(ലേഖനം)
കെ സന്തോഷ്
ലണ്ടനിലെ “പിക്കാഡിലിൻ” പ്രദേശം അന്നും ഇന്നത്തെപ്പോലെ തന്നെ ഒരു വിനോദ നഗരമായിരുന്നു. സാഹിത്യവും സംഗീതവും നൃത്തവും നിറഞ്ഞുനിൽക്കുന്ന, ഉത്സവാരവങ്ങളുള്ള തെരുവുകൾ. ലണ്ടനിലെ സമ്പന്ന വർഗ്ഗം അവരുടെ അവധിക്കാലം പിക്കാഡിലിൽ ചിലവഴിക്കാൻ ആഗ്രഹിച്ചു. ലണ്ടനിലെ മാത്രമല്ല, ഇംഗ്ലണ്ടിന്റെ പല ഭാഗത്തുനിന്നും ഭാഗ്യാന്വേഷികൾ അവിടേക്ക് ഒഴുകിയെത്തി. ചൂതുകളിയിലും കുതിരപ്പന്തയത്തിലും മത്സരിച്ച് ചിലർ ഒഴിഞ്ഞ കീശയുമായ് മടങ്ങിയപ്പോൾ, മറ്റുചിലർ സമ്പന്നതയുടെ പടികൾ ചവിട്ടിക്കയറി. ദരിദ്രനായ് വന്ന് ആ നഗരത്തിന്റെ തന്നെ അഭിമാനമായി മാറിയ റോജർ ബേക്കറിന്റെ കഥ പ്രശസ്തമാണല്ലോ. (പിക്കാഡിലിൽ കോളറുകളുടെ സൃഷ്ടാവ്) കാലം മാറിയെങ്കിലും ഭാഗ്യാന്വേഷികളുടെ വരവിന് അപ്പോഴും കുറവൊന്നുമുണ്ടയിരുന്നില്ല. അങ്ങനെ വന്ന് പച്ചപിടിച്ചവരിൽ ഒരാളാണ് ബുള്ളോക്ക്. ബുള്ളോക്ക് സ്ഥാപിച്ച മ്യൂസിയം ആ ഒരു ആകർഷണ കേന്ദ്രമായിരുന്നു.പിക്കാടിലിൽ വരുന്നവർ മ്യൂസിയം സന്ദർശിക്കാതെ മടങ്ങുകയില്ല. പതിവുപോലെ ബുള്ളോക്ക് തന്റെ മ്യൂസിയത്തിൽ ഷോ തുടങ്ങി. അപ്പോഴാണ് വലിയ തോതിലുള്ള കാണികളുടെ കുറവ് ആയാളുടെ ശ്രദ്ധയിൽ പെട്ടത്. ആദ്യമൊന്നും വലിയ കാര്യമായെടുത്തില്ലെങ്കിലും പിന്നീടും ഇതാവർത്തിച്ചു. എന്താണ് ഇതിന്റെ കാരണം. പിക്കടിലിൽ മറ്റെന്തെങ്കിലും!
എന്തായാലും കാര്യം അറിഞ്ഞു വരാൻ ബുള്ളോക്ക് തന്റെ പണിക്കാരനെ ഏല്പിക്കുന്നു. വൈകാതെ പണിക്കാരൻ ആ അത്ഭുത വാർത്തയുമായി എത്തി.
ഡെൻലോപ്പ് എന്നൊരാൾ ആഫ്രിക്കയിൽ നിന്നും ഒരു ഭീകര ജീവിയെ കൊണ്ടുവന്നിരിക്കുന്നു!
ഈ ജീവി വയലിൻ വായിക്കുകയും നൃത്തമാടുകയും ചെയ്യും.പണം അധികം നൽകുന്നവർക്ക് ആ ജീവിയെ തൊട്ടു നോക്കുകയും ചെയ്യാം.
തന്റെ മ്യൂസിയത്തിലെ ചങ്ങല പൊട്ടിക്കുന്ന അടിമയെക്കാൾ, തീ വിഴുങ്ങുന്ന ഭീകരനെക്കാൾ ജനങ്ങൾക്ക് താല്പര്യം ആ ഭീകരജീവിയെയാണോ?
എന്തായാലും അടുത്ത ദിവസങ്ങളിലൊന്നിൽ ബുള്ളോക്ക് ആ ജീവിയുടെ ഷോ കാണാൻ തീരുമാനിച്ചു.
പ്രദർശനഹാൾ നിറഞ്ഞിരുന്നു. ഇംഗ്ലണ്ട് നഗരവാസികൾ മുഴുവനും അവിടെ സമ്മേളിച്ചതുപോലെ! എല്ലാപ്രായത്തിലുമുളള കാണികൾ. ഷോ തുടങ്ങുന്നതിന്റെ അറിയിപ്പുമണി മുഴങ്ങിയതും കാണികൾ ആർത്തു വിളിച്ചു. സംഘാടകരിലൊരാൾ വേദിയിലേക്ക് കയറി അറിയിച്ചു തുടങ്ങി; ബഹുമാന്യരായ ലണ്ടൻ നിവാസികളെ,
നിങ്ങൾ ഇന്നിവിടെ കാണാൻ പോകുന്നത് ഇന്നോളം ലോകം കണ്ടിട്ടില്ലാത്ത ഒരു അപൂർവ്വ ജീവിയാണ്. ഈ ജീവി സ്ത്രീയോ പുരുഷനോ അല്ല മൃഗമോ മനുഷ്യനോ അല്ല.
ഇനിയും വെളിച്ചം വീഴാത്ത ആഫ്രിക്കൻ കാടുകളിൽ നിന്നും അതിസാഹസികമായി ഡെൻലോപ്പ് വേട്ടയാടിപ്പിടിച്ച ഈ ഭീകര സത്വത്തെ കണ്ടാലും, ചിലപ്പോൾ ഈ ഭീകരജീവി നിങ്ങളെ ആക്രമിച്ചേക്കാം. കരുതിയിരിക്കുക. അവതാരകൻ പിൻവലിഞ്ഞതും, ഇരുവശത്തെയും ചുവന്ന തിരശ്ശീല ഞൊറികൾ വകഞ്ഞുമാറ്റി ആ വലിയ രൂപം കടന്നു വന്നു. കാണികൾ ആകാംക്ഷ ഭരിതരായി ഇരുന്നു.കടന്നു വന്ന വലിയ രൂപത്തെ കണ്ട് അവർ അമ്പരുന്നു. ആദ്യത്തെ ഞെട്ടലിൽ നിന്നും സ്ഥലകാലബോധം വീണ്ടെടുത്ത പ്രേക്ഷകർ ആർപ്പുവിളികളും കൂക്കുവിളികളുംകൊണ്ട് അവിടെ പ്രകമ്പനം തീർത്തു. ഇരുട്ടിൽ നിന്നും കടന്നു വന്ന ആ ഭീകരജീവി ആരാണ്, എന്താണ് അതിന്റെ പേര്.
അവളുടെ പേര് സാട്ട്ജി ബ്രാറ്റ്മാൻ എന്നാണ്!
ആഫ്രിക്കയിലെ ഖോയ് ഖോയ് വംശത്തിൽ പെട്ട, ഒരു പാവം സ്ത്രീ. അടിമക്കപ്പൽ പറയുന്നത് അവളുടെ കഥയാണ്. 27 വയസ് മാത്രം ഈ ഭൂമിയിൽ ജീവിച്ച് സമാനതകളില്ലാത്ത ക്രൂരതകളേറ്റുവാങ്ങി ഇവിടെ നിന്നും കടന്നു പോയതിന്റെ കഥയാണ്.
അഭിനാഷ് തുണ്ടുമണ്ണിൽ ‘അടിമക്കപ്പലിൽ’ പറയുന്നത് സാട്ട്ജിയുടെ കഥ മാത്രമല്ല അടിമത്തം എന്ന ദുഷിച്ച വ്യവസ്ഥിതിയുടെ കൂടെ കഥയാണ്. പുരോഗമനകാരികളെന്ന് ലോകം വാഴ്ത്തുന്ന ഒരു സമൂഹം മറ്റൊരു ജനതയോട് കാണിച്ച നീതികേടിന്റെ, ദയാരാഹിത്യത്തിന്റ കഥയാണ്. യഥാർത്ഥത്തിൽ സാട്ട്ജി അവർ അവകാശപ്പെട്ടപോലെ ഒരു വിചിത്ര ജീവിയായിരുന്നോ? അല്ല, ഒരിക്കലുമല്ല സാട്ട്ജി അവളുടെ വംശത്തിൽ പെട്ട ഏതൊരു സ്ത്രീയെയും പോലെ യായിരുന്നു (വലിയ സ്തനങ്ങളും, നിതംബവും). സ്വതവേ ശരീരവളർച്ചയുളള ഖോയ് ഖോയ് വംശത്തിലെ സ്ത്രീകൾ പ്രസവത്തോടെ കൂടുതൽ ശരീര ഭാരം വയ്ക്കുന്നു.സാട്ട്ജിക്ക് അതല്പം കൂടിയിരിക്കാം, അല്ലാതെ… പക്ഷെ അതുണ്ടോ വർണ്ണവെറി ബാധിച്ച കണ്ണുകൾക്ക് തിരിയുന്നു. അവർ അവളെ പ്രദർശനശാലകളിലും, നിശാ ബാറുകളിലും പലരുടെയും സ്വകാര്യ വസതികളിലേക്കും ആട്ടിത്തെളിച്ചു.
മനുഷ്യൻ എപ്പോഴും അവന്റെ യുക്തിയുടെ അളവ് കോൽ വച്ചാണ് ലോകത്തെ അളക്കുന്നത്. അതാണെവന്റെ വിജയവും പരാധീനതയും.
അടിമക്കപ്പൽ ഒരു ഗംഭീര വർക്കാവുന്നത് അത് സാട്ട്ജിയുടെയോ, ആഫ്രിക്കൻ ജനതയുടെയോ കഥയായി ചുരുങ്ങുന്നില്ല എന്നതുകൊണ്ടുകൂടിയാണ്.ഇങ്ങ് കേരളം മുതൽ അങ്ങ് ആഫ്രിക്കയും യൂറോപ്പും വരെ അത് നീണ്ടു നിവർന്നു കിടക്കുന്നു. നെപ്പോളിയനും റോമിനെ വിറപ്പിച്ച കാർത്തേജുകളുടെ പടനായകൻ ഹനിബാൾ ബാർക്കയും, ലെഷ്ടാറിലെ മിൽതൊഴിലാളികളുടെ വിപ്ലവവും. അന്നത്തെ നിയമ വ്യവഹാരങ്ങളും അങ്ങനെ എത്രയെത്ര വ്യക്തികളും സംഭവങ്ങളും ഈ നോവലിൽ വായനക്കാരനെ കാത്തിരിക്കുന്നു. എഴുത്തുകാരന്റെ അധ്വാനത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. അടിമക്കപ്പലിലൂടെ മലയാള നോവൽ മറ്റൊരു തീരത്തേയ്ക്കാണ് നങ്കുരമെറിയുന്നത്. കപ്പിത്താന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല