നെയ്തു നെയ്തെടുക്കുന്ന ജീവിതം

0
140

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 33

ഡോ. രോഷ്നി സ്വപ്ന

(ഗബ്ബേ മോഹ്‌സിൻ മഖ് മൽ ബഫ്)

വാൾട് വിറ്റ്മാൻ ന്റെ വീവ് ഇൻ, മൈ ഹാർഡി ലൈഫ് (weave in, my hardy life)
എന്നൊരു കവിതയുണ്ട്.

“തീവ്രയാതനയാർന്ന
എന്റെ  ജീവിതം
നെയ്തു
നെയ്തെടുക്കുക
ആഞ്ഞു വരുന്ന ആഘാതങ്ങൾക്കും
കുതിച്ചെത്തുന്ന
പടയാളികളുടെ
ആവേഗങ്ങൾക്കും
വേണ്ടി
കരുത്തനായ
ഒരു സൈനികനെ നെയ്തെടുക്കുക,

ചുവന്ന രക്തത്തിൽ
നെയ്തെടുക്കുക,
കയറുപോലെ
ഞരമ്പുകൾ നെയ്യുക,
ഇന്ദ്രിയങ്ങൾ,
കാഴ്ച നെയ്യുക,….
ഈ ജീവിതത്തിന്റെ പ്രയോജനം എന്താണെന്ന് ഞങ്ങൾക്കറിയില്ല,

ലക്ഷ്യമോ, അവസാനമോ,
യഥാർത്ഥത്തിൽ അറിയില്ല.
നെയ്ത്ത് ജോലി  തുടരുക തന്നെ ചെയ്യും

മരണം പൊതിഞ്ഞ സമാധാനത്തിന്റെ യാത്രയും യുദ്ധവും തുടരുന്നത് പോലെ…..

1979 ലെ ഇറാനിൽ നടന്ന ഇസ്ലാമിക വിപ്ലവത്തിനുശേഷം രാജ്യത്ത് മൊത്തത്തിൽ വലിയ മാറ്റങ്ങൾ കടന്നു വരികയും ലോകവുമായുള്ള ഇറാനിന്റെ സാംസ്കാരിക ബന്ധം അറ്റ് പോകുകയും ചെയ്തു. രാഷ്ട്രീയ സംവാദങ്ങൾ ഒരു നിമിഷം മാറ്റിനിർത്തിയാൽ, മതം, സ്ത്രീകൾ, സംസ്കാരം, ആചാരം, പിന്തുടർച്ചകൾ എന്നിവയെക്കുറിച്ചുള്ള വീക്ഷണങ്ങളും പുനസന്ദർശനങ്ങളും  വ്യത്യസ്തങ്ങളായ ആവിഷ്കാരങ്ങളിലേക്ക് ഇറാനിയന്‍ ജനതയെ നയിച്ചു.

ഉദാഹരണത്തിന്, ചലച്ചിത്ര ലോകത്ത് അസ്ഗർ ഫർഹാദിയെ  പോലുള്ള സംവിധായകർ സാമൂഹിക വിമർശനങ്ങളടങ്ങിയ കലാസൃഷ്ടികൾ തീർത്തപ്പോൾ, അത് മറ്റൊരു തരത്തിൽ അവിടെയുള്ള മനുഷ്യരുടെ നിശബ്ദതയെയും നീറ്റലുകളെയും ചെന്ന് തൊടുക കൂടിയായിരുന്നു. This is not a film ( 2011 ) എന്ന ഡോക്യുമെന്ററിയിൽ, ജാഫർ പനാഹി  സ്വന്തം രാജ്യത്ത് തന്റെ സിനിമകൾക്ക് ഏർപ്പെടുത്തുന്ന സെൻസറിങ്ങും നിരോധനാജ്ഞയും എങ്ങനെയാണ് കല എന്ന നിലയില്‍ സിനിമയെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനയെന്ന്  കാണിക്കുന്നുണ്ട്.

ഒരാൾക്ക്  അയാളുടെ കുടുംബത്തോടൊപ്പം തന്റെ ചുറ്റുപാടുകളിലെ ചില അസ്വസ്ഥതകൾക്കുള്ള  ഉത്തരങ്ങൾക്ക് വേണ്ടിയുള്ള  ഒരു അലച്ചിലിലൂടെ കടന്നുപോകേണ്ടിവരുന്നുണ്ട്. അയാളുടെ ഭയം മറ്റ് ശബ്ദങ്ങളെ മറികടന്നു കൊണ്ട് ചിത്രത്തിന്റെ അദൃശ്യ പാഠമായി പരിണമിക്കുന്നു. സിനിമ ഒരേ സമയം സമൂഹത്തിന്റെ പ്രതിഫലനമായും രാഷ്ട്രീയ പാഠമായും പരിണമിക്കുന്നു.

മൊഹ്സിൻ മഖ്മാൽബഫിനേ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ, സമാനമായ അനുഭവങ്ങൾ ഉണ്ടായിരിക്കണം, കാരണം അദ്ദേഹത്തിന്റെ സൃഷ്ടികൾ ഇറാനിലെ അധികാര സ്ഥാപനങ്ങളുടെ കടുത്ത നിരീക്ഷണത്തിലാണ്. കുടുംബത്തോടൊപ്പം സ്വന്തം രാജ്യം വിടുന്നതിനുമുമ്പ്, അദ്ദേഹത്തിന്റെ പല സിനിമകളും ഇറാനിൽ നിരോധിക്കുകയും അദ്ദേഹത്തെ പരസ്യമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 1997 ൽ അദ്ദേഹം സംവിധാനം ചെയ്ത ഗബ്ബേ   (Gabbeh) എന്ന ചിത്രത്തില്‍ നിറയെ അപകൽപ്പനകളാണെന്ന് മുദ്ര കുത്തി  നിരോധിക്കപ്പെടുകയും സൂഫിസത്തിന്റെ നിഴലുകള്‍ ഉള്ള  അവതരണത്തെ വിമർശിക്കുകയും ചെയ്തിരുന്നു.

നാടോടികളായ ഒരു പ്രത്യേക ഗോത്രത്തേക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയായി വിഭാവനം ചെയ്ത ഈ ദൃശ്യാഖ്യാനം അവരുടെ സാംസ്കാരിക ബോധത്തിന്റെ ഭാഗമായ  നെയ്ത്ത് രീതിയുടെ ആഖ്യാനത്തിലൂടെ പിന്നീട് മുഴുനീള ചലച്ചിത്രമായി രൂപപ്പെടുത്തുകയായിരുന്നു.

അവിടെയുള്ള ആളുകളും ചുറ്റുമുള്ള ഭൂപ്രകൃതിയും ബഫിനെ പല തരത്തിലും പിടിച്ചു നിർത്തി എന്നദ്ദേഹം ഒരിക്കല്‍  പറയുന്നുണ്ട്. അവർ ‘ഗബ്ബേ’കളിലൂടെ പറഞ്ഞ കഥകളും ആ കഥകളുടെ സ്വഭാവവും അറിഞ്ഞപ്പോൾ ഡോക്യൂമെന്ററിക്ക് പകരം ഒരു ഫീച്ചർ ഫിലിം നിർമ്മിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
മഖ് മൽ ബഫ് എന്ന സംവിധായകന്റെ കാവ്യാത്മക ചലച്ചിത്ര ജീവിതത്തിന്റെ ആരംഭമായിരുന്നു അത്. സിനിമ ആരംഭിക്കുമ്പോള്‍, നീല നിറത്തിലുള്ള ഒരു പരവതാനി ഏറ്റി വരുന്ന ദൃശ്യമാണ് കാണാന്‍ കഴിയുക. വിദൂരത്തില്‍ ഒരു കുറുക്കന്റെ ഓരി കേള്‍ക്കാം. നീല നിറത്തിലുള്ള ഒരു ഗബ്ബെയുടെ സമാന്തരമായി ഒരു പെണ്‍കുട്ടി. അവളുടെ ചുമലില്‍ ഒരു കുടം വെള്ളം. കുറുക്കന്റെ ഓരി കേള്‍ക്കുമ്പോള്‍ അവള്‍ മുഖം തിരിച്ച് പുഞ്ചിരിക്കുന്നു. ഒരു ആപ്പിള്‍ ഞെട്ടറ്റ് വീഴുന്നു. പ്രായമായ ഒരു വൃദ്ധയും വൃദ്ധനും കടന്നു വരുന്നു.

പ്രായമായ ദമ്പതികളായ ഹുസൈൻ മുഹരാമി, റോഗീഹ് മുഹരാമിയും. ഇറാന്റെ ഉൾപ്രദേശത്തുള്ള ഗ്രാമവാസികളാണ്. വീടിന് പുറത്തുള്ള ഒരു ചെറിയ കുളത്തിൽ ഗബ്ബേ എന്ന മനോഹരമായ പരവതാനി കഴുകി വൃത്തിയാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് കഥ നടക്കുന്നത്. അവരുടെ കടമകൾ, വീട്ടുജോലികൾ, മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ച് അവർ വഴക്കുണ്ടാക്കാൻ തുടങ്ങുമ്പോൾ, ഒരു യുവതി അവിടേക്ക് കടന്നു വരുന്നു. ഒരു ചവിട്ടിയിലിട്ട് നെയ്തെടുക്കും പോലെയാണ് തന്റെ ജീവിതം എന്നവൾ പെട്ടെന്ന് അവരോടു പറയുകയാണ്. സ്വന്തം പേര് അവൾ ഗബ്ബേ എന്നാണ് പറയുന്നത്. സ്വന്തം കുടുംബത്തെക്കുറിച്ച് അവൾ ദമ്പതികളോട് പറയാൻ തുടങ്ങുന്നു.

തന്റെ വളർച്ച, പ്രണയം, കാമുകൻ,കുടുംബ പാരമ്പര്യം കാരണം അവൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഒരാളായ അവനെക്കുറിച്ചുള്ള കൗതുകങ്ങൾ.

മറ്റേത് ദേശത്തെയും കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം, ഗബ്ബേ എന്നത് കാവ്യാത്മകമായ ഒരു ചലച്ചിത്രാനുഭവത്തിലേക്ക് കടന്നു പോകുകയെന്ന അനുഭവം തീർച്ചയായും ആദ്യത്തേതായിരിക്കും. അബ്ബാസ് യറോസ്റ്റാമിയെപ്പോലെയോ  റഷ്യൻ സംവിധായകനായ സെർജി പരഞ്ജനോവിനെപ്പോലെയോ കവിത പോലെ ചിത്രീകരിക്കുന്ന ദൃശ്യാനുഭവങ്ങളെ അവർ ആദ്യമായി കാണുകയായിരുന്നിരിക്കാം

ക്യാമറയുടെ പല മുഖചിത്രീകരണ സ്വഭാവത്തിലൂടെ(multi-faceted) ഈ ദൃശ്യാനുഭവം ഒഴുകുന്നതിനാൽ ചുരുങ്ങിയ ക്രമീകരണത്തിൽ നിന്ന് ആരംഭിക്കുന്ന കാഴ്ചയുടെ വ്യാപ്തി ഉടൻതന്നെ നമുക്ക് വ്യക്തമാകുന്നു.

ആദ്യ കാഴ്ച നോക്കൂ.അതിന്റെ വൈദ്യുതധാരയുടെ ശബ്ദ സംഗീതം ശ്രദ്ധിക്കൂ.
ഒഴുകുന്ന  ഒരു നദിയിൽ പാതി മുക്കിനിവർത്തുന്ന ഗബ്ബെ, വെള്ളത്തിന്റെ ഓളങ്ങൾ,
വെളിച്ചം, ആ വെളിച്ചത്തിൽ പ്രതിഫലിക്കുന്ന നിറങ്ങൾ. അതോടെ ചലചിത്രം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏറെ പ്രധാനപ്പെട്ട രൂപകം (metaphor) ആഖ്യാനത്തിന്റെ കേന്ദ്രബിന്ദുവായി അടയാളപ്പെടുപ്പെടുകയാണ്.

ആത്യന്തികമായി, “ഗബ്ബെ” എന്ന പരവതാനിയുടെ ചലനവും വളവുകളും അനക്കങ്ങളും അതിന്റെ സമയപരിധികളും ചേർന്ന ആഖ്യാന തലങ്ങൾ ആണ് സിനിമയുടേത്. പരവതാനിയുടെ ചലനവേഗങ്ങൾ കഥയുടെ വിവിധ തലങ്ങളെ സ്വാധീനിക്കുന്നു. അതുപോലെ തന്നെ കഥാപാത്രങ്ങളെ സ്വയം വെളിപ്പെടാൻ അനുവദിക്കുന്ന  രീതി പുതുമയുള്ള സമീപനമായി കണക്കാക്കപ്പെട്ടു. നീൽ മക്ഫാർക്ഹനെ പോലുള്ള ചില നിരൂപകർ ഗബ്ബേ എന്നത് പുറത്താക്കപ്പെട്ടവരുടെ നിലവിളികളായും, അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ആഖ്യാനമായും. കണ്ടെടുക്കുന്നുണ്ട്.

മഖ്മൽബഫിനെ സംബന്ധിച്ചിടത്തോളം ഗബ്ബെയിലെ കലാത്മകതയുടെ  തോത് വളരെ ഉയർന്നതാണ്. അത് ചില പ്രത്യേക വിഷയങ്ങളിലേക്ക് കലർത്താൻ അദ്ദേഹം താല്പര്യപ്പെടുന്നുമില്ല. കൂടുതൽ സാർവത്രികമാണ് ഗബ്ബേയിലെ ആഖ്യാന ഘടകങ്ങൾ. സമയം, നിറം, വെളിച്ചം, നിഴൽ, തോന്നൽ, പെട്ടെന്നുടെ ചില കാഴ്ചകൾ, പ്രകൃതിദൃശ്യങ്ങൾ,എന്നിവ നിശ്ചലമായി നിലനിൽക്കുന്നില്ല സിനിമയില്‍.

ഒരാളുടെ ഫാന്റസിയുടെയും അഭിനിവേശത്തിന്റെയും പരിധികളെ നമുക്ക് നിർണ്ണയിക്കാൻ സാധിക്കാത്തതിനാൽ ഈ ആഖ്യാനത്തിന്റെ പല അടരുളെ  പരസ്പരം ബന്ധിപ്പിച്ച് അർത്ഥത്തെ രൂപീകരിക്കുക എന്നതാണ്‌ മഖ് മൽ ബഫ് ചെയ്യുന്നത്. ഭാവനയേയും ഫാന്റസിയെയും യുക്തിയുടെ അളവ് കോലിൽ ചേർക്കാൻ പറ്റുന്നതല്ലല്ലോ! “ ഗബ്ബെ”  പുതിയ കാലത്ത് ഒരു ഫാന്റസിയെ എങ്ങനെ അവതരിപ്പിക്കാമെന്നതിന്റെ കൃത്യമായ സൂചനയാണ്.  സ്നേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഫാന്റസിയുടെയും കഥപറച്ചിലിന്റെ ശക്തിയെക്കുറിച്ചും. കവിതകളും പാട്ടുകളും ആശയവിനിമയത്തിന്റെ കേന്ദ്ര മാർഗ്ഗമായതിനാൽ, തുറന്ന മനസ്സും ഹൃദയവും ഉള്ളവർക്ക് ആകർഷകമായ കാഴ്ചാ അനുഭവമായി ഈ ചിത്രം മാറുകയും ചെയ്യുന്നു.

ഗബ്ബെയുടെ കാവ്യാനുഭവമെന്നത് ഒരു പക്ഷെ അതിലെ സംഗീതവും. നിറങ്ങളും വെള്ളപ്പരപ്പിലെ അനക്കങ്ങളുടെ ഒച്ചകളുമാകാം. ചിത്രത്തിന്റെ ഉപരിതലത്തിന് താഴെ നീണ്ടുനിൽക്കുന്ന ഒരു വേദനയെ സിനിമാറ്റിക് ഇമേജിലേക്ക് പകർത്തുകയാണ് സംവിധായകൻ. അവിടെ യഥാർഥ്യത്തിന്റെ അളവുകൾ എത്രയെന്ന  തൂക്കത്തിന് ഇടമില്ല. ഉരുകുന്നവെയിലിൽ ഇളം നീല ആകാശവും പരവതാനി തുന്നുന്ന സ്ത്രീകളുടെ കണ്ണുകളും ഇറാനിലെ സാമൂഹ്യ ജീവിതത്തിന്റെ കണ്ണാടിയായി തോന്നിയേക്കാം. ഇറാനിലെ ദൈനംദിന ജീവിതത്തിന്റെ സാമൂഹ്യരാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ കാഴ്ചാവബോധം.

സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ആകാശ നീലയുടെ പ്രത്യേക നിഴൽ സ്ത്രീകളുടെ വസ്ത്രങ്ങളിലും കാണാം. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട സംസ്കൃതിയുടെ പല ഘടകങ്ങളും അക്കാലത്ത്  നിരോധിച്ചിട്ടുണ്ടെന്ന്  അറിയാമെങ്കിലും ‘ഗബ്ബെ’ പോലുള്ള ഒരു നൈരന്തര്യത്തെ കൂടുതൽ പ്രാധാന്യത്തോടെ നില നിർത്തേണ്ടത് ഇറാനിലെ രാഷ്ട്രീയസമൂഹത്തിൽ ആവശ്യമാണെന്ന ആന്തരിക പാഠം സിനിമ  തരുന്നുണ്ട്.
അടിച്ചമർത്തലിന്റെ പ്രത്യയ ശാസ്ത്രം പേറുന്ന ഭരണകൂടത്തിന്റെ ഉത്തരവുകൾക്ക് കീഴിൽ അത്തരം നിറങ്ങൾ ധരിക്കുകയോ അലങ്കരിക്കുകയോ ചെയ്യുക അസാധ്യമാണ്. പക്ഷെ നല്ല കല ചെയ്യുന്നത് ഇത്തരം അടിച്ചമർത്തലുകളെ തുറന്നു കാട്ടുകകൂടിയാണല്ലോ!

ബഫിന്റെ സിനിമകൾ പലപ്പോഴും വ്യക്തമായ വാചാടോപത്തിലേക്ക് കടക്കാതെ കൃത്യമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് നൽകുന്നവയാണ്, ഇറാനിലെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയോ അല്ലെങ്കിൽ അതിനെക്കുറിച്ച് സൂചിപ്പിക്കുകയോ ചെയ്ത് കൊണ്ടാണ് അവ തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നത്. ഗബ്ബെയുടെ ദൃശ്യാഖ്യാനത്തിൽ ഉപയോഗിച്ച ശ്രദ്ധേയമായ നിറങ്ങളും കലർച്ചകളും നിൽക്കുന്നു, ഗബ്ബേയുടെ സംഗീതത്തിലൂടെയും ശബ്ദത്തിലൂടെയും ബഫ് സ്വന്തം കവിത കണ്ടെത്തുന്നു. സ്വന്തം കലാസൃഷ്ടിയിലൂടെ മഖ്മൽബഫ് അത്തരം ചില വ്യക്തമായ സമീപനങ്ങൾ ആവിഷ്കരിക്കുന്നു. കഥാപാത്രങ്ങളുടെ ജീവിതം, ചരിതം, പരിസരം, സാഹചര്യങ്ങൾ മിഥ്യകൾ, വിശ്വാസങ്ങൾ എന്നിവയൊക്കെത്തന്നെ ദൈനംദിന ജീവിതത്തിലെ വ്യതിരിക്തതകളോട് തമ്മിലുരസുമ്പോൾ ചില ചെറിയ തീത്തരികൾ പുറപ്പെടുന്നു. ദൈനംദിന ഇറാനിൽ. ഗബ്ബേ എന്ന പെൺകുട്ടിക്ക്  നിഷേധിക്കപ്പെട്ട  മാനവികതയെ തിരിച്ചെടുക്കാൻ ഗബ്ബെയുടെ പരിചരണം ആഗ്രഹിക്കുന്നുണ്ട്.

കണ്ണുനീർ വഴി വികാരത്തെ മറികടക്കുന്നതിനേക്കാൾ പരമ്പരാഗത വിവരണ പുരോഗതിയിലും സംഘട്ടനത്തിലും മഖ്മൽബാഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരവതാനിയുടെ നൂലുകൾ. വെള്ളത്തിലേക്ക് വീഴുന്ന ഷോട്ടുകൾ ഓർക്കാം

വെള്ളത്തിനടിയിൽ പൊങ്ങിക്കിടക്കുന്ന പരവതാനികൾ, പെയിന്റിംഗുകളിൽ നിന്ന് നേരിട്ട് യഥാർത്ഥ ജീവിതത്തിലേക്ക് പറിച്ചെടുത്ത പൂക്കൾ എന്നിവ കലയുടെ യഥാർത്ഥ സൗന്ദര്യത്തെ ജീവിതവുമായി ബന്ധിപ്പിക്കുന്നു. പരവതാനി നെയ്യൽ അസഹിഷ്ണുതയ്ക്കുള്ള പരിഹാരമായി മുന്നോട്ട് വക്കുന്നു.ഇറാനിലെ ഒരു രാഷ്ട്രീയ പ്രശ്‌നം ചർച്ച ചെയ്യാൻ, മഖ്മൽബഫ് തന്റെ സിനിമയുടെ ഇതിവൃത്തത്തിലൂടെ സ്വീകരിക്കുന്ന രീതി വ്യത്യസ്തമാണ്. നെയ്തെടുക്കുന്നജ് പരവതാനിയല്ല, ജീവിതം തന്നെയാകുന്നു. സ്പർശനത്തിലൂടെയും കാഴ്ചയിലൂടെയും നിറങ്ങളുമായും ശബ്ദങ്ങളുമായും എങ്ങനെ സമ്പർക്കം പുലർത്താമെന്നതിനെ രാഷ്ട്രീയ അടിച്ചമർത്തലിനെതീരെയുള്ള ചെറുത്തുനിൽപ്പായി ബഫ് ചേർത്ത് വക്കുന്നു. മനുഷ്യാവസ്ഥയുടെ പൊള്ളുന്ന യഥാർത്യത്തിലേക്ക് ഒരു നൂല് കോർക്കുന്നു.

ഗബ്ബെയുടെ വർണ്ണവും രാഷ്ട്രീയവും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി സെർജി പരഞ്ജ്നോവിന്റെ ദി കളർ ഓഫ് പൊമഗ്രാനെറ്റ്സ് നെ ഓർമ്മിപ്പിക്കുന്നുവെന്ന് ചിലർ പറയാറുണ്ട്.

അത്തരമൊരു വായനയിൽ ഈ നിറങ്ങൾ സംവദിക്കപ്പെടുന്ന നിശബ്ദതക്ക് വളരെയേറെ പ്രധാന്യമുണ്ട്. നീലയുടെ പല തരം  പകര്‍ച്ചകളാണ് ചിത്രത്തില്‍. പരവതാനി നെയ്യുന്ന പെണ്‍കുട്ടിയുടെ കൈത്തലം വരെ മൂടിക്കിടക്കുന്ന നീല ഉടുപ്പ്. നീല നിറത്തില്‍ എഴുതുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗബ്ബെ എന്ന പെണ്‍കുട്ടിയുടെ നീലക്കുപ്പായം.

ഗബ്ബെ മുന്നോട്ട് വക്കുന്ന വർണ്ണ പദ്ധതിയിൽ ഈ നിശബ്ദത നന്നായി ഇടപെടുകയും ചെയ്യുന്നുണ്ട്   ശബ്ദട്രാക്കിലെ വാമൊഴിയുടെ ഗുണങ്ങളിലേക്ക് ഏറെ ആഴത്തോടെ അലേഖനം. ചെയ്യുന്നുണ്ട് ഈ പരിചരണം

അവസാണ രംഗത്തിലേക്ക് വെയിലും വസന്തവും നിറങ്ങൾ കോരി ഒഴിക്കുന്നു.
വൃദ്ധ ഗബ്ബേ ചുരുട്ടി മടക്കുന്നു. കൂജകൾ നിറച്ച് കുടിലിലേക്ക് മടങ്ങുന്നു

നീ ഇനി കമ്പളങ്ങൾ കഴുകാൻ വരുമോ? ഗബ്ബേ കാഹ്നുൻ?

അയാൾ ചോദിക്കുന്നു.

“എന്റെ കാലുകൾ കുതിർന്നിരിക്കുന്നു. ഇനിയുമെനിക്ക് വയ്യ.”

വൃദ്ധ മറുപടി പറയുന്നു

എന്നെനിരാശപ്പെടുത്തരുതേ ഗബ്ബേ കാഹ്നുൻ. നിനക്കെന്നോട് ഒട്ടും പ്രണയമില്ലേ? അതോ നിന്റെ അച്ഛന് എന്നെ ഇഷ്ടമില്ല എന്നോ?നീ നുണ പറയുകയാണ്. നിനക്കെന്നെ ഇഷ്ടമില്ല…

വൃദ്ധ കുടിലിലേക്ക് നടക്കുന്നു. അവരുടെ ചുമലിൽ വെള്ളം നിറച്ച ഒരു കൂജ.

നീലയുടെ പരപ്പ്..
പെൺകുട്ടിയുടെ ശബ്ദം
“ഞങ്ങളെ കൊന്നത് എന്റെ പിതാവല്ല. അങ്ങനെയാണ് വാർത്ത പരന്നത്.എന്റെ അനിയത്തിമാർ ഒരു ചെന്നായയുടെ ഓരിയിൽ ആകൃഷ്ടരായിരുന്നില്ല. അത് കൊണ്ടാണ് കഴിഞ്ഞ നാൽപ്പത് കൊല്ലം ആരും തന്നെ വസന്തത്തിന്റെ ഉച്ചിയിൽ നിന്ന് ഒരു കിളിക്കൊഞ്ചൽ പോലും കേട്ടിട്ടില്ല.”

പെൺകുട്ടിയുടെ ശബ്ദം മാഞ്ഞു പോകുന്നു. നീലയും പച്ചയും കലർന്ന ഗബ്ബേ പുഴയുടെ ഒഴുക്കിൽ ദൂരേക്ക് പോകുന്നു.

ഫാന്റസിയും ഭാവനയും കലർന്ന ആഖ്യാനത്തിനൊടുവിൽ കാഴ്ചയും കലർന്നു പോകുമ്പോൾ ഗബ്ബേ അവസാനിക്കുന്നു.

ഇത് ജീവിതമാണ്
ഇത് സ്വപ്നം കൂടിയാണ്.
ഓരോ നൂലിഴയും ചേർത്തു വച്ച സ്വപ്നം.
മരണമോ പ്രണയമോ എന്ന് വേർതിരിച്ചെടുക്കാനാവാത്ത സ്വപ്നം.

വാൾട് വിറ്റ് മാന്റെ കവിത തുടരുന്നു…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here