പെയിന്റിംഗ് വിത്ത്‌ ലൈറ്റ്സ്

1
205

(ലേഖനം)

ദില്‍ഷാദ് ജഹാന്‍

കവിത പോലെ മനോഹരവും സങ്കീര്‍ണ്ണവും ശക്തവുമാണ് ഓരോ ചിത്രങ്ങളും. ഇഴചേര്‍ന്നു കിടക്കുന്ന ഒരായിരം ആശയങ്ങളുമായി ഒരൊറ്റ ഫ്രെയിമില്‍ അവ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കുന്നു. കാലാന്തരങ്ങളുടെ വിദൂരത ഒട്ടുമില്ലാതെ നമ്മെയവ പൊട്ടിച്ചിരിപ്പിക്കുന്നു, കരയിക്കുന്നു, അല്‍ഭുതപ്പെടുത്തുന്നു. കടന്നുപോകുന്ന ഓരോ നിമിഷങ്ങളും അതിന്റെ തനിമ ഒട്ടും തന്നെ ചോരാതെ പകര്‍ത്തപ്പെടുമ്പോള്‍ എക്കാലവും സൂക്ഷിക്കാവുന്ന അമൂല്യ നിധിയായവ മാറുന്നു. പ്രകൃതിയും പരിസ്ഥിതിയും മാത്രമല്ല, ലോകം ഭീതിയോടെ ഉറ്റുനോക്കിയ യുദ്ധക്കെടുതികളും പച്ചയായ മനുഷ്യജീവിതങ്ങളും കാഴ്ചകളും ചരിത്രമുഹൂര്‍ത്തങ്ങളുമൊക്കെ ഈ കണ്ണുകളില്‍ അടയാളപ്പെടുത്തപ്പെട്ടു. ഒരുപക്ഷേ, ലോക ക്രമത്തെ അടയാളപ്പെടുത്തുന്നതിലും മുന്നോട്ടുനയിച്ചതിലും അച്ചടി പോലെ തന്നെ പ്രധാനമായ പങ്ക് ഫൊട്ടോഗ്രഫിയും വഹിച്ചു.

പ്രാചീന കാലം മുതലേ മനുഷ്യന്‍ തന്റെ അസ്തിത്വത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ചതായി കാണാം. ലാസ്‌കാക്‌സില്‍ നിന്നും മറ്റും കണ്ടെടുക്കപ്പെട്ട ആദ്യകാല ഗുഹാചിത്രങ്ങള്‍ ‘തങ്ങളുമിവിടെ ജീവിച്ചിരുന്നു’ എന്നാണ് നമ്മോട് പറയാന്‍ ശ്രമിക്കുന്നത്. ചിത്രങ്ങളിലൂടെ നമ്മോട് സംസാരിക്കാന്‍ ശ്രമിച്ച ഈ പോര്‍ട്രൈറ്റുകള്‍ തന്നെയാകും ഒരുപക്ഷേ ഫോട്ടോഗ്രാഫിയുടെ ആദ്യകാല രൂപങ്ങള്‍. എന്നാല്‍ ഗുഹാചിത്രങ്ങളില്‍ നിന്നും ഇന്ന് നമ്മുടെ വിരല്‍ തുമ്പിലെ ‘ക്ലിക്ക്’ ലേക്കുള്ള ഈ കലയുടെ യാത്ര ഒരിക്കലും നിസ്സാരമായിരുന്നില്ല.

ഇബ്‌നു ഹൈഥം: പ്രകാശ ശാസ്ത്രത്തിന്റെ പിതാവ്

പുരാതന ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ ബിസി നാലാം നൂറ്റാണ്ടിലെ തന്റെ രചനകളില്‍ ക്യാമറ ഒബ്‌സ്‌ക്യൂറ ഇഫക്റ്റ് (Pinhole Camera) വിവരിച്ചിട്ടുണ്ടെങ്കിലും ഈ തത്വത്തെ കുറിച്ചുള്ള ഗഹനമായി പഠനങ്ങള്‍ നടത്തുകയും നിലവിലെ ക്യാമറയുടെ കണ്ടുപിടിത്തിലേക്ക് വെളിച്ചം വീശുകയും ചെയ്തത് പതിനൊന്നാം ശതകത്തിലെ അറബ് ഭൗതികശാസ്ത്രജ്ഞനായ അല്‍ഹാസെന്‍ (Alhacen) എന്നറിയപ്പെടുന്ന ഇബ്‌നു അല്‍ ഹൈഥമാണ്. തന്റെ ലോക പ്രശസ്ത രചനയായ ‘കിതാബ് അല്‍ മനാളിര്‍’ (Book of Optics) എന്ന ഗ്രന്ഥത്തില്‍ പ്രകാശത്തിന്റെ ഗുണങ്ങളെക്കുറിച്ചും ക്യാമറ ഒബ്‌സ്‌ക്യൂറ ഇഫക്റ്റുകളെക്കുറിച്ചും ഇബ്‌നു ഹൈഥം വിശദമായി എഴുതിയിട്ടുണ്ട്. കാചങ്ങള്‍, ദര്‍പ്പണങ്ങള്‍, പ്രതിഫലനം, അപവര്‍ത്തനം എന്നിവയെക്കുറിച്ച് അനേകം പരീക്ഷണങ്ങള്‍ നടത്തിയ ഇബ്‌നു ഹൈഥം പ്രകാശം നേര്‍രേഖയില്‍ സഞ്ചരിക്കുന്നുവെന്ന് തെളിയിച്ചു. പ്രതിഫലിതവും അപവര്‍ത്തിതവുമായ രശ്മികളെ ആദ്യമായി തിരശ്ചീനവും ലംബവുമായുള്ള ഭാഗങ്ങളാക്കി വിഭജിച്ചതും അദ്ദേഹമാണ്. പ്രകാശത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ പ്രകാശത്തെ കുറിച്ചുള്ള അക്കാലത്തെ ശാസ്ത്രജ്ഞരുടെ തെറ്റിദ്ധാരണകളെ പൊളിച്ചെഴുതി. ഒപ്റ്റിക്സ്, ക്യാമറ ഒബ്സ്‌ക്യൂറ എന്നിവയെക്കുറിച്ചുള്ള അല്‍ഹാസന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകാശത്തെയും കാഴ്ചയെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിന് അടിത്തറയിട്ടു.

2002 സെപ്റ്റംബർ 21-ന് ഫ്രാൻസിലെ സെന്‍റ് ലൂപ്പ് ഡി വരേൻസിൽ ആദ്യമായി പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവായ നൈസെഫോർ നീപ്‌സിന്‍റെ വീടിന്‍റെ ചിത്രം. 1837-ൽ പാരീസിലെ 17 ബൊളിവാർഡ് സെന്‍റ് മാർട്ടിനിൽ നിന്ന് ഡാഗുറെ എടുത്ത ആദ്യ ഡാഗുറോടൈപ്പ് ചിത്രമാണിത്.

വെളിച്ചം ഒരു ചെറിയ ദ്വാരത്തിലൂടെയോ അപ്പെര്‍ച്ചറിലൂടെയോ ഇരുണ്ട മുറിയിലേക്ക് കടക്കുമ്പോള്‍, പുറം ദൃശ്യത്തിന്റെ ഒരു തലകീഴായ ചിത്രം ചുമരിലേക്കോ ഉപരിതലത്തിലേക്കോ പ്രൊജക്റ്റ് ചെയ്യപ്പെടുമെന്നതായിരുന്നു ക്യാമറ ഒബ്സ്‌ക്യൂറ ഇഫക്ട് എന്നറിയപ്പെട്ടിരുന്നത്. ദ്വാരം ചെറുതാകുന്തോറും പ്രതിബിംബത്തിന്റെ വ്യക്തത ഏറുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു.
ഇതിനെ അടിസ്ഥാനമാക്കി നിരവധി പഠനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നു. ഇത് ഛായാഗ്രഹണത്തിലെ സുപ്രധാന പഠനങ്ങള്‍ക്ക് വഴി തെളിച്ചു.

പ്രകാശ വിന്യാസം അടിസ്ഥാനമാക്കിയുള്ള ഈ പഠനങ്ങള്‍ കാര്യമായ പുരോഗതി വരിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ലോകചരിത്രത്തിലാദ്യമായി ‘ഫോട്ടോഗ്രഫി’ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടതും ഇക്കാലയളവിലാണ്. ‘വെളിച്ചം’ എന്നര്‍ത്ഥമുള്ള Phീs, ‘വരയ്ക്കല്‍, എഴുത്ത്’ എന്നര്‍ത്ഥമുള്ള Graphê എന്ന ഗ്രീക്ക് വാക്കുകളില്‍ നിന്നാണ് പ്രകാശം കൊണ്ടുള്ള ചിത്രരചനയെന്ന Photography എന്ന വാക്കിന്റെ ജനനം.

ആദ്യ ഫോട്ടോ പിറക്കുന്നു

200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തപ്പെട്ട ജോസഫ് നീസിഫോര്‍ നീപ്സിന്റെ ‘ലെ ഗ്രാസിലെ വിന്‍ഡോയില്‍ നിന്നുള്ള കാഴ്ച’ (View from the Window at Le Gras) എന്ന ചിത്രമായിരുന്നു ലോകത്തിലെ ആദ്യ അതിജീവനം നേടിയ ഫോട്ടോ. 1826ല്‍ ഫ്രാന്‍സിലെ ബര്‍ഗണ്ടി മേഖലയിലെ തന്റെ തോട്ടത്തിലെ വീടിന്റെ മുകള്‍നിലയില്‍ നിന്ന് 8 മണിക്കൂര്‍ സമയമെടുത്താണ് അദ്ദേഹം ഈ ചിത്രം പകര്‍ത്തിയത്. നീപ്‌സ് തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത ഹീലിയോഗ്രഫി (Heliography) എന്ന സാങ്കേതികവിദ്യയായിരുന്നു ഈ ഫോട്ടോക്ക് പിന്നില്‍. ഫോട്ടോഗ്രാഫിയുടെ ആദ്യകാല രൂപങ്ങളിലൊന്നായി ഹീലിയോഗ്രഫിയെ കണക്കാക്കുന്നു.

ബിറ്റുമെന്‍ എന്ന പ്രകാശ സംവേദനക്ഷമതയുള്ള പദാര്‍ത്ഥം പ്യൂറ്റര്‍ പ്ലേറ്റില്‍ പൂശി, ക്യാമറ ഒബ്സ്‌ക്യൂറ ഉപയോഗിച്ച് പ്രതിബിംബം ഫിലിമില്‍ പകര്‍ത്തുന്ന രീതിയായിരുന്നു ഹീലിയോഗ്രഫിയില്‍ നീപ്‌സ് ഉപയോഗിച്ചിരുന്നത്. ലൈറ്റ് എക്‌സ്‌പോഷറിന്റെ തീവ്രതയ്ക്ക് ആനുപാതികമായി ബിറ്റുമെന്‍ തീവ്രമേറിയതാകുകയും പ്ലേറ്റില്‍ മങ്ങിയ ചിത്രം സൃഷ്ടിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഈ പ്രക്രിയയ്ക്ക് ദൈര്‍ഘ്യമേറിയ എക്‌സ്‌പോഷര്‍ സമയം, മോശം ചിത്ര നിലവാരം, ഒന്നിലധികം പ്രിന്റുകള്‍ നിര്‍മ്മിക്കാനുള്ള കഴിവില്ലായ്മ എന്നിവ ഉള്‍പ്പെടെ നിരവധി പരിമിതികളുണ്ടായിരുന്നു. എന്നിരുന്നാലും, ഹീലിയോഗ്രഫിയുമായുള്ള നീപ്സിന്റെ പ്രവര്‍ത്തനം ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ സാധ്യതകള്‍ക്ക് വഴിയൊരുക്കി. ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഇതിനെ കണക്കാക്കുന്നു.

ലൂയിസ് ഡാഗുറെ: ഫോട്ടോഗ്രാഫിയുടെ പിതാവ്

Louis Daguerre

നീപ്സിന്റെ ഹീലിയോഗ്രഫിക് പ്രക്രിയ ഒരു പ്രധാന വഴിത്തിരിവായിരുന്നുവെങ്കിലും, ഹീലിയോഗ്രഫിയിലെ പോരായ്മകള്‍ പരിഹരിച്ച് ഫോട്ടോഗ്രഫിയെ കൂടുതല്‍ പരിഷ്‌കരിക്കുകയും ജനപ്രിയമാക്കുകയും ചെയ്തത് ലൂയിസ് ഡാഗുറെയാണ്. 1833-ല്‍ നീപ്സിന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകനായ ഇസിഡോര്‍ നീപ്‌സുമായി ചേര്‍ന്ന് ഡാഗുറെ ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. ഈ പരീക്ഷണങ്ങള്‍ 1839-ല്‍ ഡാഗ്യൂറോടൈപ്പ് (Daguerreotype) കണ്ടുപിടിക്കുന്നതിലേക്ക് നയിച്ചു. ക്യാമറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പായിരുന്നു ഡാഗുറെയുടെ ഈ കണ്ടുപിടുത്തം. സില്‍വര്‍ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റില്‍ ഒരു വസ്തുവിന്റെ
പ്രതിബിംബം കൃത്യമായി മിനിറ്റുകള്‍ക്കുള്ളില്‍ പതിപ്പിക്കുന്നതിനും പിന്നീട് പ്രതിബിംബം പ്ലേറ്റില്‍ സ്ഥിരമായി ഉറപ്പിക്കുന്നതിനും ഇതിലൂടെ ഡാഗുറേക്ക് സാധിച്ചു. ഒരു ചിത്രം പകര്‍ത്താന്‍ മുമ്പ് ആവശ്യമായ എക്‌സ്‌പോഷര്‍ സമയം കുറയ്ക്കാനായി എന്നതാണ് ഈ കണ്ടുപിടുത്തത്തെ ജനപ്രിയമാക്കിയത്.

ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവായ നൈസ്‌ഫോർ നീപ്‌സി അരഗോയ്ക്ക് സമ്മാനിച്ച ആദ്യകാല ഡാഗുറോടൈപ്പ് ചിത്രങ്ങളിലൊന്ന്

ഡാഗ്യൂറോടൈപ്പ് ഉപയോഗിച്ച് ഡാഗുറെ പകര്‍ത്തിയ ആദ്യ ചിത്രം പാരീസിലെ Boulevard du ടെമ്പിളിന്റെതായിരുന്നു. ആ ഫോട്ടോയില്‍ അകപ്പെട്ടുപോയ ടെമ്പിളിന് സമീപത്തായി ഇരുന്നിരുന്ന ഒരു ഷൂ പോളിഷുകാരനാണ് ലോകത്തെ ആദ്യമായി ഫോട്ടോഗ്രഫിയിലൂടെ പകര്‍ത്തപ്പെട്ട മനുഷ്യന്‍.

ഡാഗ്യൂറോടൈപ്പുകള്‍ വിശദവും കൃത്യവുമായ ചിത്രങ്ങള്‍ എടുക്കുന്നതില്‍ സഹായകമായിരുന്നെങ്കിലും ഹീലിയോഗ്രഫിയെ പോലെ ചില പരിമിതികള്‍ അവക്കുണ്ടായിരുന്നു. ആപേക്ഷികമായി എക്‌സ്‌പോഷര്‍ സമയം കുറവായിരുന്നെങ്കിലും ചലിക്കുന്ന വസ്തുക്കളെ പകര്‍ത്താന്‍ ഇവക്ക് സമയം ആവശ്യമായിരുന്നു. മാത്രമല്ല, നിര്‍മ്മിച്ച ചിത്രങ്ങള്‍ ഒറ്റത്തവണയുള്ളതും എളുപ്പത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തതുമായിരുന്നു.

1839 ഓഗസ്റ്റ് 19-ന്, ഫ്രഞ്ച് സര്‍ക്കാര്‍ ഈ ഉപകരണത്തിന്റെ പേറ്റന്റ് സ്വന്തമാക്കുകയും ഈ കണ്ടുപിടുത്തം ലോകത്തിനുള്ള സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ലൂയിസ് ഡാഗുറെ ഫോട്ടോഗ്രഫിയുടെ പിതാവായി അറിയപ്പെട്ടു.

നിറമുള്ള ഫ്രെയിമുകള്‍

ഡാഗ്യൂറോടൈപ്പിനെ അടിസ്ഥാനമാക്കി വിപുലമായ പരീക്ഷണങ്ങള്‍ പില്‍ക്കാലത്ത് നടന്നു. ഇവയെല്ലാം ഫോട്ടോഗ്രാഫിയെ വികസിപ്പിച്ചെടുക്കാനും ലളിതമാക്കാനും ജനപ്രിയമാക്കാനും വളരെയേറെ സഹായകമായി. 1950 മുതലാണ് ചിത്രങ്ങള്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ആശയം ഉടലെടുക്കുന്നതും അക്കാലത്തെ പ്രഗല്‍ഭ ശാസ്ത്രജ്ഞരായ റസ്സല്‍ എ. കിര്‍ഷ്, വില്ലാര്‍ഡ് ബോയ്ല്‍ എന്നിവര്‍ അതിന്റെ സാധ്യതകള്‍ തേടുകയും ചെയ്യുന്നത്. ഈ അന്വേഷണങ്ങള്‍ 1957 ല്‍ റസ്സല്‍ എം കിര്‍ഷിന്റെ നേതൃത്വത്തിലായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ടെക്‌നോളജിയില്‍ (NIST) ഡ്രം സ്‌കാനറിന്റെ കണ്ടുപിടുത്തത്തിലേക്ക് വഴിവെച്ചു. ഫോട്ടോഗ്രാഫുകള്‍, ഫിസിക്കല്‍ മീഡിയകള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന റെസല്യൂഷനുള്ള ഇമേജ് സ്‌കാനിംഗ് ഉപകരണമാണ് ഡ്രം സ്‌കാനര്‍ (Drum scanner). ഉയര്‍ന്ന നിലവാരമുള്ള സ്‌കാനുകള്‍ നിര്‍മ്മിക്കാനാകും എന്നതിനാല്‍ ഡ്രം സ്‌കാനറുകള്‍ പ്രൊഫഷണല്‍ ഗ്രാഫിക്, പ്രീപ്രസ് ജോലികള്‍ക്കായി സാധാരണയായി ഉപയോഗിച്ചിരുന്നു.

1969-ല്‍ വില്ലാര്‍ഡ് ബോയിലും ജോര്‍ജ്ജ് ഇ. സ്മിത്തും ചേര്‍ന്ന് CCD (Charge-Coupled Device) കണ്ടുപിടിച്ചത് മറ്റൊരു സുപ്രധാന വഴിത്തിരിവായി. പ്രകാശത്തെ വൈദ്യുത സിഗ്‌നലുകളാക്കി മാറ്റാന്‍ കഴിയുന്ന ഒരു ലൈറ്റ് സെന്‍സിറ്റീവ് ചിപ്പായിരുന്നു CCD. ഡിജിറ്റല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുള്ള അടിത്തറയായി ഇത് മാറി. 1975-ല്‍, ഈസ്റ്റ്മാന്‍ കൊഡാക്കിലെ എഞ്ചിനീയറായ സ്റ്റീവന്‍ സാസനാണ് ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ സൃഷ്ടിക്കുന്നത്. ഏകദേശം 8 പൗണ്ട് ഭാരവും 0.01 മെഗാപിക്‌സല്‍ റെസലൂഷനുമുണ്ടായിരുന്നു ഇതിന്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളെ ഒരു കാസറ്റ് ടേപ്പില്‍ പകര്‍ത്തുന്ന രീതിയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. തുടര്‍ന്നുള്ള രണ്ട് ദശകങ്ങളില്‍ CCD സാങ്കേതികവിദ്യയിലെ പുരോഗതി ഉയര്‍ന്ന റെസല്യൂഷന്‍ സെന്‍സറുകളിലേക്കും കളര്‍ ഇമേജിംഗിലേക്കും നയിച്ചു. 1980-കളുടെ അവസാനത്തിലും 1990-കളിലുമായി, ശാസ്ത്രീയവും വ്യാവസായികവുമായ ഉപയോഗങ്ങള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ ക്യാമറകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഡിജിറ്റല്‍ ക്യാമറകള്‍ വലിയ തോതില്‍ ജനപ്രീതി നേടി. ഈ ക്യാമറകള്‍ ചെറുതും താരതമ്യേന വിലകുറഞ്ഞതും ഉയര്‍ന്ന ഇമേജ് നിലവാരം പുലര്‍ത്തുന്നതുമായിരുന്നു. 1996-ല്‍ പുറത്തിറങ്ങിയ കൊഡാക്ക് DC25 അക്കാലത്തെ ഏറ്റവും ജനപ്രിയ ഡിജിറ്റല്‍ ക്യാമറകളിലൊന്നായിരുന്നു.

ഒരുകാലത്ത് കഠിനമായ പ്രയത്‌നവും സമയനഷ്ടവും എടുത്തു ചെയ്യേണ്ടിയിരുന്ന ഈ കല സ്മാര്‍ട്ട് ഫോണുകളുടെ കടന്ന് വരവോടെ നിമിഷങ്ങള്‍ക്കകം അടയാളപ്പെടുത്താവുന്ന വിധത്തില്‍ നമ്മുടെ കൈകളില്‍ ഒതുങ്ങി. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ വ്യാപകമായ സ്വീകാര്യതയ്ക്ക് കാരണമായി. ഫോട്ടോകള്‍ എടുക്കുന്നതും അവ പരസ്പരം സോഷ്യല്‍ മീഡിയകളില്‍ പങ്കിടുന്നതും ആഗോള പ്രതിഭാസമായി മാറി.

ലോക ഫോട്ടോഗ്രഫി ദിനം

ഫോട്ടോഗ്രാഫിയുടെ ശാസ്ത്രം, ചരിത്രം എന്നിവയെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ഫോട്ടോഗ്രാഫി കലയെ സ്‌നേഹിക്കുന്ന നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന കലാകാരന്മാര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുക, മാറുന്ന കാലത്ത് ഫോട്ടോഗ്രഫി തുറക്കുന്ന അവസരങ്ങളുടെ വാതായനങ്ങളെ പരിചയപ്പെടുത്തുക, ഫോട്ടോഗ്രഫിയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ആര്‍ട്ട് ഫോട്ടോഗ്രാഫിക് (FIAP) 2009 മുതല്‍ എല്ലാവര്‍ഷവും ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നു. 1839 ലെ ഡാഗ്യൂറോടൈപ്പിന്റെ കണ്ടുപിടുത്തതിന്റെ സ്മരണാര്‍ത്ഥമാണ് ഓഗസ്റ്റ് 19 ഈയൊരു ആഘോഷത്തിനായി തെരഞ്ഞെടുത്തത്.

2009 ഓഗസ്റ്റ് 19 ന് ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍മാരായ കോര്‍സ്‌കെ ആരയും ടിം ഹാര്‍വിയുടെയും നേതൃത്വത്തിലായി നടത്തിയ ആദ്യത്തെ ആഗോള ഓണ്‍ലൈന്‍ ഗാലറിയിലൂടെയാണ് ആദ്യ ഫോട്ടോഗ്രഫി ദിനം ആഘോഷിക്കപ്പെട്ടത്. വലിയ തോതിലുള്ള ജനശ്രദ്ധ നേടിയ ഈ ഗാലറിയില്‍ 270-ലധികം ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ ഫോട്ടോകള്‍ പങ്കിട്ടു. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫി പ്രേമികള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചു. സൂക്ഷ്മവും വേറിട്ടതുമായ പ്രേമേയങ്ങള്‍ അടിസ്ഥാനമാക്കി ആഘോഷിക്കാറുള്ള ഈ ദിനം #landscapes എന്ന ബയോയിലാണ് ഈ വര്‍ഷം ആഘോഷിക്കപ്പെടുന്നത്.

വൈവിധ്യങ്ങളുടെ ഫ്രെയിമുകള്‍

പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ജനകീയമായ ഫോട്ടോഗ്രഫി ഒരു സുപ്രധാന കലയായി മാറുകയും വൈവിധ്യമാര്‍ന്ന തലങ്ങള്‍ അടിസ്ഥാനമാക്കി ഇനംതിരിക്കപ്പെടുകയും ചെയ്തു. ഫോട്ടോഗ്രഫിയിലെ ചില ഇനങ്ങളെ പരിചയപ്പെടാം

1. Portrait Photography

ഒരു വ്യക്തിയുടെയോ ഒരു കൂട്ടം ആളുകളുടെയോ മുഖഭാവങ്ങള്‍, വ്യക്തിത്വം, അവസ്ഥ, ഭാവഭിനയങ്ങള്‍ തുടങ്ങിയവ ചിത്രീകരിക്കുന്ന രീതിയാണ് ഛായാചിത്ര ഛായാഗ്രഹണം അഥവാ പോര്‍ട്രൈറ്റ് ഫോട്ടോഗ്രാഫി.

2. Landscape Photography

പ്രകൃതിയെയും അതിന്റെ മനോഹാരിതയും അടുത്തറിയുകയും അവയെ തനിമയൊട്ടും ചോരാതെ ഒപ്പിയെടുക്കുകയും ചെയ്യുന്ന രീതിയാണ് ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫി. പ്രകൃതിയുടെ സാന്നിധ്യത്തിന് പുറമെ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കൈകടത്തലുകളും മറ്റും ഈ കലയില്‍ പ്രതിപാദ്യ വിഷയങ്ങളാകുന്നു.

3. Street Photography

പൊതുസ്ഥലങ്ങളിലെ മനുഷ്യജീവന്റെ അവസ്ഥകളെ ചിത്രീകരിക്കുന്ന ചായഗ്രഹണകലയെയാണ് സ്ട്രീറ്റ് ഫോട്ടോഗ്രഫി എന്നു പറയുന്നത്. പട്ടണങ്ങളിലെ തിരക്കുകള്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളും ചെറിയ തെരുവുകളും എല്ലാം ഇതില്‍ വിഷയങ്ങളാകുന്നു.

4. Macro Photography

പ്രാണികള്‍, പൂക്കള്‍, ടെക്‌സ്ചറുകള്‍ എന്നിവ പോലുള്ള വളരെ ചെറിയ വസ്തുക്കളെ വളരെ അടുത്ത് നിന്ന് പകര്‍ത്തുന്ന ഫോട്ടോഗ്രഫി രീതിയാണ് മാക്രോ ഫോട്ടോഗ്രഫി. ഇത് ഫോട്ടോമാക്രോഗ്രഫി, മാക്രോഗ്രഫി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഒരു മാക്രോഫോട്ടോയില്‍ ഉള്ള വസ്തുവിന്റെ വലുപ്പം അതിന്റെ യഥാര്‍ത്ഥ വലുപ്പത്തേക്കാള്‍ കൂടുതലായാണ് കാണികള്‍ക്ക് അനുഭവപ്പെടുക. സൂക്ഷ്മ വസ്തുക്കളുടെ സങ്കീര്‍ണ്ണമായ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ ഈ രീതി നമ്മെ സഹായിക്കുന്നു.

5. Fashion Photography

വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഫാഷന്‍ വസ്ത്രങ്ങളെയും വസ്തുക്കളെയും ഏറ്റവും ആകര്‍ഷകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പകര്‍ത്തുന്ന രീതിയാണ് ഫാഷന്‍ ഫോട്ടോഗ്രാഫി.

6. Wildlife Photography

ജൈവവൈവിധ്യത്തെക്കുറിച്ചും അവയുടെ സംരക്ഷണത്തെക്കുറിച്ചും അവബോധം വളര്‍ത്തിക്കൊണ്ട് ജീവികളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് തന്നെ പകര്‍ത്തുന്ന രീതിയാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി. സാധാരണ ഫോട്ടോഗ്രഫിയെ സംബന്ധിച്ചിടത്തോളം ഇതൊരു സാഹസികത നിറഞ്ഞ മേഖലയാണ്. കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും അവയുടെ സ്വഭാവത്തെ കുറിച്ചുമുള്ള കൃത്യമായ അറിവ് ദ്രുതഗതിയില്‍ ചിത്രങ്ങള്‍ ഒപ്പിയെടുക്കുവാനുള്ള കഴിവ് എന്നിവ ഈ മേഖലയില്‍ അനിവാര്യമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here