അറിയാവുന്ന ഈ ഒരു സത്യാവസ്ഥ ആരും തന്നെ തുറന്നു പറയുന്നില്ല എന്നതാണ് ഇത്തരം ന്യൂനപക്ഷ വേട്ടകൾക്ക് സഹായകമാവുന്നത്. സത്യപാൽ മാലിക്കിന്റെ ഈയൊരു വെളിപ്പെടുത്തൽ ഒരു നിലയ്ക്ക് ബിജെപിക്ക് വലിയ രീതിയിലുള്ള തിരിച്ചടിയായിട്ടുണ്ട്.
കലാപങ്ങളെ രാഷ്ട്രീയ പ്രവർത്തനമാക്കി മാറ്റിയാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. അധികാരത്തിൽ നിലനിൽക്കാൻ ശ്രമിക്കുന്നതും ഇതേ തത്വത്തിലാണ്. തിരഞ്ഞെടുപ്പ് കാലം വർഗീയ കലാപങ്ങളുടെയും സാമൂഹിക ധ്രുവീകരണങ്ങളുടെയും വേദിയാകുന്നത് ഇപ്പോൾ ആരും ആശ്ചര്യത്തോടെ കാണാറില്ല എന്നതാണ് വാസ്തവം.
അഥവാ 2024 തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ന്യൂനപക്ഷങ്ങൾക്കെതിരായ ഒരുപാട് ഗൂഢാലോചനകൾ നമുൾ സങ്കൽപ്പിക്കുന്നതിനുമപ്പുറം അരങ്ങേറി കൊണ്ടിരിക്കുന്നു. അതിന്റെ തുടക്കമാണ് മണിപ്പൂരിലും ഹരിയാനയിലും നാം കണ്ടുകൊണ്ടിരിക്കുന്നത്. മോദിയെ സംബന്ധിച്ച് 2024 തിരഞ്ഞെടുപ്പ് വിജയിക്കൽ അത്യാവശ്യമാണ്. കാരണം, വിജയിച്ചാൽ സർവ്വകാല ചക്രവർത്തിയായി അദ്ദേഹത്തിന് രാജ്യത്ത് വാഴാം. അഥവാ പരാജയപ്പെടുകയാണെങ്കിൽ സംഘപരിവാറിന്റെ അകത്തുതന്നെ അദ്ദേഹം ഇകഴ്ത്തപ്പെടും. കാരണം, സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം മോദിയല്ല അവരുടെ മുഖ്യനും പ്രമുഖനുമായ നേതാവ്. അവർക്ക് നിദിൻ ഗഡ്കരിയോ രാജ് നാഥ് സിങോ പോലെയുള്ള ബ്രഹ്മണരായിട്ടുള്ള നേതാക്കളെയാണ് ആവശ്യമുള്ളത്. എന്നാൽ ഇവരെയൊക്കെ നോക്കുകുത്തിയാക്കി മറ്റൊരു കരിശ്മയിലൂടെ രാഷ്ട്രീയമായി മുന്നേറാൻ മോദിക്ക് സാധിച്ചു എന്നതാണ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കാൻ ഇന്നും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ഈയൊരു നീക്കത്തിലൂടെ ഇന്ന് സംഘപരിവാറിന്റെ ഒഴിച്ചുകൂട്ടാനാകാത്ത പ്രധാന ഘടകമായി മോദി മാറി. ഏതെങ്കിലും ഒരു സാഹചര്യത്തിൽ ബിജെപി പരാജയപ്പെടുകയാണെങ്കിൽ അത് ബിജെപിയുടെ പരാജയം എന്നതിലുപരി വ്യക്തിപരമായി മോദിയുടെ പരാജയം കൂടിയാണ്. ഈയൊരു പരാജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമായേക്കുമെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്.
അതുകൊണ്ട് 2024 തിരഞ്ഞെടുപ്പ് വിജയിക്കുക എന്നത് മോദി-അമിത് ശാ സഖ്യത്തെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. ഈയൊരു നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാൻ അവർ തയ്യാറുമാണ്. 2002ലെ സംഭവങ്ങൾ അതിന്റെ വ്യക്തമായ തെളിവാണ്.
ഹരിയാനയെ അക്രമണത്തിന് വേണ്ടി തിരഞ്ഞെടുക്കാൻ സവിശേഷമായ മറ്റു ചില കാരണങ്ങളുമുണ്ട്. നിലവിൽ ഹരിയാന ഭരിച്ചുകൊണ്ടിരിക്കുന്ന ഖട്ടാർ മന്ത്രിസഭ വലിയ രീതിയിലുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഒരുപാട് പേരുകേട്ട മുൻ ബിജെപി മന്ത്രിമാരും എംപിമാരും എംഎൽഎമാരും മറ്റു നേതാക്കളും സ്വന്തം കളം വിട്ട് കോൺഗ്രസിൽ ചേരുന്ന വാർത്തകളാണ് നിരന്തരം ഹരിയാനയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈയൊരു നഗ്ന യാഥാർത്ഥ്യവും നാഷണൽ മീഡിയകൾ ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങൾ വെളിപ്പെടുത്താൻ ധൈര്യപ്പെടുന്നില്ല. കാരണം, എല്ലാ മാധ്യമ പ്രസ്ഥാനങ്ങളെയും തങ്ങളുടെ അധീനതയിലാക്കാൻ സംഘപരിവാർ ശക്തിക്ക് സാധിച്ചു എന്നത് തന്നെ. പുതുതായി വന്ന കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മീഡിയ അക്രമണങ്ങൾ നടക്കുന്നത് ജനാധിപത്യ ഇന്ത്യയിലാണ്.
ഹരിയാനയിലുള്ള മറ്റൊരു പ്രധാന വെല്ലുവിളി അവിടുത്തെ പ്രധാന സാമൂഹ വിഭാഗമായ ജാട്ടുക്കൾ ബിജെപിയിൽ നിന്ന് അകന്നിരിക്കുന്നു എന്നതാണ്. രാജ്യത്താകമാനം കത്തിപ്പടർന്ന ഗുസ്തി സമരവും കാർഷിക സമരവും ഒരർത്ഥത്തിൽ ബിജെപിയിൽ നിന്ന് അവരെ അകറ്റാൻ കാരണമായി. ഹരിയാന ജനസംഖ്യയുടെ 30-35 ശതമാനം വരുന്ന ജനവിഭാഗവും ജാട്ടുകാരാണ്. അവരെ ബി. ജെ. പിയുമായി അടുപ്പിക്കാനുള്ള ത്രീവ ശ്രമത്തിലാണ് ഇന്ന് ഹരിയാന സർക്കാർ.
മുമ്പും ഇത്തരം സമുദായങ്ങളെ തമ്മിൽ തെറ്റിച്ചു കൊണ്ട് ബിജെപി ഭരണം പിടിച്ചെടുത്തിട്ടുണ്ട്. യു പി അതിന്റെ മികച്ച ഉദാഹരണമാണ്. 2013ൽ മുസാഫർ നഗർ കലാപത്തിലൂടെ മുസ്ലിങ്ങളെയും ജാട്ടുകളെയും തമ്മിൽ തെറ്റിച്ചാണ് യോഗി സർക്കാർ അധികാരം പിടിച്ചെടുത്തത്. ഇതേ അവസ്ഥ തന്നെയാണ് നിലവിൽ ഹരിയാനയിലും അരങ്ങേറി കൊണ്ടിരിക്കുന്നത്. ഇത്തരം ആക്രമങ്ങളെ തടയേണ്ട ആഭ്യന്തര മന്ത്രി പോലും ആക്രമണങ്ങൾക്ക് വളം വെച്ച് കൊടുക്കുന്നു എന്നത് ഭയാനകമാണ്.
2024 തിരഞ്ഞെടുപ്പ് വരെയുള്ള കാലം ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അതി നിർണായകമാണ്. എവിടെയും എന്തും സംഭവിക്കാവുന്ന രൂപത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇതിന്റെ തുടക്കമാണ് ഇന്ന് മുസ്ലിങ്ങളും ക്രൈസ്ത്യവരും രാജ്യത്ത് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല