രൂപകങ്ങളുടെ പടപാച്ചിലുകള്‍

0
195

(ലേഖനം)

ഡോ.റഫീഖ് ഇബ്രാഹിം

രൂപകങ്ങള്‍ സ്വയമേവ കവിതയാവുമോ? ഇല്ലെന്നാണ് സാമ്പ്രദായിക കാവ്യമീമാംസ നമ്മോടു പറയുന്നത്. രൂപകങ്ങളും ബിംബങ്ങളും കാവ്യരചനയുടെ അസംസ്‌കൃത വസ്തുക്കളാണെന്നും ഈ വ്യതിരിക്ത വസ്തുക്കളെ കവിയുടെ സര്‍ഗശക്തി കൂട്ടിയിണക്കുമ്പോഴാണ് കവിത പിറക്കുക എന്നും ആധുനിക കാവ്യശാസ്ത്രങ്ങള്‍ അനുശാസിക്കുന്നു. ഇംഗ്ലീഷ് കാവ്യശാസ്ത്രലോകത്തെ ഉന്നതനായ വിമര്‍ശകന്‍ സാമുവല്‍ ടെയ്‌ലര്‍ കോളറിഡ്ജ് ഈ പ്രശ്‌നത്തെ സവിശേഷമായിത്തന്നെ പഠിക്കുന്നുണ്ട്. കോളറിഡ്ജിനെ സംബന്ധിച്ചിടത്തോളം രൂപകങ്ങള്‍ സങ്ക
ല്പിച്ചെടുക്കല്‍ കല്പന (Fancy) യും ആ രൂപകങ്ങളെ ഉരുക്കിച്ചേര്‍ക്കല്‍ ഭാവനയു (imagination) മാകുന്നു. ഭാവനയുടെ താഴ്ന്ന പടിയായാണ് അദ്ദേഹം കല്പനയെക്കണ്ടത്. കല്പനയില്‍ ഒന്നിച്ചുകൂടുന്ന ബിംബങ്ങള്‍ക്ക് സ്വാഭാവികമായോ ധാര്‍മ്മികമായോ
പരസ്പരബന്ധമില്ലെന്ന് കോളറിഡ്ജ് വ്യക്തമാക്കുന്നു. പരസ്പര ബന്ധമില്ലാത്ത രൂപകങ്ങളെ ഉരുക്കിച്ചേര്‍ത്ത് ഭാവന നിര്‍മ്മിക്കുന്നിടത്താണ് കോളറിഡ്ജ് കവിയെ സ്ഥാനപ്പെടുത്തിയത്. കവിയുടെ മൗലികത വിരുദ്ധബിംബങ്ങളെ, രൂപകങ്ങളെ,
സവിശേഷാനുപാതത്തില്‍ കൂട്ടിയിണക്കുന്നു. വൈരുധ്യങ്ങളെ പൊരുത്തപ്പെടീച്ച് ഒരാദര്‍ശലോകത്തെ സൃഷ്ടിച്ചെടുക്കലാണ് കോളറിഡ്ജിന് കവിത.

കോളറിഡ്ജിനെ സംബന്ധിച്ച് മാത്രമുള്ള ഒരാശയമല്ല ഇത്. ഐ.എ.റിച്ചാര്‍ഡ്‌സിന്റെ Synesthesis അല്ലെങ്കില്‍ Synthetic Poetry എന്ന പരികല്പനയും ഊന്നുന്നത് ഇതേ വീക്ഷണത്തിലാണ്. വിപരീതഭാവചോദനകളുടെ സമതുലനവും സല്ലയനവമാണ് റിച്ചാര്‍ഡ്‌സിന് കവിത. വൈപരീത്യങ്ങളെ ഉദ്ഗ്രഥിക്കുന്നതിനെയാണ് റിച്ചാര്‍ഡ്‌സും കവിതയായിക്കണ്ടത്. ബിംബങ്ങളോ രൂപകങ്ങളോ നിരത്തി വെക്കല്‍ അവിടെ Exclusive Poetry ആകുന്നു. കവിതയുടെ താഴ്ന്ന തലം. എലിയട്ടിന്റെ Catalyctic Agent ഉം ഈ ഉദ്ഗ്രഥനത്തില്‍ നിലയുറപ്പിക്കുന്നതു കാണാം. കവിചേതനയെ രാസക്രിയാത്വരകമായി കാണുന്ന എലിയട്ട് വിഭന്ന വികാരങ്ങളെ കൂട്ടിയോജിപ്പിച്ച് പുതിയ സംയുക്തവികാരങ്ങള്‍ക്കു രൂപം നല്‍കുന്നതിനെയാണ് സര്‍ഗ്ഗപ്രക്രിയ എന്നു വിളിച്ചത്.

ഇവിടെയെല്ലാം – അഥവാ ആധുനിക കാവ്യ മീമാംസയില്‍ ഉടനീളം – ഈ ഉരുക്കിച്ചേര്‍ക്കല്‍ എന്ന ആശയം കാണാം. വൈരുധ്യങ്ങള്‍ പരിഹരിക്കേണ്ടതാണ് എന്ന് എല്ലാ കാവ്യമീമാംസകരും കരുതുന്നു. തമാശരൂപത്തില്‍ ടെറി ഈഗിള്‍ടണ്‍
അപനിര്‍മ്മാണത്തെക്കുറിച്ച് നടത്തിയ ഒരു കമന്റ് ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. അധികാരത്തെ നമുക്ക് തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ നാം പാഠത്തെ തകര്‍ക്കുന്നു എന്നതാണത്. ക്ലാസ് മുറിക്കകത്തോ സെമിനാര്‍ ഹാളിലോ പാഠത്തെ അപനിര്‍മ്മിച്ച്, അധികാരത്തെ അപനിര്‍മ്മിച്ചു എന്നു സ്വയം സമാധാനിക്കാന്‍ നമുക്ക് കിട്ടിയ എളുപ്പവഴികളിലൊന്നാണ് അപനിര്‍മ്മാണം. സിന്തറ്റിക് പോയട്രിയും ഈ
നിലയില്‍ ഒരു ഉട്ടോപ്യാ നിര്‍മ്മിതിയാണ്. വൈരുധ്യങ്ങള്‍ നടനമാടുന്ന സാമൂഹികക്രമത്തില്‍ ഈ വിരുദ്ധതയെ തൊടാന്‍ പോലും മടിക്കുന്ന നാം കവിതയില്‍ അവയെ ഒത്തുതീര്‍പ്പിലെത്തിക്കുന്നു. മികച്ച കവിത എന്ന് കാവ്യശാസ്ത്രം സര്‍ട്ടിഫിക്കറ്റ് തന്നേക്കും. അതിലൂടെ സാമൂഹിക വൈരുധ്യങ്ങള്‍ തുടരുകതന്നെയാണ് ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നാം വഴിമാറി നടക്കും. കവിത, ദന്തഗോപുരവാസിയാകുന്നത് ഈ നിലയിലാണ്. പരിഹാരത്തിന്റെ ഒരു സമാന്തര ഉട്ടോപ്യ.

ഫ്രഡറിക് നീത്‌ഷേയുടെ വളരെ പ്രസിദ്ധമായ ഉദ്ധരിണിയാണ് ഈ ചെറുകുറിപ്പിന്റെ ശീര്‍ഷകമായി ചേര്‍ത്തിട്ടുള്ളത്. അര്‍ത്ഥം എന്ന സത്തായാഥാര്‍ത്ഥ്യത്തെ തലതിരിച്ചിടുകയായിരുന്നു നീത്‌ഷേ ചെയ്തത്. പാശ്ചാത്യാധുനികതയുടെ കേന്ദ്രതത്വത്തില്‍ നീത്‌ഷേ കേറിക്കൊളുത്തി, ആ വെട്ട് പരിഹരിക്കാന്‍
കഴിയാത്ത പ്രശ്‌നങ്ങളെയാണ് പുറത്തുകൊണ്ടുവന്നത്. ശരിയെന്നു കരുതിയവ ശരിയല്ലാതാക്കി മാറ്റിയ ആ അവധൂത ദര്‍ശനങ്ങള്‍ തത്വചിന്തയെയല്ല, ലോകചരിത്രത്തെത്തന്നെ പിളര്‍ത്തി മാറ്റി. ചോദ്യം ചെയ്യപ്പെടാന്‍ സാധ്യമല്ലാത്ത യുക്തിപരതയെയും സത്യപ്രസ്താവങ്ങളെയും ധാര്‍മ്മികതയെയും നീത്‌ഷേ മാന്തിപ്പുറത്തിട്ടു. ആധുനികതയുടെ തകര്‍ച്ചയ്ക്കായി, അതിനുള്ളില്‍ തന്നെ കലാപം സൃഷ്ടിച്ച മൂന്നു പേരിലൊരാളായി ഫൂക്കോ പിന്നീട് നീത്‌ഷേയെ സ്ഥാനപ്പെടുത്തി. മാര്‍ക്‌സിനും ഫ്രോയ്ഡിനുമൊപ്പം. സത്യമെന്ന കേവലസങ്കല്പത്തെയായിരുന്നു
നിത്‌ഷേ വെട്ടിമുറിച്ചത്. അവ, രൂപകങ്ങളുടെ ഘോഷയാത്രയല്ലാതെ മറ്റൊന്നുമല്ലെന്നദ്ദേഹം പറഞ്ഞുവെച്ചു. രൂപകങ്ങളുടെ പടപാച്ചില്‍ (Mobile army of metophor ) എന്ന നീത്‌ഷേയന്‍ രൂപകമാണ് സനലിന്റെ കവിതയുടെ ആദ്യവായനയില്‍ മനസിലേക്കു വന്നത്.

ഈ കവിതകള്‍ക്ക് പഠനമെഴുതാന്‍, സൗഹാര്‍ദ്ദപൂര്‍വ്വം സനലാവശ്യപ്പെട്ടപ്പോള്‍ പുതുകവിതകളെ സവിശേഷമായി പഠിക്കുന്ന ആരെയെങ്കിലും സമീപിക്കുന്നതല്ലേ നല്ലതെന്ന് ഈ ലേഖകന്‍ സന്ദേഹമുന്നയിച്ചിരുന്നു. അതിനയാള്‍ ‘എന്റെ കവിതകള്‍ ഇപ്പറയുന്ന പുതിയ കവിതകളില്‍ പെടുന്നതല്ല’ എന്ന് മറുപടി നല്‍കി. സനലിന്റെ കവിതകള്‍ പേര്‍ത്തും പേര്‍ത്തും വായിക്കാന്‍ പ്രേരിപ്പിച്ച മറുപടിയായിരുന്നു അത്.
എന്താണ് സനലെഴുതിയ ഈ വരികളുടെ സവിശേഷത എന്ന ആലോചനയിലേക്ക് ആ ഉത്തരം നമ്മെ നയിക്കും. പ്രാഥമികമായി അതിന് ഈ കുറിപ്പ് ചൂണ്ടിക്കാട്ടുന്ന സമാധാനം ഇവ ‘പ്രതികവിത’കളാകുന്നു എന്നതാണ്.

ചിലിയന്‍ കവി നിക്കനോര്‍ പാര്‍റായെയാണ് പ്രതികവിത / അകവിതയുടെ മികവുറ്റ ദൃഷ്ടാന്തമായി പഠിതാക്കള്‍ പരിഗണിക്കാറുള്ളത്. പാര്‍റ, കവിത എന്ന ജനുസിനെ തലതിരിച്ചിട്ടു എന്നു പറയാറുണ്ട്. സര്‍ഗശക്തി, കാവ്യഭാവന, സാമ്പ്രദായിക
എഴുത്തു രീതികള്‍ എന്നിവയെയെല്ലാം അദ്ദേഹം കുടഞ്ഞുമാറ്റി. എലിയട്ടിന്റെ കാവ്യകല്പനയെ മുന്‍നിര്‍ത്തിപ്പറഞ്ഞാല്‍ ശ്ലഥ ബിംബങ്ങളുടെ കൂമ്പാരമായാണ് (A heap of broken image) പാര്‍റയുടെ കവിത ആവിഷ്‌കരിക്കപ്പെടുന്നത്. അവയ്ക്ക് പാരസ്പര്യങ്ങള്‍ നിര്‍ബന്ധിതഘടകമല്ല, അതുണ്ടാവാം ഇല്ലാതിരിക്കാം. വൈരുധ്യങ്ങളെ അതായി മേയാന്‍ വിടുകയാണ് പാര്‍റ ചെയ്യുന്നത്. പുതുകവികളോടുള്ള അദ്ദേഹത്തിന്റെ വിഖ്യാതമായ ഉപദേശത്തില്‍ നാമിങ്ങനെ വായിക്കും; ‘Youngsters, write however you will in your preferred style. Too much blood flowed under the bridge for me to believe there’s just one acceptable path. In poetry everything’s permitted. ‘ കവിതയില്‍ എല്ലാം അനുവദനീയമാണ് എന്ന പാര്‍റയുടെ ഉപദേശം ശിരസാവഹിക്കുകയാണ് സനല്‍ ചെയ്യുന്നത് എന്നു കരുതാം. അതിനാല്‍ തന്നെ പ്രതികവിതയുടെ മലയാള രൂപീകരണമാകുന്നു സനലിന്റെ ‘കഥാഴ്‌സിസ്’ എന്ന ഈ സമാഹാരം.

വാസ്തവത്തില്‍ ഇതൊരു കൗതുകമാണ്, അഥവാ കൗതുകകരമായ വൈരുധ്യമാണ്. തന്റെ കവിതാപുസ്തകത്തിന് സനല്‍ ശീര്‍ഷകമായി തിരഞ്ഞെടുത്തത് ഇത് വായിക്കുന്ന മുഴുവനാളുകള്‍ക്കുമറിയാവുന്ന കലയുടെ പ്രസക്തിയെ സംബന്ധിച്ചുള്ള
അടിസ്ഥാന ആശയങ്ങളിലൊന്നാണ്. അരിസ്റ്റോട്ടിലിന്റെ Poetics എന്ന വിഖ്യാതരചനയില്‍ പ്രത്യക്ഷപ്പെട്ടതും പിന്നീട് ധാരാളം വ്യാഖ്യാനഭേദങ്ങളുണ്ടായതുമായ കഥാഴ്‌സിസ്. ‘ഭയകരുണങ്ങളെ ഉണര്‍ത്തി ആ വികാരങ്ങളുടെ കഥാഴ്‌സിസ് സാധ്യമാക്കുകയാണ് ‘ കല ചെയ്യുന്നതെന്ന അരിസ്റ്റോട്ടിലിന്റെ ചെറുനിര്‍വ്വചനം Pathological, Purgation, Purification, Psychological
എന്നിങ്ങനെ ഭിന്നഭിന്നങ്ങളായി വിശദീകരിക്കപ്പെട്ടെങ്കിലും എല്ലാം ഊന്നി നിന്നത് ‘കവിത’ എന്തോ ചെയ്യാന്‍ ശേഷിയുള്ളതാണ് എന്ന സാമ്പ്രദായിക സങ്കല്പത്തിലാണ്. ഈ ശേഷിയാണ് കവിതയെ അതാക്കുന്നത്. ഈ ശേഷി കൈവരാനുള്ള വഴികളെക്കുറിച്ചുള്ള അന്വേഷണമാണ് കാവ്യമീമാംസ എന്നു പറയാം. മുകളില്‍ ചൂണ്ടിക്കാട്ടിയ കോളറിഡ്ജ്, റിച്ചാര്‍ഡ്‌സ്, എലിയട്ട് ധാരയും അന്വേഷിച്ചത് ഈ ശേഷി എങ്ങനെ രൂപപ്പെടുത്താം എന്നതുതന്നെയായിരുന്നു. സാമ്പ്രദായിക കവിതയോട് ഇടയുന്ന സനല്‍ ശീര്‍ഷകമായി സ്വീകരിച്ച സംജ്ഞയില്‍ നിന്നു തന്നെ ഈ കാവ്യസമാഹാരത്തിന്റെ വൈരുധ്യങ്ങളാരംഭിക്കുന്നു. പുസ്തകം തുറക്കുന്നതിനു മുന്‍പേ നാം തുറക്കുന്നത് വൈരുധ്യങ്ങളെയാണെന്നു സാരം.

ശീര്‍ഷകമുള്‍ക്കൊള്ളുന്ന കവിതയെത്തന്നെ സവിശേഷമായി നമുക്കൊന്നു നോക്കാം. രൂപകങ്ങള്‍ കുടഞ്ഞെറിയപ്പെടുകയാണാ കവിതയില്‍.

1. പെറ്റിക്കോട്ടിലെ അസാമാന്യവലുപ്പമുള്ള തുളയിലേക്ക്
അറിയാതെ കൈകടത്തിയ കാമുകന്റെ ലിംഗാഗ്രം.
2. എല്ലില്ലാത്ത യാഥാര്‍ത്ഥ്യങ്ങളുടെ മുറിച്ചു വില്പന
3. പരസ്പരം ഇരട്ടകളായി പെരുകുന്ന ലോകം
4. അധികഭാരങ്ങളും ഭാരക്കുറവുകളും സമീകരിക്കുന്ന ലോകം
5. ചങ്ങലയുടെ അതിദീര്‍ഘം
6.നിശ്ചിതമായ ഭ്രമണപദത്തിലെ നിത്യസഞ്ചാരികള്‍
7. വിഷാദമെന്ന പിന്‍വാങ്ങല്‍ സൂചന
8. നൈരന്തര്യം എന്ന ലഹരി

എടുത്തെഴുതിയ രൂപക / ബിംബാവലികളെ കവിതയാക്കുന്നതെന്താണ്. ഇതിനിടയിലൂടെ സനലിന്റെ പേന വ്യാകരണഘടനകള്‍ ശരിയാക്കാന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഒത്തുതീര്‍പ്പുകളിലെത്താതെ വിരുദ്ധ ഭാവങ്ങളെ ചിതറിയിട്ടിരിക്കുന്നു. പഴയ കാവ്യസിദ്ധാന്തങ്ങള്‍ പ്രകാരം ചായയല്ല, ചായയാവുന്നതിനു മുമ്പുള്ള വെള്ളം, പഞ്ചസാര, ചായപ്പൊടി, പാല്‍ ഇത്യാദികളാണിവ. സാമ്പ്രദായിക കാവ്യാനുഭൂതിക്ക് കല്ലുകടിക്കും ഈ രചനാരീതി. എങ്കിലും ഇതിലെ രൂപകങ്ങളെ നമുക്കൊന്നു വര്‍ഗ്ഗീകരിച്ചു നോക്കാം.

ഒരു ഭാഗത്ത് വൈരുധ്യങ്ങള്‍ (എല്ലില്ലാത്ത യാഥാര്‍ത്ഥ്യങ്ങളുടെ മുറിച്ചു വില്പന,പരസ്പരം ഇരട്ടകളായി പെരുകുന്ന ലോകം) മറുഭാഗത്ത് യാന്ത്രികമായ ഇതിന്റെ സമീകരണം (അധികഭാരങ്ങളും ഭാരക്കുറവുകളും സമീകരിക്കുന്ന ലോകം, നിശ്ചിതമായ ഭ്രമണപാദത്തിലെ നിത്യസഞ്ചാരികള്‍) ഇവ തമ്മില്‍ സനല്‍ കൂട്ടിയോജിപ്പിക്കുന്നില്ല. അവയെ അവയായി വിടുന്നു. വൈരുധ്യങ്ങളെ പരിഹരിക്കാനുള്ള യാന്ത്രികശ്രമങ്ങളെ അല്പം പുച്ഛത്തോടെയാണ് സനല്‍ കാണുന്നതും. അയാള്‍ക്കവിടെ പക്ഷമുണ്ട്. വൈരുധ്യങ്ങളാണ് യാഥാര്‍ത്ഥ്യം, സമീകരണം ആധിപത്യയുക്തിയാണെന്ന് സനല്‍ ഉറച്ചു വിശ്വസിക്കുന്നു. ആ
അര്‍ത്ഥത്തില്‍ കഥാഴ്‌സിസിന്റെ സാധാരണീകരണ തത്വം അട്ടിമറിക്കപ്പെടുകയാണ് ഈ കവിതയിലും കാവ്യസമാഹാര ത്തിലും. രൂപകങ്ങളെ പടപാച്ചിലിനായി അഴിച്ചുവിട്ടിട്ട് അപനിര്‍മ്മാണമെന്ന പേരില്‍ തന്നെ ഈ സമാഹാരത്തില്‍ ഒരു കവിത പ്രത്യക്ഷപ്പെട്ടത് യാദൃച്ഛികമാവാനിടയില്ലതന്നെ.

തീസിസ് എന്ന കവിതയെക്കുറിച്ച് കൂടി സൂചിപ്പിച്ച് ഈ ചെറുകുറിപ്പ് അവസാനിപ്പിക്കാം. അക്കാദമിക് പ്രബന്ധരചനയെത്തന്നെ രൂപകമായി സ്വീകരിക്കുന്ന ഒരു കവിതയാണത്. ആ അര്‍ത്ഥത്തില്‍ മുഖ്യധാരാ ജ്ഞാനശാസ്ത്രത്തിന്റെ ഒരു വിഡംബനഹാസ്യം. ആമുഖവും രണ്ടധ്യായങ്ങളും ഒടുക്കം നിഗമനത്തിലുമെത്തുന്ന ആധുനിക ജ്ഞാനപദ്ധതികളുടെ രീതിശാസ്ത്രം ആ കവിത കോമഡിവത്കരിക്കുന്നു, ആക്ഷേപാനുകരണം. രൂപത്തിലെ ഈ സവിശേഷത തന്നെയാണ് കവിതയുടെ ഭാവവും. വിധിയാലല്ല ശീലങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതാണ് മനുഷ്യഭാഗധേയം എന്ന തീസിസിനെ സനല്‍ വാലിഡേറ്റ് ചെയ്യുന്നത് അന്യവീട്ടിലെ ഫ്രീസറില്‍ നിന്ന് ഐസ്‌ക്യൂബ്‌സ് അകത്താക്കാന്‍ അവസരം കിട്ടിയ രണ്ടു തരം കുട്ടികളെ താരതമ്യാപഗ്രഥനത്തിനു വിധേയമാക്കിയാണ്. അധികാരം കൈവരുന്ന മുഖ്യധാരയും പുറമ്പോക്കുകളായ
പാര്‍ശ്വധാരയും രൂപപ്പെടുന്നത് ശീലങ്ങളുടെ സ്വാംശീകരണം കൊണ്ടാണെന്നു പറഞ്ഞുവെക്കുന്ന കവിത രാഷ്ട്രീയമാവുന്നത്, പാര്‍ശ്വധാരയിലാണ് വൈവിധ്യങ്ങള്‍ എന്ന സൂചകത്താലാണ്.

സനലിന്റെ കവിതകളുടെ രാഷ്ട്രീയവും ഇതുതന്നെയാണ്. വൈവിധ്യങ്ങളും ബഹുലതുകളുമാണ് ലോകം. അത് ആ നിലയില്‍ അടയാളപ്പെടുത്തലാണ് കവിത. കവിയുടെ സര്‍ഗ്ഗചേതന വൈരുധ്യങ്ങളെ കൂട്ടിയിണക്കി വിരുദ്ധതയെ പരിഹരിക്കേണ്ടതില്ല എന്ന് ഈ കവിതകള്‍ പറഞ്ഞുവെക്കുന്നു. രൂപകങ്ങളുടെ അനിയതമായ വലിച്ചുവാരിയിടലാണ് ഈ സമാഹാരത്തെ പ്രതികവിതയാക്കുന്നത്. പാര്‍റ പറഞ്ഞതു പോലെ പ്രണയത്തിലും യുദ്ധത്തിലും മാത്രമല്ല, കവിതയിലും എന്തും സാധ്യമാണെന്ന് സനല്‍ കവിതയിലൂടെ തെളിയിക്കുന്നു എന്നു സാരം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here