(ലേഖനം)
അന്‍സാര്‍ ഏച്ചോം
മറ്റു രാജ്യങ്ങളില്‍ പ്രധാനമായും ഇന്ത്യ വേറിട്ട് നില്‍ക്കുന്നത് അതിന്റെ വൈവിധ്യം കൊണ്ടാണ്.’നാനാത്വത്തില്‍ ഏകത്വം’ എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുന്ന മനോഹരമായ മൂല്യം വൈവിധ്യങ്ങളുടെ വിലാസ ഭൂമിയില്‍ തന്നെ ഐക്യപ്പെടലിന്റെ സ്വത്വം കണ്ടെത്തുക എന്നതാണ്. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമായ, വിഭിന്നമായ ഭാഷയും സംസ്‌കാരവും ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന നിരവധി മതവിഭാങ്ങളും ജാതികളും ഉപജാതികളും ഗോത്രങ്ങളും വിശ്വാസമുള്ളവരും ഇല്ലാത്തവരുമെല്ലാം ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രമാണ് ഇന്ത്യയുടെ സ്വത്വം പൂര്ണമാവുന്നത്. അല്ലാത്ത പക്ഷം അംഗവിച്ഛേദം സംഭവിച്ച വികലാംഗനായി ശിഷ്ട കാലം തള്ളി നീക്കേണ്ടി വരും. നമ്മുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംസ്‌കാരത്തിനെയും സംസ്‌കൃതിയെയും വൃണപ്പെടുത്തും എന്നതിനേക്കാള്‍ ‘ബഹുസ്വരം’ എന്ന നമ്മുടെ രാഷ്ട്രീയ സ്വത്വം തന്നെ ഇല്ലതാക്കും എന്നതാണ് സത്യത്തില്‍ ഏകീകൃത സിവില്‍ കോഡിന്റെ പരിണിത ഫലമാവുക.

പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ കൊണ്ട് മനോഹരമായി അലങ്കരിക്കപ്പെട്ട പൂന്തോപ്പിലെക്ക് നോക്കിയിട്ട് ഇനി ഒരു നിറത്തിലുള്ള പൂക്കള്‍ മാത്രം മതിയെന്ന് മട്ടുപ്പാവിവില്‍ നിന്ന് ഉത്തരവിടുന്ന രജാവ് അത്ര വിഡ്ഢിയല്ല. സപ്തവര്‍ണ്ണത്തില്‍ അലംകൃതമായ മഴവില്ലിലേക്ക് നോക്കി ‘ഒരു വര്‍ണമാണേറ്റം മനോഹരം’ എന്ന് പറയുന്നതിനേക്കാള്‍ കഷ്ടമാണ് ഇന്ത്യയില്‍ ഏകികൃത സിവില്‍ കോഡ്.
എന്നാല്‍ ഏകീകൃത സിവില്‍ കോഡിന്റെ പ്രെണേതാക്കള്‍ ന്യായമായും ഉന്നയിക്കുന്നതും ആയുധമാക്കുന്നതും ഭരണഘടനാ തന്നെയാണ്. ഭരണഘടനയുടെ നാലാം ഭാഗത്ത് ‘മാര്‍ഗ്ഗ നിര്‍ദേശക തത്വങ്ങള്‍ അനുച്ഛേദം 44-ല്‍ പറയുന്നു. ‘ജാതി ഭേദമന്യേ ബാധകമായ ഒരേകീകൃത സിവില്‍ കോഡിന്റെ നിര്‍മ്മാണത്തിന് രാഷ്ട്രം ബാദ്ധ്യമാണ്'(the state shall endeavour to secure for all citizens a Civil Code that is uniform throughout the territory of India).എന്നാല്‍ പ്രത്യക്ഷത്തില്‍ തന്നെ ഇതിനോട് ചേര്‍ച്ചയില്ലാത്ത ഒരു നിയമം ഭരണഘടനയുടെ പരമാത്മാവ് ‘മൗലികാവകാശങ്ങള്‍’ അനുച്ഛേദം 25 (1) -ല്‍ പറയുന്നു:’എല്ലാ മത വിഭാഗങ്ങള്‍ക്കും വിശ്വാസത്തിനും ആചാരങ്ങള്‍ക്കും അനുഷ്ഠാനത്തിനും പ്രചാരണത്തിനും തുല്യമായ അവകാശമുണ്ടെ (all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion). ഇവിടെ മൗലികാവകാശങ്ങളും നിര്‍ദേശങ്ങളും തമ്മില്‍ പരസ്പരം സങ്കട്ടനമാവുകയാണ്. സ്വഭാവികമായുംമൗലികാവകാശത്തിനാണ് തദവസരത്തില്‍ വില. കാരണം, നിര്‍ദേശക തത്വങ്ങള്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി രാഷ്ട്രത്തിന് നിറവേറ്റാവുന്ന നിര്‍ദേശങ്ങളാണ്.എന്നാല്‍ മൗലികാവകാശങ്ങള്‍ അനിഷേധ്യമായ അവകാശവും. റോഡ് നിര്‍മിക്കുക അല്ലെങ്കില്‍ ഗതാഗത സൗകര്യങ്ങളൊരുക്കുക എന്നത് നിര്‍ദേശങ്ങളില്‍ പെടുമ്പോള്‍ തന്നെ നല്ല വഴിയുണ്ടെങ്കിലും ഇല്ലെങ്കിലും സഞ്ചാര സ്വാതന്ത്രം എന്നത് മൗലികാവകാശമാകുന്നു. അധികാരത്തില്‍ വന്നത് മുതല്‍ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം മാതൃകയാക്കുന്ന ബി.ജെ.പി യുടെ പ്രകടന പത്രികയിലെ പ്രധാന ആശയമായിരുന്നു ഏകീകൃത സിവില്‍ കോഡ്. വീണ്ടും ചര്‍ച്ചയാവുമ്പോഴും ചര്‍ച്ചയുടെ മര്‍മ്മം കിടക്കുന്നത് ന്യൂനപക്ഷ വേട്ട എന്ന കാട്ടുനീതിയിലാണ്. 1929-ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനം മുതല്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ ദേശീയയ നേതാക്കളുടെ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച കഴ്ച്ചപ്പാടുകളും നിലപാടുകളും വ്യക്തതമാകും.
1929 ല്‍ റാവി നദിക്കരയില്‍ വെച്ച് നടന്ന ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷന്‍ ജവഹര്‍ ലാല്‍ നെഹ്റു ആയിരുന്നു. ഈ സമ്മേളനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരങ്ങളും പാരമ്പര്യവും സുരക്ഷിതമായിരിക്കും എന്ന ഉറപ്പ് നല്‍കുന്നുണ്ട് നെഹ്റു. ഈ നെഹ്‌റൂവിയന്‍ കാഴ്ച്ചപ്പാട് അംഗീകരിക്കാനും ഭരണത്തലത്തില്‍ കൊണ്ട് വരാനും ആവശ്യപ്പെടുമ്പോള്‍ ചരിത്രത്തില്‍ നിന്നും പൈതൃകങ്ങളില്‍ നിന്നും നെഹ്റുവിനെ അടര്‍ത്തിമാറ്റാന്‍ ചടുല ശ്രമങ്ങള്‍ നടത്തുന്ന ഒരു ഗവണ്‍മെന്റിനോടാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഹൃദയ വൈഷമ്യം അനുഭവപ്പെടുന്നുണ്ട്. പക്ഷെ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ നെഹ്‌റുവിന്റെ ചരിത്രവും ഭരണഘടന നിര്‍മാണത്തില്‍ അദ്ദേഹത്തിന്റെ പങ്കും മങ്ങാതെ നില്‍ക്കുന്നുണ്ട്. ബ്രിട്ടീഷുകാരന്റെ ഷൂ നക്കാത്തതിന്റെ കൂടാതെ എന്ത് അരിശമായിരിക്കും ബിജെപിക്ക് നെഹ്‌റുവിനോടുണ്ടാവുക.
1931-ലെ കറാച്ചി കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ധ്യക്ഷന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നു. കോണ്‍ഗ്രസിന്റെ അതിശക്തതനായ നേതാവ് എന്നതിലപ്പുറം അദ്ദേഹം ഒരു അസ്സല്‍ ഹിന്ദു കൂടിയായിരുന്നു. അതു കൊണ്ട് അദ്ദേഹം ഒരു ഹിന്ദുവിന്റെ സ്ഥാനത് നിന്ന് കൊണ്ട് തന്നെ പ്രഖ്യാപിച്ചു:’ഒരു ഹിന്ദുവായി കൊണ്ട് തന്നെ ന്യൂനപക്ഷങ്ങള്‍ക്കു ഒരു സ്വാദേശി ഫൗണ്ടന്‍ പേനയും കടലാസും നല്‍കാന്‍ ഞാന്‍ തയ്യാറാണ്. അതിലവര്‍ എഴുതുന്ന അവരുടെ ആവശ്യങ്ങള്‍ അതേപടി അംഗീകരിക്കന്‍ ഞാന്‍ തയ്യാറാണ്. വിശാല മനസ്‌കതയോടെ തന്നെ ഒരു ഹിന്ദുവിന്റെ സ്വത്വത്തില്‍ നിന്ന് തന്നെ പട്ടേല്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായ അവകാശങ്ങള്‍ വകവെച്ച് കൊടുക്കാന്‍ സന്നദ്ധനാവുകയാണ്. പിന്നീട് കോണ്‍ഗ്രസിനെ പ്രധിനിതീകരിച്ച് പട്ടേല്‍ പറഞ്ഞു:’ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണ തൃപ്തരാക്കാതെ അവരുടെ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ്സ് പരിഹാരം കാണണുന്നില്ല’. മുസ്ലിം, സിഖ് തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവകാശം സംരക്ഷണം ഉറപ്പു നല്‍കുന്ന ഒരു ഭരണഘടനയാണ് കോണ്‍ഗ്രസ്സ് ലക്ഷ്യം വെക്കുന്നതെന്ന് സൂചിപ്പിക്കുകയാണ് പട്ടേല്‍. 3000 കോടി മുടക്കി ഉരുക്കു പ്രതിമ നിര്‍മിച്ച് ആദരമര്‍പ്പിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ അത്മാവ് സന്തുഷ്ടനാവുക അദ്ദേഹം ആഗ്രഹിച്ച തരത്തില്‍ ഇന്ത്യയെ മനോഹരമാക്കുമ്പോളായിരിക്കും എന്ന് ബിജെപി മനസ്സിലാക്കിയാല്‍ നന്നാകുമായിരുന്നു.

1938 ലെ ഹരിപുര്‍ കോണ്‍ഗ്രസ്സമ്മേളനത്തിലും മുഴങ്ങി കേട്ടത് ന്യൂനപക്ഷങ്ങളോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് തന്നെയായിരുന്നു. സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് കോണ്‍ഗ്രസിന്റെ ലക്ഷ്യം പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്:’ന്യൂനപക്ഷമോ ഭൂരിപക്ഷമോ മറ്റിതര വിഭാഗങ്ങളോ ഇതരര്‍ക്ക് നഷ്ട്ടം വരാത്ത തരത്തില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്വതന്ത്രവും സമാധാനപരവുമായ ഒരു ഇന്ത്യയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്’. ചിന്തയിലും മത്തത്തിലും സാമൂഹ്യ ജീവിതത്തിലും യാതൊരു ബാഹ്യ ഇടപെടലുകളും പാടില്ലെന്നാണ് നേതാജി ചൂണ്ടി കാട്ടിയത്.കൂടാതെ ഭൂരിപക്ഷം പാസ്സാക്കിയ ഒരു നിയമത്തെ നിരാകരിച്ചും സ്വന്തം സംസ്‌കാരത്തെയും നിയമങ്ങളെയും സംരക്ഷിക്കാം ന്യൂനപക്ഷത്തിന് അവകാശമുണ്ടെന്നും ഉണര്‍ത്തുന്നുണ്ട് നേതാജി.

പിന്നീട് 1940 ല്‍ നടന്ന റാംഘര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷം വഹിച്ച് കൊണ്ട് സംസാരിച്ച് മൗലാനാ അബുല്‍ കലാം ആസാദ് പറഞ്ഞു :’അസംബ്ലിയിലെ ഭൂരിപക്ഷമായിരിക്കലല്ല ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അവകാശ സംരക്ഷണത്തിന്റെ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള മാര്‍ഗം. അത് അവരുടെ ഹിതം മാത്രമായിരിക്കും .പിന്നീട് അദ്ദേഹം ഒന്നാം വട്ടമേശ സമ്മേളനത്തില്‍ ബര്‍കിങ് ഹാം കൊട്ടാരത്തെ വിറപ്പിച്ച അതേ ചടുലതയോടെ പറയുന്നത് ഇങ്ങനെയാണ്:’ഞാനൊരു മുസല്‍മാനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു .ഇസ്ലാമിന്റെ ചരിത്രവും സംസ്‌കൃതിയുമെല്ലാം എന്റെ മൂലധനമാണ്. അത് കൊണ്ട് ഇസ്ലാമിന്റെ സ്വത്വം സംരക്ഷിക്കല്‍ എന്റെ കൂടെ ബാധ്യതയാണ്. എനിക്ക് മുസല്‍മാനെന്ന നിലക്ക് മതപരമായും സാംസ്‌കാരികമായി സാമൂഹിക പരമായും തീര്‍ച്ചയായുമൊരു അസ്തിത്വമുണ്ട്.അതില്‍ ആരെങ്കിലും കൈ കടത്തുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല”. ഈ സ്വത്വം അംഗീകരിക്കപ്പെടാതിരിക്കുമ്പോഴാണ് നിലനില്പിനെന്നോണം സമരങ്ങളും പ്രതിഷേധങ്ങളും ആവശ്യമാവുന്നത്.നിങ്ങള്‍ ‘നികൃഷ്ടനായ വര്‍ഗീയ വാദി ‘ആയി മുദ്ര കുത്തിയാലും അടഞ്ഞു പോവുന്നതല്ല ആസാദിന്റെ അധ്യായങ്ങള്‍.സ്വാതന്ത്രത്തിന് വേണ്ടി അധികാരത്തിന്റെ അഹന്തക്ക് മുമ്പില്‍ മുട്ട് വിറക്കാതെ സംസാരിച്ചതും ജോര്‍ജ് ഫെഡെറിക്കിന് താക്കീത് നല്‍കിയതും ആസാദിന്റെ മനോഹര ശബ്ദങ്ങളായി എക്കാലത്തും പ്രോജ്ജ്വലിച്ച് നില്‍ക്കുക തന്നെ ചെയ്യും.

തുരുമ്പെടുത്ത കാവി കത്രികകള്‍ക്ക് മുറിച്ച് മാറ്റാനാവാത്ത ചരിത്രത്തിന്റെ ഏടുകള്‍ വര്‍ത്തമാനത്തിന്റെ കാലുഷ്യങ്ങള്‍ക്കും ക്രോധ വിലാസങ്ങള്‍ക്കുമെതിരെ പോരാടാനുള്ള ഇന്ധനം നല്‍കി കൊണ്ടിരിക്കും.ഒരു കാര്യമുറപ്പാണ്, അധികാരത്തിന്റെ മുള്‍ക്കിരീടം സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ രക്ത്തം വാര്‍ന്നു മരിക്കുന്ന ദുരവസ്തുതയായിരിക്കും ഫലം.