ജാതി വിവേചനം; ഒരു അംബേദ്‌കർ വായന

0
94

(ലേഖനം)

സി.പി. ബിശ്ർ നെല്ലിക്കുത്ത്

ഈയിടെയാണ് ജനാധിപത്യ രാജ്യമെന്ന് സ്വമേധയാ വിശേഷിപ്പിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ പാർലമെന്റിനകത്ത് രാജ്യത്തെ മുഖ്യപ്രതിപക്ഷ നേതാവിന് ജാതിവിവേചനം നേരിടേണ്ടിവന്നത്. ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയമായ ജാതി സമ്പ്രദായങ്ങൾ പാർലമെന്റിന്റെ അകത്തളങ്ങളിലേക്കും  പറിച്ചു നടപ്പെട്ടുവെന്നത് ഏറെ ലജ്ജകരമാണ്. യഥാർത്ഥത്തിൽ ജാതി വിവേചനത്തിനും ജാതി വിമോചന സമരങ്ങൾക്കും പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട് മുതൽക്കേ ഇന്ത്യയിൽ ദളിത് വിമോചന പ്രസ്ഥാനം സജീവമായിരിന്നു. എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ പിതാവെന്നറിയപ്പെടുന്ന ഭീം റാവു റാംജി അംബേദ്കറാണ് ശക്തമായ ജാതി വിമോചന സമരങ്ങൾക്ക് യഥാർത്ഥത്തിൽ നാന്ദികുറിക്കുന്നത്. അധസ്ഥിത വിഭാഗം മാത്രമായി ഗണിക്കപ്പെട്ടിരുന്ന പിന്നോക്കജാതിക്കാരെ ഏകോപിപ്പിച്ച് സമൂഹത്തിന്റെ ഉത്തുംഗതയിലേക്കെത്തിച്ച അനിഷേദ്ധ്യ നേതാവ് കൂടെയാണ് അംബേദ്‌കർ. കാരണം മഹാരാഷ്ട്രയിലെ പ്രഥമ അയിത്ത ഗോത്രമായ “മഹാറി”ലാണ്  ബി ആർ.അംബേദ്‌കർ പിറവിയെടുത്തത്. ജന്മം കൊണ്ട് അയിത്തജാതിക്കാരനായതിനാൽ പഠന കാലം മുതൽക്കേ അംബേദ്‌കർ എന്ന കുട്ടിക്ക് വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്. മേൽജാതിക്കാരനായ അധ്യാപകൻ വായയിലേക്കൊഴിക്കുന്ന വെള്ളം കുടിച്ച് ദാഹമടക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ കുട്ടിക്കാലം മുതൽക്കേ വാശിക്കാരനായ അംബേദ്‌കർ  ജാതി വിവേചനം ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ചുറപ്പിക്കുകയായിരിന്നു. ഈ കടുത്ത തീരുമാനം തന്നെയാണ് ഇന്ത്യയിലെ ജാതി സമ്പ്രദായങ്ങൾക്കെതിരെയുള്ള സമരങ്ങളുടെ പ്രധാന ഹേതു.

മഹാരാഷ്ട്രയിലെ ആദ്യ സംഘടിത ജാതിസംഘടന മഹാറുകളുടേതായിരിന്നു. പൊതുകിണറുകളിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിന് വേണ്ടി ചെറിയപട്ടണങ്ങളിൽ പോലും മഹാറുകൾ സംഘടിച്ചിരിന്നു. രത്നഗിരിയിൽനിന്നുള്ള വിരമിച്ച സൈനികനായ ഗോപാൽ ബാല തന്റെ സമുദായക്കാർക്ക് സൈനിക സേവനം നിഷേധിച്ചതിനെതിരെ പ്രതിഷേധങ്ങൾ നടത്തുകയും ഒട്ടേറെ നിവേദങ്ങൾ നടത്തുകയും ചെയ്തിരിന്നു. 1916 ൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി അയിത്തം സംബന്ധിച്ച പ്രമേയം പാസ്സാകുന്നത്. 1917-18 കൾക്ക് ശേഷം ദേശീയപ്രസ്ഥാനവും അയിത്ത പ്രശ്നങ്ങൾ ഏറ്റെടുത്തു തുടങ്ങി. ഒന്നാം ലോക മഹായുദ്ധം അവസാനിക്കുകയും മൊണ്ടോഗു ചെംസ്ഫോഡ് പരിഷ്കരണങ്ങളുടെ ഫലമായി ദളിതരും അബ്രാഹ്മണരും രാഷ്ട്രീയാവകാശങ്ങൾക്കു വേണ്ടി ചങ്കുറപ്പോടെ സംസാരിച്ചുതുടങ്ങുകയും ചെയ്തപ്പോൾ പഴയ പല നിലപാടുകളും അപ്രസക്തമായിത്തുടങ്ങി.

എന്നാൽ “മറാത്ത” പ്രസ്ഥാനത്തിന്റെ സമാജിന്റെ രക്ഷാധികാരിയായിരുന്ന കോലാപ്പൂർ മഹാരാജാവായ ശാഹു ചത്രപതി താൻ ക്ഷത്രിയനാണെന്ന് സ്വമേധയാ അനുസ്മരിച്ചിരിന്നു. പക്ഷെ കുടുംബ പുരോഹിതൻ താൻ ക്ഷത്രിയനാണെന്നുള്ള വാദം വിസമ്മതിച്ചതോടെ രാജാവിന് ബ്രാഹ്മണ വിരോധം ഉടലെടുത്തു. ഇത് അയിത്ത ജാതിക്കാർക്ക് കളഞ്ഞ് കിട്ടിയ അവസരം കൂടിയായിരുന്നു. ഇതേതുടർന്ന് അബ്രാഹ്മണർക്ക് ഭരണസംവിധാനത്തിലും പൊതുമേഖലയിലും അവസരം നല്കാൻ രാജാവ് കല്പിച്ചു. ഇതുമൂലം ബ്രാഹ്മണരല്ലാത്തവർക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളും ലഭിച്ചു. സർക്കാർ സർവീസിൽ അബ്രാഹ്മണരുടെ എണ്ണം അൻപതുശതമാനത്തിലധികമാവുന്നത് വരെ നിയമനം തുടരുവാനും അയിത്ത ജാതിക്കാർക്ക് വേണ്ടി കോലാപ്പുരിൽ പ്രത്യേക ടീസ്റ്റാൾ തുടങ്ങുവാനും അദ്ദേഹം കല്പിക്കുകയുണ്ടായി. 1927 ഡിസംബറിൽ ദളിതുകളെ ഒരുമിച്ചുകൂട്ടുകയും ജാതിവിമോചനത്തിന്റെ മന്ത്രങ്ങൾ ഉരുവിടുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ കീഴ്ജാതിക്കാർ ധരിക്കുന്ന കനം കൂടിയ വെള്ളി ആഭരണങ്ങൾ ഉപയോഗിക്കരുതെന്ന് ആഹ്വാനം ചെയ്യുകയും ജാതിയെ സൂചിപ്പിക്കുന്ന യാതൊന്നും ധരിക്കരുതെന്നും ആൺകുട്ടികൾക്കൊപ്പം  പെൺകുട്ടികൾ കൂടെ പഠിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജാതി വിവേചനകൾക്കെതിരെയുള്ള സമരങ്ങളുടെ കാതലായി പിൽക്കാലത്ത് ഇത് മാറപ്പെട്ടു. പിന്നീടങ്ങോട്ട് നടന്ന ജാതി വിരുദ്ധ സമരങ്ങളെല്ലാം അംബേദ്കറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതായിരിന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

1949ൽ അംബേദ്‌കർ ലക്ഷണക്കിന് വരുന്ന ദലിതുകളെ ഒരുമിച്ചു കൂട്ടി മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ വൻ ജനാവലിയും സംഘടിപ്പിക്കുകയുണ്ടായി. സംഘടിത ശക്തിയാവുന്നതിൽ വിമുഖത കാണിച്ചിരുന്ന മറാത്ത വാടയിലെ ദലിതരടക്കം എല്ലാ ജാതിക്കാരെയും റാലിയിൽ പങ്കെടുപ്പിച്ചിരിന്നു. കൂടാതെ ജാതിവിവേചനം ശക്തമായിരിക്കെ അംബേദ്‌കർ Who Were the Shudras? എന്ന പേരിൽ പുതിയ പുസ്തകത്തിന്റെ രചനയും പൂർത്തിയാക്കി. ഇന്ത്യൻ സമൂഹത്തിൽ അയിത്ത ജാതിക്കാരുടെ പ്രശ്നങ്ങളെ അക്കമിട്ടുനിരത്തിയ പുസ്തകം ഏറെ ശ്രദ്ധയാകർഷിച്ചു. 1948 ൽ  ദി അൺടച്ചബിൾസ്: ഹൂ വേർ ദേ ആൻഡ് വൈ ദേ ബികൈമ  അൺടച്ചബിൾസ്  എന്ന ഗ്രന്ഥത്തിൽ ദളിത് പ്രശ്നം ഉന്നയിക്കുകയും ചെയ്തു. ജാതി വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ലേഖന സമാഹാരം പിന്നീട് പുറത്തിറങ്ങി. ഇക്കാരണങ്ങളാൽ ജാതിപ്രശ്നം ഇന്ത്യക്ക് പുറമെ ലോകശ്രദ്ധയാകർഷിച്ചു. Who Were the Shudras? എന്ന കൃതിയിൽ വംശീയ ഭിന്നതകളെ നിഷിതമായ ഭാഷയിൽ വിമർശിച്ച അംബേദ്‌കർ തന്നെയാണ് ജാതി ഉൻമൂലനത്തിന് ഇന്ത്യയിൽ കാര്യമായ വേരോട്ടമുണ്ടാക്കിയത്.

1951ഓഗസ്റ്റ് പത്തിന് താൻ നിയമന്ത്രി പദം രാജിവെക്കുകയാണെന്ന് നെഹ്‌റുവിന് കത്തെഴുതുകയും ഒക്ടോബര് 30 ന് പാർലമെന്റിൽ നടത്തിയ രാജി പ്രസ്താവനയിൽ രാജിയെ സാധൂകരിക്കുന്ന കാരണമായി സർക്കാറിന്റെ  പട്ടിക ജാതിക്കാർക്കെതിരെയുള്ള അവഗണയെയും അംബേദ്‌കർ കുറ്റപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ കാലങ്ങൾക്കിപ്പുറവും ജാതീയ വിദ്വേഷങ്ങൾക്ക് തെല്ലും കുറവ് സംഭവിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇക്കഴിഞ്ഞ നവംബർ പതിനെട്ടിന് ന്യൂനപക്ഷാവകാശ ദിനമായിരുന്നു. അന്നേ ദിവസം രാജ്യത്തിലെ സുപ്രധാന നഗരങ്ങളിലൊന്നായ കാൺപൂരിലെ പഹാവിയിൽ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ബുദ്ധ കഥ- അംബേദ്‌കർ ചരിത പരിപാടി നടക്കുകയുണ്ടായി. എന്നാൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പരിപാടി ഇക്കുറി വേണ്ടന്ന്  മേൽ ജാതിക്കാർ  തിട്ടൂരമിറക്കുകയും പ്രസ്തുത പരിപാടിയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. നാല് രാത്രികളിലായി നീണ്ടുനിന്ന ബുദ്ധ കഥാവതരണത്തിനും പ്രസാദ വിതരണത്തിനും ശേഷം ജനങ്ങൾ പിരിഞ്ഞ പോയതിന് ശേഷമാണ് സായുധരായ ആളുകൾ ആക്രമണം നടത്തിയത്. ഇനിയും പരിപാടി തുടർന്നാൽ മൃദദേഹം വീഴുമെന്നുള്ള ഭീഷണിയും മുഴക്കിയിട്ടാണ് ആയുധ സംഘം മടങ്ങിയത്. ശക്തമായ ജാതി മേൽക്കോയ്മ രാജ്യത്ത് ഇപ്പോഴും  നിലനിൽക്കുണ്ടുന്നെതിന്റെ നേർചിത്രമാണിത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here