(ലേഖനം)
ഡോ. സുനിത സൗപര്‍ണിക
കർക്കിടകത്തിന്
കാർമേഘക്കറുപ്പുണ്ട്.
ഒന്നല്ല, ഒരുപാട് പിറന്നാളിന്റെ ഓർമ്മയുണ്ട്.
പണ്ടെന്നോ വായിച്ച കഥകളിലെ,
ഓർമ്മ – മറവിയടരുകളിലേക്ക് നൂണുകയറിയ വിഷാദച്ഛവിയുള്ള കഥാപാത്രങ്ങളുടെ ഈറൻതണുപ്പുണ്ട്.
ഓർമയുടെ അഞ്ചാം വയസ്സിൽ ഒരു പെൺകുട്ടി, വീട്ടിലെല്ലാവർക്കും ഒപ്പമിരുന്ന് ദൂരദർശനിൽ ഏതോ ഒരു സീരിയൽ
കാണുകയാണ്. വല്ല്യമ്മയും അമ്മയും ‘എം. ടി’ എന്ന രണ്ടക്ഷരവും ‘നാലുകെട്ട്’ എന്ന പുതിയൊരു വാക്കും ഇടയ്ക്ക് ഉരുവിടുന്നുണ്ട്.
ഓർമയിലെ ആ സീരിയൽക്കഷ്‌ണത്തിൽ,
വെള്ളപ്പൊക്കത്തിൽ വീടിനകത്ത് തനിച്ചായിപ്പോയ ഒരു സ്ത്രീയെ ഏതോ ഒരാൾ വന്ന് തോണിയിൽ കൈ പിടിച്ച് കയറ്റി രക്ഷപ്പെടുത്തുന്നുണ്ട്.
അന്നു കേട്ട ‘എം.ടി’ എന്ന രണ്ടക്ഷരത്തിന് ‘കഥ’ എന്നൊരു പര്യായമുണ്ടെന്ന് മനസ്സിലാക്കി തുടങ്ങിയത്, അന്ന് ആ കേട്ട / കണ്ട ‘നാലുകെട്ട്’ വായിച്ച ശേഷമായിരിയ്ക്കണം.
“കുട്ട്യോളേ, സെയ്തിൻ്റെ പീട്യെ പോയി ഇതൊന്ന് വാങ്ങിക്കൊണ്ടന്നാ” എന്ന അമ്മമ്മടെ വാചകത്തിനു പിറകെ, പീടികയിൽ പോയി, അവിടിരുന്ന് തട്ടകമായ മുളയങ്കാവിലെ കാളവേലയെയും പൂരത്തെയും കുറിച്ചുള്ള നാട്ടുകാരുടെ സംസാരവും കേട്ട്,
വാങ്ങിയ സാധനം വീട്ടിൽ ഏൽപ്പിച്ച് ‘നാലുകെട്ടി’ലേക്ക് കയറുമ്പോൾ
അപ്പുണ്ണി ഈസ്പ്പിന്റെ പീടികയിലേക്ക് സാധനം വാങ്ങാൻ ഇറങ്ങുകയാവും. അവിടെയും മുളയങ്കാവ് പൂരത്തെക്കുറിച്ച് സംസാരിക്കുന്ന മനുഷ്യരുണ്ടാവും,
അതേ ഭാഷയിൽ, ശൈലിയിൽ.
നമ്മടെ സെയ്തിന് ഈസ്പ്പ് എന്നൊരു പേരും കൂടി ഉണ്ടല്ലേ എന്ന ചിന്തയിൽ സ്വന്തം നാട്ടിലെ നാലുകെട്ടിന്നകത്തേക്ക് കയറിച്ചെല്ലുകയാണ് ആ നാലാം ക്ലാസുകാരി, പരിചയക്കേടിൻ്റെ ആശങ്കകളൊന്നും ഇല്ലാതെ.
കാലം ചെല്ലുന്നു,
എം.ടി. പുസ്തകങ്ങളിലേക്ക്.
കണ്ടു ശീലിച്ച തറവാട്ടുമ്മറങ്ങളിലേക്ക്
സേതുവും ഗോവിന്ദൻകുട്ടിയും ‘കർക്കിടക’ത്തിലെ കുട്ടിയും പിന്നെയുമാരൊക്കെയോ കയറിക്കൂടുന്നു,
ആദ്യമേ ഇറയത്ത് ഇരിപ്പായ അപ്പുണ്ണിയ്ക്കൊപ്പം.
കാലം പോകെ,
കണ്ടു പരിചയിച്ച,
കഥാപാത്രങ്ങളെ കുടിയിരുത്തിയ
ആ തറവാടുകൾ പൊളിച്ചോ പൊളിഞ്ഞോ പുതുക്കിപ്പണിഞ്ഞോ മാറിപ്പോവുന്നു. അന്നേരം ഓർമയിലെ ആ കഥാപാത്രങ്ങൾക്ക് അസ്തിത്വം നഷ്ടമായെങ്കിലോ എന്ന ആധിയിൽ കർക്കിടകക്കുട്ടിയ്ക്ക് ഉറക്കം നഷ്ടമാവുന്നു. കഥാപരിസരം നഷ്ടപ്പെട്ട കഥാപാത്രങ്ങൾക്കൊപ്പം.
അടുത്തൊരു വായനയിൽ അവരെയെല്ലാം, കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കാം എന്ന് തീർച്ചയാക്കി വീണ്ടും ഉറക്കം തിരഞ്ഞു ചെല്ലുന്നു.
‘മഞ്ഞ്’ കാലം.
മഞ്ഞ് – ഏട്ടൻ്റെ പ്രീ ഡിഗ്രി പാഠപുസ്തകം.
തറവാട്ടുമ്മറങ്ങളിൽ നിന്നും അകന്ന് നൈനിറ്റാൾ വരെ അകമേ യാത്ര ചെയ്തത് അക്കാലത്തായിരുന്നു.
“വരാതിരിക്കില്ല” എന്ന വാചകം.
ഒന്നിനുമല്ലാതെയും മനുഷ്യർ സ്നേഹിക്കുമെന്നും ഒരു വൈകുന്നേരം കടം ചോദിയ്ക്കുമെന്ന തിരിച്ചറിവ്.
ഒന്നും വായിയ്ക്കാൻ ഇല്ലാത്തപ്പോൾ ഒരു ടെലഫോൺ ഡയറക്ടറിയും ഭക്ഷിയ്ക്കാം എന്ന ആശയം.
മഞ്ഞിൽ തോന്നലുകളെ തണുപ്പിക്കാൻ വേണ്ടതെല്ലാം ഉണ്ടായിരുന്നു.
നൈനിറ്റാളും വാരാണസിയും ചെന്നെത്തേണ്ട ഇടങ്ങളിൽ ഒന്നായി കുറിച്ചു വയ്ക്കപ്പെട്ടത്, വിമലയായി, സുധാകരനായി മുജ്ജന്മത്തിൽ എപ്പോഴോ അവിടെ പോയിട്ടുണ്ട് എന്ന തോന്നൽ കൊണ്ട് മാത്രമാവണം.
എത്ര ഊഴം എന്നില്ലാതെ വായിച്ചു മടക്കിയ
രണ്ടാമൂഴം. വിജയത്തിൻറെ പരകോടിയിൽ എത്തുമ്പോഴും തൻ്റെ കൈകളിലേക്ക് ആരോ കരുത്തൊഴുക്കിയിരുന്നുവെന്ന് വിശ്വസിക്കുന്ന ഭീമൻ.
ഉടയാത്ത ബിംബങ്ങളിൽ ഇന്നുമേറ്റം ഭീമമായത്.
പിന്നീടൊരു കാലം.
‘കാലം’ മാത്രം കയ്യിൽ ഇല്ലെന്ന സങ്കടം കൊണ്ടു നടക്കുന്ന കാലത്ത് ഒരാൾ കയ്യിലേക്ക് ‘കാലം’ വെച്ചു നീട്ടുന്നു.
കുറച്ച് കാലങ്ങൾക്കപ്പുറം കയ്യും ഒരു മോതിരവും.
അക്കാലവും മോതിരക്കയ്യും മുറുക്കിപ്പിടിയ്ക്കുന്നു.
* *
അമ്മ – വല്ല്യമ്മ – അമ്മായിപ്പെൺകൂട്ടം
പണ്ട് ടാക്കീസിൽ പോയി കണ്ട സിനിമകളെ കുറിച്ചുള്ള പറച്ചിലുണ്ടാവാറുണ്ടായിരുന്നു,
തറവാട്ടിലെ അത്താഴത്തോടൊപ്പം.
വൈശാലി, പഞ്ചാഗ്നി, നഖക്ഷതങ്ങൾ തുടങ്ങി ഏതൊക്കെയോ സിനിമകൾ.
അവിടെയും തടഞ്ഞു,
എം. ടി എന്ന രണ്ടു വറ്റ്.
അക്ഷതം.
എം.ടി. എന്ന രണ്ടക്ഷരത്തിന് ‘ചലച്ചിത്രം’ എന്ന നാലക്ഷരത്തിൻ്റെ ഇരട്ടിപ്പുമുണ്ടെന്ന് തിരിച്ചറിഞ്ഞത് ആ വർത്തമാനങ്ങളിൽ നിന്നാണ്.
കേട്ടിട്ടും വായിച്ചിട്ടും
മനക്കണ്ണിൽ കണ്ട
പുരാണ – ചരിത്ര കഥാപാത്രങ്ങളെ / മിത്തുകളെ എം.ടിയുടെ തിരക്കഥക്കണ്ണിലൂടെ കാണുമ്പോൾ മറ്റൊരു മാനം.
ചതിച്ചിട്ടില്ലാത്ത ചന്തു.
മകനു നേരെയെറിഞ്ഞ ഉളി അസൂയക്കല്ലിലുരച്ച് മൂർച്ച കൂട്ടാത്ത,
മറിച്ച് നിസ്സഹായതക്കല്ലിലുരച്ച പെരുന്തച്ചൻ.
വശീകരിക്കുക മാത്രമല്ലാതെ പ്രണയിക്കുക കൂടി ചെയ്ത വൈശാലി.
പേടിപ്പിക്കുക മാത്രമല്ലാതെ,
കളിയ്ക്കാനും ഊഞ്ഞാലാടാനും ഒരു നല്ല കൂട്ടാവാനും കൂടുന്ന കുഞ്ഞാത്തോലെന്ന യക്ഷി.
പറഞ്ഞു പറഞ്ഞ് പഴകിയതും
കേട്ടു കേട്ട് തഴമ്പിച്ചതും മാത്രമായിരിക്കണമെന്നില്ല നേരെന്ന് പറയാതെ പറഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ.
* *
കറുപ്പും വെളുപ്പും മാത്രമുള്ള തിരശ്ശീലകൾക്ക് മുന്നിലിരിക്കാൻ മനസ്സു പാകമാവാതിരുന്ന കാലം. ഓളവും തീരവും, മുറപ്പെണ്ണും ഇരുട്ടിൻ്റെ ആത്മാവും നിർമാല്യവും ഒക്കെ കണ്ടത് തിരക്കഥാശീലയിൽ. എങ്കിലും അതിലൊരു ചിത്രം മാത്രം,
അതിലെ ഒരു ഭാഗം മാത്രം തിരഞ്ഞു പോയി.
നിർമാല്യം.
അവസാനത്തെ ഒരൊറ്റ രംഗം.
നിസ്സഹായത കലി പൂണ്ട്, ചോര വാർന്ന് ഇല്ലാതാവുന്ന ഒരൊറ്റ രംഗം.
* *
ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോൾ,
ഒന്നും ചെയ്യാൻ തോന്നാതിരിക്കുമ്പോൾ
പുഴ പോലൊഴുകുന്ന രണ്ടു ചിത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും,
കാലൊന്ന് നനയ്ക്കും.
കണ്ണും.
നിളയിലെന്ന പോലെ…
സൗപർണികയിലെന്ന പോലെ…
ഒരു ചെറുപുഞ്ചിരിയോടെ…
തീർത്ഥാടനം പോലെ…
* *
ചിന്തകൾ കാട്ടുപൊന്തകളിലേക്ക് കയറിപ്പോവുകയാണ്.
ആരണ്യകത്തിലെ അമ്മിണിക്കുട്ടിയ്ക്കും ജാനകിക്കുട്ടിയ്ക്കും കുട്ട്യേടത്തിയ്ക്കും ഒപ്പം.
ആൾക്കൂട്ടത്തിൽ നിന്നും അകന്ന്…
തനിയെ…
‘പുസ്തകങ്ങൾ വായിച്ച് വേദനകൾ മായ്ച്ച കുട്ടി’ തല ചായ്ക്കുന്നു.
പുറത്ത്,
ഓരോ കർക്കിടകപ്പെരുമഴയിലും ആളിയാളി വെളിച്ചം പെയ്യിക്കുന്ന
‘വായനയുടെ വിളക്കുമാടങ്ങൾ’.
അകത്ത്,
കഥ പറഞ്ഞു തീരാത്ത
‘മുത്തശ്ശിമാരുടെ രാത്രി’.
അരികത്ത്,
എഴുത്തുചട്ടയിൽ എം.ടിയെ പതിപ്പിച്ച വാരാന്തപ്പതിപ്പുകളുടെ ശേഖരം.
സുകൃതം…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല