(ലേഖനം)
കെ ടി അഫ്‌സല്‍ പാണ്ടിക്കാട്
ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ തിയേറ്ററിനകത്തും പുറത്തും സ്‌ഫോടനം നടത്തി മുന്നേറുകയാണ്. ആറ്റം ബോംബിന്റെ പിതാവിന്റെ ജീവിതത്തിനൊപ്പം അണുബോംബ് എന്ന ഉഗ്രായുധം ലോകത്തിനുണ്ടാക്കിയ മുറിവുകളെയും നോളന്‍ വരച്ചിടുന്നുണ്ട്. ഉരുകിപ്പോയ മനുഷ്യ ശരീരത്തെയും ഉച്ചത്തിലുള്ള നിലവിളികളെയും ഓര്‍ക്കാതെ ലോകം കണ്ട ആദ്യത്തെയും അവസാനത്തേതുമായ ആണവായുധ പരീക്ഷണത്തെക്കുറിച്ച് എഴുതാതിരിക്കാന്‍ വയ്യ.
ഹിരോഷിമയും നാഗസാക്കിയും, വര്‍ഷത്തിലൊരിക്കല്‍ ലോകം മുഴുവന്‍ ഓര്‍ക്കുന്ന പേര്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധം അവസാനിപ്പിക്കാന്‍ ജീവനും ജീവിതവും ബലി കൊടുക്കേണ്ടി വന്ന ജനത. നമ്മളിന്ന് അനുഭവിക്കുന്ന സമാധാനത്തിലേക്ക് ലോകരാജ്യങ്ങളെ കൊണ്ട് എത്തിച്ചത് ഹിരോഷിമയില്‍ നിന്നും നാഗസാക്കിയില്‍ നിന്നും ഉയര്‍ന്ന ഉച്ചത്തിലുള്ള വിലാപങ്ങളാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. ഭൂമിയില്‍ മനുഷ്യന്‍ നിര്‍മ്മിച്ച നരകങ്ങളായി രണ്ട് നഗരങ്ങള്‍ മാറി. ഒരിക്കലും മാറാത്ത മുറിപ്പാടുകളുമായി ലോകത്തിനു മുന്നില്‍ ഹിരോഷിമയും നാഗസാക്കിയും നില്‍ക്കാന്‍ തുടങ്ങിയിട്ട് നീണ്ട 78 വര്‍ഷങ്ങളാവുകയാണ്.
ജര്‍മ്മനിക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട ആണവായുധം ജപ്പാനില്‍ പതിച്ചത് എങ്ങനെ? ടോക്കിയോയും ഒസാക്കിയയും പോലുള്ള വന്‍ നഗരങ്ങളെ വെറുതെ വിട്ട് താരതമ്യേനെ ചെറിയ നഗരങ്ങളായ ഹിരോഷിമയും നാഗസാക്കിയും ബലിയാടുകളായത് എങ്ങനെ? ഹിരോഷിമ വെന്ത് വെണ്ണീറായി വെറും മൂന്ന് ദിവസങ്ങള്‍ക്കപ്പുറം നാഗസാക്കി കൂടി വലിയ വില കൊടുക്കേണ്ടി വന്നത് എന്തുകൊണ്ട്? ചരിത്രം വിശാലമാണ്. അതില്‍ നടന്ന സംഭവങ്ങള്‍ ഭയാനകവും.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട കാലം. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ ഒന്നാം ലോകമഹാ യുദ്ധ കാലം മുതല്‍ തന്നെ അമേരിക്ക തയ്യാറായിരുന്നില്ല. യൂറോപ്പിന്റെ യുദ്ധം അവര്‍ തന്നെ പൊരുതട്ടെ എന്നായിരുന്നു അമേരിക്കയുടെ നിലപാട്. അതേസമയം ബ്രിട്ടനും സോവിയറ്റ് യൂണിയനുമടക്കമുള്ള തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് ആവശ്യമായ ആയുധങ്ങളും സഹായങ്ങളുമെല്ലാം നല്‍കിക്കൊണ്ട് യുദ്ധത്തെ സൂക്ഷ്മമായി തന്നെ അമേരിക്ക വീക്ഷിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ 1941 ഡിസംബര്‍ 7ന് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഒരുപക്ഷേ ലോകത്തിന്റെ തന്നെ ചരിത്രം മാറിമാറിഞ്ഞത് അവിടെ മുതലാണെന്ന് കരുതണം. അന്നായിരുന്നു പസഫിക് പ്രദേശത്തെ തങ്ങളുടെ മേല്‍ക്കോയ്മ ചോദ്യം ചെയ്യാന്‍ മുതിരരുത് എന്ന താക്കീത് അമേരിക്കയ്ക്ക് നല്‍കിക്കൊണ്ട് ജപ്പാന്‍ പോള്‍ ഹാര്‍ബര്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും മൂവ്വായിരത്തോളം യുദ്ധവിമാനങ്ങളും രണ്ടായിരത്തിലധികം സൈനികരെയും അമേരിക്കക്ക് നഷ്ടമായി. ഇതോടെ അമേരിക്ക പ്രത്യക്ഷമായി രണ്ടാം ലോകമഹായുദ്ധത്തിലേക്കിറങ്ങി.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ലോക രാഷ്ട്രീയം യുദ്ധക്കളമായി മാറി. രാജ്യങ്ങള്‍ പരസ്പരം കീഴടക്കുകയും തിരിച്ചടിക്കുകയും ചെയ്തു. എല്ലായിടത്തും അശാന്തിയും ദുരിതങ്ങളും മാത്രം. അനന്തമായി നീളുന്ന യുദ്ധം എങ്ങനെ അവസാനിപ്പിക്കുമെന്ന ചോദ്യം അമേരിക്കക്ക് മുന്നില്‍ വലിയ വെല്ലുവിളിയുയര്‍ത്തി.
ഈ സമയത്ത് തന്നെയാണ് ബ്രിട്ടനെയും കാനഡയേയും പങ്കെടുപ്പിച്ചുകൊണ്ട് മാന്‍ ഹട്ടന്‍ പ്രോജക്ട് എന്ന പേരില്‍ അമേരിക്കയില്‍ അതീവ രഹസ്യമായി അണുബോംബ് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ജര്‍മ്മനിയെ ലക്ഷ്യമിട്ടാണ് അണുബോംബ് വികസിപ്പിച്ചതെങ്കിലും അത് ഉപയോഗപ്പെടുമോ ഇല്ലയോ എന്ന് അപ്പോഴും ആര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഡെലാനോ റൂസ് വെല്‍റ്റ് ആണവായുധം ഉപയോഗിക്കുന്നത് വലിയ തെറ്റാണെന്ന പക്ഷക്കാരനായിരുന്നു. മുന്‍കരുതല്‍ എന്ന പേരില്‍ അണുബോംബ് നിര്‍മ്മിച്ചു വെക്കുകയായിരുന്നു അമേരിക്കയുടെ ഉദ്ദേശം.
പക്ഷേ, 1945 ഏപ്രില്‍ 12ന് പ്രസിഡണ്ട് ഡെലാനോ റൂസ് വെല്‍റ്റ് മരണമടഞ്ഞു. അന്ന് വൈസ് പ്രസിഡണ്ടായിരുന്ന ഹാരി ട്രൂമാന്‍ അമേരിക്കയുടെ അടുത്ത പ്രസിഡണ്ടായി ചുമതലയേറ്റു. അപ്പോഴേക്കും അണുബോംബിന്റെ വികസനം അവസാന ഘട്ടത്തിലേക്ക് എത്തിയിരുന്നു. വൈസ് പ്രസിഡണ്ടായിരുന്നിട്ട് പോലും അതുവരെ അമേരിക്കയുടെ രഹസ്യ ആണവ പദ്ധതിയെപ്പറ്റി ഒരറിവു പോലുമില്ലാതിരുന്ന ഹാരി ട്രൂമാന്‍ അണുബോംബിനെ കുറിച്ചറിഞ്ഞതോടെ വലിയ ആവേശത്തിലായി. ഇത്തരമൊരുആയുധം കൈവശം ഉണ്ടായിട്ടും ലക്ഷക്കണക്കിന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടാല്‍ അമേരിക്കന്‍ ജനത ആ പഴി തന്റെ മേല്‍ ചാരുമെന്നും അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ഉറപ്പിച്ചു.
ഏതാണ്ട് ഈ സമയം പടിഞ്ഞാറന്‍ സഖ്യവും സോവിയറ്റ് യൂണിയനും ജര്‍മ്മനി പിടിച്ചടക്കുകയും ലോകത്തെ കിടുകിടാ വിറപ്പിച്ച സേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
തങ്ങളുടെ നേതാവിനെ നഷ്ടപ്പെട്ട ജര്‍മ്മനി 1945 മെയ് എട്ടിന് നിരുപാധികം കീഴടങ്ങി. എന്നാല്‍ അപ്പോഴും കീഴടങ്ങാന്‍ തങ്ങളുടെ സഖ്യ കക്ഷിയായിരുന്ന ജപ്പാന്‍ തയ്യാറായിരുന്നില്ല. സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും യുദ്ധത്തിനിറക്കുകയും അവരെ ചാവേറുകളാക്കിയും ജപ്പാന്‍ ശൗര്യം വിടാതെ നിന്നു. ദൈവത്തിന്റെ പ്രതിപുരുഷനായ തങ്ങളുടെ ചക്രവര്‍ത്തിക്ക് വേണ്ടി കൊല്ലാനും ചാകാനും മടിയില്ലാത്തവരായി ജപ്പാനിലെ ജനങ്ങളെ ഇതിനോടകം ഭരണാധികാരികള്‍ മാറ്റിയിരുന്നു.
മാത്രമല്ല ജര്‍മ്മനി കീഴടങ്ങിയതോടെ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്ന സോവിയറ്റ് യൂണിയന്‍ ജപ്പാനെതിരെ തിരിഞ്ഞു. സോവിയറ്റ് യൂണിയന്റെ ഈ നീക്കം യുദ്ധശേഷം ജപ്പാനെ വിഭജിക്കാനാണോ എന്ന് ഭയന്ന അമേരിക്ക ജപ്പാനോട് കീഴടങ്ങാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടു. കീഴടങ്ങിയില്ലെങ്കില്‍ സര്‍വ്വനാശം വിതയ്ക്കുമെന്ന അമേരിക്കയുടെ ഭീഷണികള്‍ പക്ഷേ ജപ്പാന്‍ ചെവി കൊണ്ടില്ല. കാര്യങ്ങള്‍ ഇത്രയും ആയതോടെ വേണ്ടിവന്നാല്‍ ജപ്പാനെതിരെ ആണവായുധം പ്രയോഗിക്കാന്‍ പ്രസിഡണ്ട് ഹാരി ട്രൂമാന്‍ സൈന്യത്തിന് ഉത്തരവ് നല്‍കി. അണുബോംബ് പരീക്ഷണം വിജയിച്ചാല്‍ അത് പ്രയോഗിക്കേണ്ട പ്രദേശം ഏതെന്ന് തീരുമാനിക്കാനുള്ള അധികാരം നല്‍കിയത് മാന്‍ ഹട്ടന്‍ പ്രോജക്ട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കായിരുന്നു. എവിടെ സ്‌ഫോടനം നടത്തണമെന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു.
സ്‌ഫോടനത്തിനായി നഗരം തിരഞ്ഞെടുക്കണോ അതോ സൈനികാസ്ഥാനം തിരഞ്ഞെടുക്കണോ അതല്ല ആളുകള്‍ക്ക് ജീവഹാനി സംഭവിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട ദ്വീപില്‍ സ്‌ഫോടനം നടത്തണോ? പലവിധത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നു. ആണവായുധം പ്രയോഗിക്കുക വഴി രണ്ട് ലക്ഷ്യങ്ങളാണ് അമേരിക്കക്കുണ്ടായിരുന്നത്. ഒന്ന് ജപ്പാന്റെ നിരുപാധികമായ കീഴടങ്ങല്‍, രണ്ട് അമേരിക്കയുടെയും തങ്ങള്‍ നിര്‍മിച്ച ആണവായുധത്തിന്റെയും കരുത്ത് ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുക്കല്‍.
ട്രിനിറ്റി ടെസ്റ്റിന് തൊട്ടുമുമ്പ് മാന്‍ ഹട്ടന്‍ പ്രൊജക്റ്റ് കമ്മിറ്റി സ്‌ഫോടനം നടത്താന്‍ അനുയോജ്യമായ നഗരങ്ങളുടെ പട്ടിക തയ്യാറാക്കി. മൂന്ന് ഘടകങ്ങളായിരുന്നു നഗരം തിരഞ്ഞെടുക്കാനുള്ള പ്രധാനപ്പെട്ട മാനദണ്ഡങ്ങള്‍. ഒന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഏറ്റവും കൂടുതല്‍ ജനവാസമുള്ള മേഖലയാവണം, രണ്ട് സ്‌ഫോടനം വഴി ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള തന്ത്രപ്രധാനമായ മേഖലയാവണം, മൂന്ന് ഇതുവരെ ആക്രമണങ്ങള്‍ നേരിടാത്ത നഗരങ്ങളാവണം.
പട്ടികയില്‍ നിന്ന് ടോക്കിയോ ആദ്യം തന്നെ ഒഴിവാക്കപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ആക്രമണങ്ങളില്‍ ടോക്കിയോ ഏറെ കുറെ നാമാവശേഷമായി കഴിഞ്ഞിരുന്നു എന്നതായിരുന്നു പ്രധാനകാരണം. നേരത്തെ തന്നെ തകര്‍ന്ന നഗരത്തില്‍ അണുബോംബ് വര്‍ഷിച്ചാല്‍ അതിന്റെ തീവ്രത ലോകത്തിന് തിരിച്ചറിയാനാകില്ല എന്നവര്‍ കണക്ക് കൂട്ടി. കൂടാതെ ടോക്കിയോയില്‍ ബോംബ് വീണാല്‍ ജപ്പാന്റെ ഭരണസംവിധാനങ്ങള്‍ മുഴുവനും തകര്‍ന്നു തരിപ്പണമാകും. പിന്നീട് കീഴടങ്ങാനോ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനോ ചുമതലയിലുള്ളവരാരും ടോക്കിയോയില്‍ ജീവനോടെ കാണില്ല. പല സാഹചര്യങ്ങളും വിലയിരുത്തിയ കമ്മിറ്റി സ്‌ഫോടനത്തിനായി നാലു നഗരങ്ങളെ തിരഞ്ഞെടുത്തു. കൊക്കൂറ, യോക്കോഹാമ, ഹിരോഷിമ, ക്യോട്ടോ. ഇവ കൂടാതെ നിഗാറ്റ നഗരവും പരിഗണിക്കണമെന്ന് കമ്മിറ്റി വ്യക്തമാക്കി. ആദ്യം തയ്യാറാക്കിയ ഈ പട്ടികയില്‍ നാഗസാക്കി ഉണ്ടായിരുന്നില്ല. എന്നാല്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ഹെന്റി സിംസണ്‍ ക്യോട്ടോ ആക്രമിക്കരുതെന്നും അവിടം സാംസ്‌കാരികമായി പല സവിശേഷതകളുടെ ഇടമാണെന്നും പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടു. അങ്ങനെ ക്യോട്ടോ ലിസ്റ്റിന് പുറത്തായി. പകരം തുറമുഖ നഗരമായിരുന്ന നാഗസാക്കിയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
കൊക്കൂറയായിരുന്നു പട്ടികയിലുണ്ടായിരുന്ന ആദ്യ ജാപ്പനീസ് നഗരം. വിമാനങ്ങളും മിസൈലുകളും നിര്‍മിക്കുന്ന വലിയ ഫാക്ടറികളടക്കം ഒരുപാട് പ്രധാന കെട്ടിടങ്ങള്‍ അവിടെയുണ്ടായിരുന്നു. പക്ഷേ തങ്ങളുടെ ആവശ്യങ്ങളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന നഗരം ഹിരോഷിമയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. തെക്കന്‍ ആര്‍മി ഹെഡ് കോട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നതും തെക്കന്‍ ജപ്പാന്റെ സൈനിക നീക്കങ്ങള്‍ നിയന്ത്രിക്കുന്നതും ഹിരോഷിമയിലാണ്. സൈനിക താവളങ്ങളും വാര്‍ത്ത വിനിമയ സൗകര്യങ്ങളും ആയുധസംഭരണ കേന്ദ്രങ്ങളും ഹിരോഷിമയിലുണ്ട്. കൂടാതെ ഹിരോഷിമയെ ചുറ്റിനില്‍ക്കുന്ന മലനിരകള്‍ സ്‌ഫോടനത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുകയും തങ്ങള്‍ ഉണ്ടാക്കിയ ബോംബിന്റെ പ്രഹര ശേഷി ലോകം അറിയുകയും ചെയ്യുമെന്നവര്‍ കണക്കുകൂട്ടി.
ചര്‍ച്ചകള്‍ക്കൊടുവില്‍ 1945 ജൂലൈ 25ന് കമ്മിറ്റി നാലു പുതിയ നഗരങ്ങളുടെ പട്ടിക പ്രസിഡണ്ടിന് നല്‍കി. അങ്ങനെ യഥാക്രമം ഹിരോഷിമ, കൊക്കൂറ, നിഗേറ്റ, നാഗസാക്കി എന്നീ നഗരങ്ങള്‍ ലക്ഷ്യ സ്ഥാനങ്ങളായി. ലിസ്റ്റ് വന്നതോടെ ഈ നഗരങ്ങള്‍ക്ക് മേലുള്ള വ്യോമാക്രമണങ്ങള്‍ നിരോധിച്ചുകൊണ്ട് അമേരിക്ക ഉത്തരവ് പുറപ്പെടുവിച്ചു. ആഗസ്റ്റ് മൂന്നിന് ശേഷം ആദ്യ ബോംബ് കാലാവസ്ഥ അനുകൂലമാകുന്നതിനനുസരിച്ച് ഈ നഗരങ്ങളില്‍ ഒന്നില്‍ വീഴ്ത്താന്‍ പ്രസിഡണ്ട് നിര്‍ദ്ദേശം നല്‍കി. കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ അനുകൂല കാലാവസ്ഥയാണെന്ന് കണ്ടെത്തി. 1945 ആഗസ്റ്റ് ആറിന് അര്‍ദ്ധരാത്രി 1: 45 ന് മരിയാന ദ്വീപ് സമൂഹത്തിലെ ജിനിയന്‍ ദ്വീപില്‍ നിന്ന് ലോകത്തെ ആദ്യ ആണവായുധ ബോംബുമായി എറോള ഗേ എന്ന ബോംബര്‍ വിമാനം ജപ്പാന്‍ ലക്ഷ്യമിട്ട് ആകാശത്തെക്കുയര്‍ന്നു. ഒപ്പം രണ്ട് നിരീക്ഷണ വിമാനങ്ങളും. ഹിരോഷിമ, കൊക്കൂറ, നാഗസാക്കി ഈ മൂന്ന് നഗരങ്ങളാണ് ലക്ഷ്യം. ഹിരോഷിമയില്‍ അനുകൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ കൊക്കൂറയില്‍ സ്‌ഫോടനം നടത്തണം. അവിടെയും കഴിഞ്ഞില്ലെങ്കില്‍ നാഗസാക്കി.
മൂന്നിടത്തും സാഹചര്യം മോശമായാല്‍ ബോംബ് കടലില്‍ കളയണം ഇതായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം.
ആറുമണിക്കൂര്‍ നേരത്തെ പറക്കിലിനു ശേഷം അവര്‍ ഹിരോഷിമയിലെത്തി. ജപ്പാന്‍ റഡാറിന് പിടികിട്ടാതിരിക്കാന്‍ വളരെ ഉയരത്തിലാണ് എറോള ഗേ പറന്നത്. എന്നാല്‍ ഹിരോഷിമയിലെ കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും പരിശോധിക്കാന്‍ എത്തിയ നിരീക്ഷണ വിമാനത്തെ ജപ്പാന്‍ റഡാര്‍ കണ്ടെത്തി. അവര്‍ ഹിരോഷിമയില്‍ അപായ സിഗ്‌നലുകള്‍ നല്‍കി. അപായ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഉടന്‍ ജനങ്ങള്‍ ബങ്കറുകളില്‍ കയറിയൊളിച്ചു . ഹിരോഷിമക്ക് ചുറ്റും നിരീക്ഷണ വിമാനങ്ങള്‍ രണ്ടുവട്ടം റോന്ത് ചുറ്റി. കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും അനുകൂലമാണെന്ന് തിരിച്ചറിഞ്ഞ അവര്‍ എറോള ഗേയിലേക്ക് എല്ലാം നിയന്ത്രണ വിധേയമാണെന്ന് സിഗ്‌നല്‍ നല്‍കി തിരിച്ചുപോന്നു.
ഇവര്‍ തിരിച്ചു പോയതോടെ വ്യോമാക്രമണ ഭീതി ഒഴിഞ്ഞെന്ന് കരുതിയ ജപ്പാന്‍ റഡാറുകള്‍ ജനങ്ങള്‍ക്ക് ബങ്കറുകളില്‍ നിന്നിറങ്ങാന്‍ നിര്‍ദ്ദേശം കൊടുത്തു. ബോംബര്‍ വിമാനം പോയതറിഞ്ഞ ജനങ്ങള്‍ അരമണിക്കൂറിന് ശേഷം പുറത്തിറങ്ങി ആശ്വസിച്ചു. പക്ഷേ അതിദാരുണമായ ഒന്നിന് തൊട്ടുമുമ്പുള്ള ശാന്തതയാണ് തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് അവര്‍ അറിഞ്ഞില്ല.
ഒരു വരിയില്‍ നിന്ന് മറ്റു വരിയിലേക്ക് തീ പടരാതിരിക്കാന്‍ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി വീതിയില്‍ ഫയര്‍ ബ്രേക്ക് ഉണ്ടാക്കുന്ന ജോലിയിലായിരുന്നു ആ സമയത്ത് വിദ്യാര്‍ത്ഥികള്‍.
സമയം രാവിലെ 7:50. ഹിരോഷിമയുടെ കിഴക്കുഭാഗത്ത് ഏകദേശം 3000 അടി മുകളില്‍ എറോള ഗേ എത്തിക്കഴിഞ്ഞു. ഏതാണ്ട് 8:12 ഓടെ എറോള ഗേ അടക്കമുള്ള മൂന്നു വിമാനങ്ങളും ജപ്പാന്‍ റഡാറില്‍ പതിഞ്ഞു. മുന്‍കരുതല്‍ എടുക്കണമെന്ന് ആളുകളെ അറിയിക്കാന്‍ വീണ്ടും സൈറണ്‍ മുഴങ്ങി.
മുന്‍കാലങ്ങളില്‍ ജപ്പാനില്‍ പലയിടങ്ങളിലും അമേരിക്കയുടെ വ്യാമാക്രമണം നടന്നിരുന്നെങ്കിലും ഹിരോഷിമയില്‍ ഇതുവരെ അത് ഉണ്ടായിരുന്നില്ല. അതിനാല്‍ ബോംബര്‍ വിമാനങ്ങളെ കൗതുകത്തോടെയും ഭയത്തോടെയുമായിരുന്നു അവര്‍ നോക്കി കണ്ടിരുന്നത്. മൂന്ന് വിമാനങ്ങളേയുള്ളൂ എന്ന് കണ്ട അവര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ഈ സമയം വിമാനത്തിന്റെ നിയന്ത്രണം പൈലറ്റ് പോള്‍ ടിബറ്റ്‌സില്‍ നിന്നും ബോംബ് എക്‌സ്‌പേര്‍ട്ടായ തോമസ് വെറീബി ഏറ്റെടുത്തു. 8:45 ന് താഴെ കണ്ട ടി ആകൃതിയിലുള്ള പാലം ലക്ഷ്യമാക്കി തോമസ് ലിറ്റില്‍ ബോയ്യെ ടാര്‍ഗറ്റ് ചെയ്തു. പിന്നാലെ വന്ന നിരീക്ഷണ വിമാനത്തില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ: ലൂയിസ് അല്കാരസ് രണ്ട് പാരച്ചൂട്ടുകള്‍ നിരീക്ഷണ വിമാനത്തില്‍ നിന്നും താഴെക്കിട്ടു. സ്‌ഫോടനത്തിന്റെ ആഘാതം പഠിക്കാന്‍ രൂപത്തിലുള്ള ഉപകരണങ്ങള്‍ സജ്ജമാക്കിയതായിരുന്നു ആ പാരചൂട്ടുകള്‍ . മുകളിലുള്ള ബോംബര്‍ വിമാനങ്ങളെയും അതില്‍ നിന്നും വരുന്ന പാരച്ചൂട്ടുകളെയും താഴെയുള്ള ഹിരോഷിമയിലെ ജനങ്ങള്‍ കണ്ടു. എന്നാല്‍ എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല. മനസ്സിലായെങ്കില്‍ തന്നെ പ്രതികരിക്കാനുള്ള സമയവും അവര്‍ക്കുണ്ടായിരുന്നില്ല.
8:15 ന് 9,700 പൗണ്ട് ഭാരമുള്ള ലിറ്റില്‍ ബോയ് എന്ന യുറേനിയന്‍ ബോംബ് താഴേക്ക് പതിച്ചു. ബോംബ് വിമാനത്തില്‍ നിന്ന് താഴേക്ക് ഇട്ട ഉടനെ ടിബറ്റന്‍സ് എറോള ഗേയെ നൂറ്റിഅമ്പതി അഞ്ചു ഡിഗ്രി വലത്തേക്ക് തിരിച്ചു. 45 സെക്കന്‍ഡ് കൊണ്ട് 9 കിലോമീറ്റര്‍ വേഗതയില്‍ ബോംബ് താഴേക്ക് പതിച്ചു. തുടര്‍ന്ന് 100 മീറ്റര്‍ വീതിയില്‍ വലിയൊരു തീ ഗോളം അവിടെ രൂപപ്പെട്ടു. എന്താണ് തങ്ങളുടെ നഗരത്തിന് സംഭവിച്ചതെന്ന് അറിയുന്നതിന് മുമ്പ് തന്നെ അവര്‍ പൊടിയായി മാറിയിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോ നദി തിളച്ചു മറിഞ്ഞു. ഒരു സെക്കന്‍ഡിനകം 70,000ലേറെ പേര്‍ കൊല്ലപ്പെട്ടു.
വൈകാതെ തന്നെ അമേരിക്കന്‍ പ്രസിഡണ്ട് ഹാരി ട്രൂമാന്‍ ജപ്പാനിനുമേല്‍ അമേരിക്കയുടെ ആണവാക്രമണം നടന്നതായി പ്രഖ്യാപിച്ചു. ഉടന്‍ കീഴടങ്ങിയില്ലെങ്കില്‍ മറ്റു നഗരങ്ങളിലും സമാന ആക്രമണങ്ങള്‍ നടത്തുമെന്ന് താക്കീതും നല്‍കി. എന്നാല്‍ തങ്ങള്‍ക്ക് മുകളില്‍ പതിച്ചത് ഒരു ആണവായുധമാണെന്ന് തിരിച്ചറിയാന്‍ ജപ്പാന് അപ്പോഴും കഴിഞ്ഞിരുന്നില്ല. സാധാരണ അമേരിക്ക വര്‍ഷിപ്പിക്കാനുള്ള ബോംബാണ് ഇതെന്ന് തെറ്റിദ്ധരിച്ച ജപ്പാന്‍ കീഴടങ്ങാന്‍ തയ്യാറായില്ല.
ഇതേ സമയം ഹിരോഷിമയില്‍ അമേരിക്ക ആണവ ബോംബ് പ്രയോഗിച്ചതറിഞ്ഞ സോവിയറ്റ് യൂണിയന്‍ ബോംബ് ആക്രമണത്തിന്റെ രണ്ടാം ദിനം ഓഗസ്റ്റ് എട്ടിന് ജപ്പാന്‍ ആക്രമിച്ചു കീഴടക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. അതുവരെ ജപ്പാന്റെ നിയന്ത്രണത്തിലായിരുന്ന മഞ്ചൂരിയ കീഴടക്കിയ സോവിയറ്റ് സേന ജപ്പാന്റെ തീരത്തേക്കണഞ്ഞു. ജപ്പാന്‍ കീഴടങ്ങാന്‍ ഇടയില്ലെന്നും സോവിയറ്റ് യൂണിയന്‍ അവരുടെ ശക്തി പ്രകടിപ്പിക്കുമെന്നും മനസ്സിലാക്കിയ അമേരിക്ക രണ്ടാം അണുബോംബും ഉടന്‍ വിന്യസിപ്പിക്കണമെന്ന് തീരുമാനിച്ചു. പിറ്റേന്ന് ഓഗസ്റ്റ് 9ന് ലിസ്റ്റിലെ രണ്ടാം നഗരമായിരുന്ന കൊക്കൂറ ലക്ഷ്യമാക്കി ബോക്സ് കാര്‍ ഉള്‍പ്പെടെ അഞ്ച് വിമാനങ്ങള്‍ പുറപ്പെട്ടു. ഹിരോഷിമയില്‍ പതിച്ച ലിറ്റില്‍ ബോയ് എന്ന യുറേനിയന്‍ ബോംബിനേക്കാള്‍ തീവ്രതയും നശീകരണ ശക്തിയും കൂടിയ ഫാറ്റ് മാന്‍ എന്ന ബ്ലൂട്ടേനിയന്‍ ബോംബാണ് റോക്‌സ് കാറിലുണ്ടായിരുന്നത് . എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാതായതോടെ അവര്‍ ഒരു മണിക്കൂര്‍ ആകാശത്ത് ചുറ്റിക്കറങ്ങി.
മഴക്കാര്‍ കാരണം ലക്ഷ്യസ്ഥാനത്ത് ബോംബിടാന്‍ സാധിക്കില്ലെന്നും ഇന്ധനം കുറവാണെന്നും തിരിച്ചറിഞ്ഞ സംഘം കൊക്കൂറാ ഉപേക്ഷിച്ച് നാഗസാക്കിയെ ലക്ഷ്യമാക്കി നീങ്ങി. 11 മണിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിയ ബ്രോക്‌സ് കാര്‍ ഫാറ്റ് മേനെ വിന്യസിപ്പിച്ചു. ലിറ്റില്‍ ബോയിയെക്കാള്‍ വിനാശകാരിയായിരുന്നെങ്കിലും ഭൂപ്രകൃതി കാരണവും ജനവാസം കുറവായത് മൂലവും നാഗസാക്കിയില്‍ താരതമ്യേന ജീവഹാനി കുറഞ്ഞു.
ജപ്പാന്റെ മുന്നില്‍ കീഴടങ്ങുകയല്ലാതെ മറ്റൊരു വഴികളില്ലാതെയായി. ഒടുവില്‍ 1945 ഓഗസ്റ്റ് 15ന് ഹിരോഹിതോ ചക്രവര്‍ത്തി റേഡിയോയിലൂടെ ജപ്പാന്‍ അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങുന്നു എന്ന് പ്രഖ്യാപിച്ചു. അങ്ങനെ രണ്ടാം ലോക മഹായുദ്ധത്തിന് തിരശ്ശീല വീണു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല