പൊതുസ്ഥലത്ത് പ്രകോപനപരമായി പകര്‍ന്നു നല്‍കുന്ന സ്വകാര്യ ചുംബനം

0
84

The Reader’s View

അന്‍വര്‍ ഹുസൈന്‍

മലയാള കവിതയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ കവിയാണ് സച്ചിദാനന്ദന്‍. അടിയന്തരാവസ്ഥയിൽ പ്രതികരിച്ച് എഴുതിയ നാവുപാട്ട്, ഗാന്ധി നാടകം, നിരവധി വിവർത്തനങ്ങൾ ഇവയൊക്കെ ശ്രദ്ധേയമായി തോന്നിയിട്ടുണ്ട്. മാനവികത ഉയർത്തിപ്പിടിക്കുന്ന കവിയാണ്.

സച്ചിദാനന്ദൻ്റെ ഡി സി ബുക്ക്സ് പുറത്തിറക്കിയ സമാഹാരത്തിൽ 2013 മുതൽ 2015 വരെ എഴുതിയ കവിതകൾ ആണ്. ഇന്നും ഏറെ പ്രസക്തമായ കവിതകൾ.

സച്ചിദാനന്ദൻ്റെ കാവ്യലോകം പ്രവിശാലമാണ്. എൻ വി കൃഷ്ണവാരിയർ എഴുതിയ പോലെ ലോകത്തെവിടെ മനുഷ്യന് പ്രഹരമേൽക്കുന്നുവോ, അത് തൻ്റെ പുറത്താണ് എന്ന് കരുതുന്ന കവി ലങ്കയിലും ക്യൂബയിലുമെല്ലാമുള്ള മനുഷ്യരെ കാണുന്നു.

മനുഷ്യൻ്റെ അസ്വാതന്ത്ര്യത്തെ കവി ഇങ്ങനെ കാണുന്നു
ഒരു മനുഷ്യൻ
നിൽക്കുന്നു
നിശ്ചലം, നിശ്ശബ്ദം,
പ്രകടനങ്ങൾ നിരോധിച്ച
പാർക്കിൽ
– – – –
പൊതുസ്ഥലത്ത്
പ്രകോപനപരമായി
പകർന്നു നൽകുന്ന
സ്വകാര്യ ചുംബനമാണ് കവിത

സിറിയൻ വിപ്ലവത്തിനിടയിൽ ഒരു മുത്തശ്ശി പ്രാർത്ഥിക്കുന്നു
പൊന്നുമോനേ,
ഈ ഓറഞ്ച് കഴിക്കൂ
ഗഫൂറിനെ കൊല്ലല്ലേ
അവൻ എൻ്റെ പേരക്കുട്ടി
—-
പകരം ഈ തള്ളയെ
വെടി വച്ചോളൂ
സ്വാതന്ത്ര്യം മരിക്കുന്നിടത്ത്
എനിക്കും ജീവിക്കണ്ടാ

മഹാഭാരതം കവിയുടെ കാഴ്ചപ്പാടിൽ
ഇക്കുറി കൗരവർ ജയിക്കുമെന്ന്
ശകുനിക്ക് ഉറപ്പായിരുന്നു
തറവാട്ടുകാരണവന്മാരെ
നിശ്ശബ്ദരാക്കിയുള്ള
ദുര്യോധനൻ്റെ മുന്നേറ്റം
അദ്ദേഹം ശ്രദ്ധിച്ചിരുന്നു

പ്രണയത്തെ കവി കാണുന്നത് ഇങ്ങനെ
എൻ്റെ രക്തത്തിൽ
ഇന്നും നിൻ്റെ പേരുണ്ട്
ഇക്കാലമത്രയും എവിടെയായിരുന്നു
നമ്മുടെ പ്രണയത്തിൻ്റെ
അജ്ഞാതവാസം?

മലയാളി മലയാളം പറയൽ അവമാനമെന്ന് കരുതുന്ന അവസ്ഥയെ കവി ഇങ്ങനെ കാണുന്നു
പിന്നെ അറബിക്കടൽ
അയാളുടെ കാലടികൾ
ഇക്കിളിയാക്കി തണുപ്പിച്ചു
തലച്ചോറിലെ ചോരക്കുഴലുകൾ പൊട്ടി
വാക്കുകൾ പുറത്തുവന്നു:
അമ്മ
ആന
ഇല
ഈണം
ഉമ്മ

ഈ കവി വിശ്വമാനവനായി മാറുന്നു


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here