ലേഖനം
അഹമദ് കെ മാണിയൂര്‍
കൊലപാതകങ്ങളും ആത്മഹത്യകളും ദൈനംദിനമെന്നോണം നടന്നുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കേരളം. ഓരോ ദിവസവും വാര്‍ത്താ-ചാനല്‍ മാധ്യമങ്ങളില്‍ ഇത്തരം ക്രിമിനല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടും കേട്ടും വായിച്ചും വിറങ്ങലിക്കുന്നവരാണു നാം. ഫോറന്‍സിക് വിദഗ്ദ്ധരോ അന്വേഷണ ഉദ്യോഗസ്ഥരോ അവര്‍ ചേര്‍ന്നോ കൊലപാതകങ്ങ ളുടെ ചുരുളഴിക്കുകയും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുകയും ചെയ്താല്‍ അത്തരം വാര്‍ത്തകള്‍ നമ്മെ സന്തോഷിപ്പിക്കാറുമുണ്ട്. എന്നാല്‍, ഈ ദൗത്യനിര്‍വ്വഹണം എത്ര മാത്രം സാഹസികമാണെന്ന് നാം ഒരിക്കലും അറിയാറോ അന്വേഷിക്കാറോ ഇല്ല. അത്തരത്തില്‍ സാഹസികമായി നടത്തിയ ദൗത്യനിര്‍വ്വഹണങ്ങളുടെ ഉദ്വേഗജനകമായ അനുഭവസംഭവളാണ്, ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ഫോറന്‍സിക് വിദഗ്ദ്ധനും പോലീസ് സര്‍ജനും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ബി ഉമാദത്തന്‍, തന്റെ ‘ഒരുപോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നത്. ഗ്രന്ഥകാരന്റെ വാക്കുകള്‍തന്നെ നോക്കൂ: ‘ഞാന്‍ കണ്ട ജീവിതങ്ങള്‍, ജീവിതാന്ത്യങ്ങള്‍, അവകളിലെ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, അതിലൂടെ നേടിയ വിപുലമായ അനുഭവസമ്പത്ത്-ആ അനുഭവങ്ങളുടെ ഓര്‍മ്മപ്പുസ്തകത്തിന്റെ ചില താളു കളാണ് ഞാന്‍ മറിച്ചുനോക്കുന്നത്.’

ഫോറന്‍സിക് മെഡിസിന്‍ എന്ന വൈദ്യശസ്ത്ര ശാഖയെ ഏറ്റവും കൂടുതല്‍ പ്രണയിച്ച ഡോ. ബി ഉമാദത്തന്‍ തന്റെ നാലുദശാബ്ദക്കാലത്തെ ഔദ്യോഗിക ജീവിതത്തിലുണ്ടായ അനുഭവങ്ങളും കുറ്റാന്വേഷണങ്ങളിലൂടെ കണ്ടെത്തിയ യാഥാര്‍ത്ഥ്യങ്ങളും ഉദാഹരണ ങ്ങളും തെളിവുകളും നിരത്തി വിശദീകരിക്കുകയാണ്. കുറ്റാന്വേഷണത്തില്‍, ശാസ്ത്രീയ മായ തെളിവുകളിലും നിഗമനങ്ങളിലും പാളിച്ചകള്‍ സംഭവിച്ചാല്‍, സത്യം തമസ്‌കരിക്ക പ്പെടുകയും നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെ ടുന്നുണ്ട്. അത് ധാരാളം ഉദാഹരണങ്ങളിലൂടെ അദ്ദേഹം തെളിയിക്കുന്നുമുണ്ട്. കൂടാതെ, ഉന്നത നീതിപീഠങ്ങള്‍ക്ക് സത്യം കണ്ടെത്തുവാന്‍ പ്രശസ്ത ക്രിമിനല്‍ നിയമ പണ്ഡിതനും സുപ്രീം കോടതി മുന്‍ജഡ്ജിയുമായ ശ്രീ കെ ടി തോമസിന്റെ മനോഹരമായ രചനയും ഉപമയുമായ ‘സോളമന്റെ തേനീച്ചകള്‍’ പറന്നെത്തേണ്ടിവന്ന കഥയും ഹൃദയഹാരിയായി അദ്ദേഹം അവതരിപ്പിക്കുന്നു. ആമുഖത്തില്‍, ‘സത്യത്തെ കണ്ടെത്താനുള്ള ആ പ്രയാ ണത്തില്‍ ഒരിക്കല്‍പ്പോലും എന്റെ കാലുകള്‍ ഇടറിയിട്ടില്ല. കൈകള്‍ വിറച്ചിട്ടില്ല. ഇതു പറയുമ്പോള്‍ എനിക്ക് അനല്‍പമായ അഭിമാനവും ആത്മസംതൃപ്തിയും തോന്നുന്നു’ എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുമുണ്ട്.
സാധാരണക്കാരായ വായനക്കാര്‍ക്ക് മനസ്സിലാക്കുന്നതിന് ഉതകുന്നവിധം ശാസ്ത്രീയമായ വസ്തുതകളും ഫോറന്‍സിക് മെഡിസിന്‍ ഉപയോഗപ്പെടുത്തുന്നതിന്റെ രീതിശാസ്ത്രവും മടുപ്പുണ്ടാകാത്തവിധം വിശദീകരിച്ചിട്ടുണ്ട്. പഠിക്കാനും പകര്‍ത്താനും ഉപകരിക്കുന്ന നിരവധി അറിവുകള്‍ പകര്‍ന്നുതരുന്നതാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. കുറ്റാന്വേഷണ ശാസ്ത്രത്തോടൊപ്പം കുറ്റവാളികളുടെ മനഃശാസ്ത്രത്തെക്കൂടി മനസ്സിലാക്കിത്തരുന്ന ഈ അതുല്യ രചനയുടെ അവതാരികയില്‍ ശ്രീ സോമരാജന്‍ വെളിപ്പെടുത്തുന്നതു പോലെ, ‘അറിവിന്റെ ഖനിയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഫോറന്‍സിക് മെഡിസിന്‍ ശാഖയില്‍ അഗാധമായ പാണ്ഡിത്യവും പ്രായോഗിക പരിജ്ഞാനവുമുള്ള ഗ്രന്ഥകാര നില്‍നിന്ന് വായനക്കാരന് അറിവിന്റെ ശകലങ്ങള്‍, താന്‍അറിയാതെ തന്നെ ലഭിക്കുന്ന രീതിയിലാണ് ഓരോ സംഭവവും വിവരിക്കപ്പെട്ടിരിക്കുന്നത്’.
കേരളത്തെ ഞെട്ടിച്ച കൂറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരക ളിലൂടെയാണ് കുറ്റാന്വേഷണ ശാസ്ത്രത്തെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. ദുരൂഹസാ ഹചര്യത്തില്‍ നടന്നതെന്ന് കരുതപ്പെടുന്ന മനുഷ്യമരണം കൊലപാതകമാണോ, ആത്മഹത്യയാണോ, അപകടമരണമാണോ തുടങ്ങിയ കാര്യങ്ങള്‍ നിയമപാലകരും നീതിപീഠവും അന്വേഷിക്കാന്‍ തുടങ്ങുന്നത് ശവശരീരത്തില്‍ നടത്തുന്ന ഇന്‍ക്വെസ്റ്റില്‍ നിന്നാണ്. (പ്രേതപരിശോധന എന്നാണ് അദ്ദേഹം അതിനുപ്രയോഗിക്കുന്നത്). കാരണം, ഒരോമൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരി ക്കുന്നുണ്ട്. അതുവ്യക്തമായെങ്കില്‍ മാത്രമേ തുടരന്വേഷണത്തിന് അര്‍ത്ഥമുണ്ടാകൂ. ഫോറന്‍സിക് മെഡിസിന്‍ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തില്‍ കുറ്റാന്വേഷണ ത്തിന് അവലംബം. ഇതുസംബണ്‍ധിച്ച്, വളരെ അര്‍ത്ഥവത്തായ ഒരു ഉപദേശം ഡോ. ഉമാദത്തന്‍ ഹൃദ്യമായ ശൈലിയില്‍ നല്‍കുന്നുണ്ട്: ‘മരിച്ചവര്‍ കഥ പയുന്നു. എന്നാല്‍, നിശ്ശബ്ദമായ ആ കഥാഖ്യാനം ശ്രദ്ധിക്കണമെങ്കില്‍ ഒരുഫോറന്‍സിക് സര്‍ജന്‍ ഏകാഗ്ര മായ മനസ്സോടെ പഞ്ചേന്ദ്രിയങ്ങളും വ്യാപരിപ്പിക്കണം’. അതേസമയം, അത്യധികം സങ്കീര്‍ണ്ണമായ ചില കേസുകളില്‍ തന്റെ ‘ആറാംഇന്ദ്രിയ’വും കൂടി പ്രവര്‍ത്തിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഉമാദത്തന്‍ വ്യക്തമാക്കുന്നുണ്ട്.
ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരന്‍ തന്റെ ഔദ്യോഗിക ജീവിത ത്തിലെ അന്വേഷണാനുഭവങ്ങള്‍ വളച്ചുകെട്ടില്ലാതെയാണ് പങ്കുവെക്കുന്നത്. മിസ് കുമാരിയുടെ മരണം, ചാക്കോവധം, സുകുമാരക്കുറുപ്പ് കേസ്, പാനൂര്‍സോമന്‍ കേസ്, പോളക്കുളം പീതാംബരന്‍ കേസ്, രാമങ്കരി സോമന്‍കേസ്, റിപ്പര്‍ കൊലപാതകങ്ങള്‍ തുടങ്ങി അഭയാകേസ് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍, അവയുടെ അന്വേഷകനായിരുന്ന ഗ്രന്ഥകാരന്‍ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പി ക്കുന്നു. നാല്പത്തിയൊന്ന് അദ്ധ്യായങ്ങളിലായാണ്, ഡോക്ടര്‍ തന്റെ അനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ കോറിയിട്ടിരിക്കുന്നത്. വിജിലന്‍സ് ഡയരക്ടറും ഡിജിപിയുമായി രുന്ന ശ്രീ കെ.പി.സോമരാജന്‍ ഐ.എ.എസാണ് പുസ്തകത്തിന് അവതാരിക എഴുതി യിരിക്കുന്നത്. കേരളത്തിന്റെ മുന്‍ ചീഫ്‌സെക്രട്ടറി ശ്രീ. സിപി നായര്‍ ഐ.എ.എസ് ‘സഫലമീയാത്ര’ എന്ന പേരില്‍ എഴുതിയ പഠനാര്‍ഹമായ നിരൂപണവും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
നിങ്ങള്‍ വായിക്കുന്നവരാണെങ്കില്‍, പുസ്തകവായന നിങ്ങള്‍ക്ക് താല്‍പര്യമുള്ള കാര്യ മാണെങ്കില്‍, ഈ പുസ്തകം നിര്‍ബന്ധ ബുദ്ധിയോടെ വായിച്ചേ മതിയാകൂ. വിദ്യാര്‍ത്ഥി കള്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, കൗണ്‍സിലര്‍മാര്‍, മാതാപിതാക്കള്‍, സാമൂഹിക പ്രവര്‍ ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അന്വേഷണച്ചുമതലയുള്ളവര്‍ തുടങ്ങി നിങ്ങള്‍ ആരാ യാലും എല്ലാവര്‍ക്കും നിര്‍ബന്ധമാണ് ഇതിന്റെ വായന എന്ന് അഭിപ്രായപ്പെടുന്നു. ഓരോ അദ്ധ്യായങ്ങളും വീര്‍പ്പടക്കി വായിക്കുന്ന ആസ്വാദകനെ, തീരേഅപ്രതീക്ഷിത മായ, ഒരുക്ലൈമാക്‌സായിരിക്കും മിക്കപ്പോഴും കാത്തിരിക്കുന്നത്!
‘കേസുകള്‍ തെളിയിക്കപ്പെടാതിരിക്കുന്ന കാരണങ്ങളെപ്പറ്റിയുള്ള അന്വേഷണമധ്യേ വസ് തുതകള്‍ സൂക്ഷ്മമായി പരിശോധിക്കുന്ന അവസരങ്ങളില്‍ സംശയങ്ങളുടെ നിഴലുകള്‍ ആരുടെമേല്‍ പതിച്ചാലും-അത് അന്വേഷണ ഉദ്യോഗസ്ഥനായാലും മൃതദേഹം പരിശോ ധിച്ച ഡോക്ടറായാലും-ആ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും കുറ്റക്കാരെ തുറന്നുകാട്ടു ന്നതിനും ഒരുവിട്ടുവീഴ്ചക്കും ഉമാദത്തന്‍ തയ്യാറായിട്ടില്ല’ എന്ന് അവതാരികയില്‍ ശ്രീ. സോമരാജന്‍ വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹം തുടരുന്നു: ‘അനവധി സങ്കീര്‍ണ്ണങ്ങളായ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതിനും തെളിവുകളുടെ സൂക്ഷ്മ നിരീക്ഷണങ്ങളിലൂ ടെയും അവയുടെ വസ്തുനിഷ്ടവും ശാസ്ത്രീയവുമായ അപഗ്രഥനങ്ങളിലൂടെയും മെഡിക്കോലീഗല്‍ വിഷയങ്ങളില്‍ വിദഗ്ദ്ധാഭിപ്രായം നല്‍കുന്നതിനും ഡോ.ഉമാദത്തനു കഴിഞ്ഞു എന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്……തിരിച്ചറിയാന്‍ കഴിയാത്ത തും അസ്ഥിമാത്രശേഷവുമായ മൃതദേഹങ്ങളുടെ തലയോട്ടിയില്‍നിന്നും ഒരു മാജിക്കു കാരനെപ്പോലെ മുഖങ്ങള്‍ സൃഷ്ടിക്കുന്നതില്‍ (Superimposition) അസാമാന്യമായ കഴിവ് ഡോ. ഉമാദത്തന്‍ സ്വായത്തമാക്കിയിട്ടുണ്ട്.’
ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ പസ്പരം തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വളരെ ലളിതമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സ്വയം കുത്തുന്നതുവഴി യോ മറ്റൊരാള്‍ കുത്തുന്നതുകൊണ്ടോ ഉണ്ടാകുന്ന മുറിവുകള്‍ തമ്മില്‍ തിച്ചറിയാനുള്ള അടയാളങ്ങള്‍ വ്യക്തമാക്കുന്നു. വെടിയേറ്റുള്ള മരണം സംഭവിച്ചത്, സ്വയം വെടിയുതിര്‍ ത്തതിനാലോ മറ്റൊരാളുടെ വെടിയേറ്റതിനാലോ എന്നത്, ശരീരത്തില്‍ ഉണ്ടായിട്ടുള്ള മുറിവുകളുടെയും ദ്വാരങ്ങളുടെയും വ്യത്യാസങ്ങലൂടെ തിരിച്ചറിയാം. വെടിയുണ്ട ഏതു തോക്കില്‍ നിന്ന് എത്ര അകലത്തില്‍ നിന്ന് ഏതു രീതിയില്‍ പ്രയോഗിച്ചു എന്നു തുടങ്ങി ഒരാള്‍ക്കും ഊഹിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് വ്യത്യസ്ത സംഭവങ്ങളി ലൂടെ, തെളിവുകള്‍ നിരത്തി തെളിയിച്ചിരിക്കുന്നത്. ഇത്തരമൊരു കഴിവിന്റെ അപാരത വായനക്കാരെ വിസ്മയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യും. കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയവ കൊണ്ട് വിവേകം നഷ്ടപ്പെട്ട് വികാരജീവിയായി മാറുന്ന മനുഷ്യന്‍ ചെയ്തുകൂട്ടുന്ന ദാരുണകൃത്യങ്ങളുടെ ഭയാനകചിത്രങ്ങള്‍ നമ്മെ അക്ഷാര്‍ത്ഥ ത്തില്‍ ഞെട്ടിക്കും. കുറ്റവാളികളായി മാറുന്നവര്‍ എത്രമാത്രം കുടിലമനസ്‌കരാണ് എന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുക തന്നെ ചെയ്യും.
‘സഫലമീയാത്ര’യില്‍ ശ്രീ സിപിനായര്‍ എഴുതുന്നു: ‘ഉമാദത്തന്‍ കഥാതന്തു അനാവര ണം ചെയ്യുന്നതും ക്രമാനുഗതമായി അതുമുമ്പോട്ട് കൊണ്ടുപോകുന്നതും ഒരു മികച്ച അപസര്‍പ്പക നോവലിസ്റ്റിനുപോലും അസൂയ തോന്നുന്ന അവതരണ ചാതുരി യോടെ യാണ്. സ്‌തോഭജനകമായ ഈ ആഖ്യാനരീതി, ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ തോന്നു ന്ന, ഒരുഷെര്‍ലോക് ഹോംസ് നോവലിന്റെ രസനീയത, അദ്ദേഹത്തിന്റെ കൃതിക്കു നല്‍കുന്നു. ശാസ്ത്രീയമായ കുറ്റാന്വേഷണത്തിന്റെ പരിമിതികളെക്കുറിച്ച് തികച്ചും ബോധ വാനായ ഡോ.ഉമാദത്തന്‍ നല്‍കുന്ന വളരെ വിലപ്പെട്ട മുന്നറിയിപ്പ് ഇതാണ്: ‘ഒരു നല്ല കുറ്റാന്വേഷകന്‍ ഒരിക്കലും ഒരുതെളിവിനെമാത്രം അവലംബിക്കുവാന്‍ പാടില്ല. മെഡി ക്കല്‍ തെളിവുകളും ശാസ്ത്രീയമായ മറ്റുതെളിവുകളും അന്വേഷണത്തില്‍ വെളിവാ കുന്ന വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അവയെ തിരസ്‌കരിക്കുകതന്നെ വേണം. ശാസ്ത്രത്തിനും ശാസ്ത്രജ്ഞനും തെറ്റുപറ്റാം’ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണാധിയായിരുന്ന കാലത്ത് ലിബിയന്‍ അറബ് റിപ്പ ബ്‌ളിക്കില്‍, മെഡിക്കോ ലീഗല്‍ കണ്‍സള്‍ട്ടന്റായി സേവനം ചെയ്ത, ഏഴുവര്‍ഷക്കാ ലത്തെ ജീവിതാനുഭവങ്ങള്‍ വളരെ സരസവും മനോഹരവുമായാണ് ഉമാദത്തന്‍ വിവരി ക്കുന്നത്. ഒരിക്കലും തെളിയിക്കപ്പെടാന്‍ സാധ്യതയില്ലാതിരുന്ന ചിലകേസുകളില്‍, ഫോറന്‍സിക് പരിശോധനയിലൂടെ, വളരെ സൂക്ഷ്മമായ അന്വേഷണം നടത്തുകയും വ്യക്തമായ തെളിവുകള്‍ നിരത്തി യഥാര്‍ത്ഥ കുറ്റവാളിയെ പിടികൂടുകയും ചെയ്ത സംഭവംഭരണകര്‍ത്താക്കളെയും മേലധികാരികളെയും വിസ്മയിപ്പിച്ചത് ഹൃദയഹാരി യായി ഡോക്ടര്‍ എടുത്തുപറയുന്നുണ്ട്.
തികച്ചും വിരസമായേക്കാവുന്ന ഒരു ആത്മകഥാപ്രപഞ്ചത്തെ അപൂര്‍വ്വമായ ചാരുത യോടെ നല്ല വയനാനുഭവമാക്കി മാറ്റുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിട്ടുണ്ട്. കഥാബീ ജത്തെ അനാവരണം ചെയ്യുന്നതിലും ഉദ്വേഗവും സ്‌തോഭവും ജനിപ്പിക്കുന്ന ഇതിവൃത്ത ത്തെ ഹൃദ്യവും ചാരുതയുമാര്‍ന്ന ആഖ്യാനരീതിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച മാസ്മരികത അനന്യലബ്ദമാണ്. ആത്മഹത്യ, കൊലപാതകം, ഉരുട്ടല്‍, വിഷബാധ, എക്‌സ്ഹ്യൂമേഷന്‍, സൂപ്പര്‍ ഇമ്പൊസിഷന്‍, ബാലിസ്റ്റികസ്, ദുരൂഹമരണം, അജ്ഞാത മൃതദേഹം, ബലാല്‍സംഗം, ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ, ക്രോസ് വിസ്താരം, നീതിപീഠങ്ങളില്‍ എത്തുന്ന ഒരേകേസിന്റെ വ്യത്യസ്ത വാദ-പ്രതിവാദങ്ങള്‍, വിധികള്‍ വ്യത്യാസപ്പെടുന്ന രീതി തുടങ്ങി നിരവധി വിഷയങ്ങള്‍ സരസവും വിജ്ഞാനപ്രദവുമായി പഠിച്ചെടുക്കാന്‍ പഠനതല്‍പരര്‍ക്ക് സാധിക്കും.
ഡോ. ബി ഉമാദത്തന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ്സും എംഡിയും നേടിയശേഷം 1969ല്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേ ജുകളില്‍ പ്രൊഫസറും വകുപ്പ് തലവനും പോലീസ് സര്‍ജനുമായി പ്രവര്‍ത്തിച്ചു. 1995ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായ അദ്ദേഹം മെഡിക്കല്‍ വിദ്യാ ഭ്യാസ ഡയരക്ടര്‍ പദവിയില്‍ നിന്ന് 2001ല്‍ റിട്ടയര്‍ ചെയ്തു. ഗവ.മെഡിക്കോ ലീഗല്‍ എക്‌സ്‌പേര്‍ട്ട് ആന്റ് കണ്‍സള്‍ട്ടന്റ്, കേരള പോലീസിന്റെ മെഡിക്കോ ലീഗല്‍ ഉപദേ ശകന്‍, ലിബിയന്‍ സര്‍ക്കാറിന്റെ മെഡിക്കോ ലീഗല്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഉമാദത്തന്‍, അമൃത ഇന്‍സ്റ്റിറ്റിയുട്ടില്‍ ഫോറന്‍സിക് മെഡിസിന്‍ പ്രൊഫ സറും വകുപ്പ് തലവനുമായിരിക്കേ 2019 ല്‍ നിര്യാതനായി. നിരവധി ശാസ്ത്രീയ ലേഖന ങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ‘കുറ്റാന്വേഷണ ത്തിലെ വൈദ്യശാസ്ത്രം’ മറ്റൊരു പ്രധാന പുസ്തകമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല