(ലേഖനം)
ദിൽഷാദ് ജഹാൻ
“ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുൻപും പിൻപും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ നമ്മൾ വേണ്ടത്ര സ്നേഹിച്ചിട്ടില്ലെന്നാണ്.”
-എലിഫ് ഷഫാക്ക്
പതിമൂന്നാം നൂറ്റാണ്ടിൽ കൊനിയയിലെ ഒരു ഓപ്പൺ എയർ ഹാളിൽ ചുറ്റിത്തിരിയലിൻ്റെ നൃത്തം – സെമാസെൻ – ആദ്യമായി അവതരിപ്പിക്കപ്പെടുന്നു. നെയിൻ്റെയും റീബാബിന്റെയും ശബ്ദങ്ങൾക്കനുസരിച്ച് സൂഫി ദർവീശുകൾ ആദ്യം സാവധാനത്തിൽ കറങ്ങി തുടങ്ങുന്നു. മുറുകുന്ന നെയിൻ്റെ സ്വരവ്യതിയാനങ്ങളിൽ അവരൊരു കൊടുങ്കാറ്റായി മാറുന്നു. വീതിയേറിയ അവരുടെ ഹിർക്ക് താമരപ്പൂക്കൾ പോലെ തുറക്കുന്നു. ഒരു കൈ ആകാശത്തേക്കും മറുകൈ ഭൂമിയിലേക്കും ചൂണ്ടി, ദൈവത്തിൽ നിന്ന് ലഭിക്കുന്ന സ്‌നേഹത്തിന്റെ ഓരോ തുള്ളിയും ജനങ്ങൾക്ക് വിതരണം ചെയ്യുമെന്നവർ പ്രതിജ്ഞയെടുക്കുന്നു. ആകാംക്ഷ ഭരിതമായി ശ്വാസമടക്കി പിടിച്ച സദസ്സിലെ നിറഞ്ഞ നിശബ്ദതക്കിടയിൽ നെയിൻ്റെ അലയൊലികൾ ഭൂമി തൊടുന്നു.
വിഖ്യാത തുർകിഷ് നോവലിസ്റ്റ് എലിഫ് ഷഫാക്കിൻ്റെ “നാൽപ്പത് പ്രണയ നിയമങ്ങൾ” (The Forty Rules of Love) വായനാന്ത്യം ഓരോ വായനക്കാരിലും നിറക്കുന്നത് ഒൻപത് നൂറ്റാണ്ടുകൾക്ക് മുമ്പ് റൂമിയുടെ സമാസദസ്സിലെ വിശ്വാസികളിലും അവിശ്വാസികളിലും തെളിഞ്ഞ അതേ അത്ഭുതവും വിഭ്രാന്തിയുമാണ്. നിരുപാധികമായ സ്നേഹത്തിന്റെ മധുരവലയത്തിൽ കുടുങ്ങിയ മനുഷ്യരുടെയും പ്രകൃതിയുടെയും തമ്മിലുള്ള കഥ പറയുന്ന ഈ പുസ്തകം ഒടുവിൽ നമ്മളെയും ഗതി കിട്ടാതുഴറുന്ന ഒരു കമിതാവാക്കി മാറ്റുന്നു. അനശ്വര പ്രണയത്തിൽ അന്ധമായി വിശ്വസിക്കുന്ന ഒരു ശംസ് നമുക്കുള്ളിലും പുനർജനിക്കുന്നു.
സൂഫി ഫിലോസഫിയുടെ മിസ്റ്റിസത്തെ പ്രണയത്തിന്റെയും ആത്മദർശനത്തിൻ്റെയും ആധുനിക സങ്കീർണ്ണതകളുമായി ലയിപ്പിച്ചുകൊണ്ട് രണ്ട് സമാന്തര ആഖ്യാനങ്ങൾ തടസ്സമില്ലാതെ ഇഴചേർത്ത മാസ്റ്റർപീസാണ് സത്യത്തിൽ എലിഫ് ശഫാക്കിൻ്റെ ‘ദ ഫോർട്ടി റൂൾസ് ഓഫ് ലൗ’. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫി ലോകത്തെ രണ്ട് ദിവ്യാനുരാഗികളും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിന്ന് അവരെ വായിക്കുന്ന എല്ല റൂബെന്‍സിറ്റീനുമാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്.
സുന്ദരമാണെന്ന് പുറത്തേക്ക് തോന്നിപ്പിക്കാവുന്ന, എല്ല റൂബെന്‍സിറ്റീൻ്റെ അസന്തുഷ്ടവും അസംതൃപ്തവുമാർന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് എലിഫ് തൻ്റെ നോവൽ ആരംഭിക്കുന്നത്. നാല്‍പതു വയസുകാരിയായ എല്ല മൂന്ന് മക്കളുടെ മാതാവും വിശ്വാസയോഗ്യനല്ലാത്ത ഒരു ഭര്‍ത്താവിന്റെ ഭാര്യയുമാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദധാരിയും എഴുത്തുകാരിയും വായനക്കാരിയുമായിരുന്ന എല്ലക്ക് വിവാഹ ശേഷം മക്കൾക്കും ഭർത്താവിനും വേണ്ടി തൻ്റെ സ്വപ്നങ്ങളെ മറന്ന് ഒരു സാധാരണ വീട്ടമ്മയായി മാറാൻ മറ്റു സ്ത്രീകളെ പോലെ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. പ്രണയാതുരമായി മുന്നോട്ട് പോയിരുന്ന തൻ്റെ ജീവിതം പൊടുന്നനെ സംശങ്ങളുടെ മറവിലേക്കും ഇരുളിലേക്കും ഗതിമാറിയതായി ജീവിതത്തിൻ്റെ ഒരു സുപ്രധാന ഘട്ടത്തിൽ എല്ല തിരിച്ചറിയുന്നു. വെള്ളത്തിൽ വീണ ഒരു കല്ലുണ്ടാക്കുന്ന ഓളങ്ങളെ പോലെ തൻ്റെ ഭർത്താവായ ഡേവിഡിൻ്റെ അവിഹിത ബന്ധങ്ങൾ എല്ലയുടെ ഹൃദയം തകർക്കുന്നു. എന്നാൽ ഇവ ഭർത്താവിനോട് തുറന്നു പറയാനോ ഭർത്താവുമായുള്ള തൻ്റെ ജീവിതമവസാനിപ്പക്കാനോ എല്ല ഒരിക്കലും ആഗ്രഹിച്ചില്ല. ഈ മാനസികാവസ്ഥയിലും എല്ല എന്നത്തേയും പോലെ തൻ്റെ ഭർത്താവിനും മക്കൾക്കും വേണ്ടി മികച്ചൊരു പ്രാതലൊരുക്കാനും നിറഞ്ഞ മേശയുമായി അവരെ എതിരേൽക്കാനും മറന്നില്ല.
എന്നാൽ, ഡേവിഡ് വഴി ഒരു ലിറ്റററി ഏജൻസിയിൽ വായനക്കാരിയായി എല്ല നിയമിതയാകുന്നതോടെ നോവൽ പുതിയൊരു ദിശയിലേക്ക് വഴി മാറി സഞ്ചരിക്കുന്നു. ‘മധുരമാർന്ന ദൈവനിന്ദ’ (The Sweet Blasphemy) എന്ന അജ്ഞാത നോവലിസ്റ്റ് അസീസ് സെഹ്റ എഴുതിയ ഒരു ചരിത്ര നോവലാണ് തൻ്റെ ആദ്യ പ്രോജക്ടായി എല്ലക്കു ലഭിക്കുന്നത്. തന്റെ കുടുംബാന്തരീക്ഷത്തിൽ നിന്നും മനോനില തെറ്റിയ എല്ല ഏജൻസി ഹെഡിന്റെ നിർബന്ധ മൂലം അസീസിനെ വായിച്ചു തുടങ്ങുന്നു.
“ഈ നോവൽ ഒരു പ്രണയത്തെ കുറിച്ചാണ്. പ്രണയത്തിന് ഒരു പ്രത്യേകതയുണ്ട്. അത് എല്ലാ മനുഷ്യരെയും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ കീഴ്പ്പെടുത്തുന്നു. പ്രായത്തിന്റെയോ, വംശത്തിന്റെയോ, നിറത്തിന്റെയോ, മതത്തിന്റെയോ അതിരുകളതിന് തടസ്സമാവില്ല. ഏതെങ്കിലും ഒരു ഘട്ടത്തിൽ, എന്നെങ്കിലുമൊരിക്കൽ എല്ലാ മനുഷ്യരെയും പ്രണയം കീഴ്പ്പെടുത്തും. എത്രമാത്രം പ്രണയത്തെ തിരസ്കരിച്ചാലും, എത്രയൊക്കെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും പ്രണയത്തിൻ്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു മനുഷ്യനും സാധിക്കില്ല.“
പുസ്തകത്തിന് ആമുഖമായി അസീസ് സെഹ്റ എഴുതിയ ഈയൊരു കുറിപ്പ് എല്ലയിൽ ചെറിയൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. നാൽപത് കഴിഞ്ഞ സാധാരണ ഒരു വീട്ടമ്മയായ താൻ ഇനിയെന്തിന് ഒരു പ്രണയ നോവൽ വായിക്കണം എന്ന ചോദ്യം എല്ലയിൽ ഉയരുന്നു. എന്നാൽ രണ്ടാമതൊന്ന് ചിന്തിച്ച എല്ല ഈ നോവൽ വായിക്കണമെന്ന് തീരുമാനത്തിലെത്തുന്നു. ഈയൊരു തീരുമാനം പതിമൂന്നാം നൂറ്റാണ്ടിലെ തബരീസിലെ ശംസ് എങ്ങനെയാണോ കൊനിയയിലെ മതഭാഷകനായിരുന്ന റൂമിയുടെ ജീവിതത്തെ മാറ്റിമറിച്ചത് അപ്രകാരം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അമേരിക്കയിലെ നോട്ടിംഗ്ഹാമിലെ എല്ല റൂബെന്‍സിറ്റീനിൻ്റെ ജീവിതം മാറ്റിമറിക്കുന്നു.
പതിമൂന്നാം നൂറ്റാണ്ടിലെ വിശ്വവിഖ്യാത സൂഫി പണ്ഡിതനും പ്രശസ്ത കവിയുമായിരുന്ന മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെയും അദ്ദേഹത്തിന്റെ ആത്മീയഗുരു ശംസുദ്ദീന്‍ തബ്രീസിന്റെയും കഥ പറയുന്ന നോവലായിരുന്നു അസീസ് സെഹ്റ എഴുതിയ ‘മധുരമാർന്ന ദൈവനിന്ദ’. അനന്തമായി ഒഴുകിക്കൊണ്ടേയിരിക്കുന്ന ആഴമാർന്ന ആത്മീയാനുഭവങ്ങളുടെ സമുദ്രമാണ് തബരീസിലെ ശംസ്. അലയുന്ന ദര്‍വീഷ്. ആന്തരിക ജ്ഞാനത്തിൻ്റെ അപാരമായ കലവറ. ഇഹലോകത്തുനിന്ന് താന്‍ പിന്‍വാങ്ങും മുമ്പ് തന്റെ അറിവുകള്‍ കൈമാറാന്‍ ഒരു കൂട്ടുകാരനെ തേടി നടക്കുകയായിരുന്നു ശംസ്. തന്റെ അന്വേഷണത്തിനുള്ള ഉത്തരം സൂഫി ഖംഖാഹ് നടത്തിപ്പുകാരനായ മഹാജ്ഞാനി ബാബാ സമാന്റെ പക്കലാണുള്ളതെന്ന് മനസ്സിലാക്കിയ ശംസ് ആ ഉത്തരത്തെയും കാത്ത് അദ്ദേഹത്തിൻ്റെ സത്രത്തിൽ തങ്ങുന്നു. വൈകിയാണെങ്കിലും ഒടുവിൽ ഷംസീന് താൻ അന്വേഷിച്ച് നടന്നിരുന്ന ഉത്തരം ലഭിക്കുന്നു ആ ഉത്തരമായിരുന്നു, റൂമി!
ഇന്നത്തെ അഫ്ഗാനിസ്താനിലെ ബൽഖ് എന്ന പ്രദേശത്ത് സൂഫി പണ്ഡിതനായിരുന്ന ബഹാവൂദ്ദീൻ വലദിൻ്റെ മകനായി 1207 ലായിരുന്നു ജലാലുദ്ദീൻ അഹ്മദ് റൂമിയുടെ ജനനം. തൻ്റെ കുട്ടിക്കാലം ഇവിടെ ചെലവഴിച്ചെങ്കിലും 1215-നും 1220-നും ഇടയിൽ നടന്ന മംഗോളിയൻ പടയോട്ടത്തെ തുടർന്ന് റൂമി കുടുംബത്തിന് ബൽഖ് വിടേണ്ടി വന്നു. അഫ്ഗാൻ വിട്ട റൂമിയും കുടുംബവും തുർക്കിയിലെ കൊനിയയിൽ താമസമുറപ്പിച്ചു. 1238-ൽ തന്റെ പിതാവിന്റെ മരണശേഷം, പിതാവിൻ്റെ സ്ഥാനം റൂമി ഏറ്റെടുത്തു. വൈകാതെ തന്നെ കൊനിയയിലെയും സമീപ പ്രദേങ്ങളിലെയും മതകീയവും ആത്മീയവുമായ നേതൃത്വം റൂമിയിലേക്ക് വന്നു ചേർന്നു. ആഴ്ച തോറും പളളിയിൽ വെച്ച് നടക്കാറുള്ള അദ്ദേഹത്തിൻ്റെ ഭാഷണം കേൾക്കാനും അദ്ധേഹത്തെ ഒരു നോക്ക് കാണാനും ആയിരങ്ങൾ കൊനിയയിലേക്ക് ഒഴുകിയെത്തി. ഗുരുവും ആദരിക്കപ്പെടുന്നവനും പണ്ഡിതനും പ്രഭാഷകനുമായിരുന്നെങ്കിലും റൂമി അജ്ഞാതമായ ഒരു അസ്വസ്ഥയുടെ ഇരയായിരുന്നു. എന്തിനോ, ആര്‍ക്കോ വേണ്ടി കാത്തിരിക്കുകയാണ് താനെന്ന് അദ്ദേഹത്തിന് എപ്പോഴും തോന്നിയിരുന്നു.
റൂമിയെ തേടിത്തിരിച്ച ശംസ്, ഒരുപാട് കാതങ്ങൾ താണ്ടി കൊനിയയില്‍ എത്തുന്നതോടെ കൊനിയ ആ ചരിത്രസംഭവത്തിന് സാക്ഷിയായി. 1244 ൽ ശംസ് താമസിച്ചിരുന്ന പഞ്ചസാര വില്പനക്കാരുടെ സത്രമിരിക്കുന്ന തെരുവില്‍ വെച്ച് ആ രണ്ടു ജ്ഞാന മഹാസമുദ്രങ്ങള്‍ ആദ്യമായി സംഗമിച്ചു. ഒരു ബൗദ്ധിക സമസ്യയായാണ് ശഫാക് ഈ സംഗമത്തെ വിവരിക്കുന്നത്: കൊനിയയില്‍ വച്ച് തന്റെ അനുവാചകര്‍ക്ക് അറിവ് പകര്‍ന്നുനല്‍കുന്ന റൂമിയോട് ശംസ് പ്രവാചകന്‍ മുഹമ്മദ് നബിയെയും സൂഫി ബിസ്താമിയെയും കുറിച്ചുള്ള ഒരു ചോദ്യം ഉന്നയിക്കുന്നു . പ്രത്യക്ഷത്തില്‍ പ്രകോപനകരമെന്ന് തോന്നിക്കുന്ന ചോദ്യത്തിന് റൂമിനല്‍കിയ മറുപടി അദ്ദേഹത്തെ തൃപ്തിപ്പെടുത്തി. അവരുടെ ആദ്യസമാഗമം അവസാനിക്കുന്നതിങ്ങനെ:
‘ആദരവോടെ അദ്ദേഹം എന്റെ മുമ്പില്‍ കുനിഞ്ഞു. ഞാന്‍ തിരിച്ചും കുനിഞ്ഞു വണങ്ങി. എത്രനേരം ഞങ്ങള്‍ അങ്ങനെ നിന്നു എന്ന് എനിക്കറിയില്ല.’
റൂമിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ശംസിന്റെ കടന്നുവരവ്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട സഹവാസത്തിനൊടുവില്‍ കഠിനമായ സൂഫി സാധക മുറകള്‍ റൂമിയെ പരിശീലിപ്പിച്ച ശേഷം ശംസ് അപ്രത്യക്ഷമാവുന്നു. ഈ വേര്‍പാട് റൂമിക്ക് അസഹനീയമായിരുന്നു. ഈ വിരഹം സഹിക്കാനാവാതെ റൂമി തൻ്റെ മകനായ സുൽത്താൻ വലൂദിനോട് ശംസിനെ കണ്ടെത്താനും തന്നിലേക്ക് കൂട്ടികൊണ്ട് വരാനും ആവശ്യപ്പെടുന്നു. ശംസിൻ്റെ ആഗമനം റൂമി കുടുംബത്തെ അടിമുടി തകർത്തിരുന്നു. എല്ലാവരോടും സ്നേഹത്തിൽ കഴിഞ്ഞിരുന്ന റൂമി പിന്നീട് ശംസിലേക്ക് ചുരുങ്ങുകയും ഭാര്യയായ കെറയിലേക്കും മക്കളായ വലൂദിലേക്കും വാലിദിലേക്കും എന്നല്ല പുറംലോകത്തോട് പോലും യാതൊരു വിധ ശ്രദ്ധയും നൽകിയിരുന്നില്ല. ഇത് അദ്ദേഹത്തിൻ്റെ മകനായ വാലിദിലും ഭാര്യ കെറയിലും അങ്ങേയറ്റത്തെ വ്യസനങ്ങൾക്ക് കാരണമാക്കി. അതിനാൽ തന്നെ ശംസിൻെറ തിരോധാനത്തിൽ മറ്റെല്ലാവരേക്കാളും സന്തോഷിച്ചത് ഇവരായിരുന്നു. ശംസിനെ തേടിയിറങ്ങുന്ന വലൂദിനോട് ഇക്കാര്യം കെറ സൂചിപ്പിക്കുന്നുണ്ട്. തൻ്റെ മാതാവിൻ്റെ അഭിലാഷ പ്രകാരം അന്വേഷണമെന്ന വ്യാജേന കുറച്ചിടങ്ങളിൽ ചുറ്റിക്കറങ്ങി വലൂദ് തിരിച്ച് വരാൻ ശ്രമിക്കുന്നുണ്ടെങ്കിലും തൻ്റെ പിതാവിൻ്റെ ദുഃഖസാന്ദ്രമായ മുഖം വലൂദിനെ ഈയൊരു വഞ്ചനയിൽ നിന്നും പിന്തിരിപ്പിക്കുന്നു. ഒരുപാട് കാലത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം സുൽത്താൻ വലൂദ് ശംസിനെ കണ്ടെത്തുകയും കൊനിയയിലേക്ക് കൂട്ടി കൊണ്ടുവരികയും ചെയ്യുന്നു. എന്നാൽ അധികം വൈകാതെ തന്നെ 1247 ല്‍ കൊനിയയില്‍ തിരിച്ചെത്തിയ ശംസ് റൂമിയുടെ വീട്ടുവളപ്പില്‍ വച്ച് വധിക്കപ്പെടുന്നു. ശംസിന്റെ വധത്തോടെ തകർന്ന് പോയ റൂമിക്കുള്ളിലെ വേദനകൾ കാവ്യ ഈരടികളായി പരിണമിക്കുന്നു, അപ്രകാരമാണ് റൂമി തന്റെ പ്രശസ്ത കാവ്യം ‘മസ്‌നവി’ക്ക് രൂപം നല്‍കുന്നത്.
“തബീരീസിലെ അതിശയ വെളിച്ചമേ നീയെവിടെപ്പോയൊളിക്കാൻ? നീ മറഞ്ഞിരിക്കുമിടം വെളിച്ചപ്പെടുത്തുമല്ലോ നിന്റെ സൂര്യന്റെ ദീപ്തി.”
-റൂമി
ഷംസിന്റെയും റൂമിയുടെയും പ്രണയാത്മക ജീവിതത്തിൽ അത്യാകർഷിനിയായ എല്ല രചയിതാവായ അസീസിനെ കുറിച്ച് അന്വേഷിക്കുകയും അവരുടെ ബ്ലോഗിൽ നിന്ന് ലഭിച്ച മെയിൽ വഴി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. തുടർച്ചയായുള്ള ചാറ്റിങ്ങിലൂടെ അവർക്കിടയിൽ ഒരു ആത്മീയ ബന്ധം രൂപപ്പെടുന്നു. ഒടുവിൽ അവൾ മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പുറപ്പെടുകയും അസീസ് സഹ്റക്കൊപ്പം കൊനിയയിൽ എത്തിച്ചേരുകയും ചെയ്യുന്നു. തന്റെ അവസാന നാളുകളാണെന്ന അസീസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ പുറപ്പെടുന്ന എല്ല, അസീസിന്റെ മരണത്തിന് സാക്ഷ്യം വഹിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
നൂറ്റാണ്ടുകൾക്കിടയിൽ നിരവധി ആഖ്യാതാക്കളിലൂടെ രചിക്കപ്പെട്ടിട്ടും ശംസ്- റൂമി ദിവ്യനുരാഗത്തിൻ്റെ സരളമായ അവതരണം എലിഫ് ഷഫക്കിന്റെ നാൽപത് പ്രണയ നിയമങ്ങളോളം മികച്ചതായി ഇതുവരെ വായിച്ചറിയാൻ സാധിച്ചിട്ടില്ല. രണ്ടു കാലങ്ങളിലായി രണ്ടു ധ്രുവങ്ങളിലായി രണ്ടു ദേശങ്ങളിലായായാണ് ഇരുകഥാഖ്യാനങ്ങളും സംഭവിക്കുന്നത്. തുർക്കിയിലും അമേരിക്കയിലുമായി ഒരേസമയം സമാന്തരമായി ഇരു കഥകളും നടക്കുന്നു. തബിരീസിൽ നിന്നും അനേകം കാതം സഞ്ചരിച്ച് ശംസ് കൊനിയയിൽ വെച്ച് റൂമിയെ കണ്ടുമുട്ടുന്നു. അതേസമയം, ഫലസ്തീനിൽ നിന്നും ഒരു നോവൽ വഴിദൂരത്തിൽ നോര്‍ത്താംപ്ടണില്‍ വെച്ച് അസീസ് സഹാറ എല്ല റൂബെന്‍സിറ്റീനെയും. റൂമിയിലേക്ക് തൻ്റെ ആത്മജ്ഞാനത്തിൻ്റെ വീഞ്ഞു പകർന്ന് ശംസ് നിത്യതയിലേക്ക് മാഞ്ഞില്ലതാകുമ്പോൾ, എല്ലയിൽ പ്രണയത്തിൻ്റെ പ്രശാന്തി പകർന്ന് അസീസ് മരണം വരിക്കുന്നു.
തന്റെ ആത്മീയന്വേഷണ വീഥിയിൽ നിന്ന് നേടിയെടുത്ത അറിവുകളെ രൂപപ്പെടുത്തി ശംസ് ഉണ്ടാക്കിയെടുക്കുന്ന ആത്മദർശനത്തിന്റെ 40 നിയമങ്ങളാണ് പുസ്തകത്തിൻറെ കാതൽ. ശംസ് കടന്നു പോകുന്ന വഴികളിലെ വ്യത്യസ്തരായ കഥാപാത്രങ്ങളിലേക്ക് ഈ ആത്മജ്ഞാനം പകർന്ന് നാൽപത് നിയമങ്ങളെയും ഷഫാക്ക് നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. യഥാർത്ഥത്തിൽ അവ വെറും പ്രണയത്തിൻ്റെ മാത്രം നിയമങ്ങളായിരുന്നില്ല ഉത്കൃഷ്ടമായ ജീവിതത്തിൻ്റെ അന്തസത്തയിലേക്ക് ഉൾചേരാനുള്ള മനോഹര മാർഗങ്ങൾ കൂടിയായിരുന്നു. നോവലിലുടനീളം ഇടകലർന്ന “പ്രണയത്തിൻ്റെ നാല്പതു നിയമങ്ങൾ” സ്നേഹത്തിനും ആത്മീയതയ്ക്കും പരസ്പര ബന്ധത്തിനും വഴികാട്ടിയായി പ്രവർത്തിക്കുന്നു. ശംസിന്റെ ഈ നിയമങ്ങൾ കഥാഖ്യാനത്തിന് ഒരു ദാർശനിക നട്ടെല്ല് പ്രദാനം ചെയ്യുക മാത്രമല്ല, സ്വന്തം ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ച് ചിന്തിക്കാൻ വായനക്കാരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്.
വെറുമൊരു ചരിത്ര നോവൽ എന്നതിനപ്പുറം സൂഫി തത്ത്വചിന്തയുടെ ആഴത്തിലുള്ള പര്യവേക്ഷണം കൂടിയാണ് ശഫാക്കിൻ്റെ ഈ നോവൽ. ദിവ്യസ്‌നേഹവും എല്ലാ സൃഷ്ടികളുടെയും ഏകത്വവും ഊന്നിപ്പറയുന്ന സൂഫിസത്തിന്റെ കാതലായ തത്ത്വങ്ങളിലേക്ക് ശഫാക്ക് വായനക്കാരെ കൂട്ടികൊണ്ട് പോകുന്നു. റൂമിയുടെയും ശംസിന്റെയും സംഭാഷണങ്ങളിലൂടെ, പ്രണയം, മതം, അസ്തിത്വം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ വെല്ലുവിളിക്കുന്ന ആഴത്തിലുള്ള ദാർശനിക ചർച്ചകളിലൂടെ നോവൽ കടന്നുപോകുന്നു.
‘ദ ഫോർട്ടി റൂൾസ് ഓഫ് ലൗ’ 2009 ൽ രചിക്കപ്പെട്ട് ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുകയും ഒട്ടനവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടെങ്കിലും രചിക്കപ്പെട്ട് ഒരു പതിറ്റാണ്ടിനപ്പുറമാണ് മലയാള വായനക്കാരിലേക്ക് എത്തുന്നത്. ഇംഗ്ലീഷിൽ രചിക്കപ്പെട്ട നോവൽ അജയ്.പി മങ്ങാട്,ജലാലുദ്ദീൻ എന്നിവരാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. കഥയുടെ ഭാവനത്വത്തിന് യാതൊരു വിധ ഇടർച്ചയും വരാത്ത വിവർത്തനം പ്രശംസാർഹമാണ്. Other books ആണ് പ്രസാധകർ. വായനാലോകത്തേക്ക് റൂമിവായനകളുടെ പ്രസരണത്തിന് ആക്കം കൂട്ടാൻ ഈ പുസ്തകത്തിന് നിസംശയം സാധിക്കുന്നുണ്ട്.
സ്നേഹത്തിലൂടെ കടന്നുപോകുന്നതുപോലെ സുന്ദരവും ഉന്മേഷദായകവുമായ അനുഭൂതിയാണ് ഈ നോവൽ. സ്നേഹത്തെ വിവരിക്കാനാവില്ലല്ലോ. അനുഭവിക്കാനേ കഴിയൂ. അത്പോലെ പ്രണയത്തിൻ്റെ ഈ നാൽപത് നിയമങ്ങളെയും വായിച്ചുതന്നെ അറിയണം.
“സ്നേഹത്തെ വിവരിക്കാനാവില്ല.
മറിച്ച് അത് എല്ലാത്തിനെയും വിവരിക്കുന്നു.”
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല