ഒസ്സാൻ കുഞ്ഞാമുക്കാൻ്റെ ഒന്നാം വരവ്

0
322

ഓർമ്മക്കുറിപ്പ്

അഹ്മദ് കെ മാണിയൂർ

ജോലിക്ക് പോകുന്നതിനുള്ള ഒരുക്കത്തിനിടെയാണ്, ജാമാതാവ് ശുഐബ് വിളിക്കുന്നത്. മോൻ അസുവിൻ്റെ സുന്നത്ത് ചെയ്യുകയാണെന്നും നേരത്തേ അറിയിക്കാൻ വിട്ടുപോയതിൽ ഖേദമുണ്ടെന്നുമായിരുന്നു ഫോൺ കോളിൻ്റെ ചുരുക്കം. സുന്നത്ത് കർമ്മം നിർവ്വഹിക്കുന്നത് കുഞ്ഞിൻ്റെ മൂത്താപ്പയും മറ്റൊരു ജാമാതാവുമായ ഡോ. അബൂബക്കറാണ്. ഡോക്ടർമാർക്ക് ഇപ്പോഴത്തെ ഞായറാഴ്‌ചകൾ സുന്നത്ത് കർമ്മങ്ങളുടെ തിരക്കാണത്രെ ! പണ്ട് ഒസ്സാൻമാരായിരുന്നുവല്ലോ ഇതൊക്കെ ചെയ്തിരുന്നത്. ഇപ്പോൾ അവർ ഈ പണിക്ക് തയ്യാറല്ല. സത്യത്തിൽ, ഇവിടെ ഇത്, ഒരു നിയോഗവും ഭാഗ്യവുമാണ് ! സുന്നത്ത് കർമ്മം എന്നത് ചേലാകർമ്മം, മാർക്കം ചെയ്യൽ, സുന്നത്ത് കല്യാണം എന്നിങ്ങനെയും അറിയപ്പെടുന്നു. ഇത് പറഞ്ഞപ്പോഴാണ് ഒസ്സാൻ കുഞ്ഞാമൂക്കാനെ ഓർത്തത്. മനസ്സും ഓർമ്മകളും അര നൂറ്റാണ്ട് പിന്നിലേക്ക് ത്വരിതഗമനം നടത്തുയായിരുന്നു.

മുണ്ടേരി മബാദിഉൽ ഉലൂം മദ്റസയുടെ തെക്കുഭാഗത്തായിരുന്നു കുഞ്ഞാമുക്കാൻ്റെ വീട്. ‘ഒസ്സാൻ്റെ പൊര’ എന്നാണ് അത് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിൻ്റെ അനുജന്മാരായ അവുളയും ഇസ്മായിലുമൊക്കെ പരിചയക്കാരാണ്. ഉപ്പാൻ്റെ നാടാണ് മുണ്ടേരി. ഉപ്പാൻ്റെ കുടുബക്കാരും സുഹൃത്തുക്കളുമെല്ലാം മുണ്ടേരിയിലാണ്. 70 കളിൽ മൂന്നു വർഷത്തോളം മുണ്ടേരിയിൽ, ഉപ്പാൻ്റെ തറവാട്ടു വീട്ടിൽ താമസിച്ചാണ്, അരൂംഭാഗം പള്ളിദർസിലും മുണ്ടേരി സെൻട്രൽ യു.പി സ്കൂളിലും കൂടാളി ഹൈസ്കൂളിൽ എട്ടാം ക്ലാസിലും പഠിച്ചത്. പിന്നീട് പ്രവാസിയാകുന്നതുവരെ എല്ലായ്പോഴും അവിടെ ബന്ധമുള്ളതുകൊണ്ട് ഇവരെയെല്ലാം നന്നായി പരിചയമുണ്ട്. ഇപ്പോഴും നാട്ടിൽ പോയാൽ ഉപ്പാൻ്റെ കുടുംബത്തിൽ സന്ദർശനം നടത്താറുണ്ട്. കുഞ്ഞാമൂക്കയും അവുളക്കയും ഇസ്മായിലുമൊക്കെ പണ്ടേ മരിച്ചു പോയിട്ടുണ്ട്.

അക്കാലത്ത് ശൈശവത്തിൽ കുട്ടികളുടെ സുന്നത്ത് നടത്തുന്ന പതിവ് പൊതുവെ ഇല്ലായിരുന്നു. 8,10,12,15 വയസ്സുവരെ കാത്തിരുന്ന ശേഷം വീട്ടിൽ വെച്ചു തന്നെയാണ് ‘മാർക്കം ചെയ്യൽ’ നടന്നിരുന്നത്. ‘മാർക്കക്കല്ല്യാണം’ എന്നാണ് അന്നു പറഞ്ഞിരുന്നത്. കുടുംബ-ബന്ധു മിത്രാദികളും നാട്ടുകാരുമെല്ലാം മാർക്കക്കല്യാണത്തിനു ക്ഷണിക്കപ്പെടും. നല്ല സദ്യയും ഉണ്ടാകും. മാർക്കം ചെയ്യപ്പെടുന്ന ബാലനെ പുതുവസ്ത്രം അണിയിച്ച് ‘കൊച്ചു പുതിയാപ്പിള’ യാക്കി ജനസമക്ഷം ഹാജരാക്കും. എല്ലാവരും കുട്ടിയെ ശിരസ്സ് തലോടിയും ഹസ്തദാനം ചെയ്തും സമ്മാനങ്ങളും മറ്റും നൽകിയും ആശീർവ്വദിക്കും. സമ്മാനങ്ങളുടെ കൂട്ടത്തിൽ കാശും ഉണ്ടാകും.

പിന്നെ കൂട്ടത്തിൽ നിന്ന്, ബന്ധപ്പെട്ട ഒരാൾ, നിശ്ചിത സ്ഥലത്ത് കരയിൽ ഇരുന്ന്, പയ്യനെ വിവസ്ത്രനാക്കി, മടിയിൽ ഇരുത്തും. അയാളുടെ രണ്ടു കാലുകൾ കൊണ്ട് പയ്യൻ്റെ കാലുകളും, കൈകൾ കൊണ്ട് അവൻ്റെ രണ്ടു കൈകളും കണ്ണുകളും നെഞ്ചും കോർത്ത് പിടിച്ച് ബന്ധിച്ചിരിക്കും. ഇളകാനോ പിടക്കാനോ കാണാനോ കഴിയില്ല. വലിയ ബെഡ്ഷീറ്റോ പുതപ്പോ മറ്റോ ഉപയോഗിച്ച്, ആളുകൾ ചുറ്റും മറച്ചുപിടിച്ച്, മറ കെട്ടിയിട്ടുണ്ടാകും. തൻ്റെ പണി സ്സാധനങ്ങളുമായി ഒസ്സാൻ കടന്നു വരുന്നതോടെ, അവിടെ കൂടിയിരിക്കുന്ന ജനങ്ങളെല്ലാം കൂടി ‘യാനബീ സലാം’ എന്ന ഗാനം ഉച്ചത്തിൽ ആലപിക്കും. അതിനെത്തുടർന്ന് ‘അശ്റഖ ബൈത്താ’ണ് ചൊല്ലുക. ഒസ്സാൻ തൻ്റെ പ്രത്യേക കത്തിയുമായി കുട്ടിയുടെ മുന്നിൽ നിലത്ത് പടിഞ്ഞിരിക്കുകയും അവൻ്റെ ലിംഗാഗ്രം പിടിച്ചു വലിച്ചു ശരിയാക്കി, പെട്ടെന്ന് മുറിച്ചു കളയുകയും ചെയ്യും. ഞൊടിയിൽ കാര്യം കഴിഞ്ഞിരിക്കും ! ചില കുട്ടികൾ സ്വയം പേടിച്ചും വേദനിച്ചും നിലവിളിക്കും. ‘അശ്‌റഖ’യുടെ ശബ്ദത്തിൽ അത് ആരും കേൾക്കാതെ പോകും.

അഞ്ചാം തരം കഴിഞ്ഞ ഒരു പത്തു വയസ്സുകാരൻ്റെ ‘മാർക്കം ചെയ്യൽ’ അഥവാ മാർക്കക്കല്യാണം 1970 മെയ് 15 ഞായറാഴ്ചയായിരുന്നു. അവൻ്റെ പ്രത്യേക സ്ഥിതിയെക്കുറിച്ച് അവൻ്റെ ഉപ്പ പറഞ്ഞതു കൊണ്ടാവണം, പ്രത്യേക പരിശോധനക്കു വേണ്ടിയാണ് തലേന്ന് ശനിയാഴ്ച ഒസ്സാൻ കുഞ്ഞാമുക്ക ആദ്യമായി അവൻ്റെ വീട്ടിൽ വന്നത്. അവൻ്റെ ഉപ്പാൻ്റെ അടുത്ത സുഹൃത്തായിരുന്ന കുഞ്ഞാമുക്ക വളരെ ശാന്തസ്വഭാവിയും രസികനുമായിരുന്നു. അദ്ദേഹം ആ പത്തു വയസ്സുകാരൻ പയ്യനെ വിളിച്ച് വീടിൻ്റെ പിന്നാമ്പുറത്ത് കൊണ്ടുപോവുകയും ചുമരിൽ ചാരിനിർത്തി, തുണി പൊക്കി നോക്കി, പ്രത്യേക പരിശോധന നടത്തുകയും ചെയ്തു. അവൻ്റെ ലിംഗാഗ്രം ജന്മനാ ഛേദിക്കപ്പെട്ട നിലയിലായിരുന്നു. സുന്നത്ത് ചെയ്യേണ്ടി വരില്ല എന്ന അഭിപ്രയവും നിലനിന്നിരുന്നു. അതിനാലായിരുന്നു ഒസ്സാൻ്റെ ഈ ഒന്നാം വരവും പ്രത്യേക പരിശോധനയും. യാതൊരു പ്രശ്നവുമില്ലെന്നും വളരെ ലളിതമായി കാര്യങ്ങൾ നടത്താമെന്നും അദ്ദേഹം ഉടനെ പ്രഖ്യാപിച്ചു. ആ ഒന്നാം വരവും പ്രഖ്യാപനവുമാണ് അന്നത്തെ ആ പത്തു വയസ്സുകാരന് ആവേശവും ഊർജ്ജവും നൽകിയത്. അതുകൊണ്ടു തന്നെ, മൂലക്കൽ അബ്ദുറഹ്മാനിക്കാക്കാൻ്റെ മടിയിൽ അച്ചടക്കത്തോടെ ഇരുന്ന്, സ്വന്തം ലിംഗാഗ്രം കുഞ്ഞാമൂക്ക മുറിച്ചു നീക്കുന്നത് ശാന്തമായും അത്ഭുതത്തോടെയും നേരിടാൻ അവനു കഴിഞ്ഞിട്ടുണ്ട്!

പിന്നീട് വീട്ടിനകത്തെ ഒരു ചെറിയ മുറിയിൽ ആ ബാലൻ മലർന്നു കിടന്നു. അവൻ്റെ മടിക്കുത്തിന് മുകളിൽ ഒരു തുണി ഉയർത്തിക്കെട്ടി മറച്ചിരുന്നു. മുറിക്കപ്പെട്ട ഭാഗത്ത് തട്ടാതിരിക്കാൻ തുണിയിൽ ചെറിയ നാട കൊണ്ട് കെട്ടി ഉയർത്തി മച്ചിൻ്റെ മുകളിൽ ബന്ധിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് വെള്ളരിയും മറ്റു ചില പച്ചക്കറികളും സൂക്ഷിക്കുന്നതിൻ്റെ ഭാഗമായി മച്ചിൽ കെട്ടിത്തൂക്കിയതും കാണാമായിരുന്നു. അതെല്ലാം നോക്കിയും എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടും ആ പയ്യൻ മലർന്നു കിടന്നു. ആദ്യത്തെ മൂന്നു ദിവസം തുടർച്ചയായും പിന്നെ ഒന്നിടവിട്ട ദിവസങ്ങളിലും കുഞ്ഞാമൂക്ക വന്നു പോയിരുന്നു. ഛേദിക്കപ്പെട്ട ഭാഗത്ത് പ്രത്യേക മരുന്നുകൾ പുരട്ടുകയും നേരിയ തുണിക്കഷ്ണം കൊണ്ട് കെട്ടുകയും വിവിധ തരം പച്ചമരുന്നുകൾ ചേർത്തുണ്ടാക്കിയ പ്രത്യേക ലായനി ഒഴിച്ച് കഴുകയും ചെയ്തിരുന്നു. എല്ലാ ദിവസവും നടന്നിരുന്ന ഈ ശുദ്ധീകരണ പ്രക്രിയ ‘ധാരപാരൽ’ എന്നറിയപ്പെട്ടു.

മാർക്കം ചെയ്യപ്പെട്ട ശേഷം മലർന്നു കിടന്ന് സ്വപ്നം കാണാൻ നല്ല രസമാണ്. അത്തരം കുട്ടികൾക്ക് ആ പ്രത്യേക കാലയളവിൽ പ്രത്യേക പരിഗണനയാണ്. വീട്ടിൽ പട്ടിണിയായാലും മാർക്കം ചെയ്തു കിടക്കുന്ന മോന് സുലഭമായി തിന്നാനും കുടിക്കാനുമുണ്ടാകും. നേരത്തേ മാർക്കം ചെയ്യപ്പെട്ട ചങ്ങാതിമാരായ താഴൽ അബ്ദുറഹ്മാനും തോട്ടോൻ അബ്ദുല്ലയും ഉൾപ്പെടെയുള്ള കുട്ടികൾ സന്ദർശകരായി എത്തിയിരുന്നു. അവർക്കുണ്ടായ അനുഭവങ്ങളും അവർ ചെയ്ത സാഹസങ്ങളുമൊക്കെ വിളിച്ചു പറഞ്ഞ് അവർ അഭിമാനം കൊണ്ടു. അത്തരം വർത്തമാനങ്ങൾ ആ പത്തു വയസ്സുകാരൻ പയ്യന് ആവേശം നൽകുകയും ചെയ്തിരുന്നു.

ഇപ്പോൾ ധാര പാരലൊന്നും ആർക്കും അറിയില്ല. കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ നടക്കുന്നു. അനുജന്മാരെ ആശുപത്രിയിൽ കൊണ്ടുപോയാണ് സുന്നത്ത് ചെയ്തത്. ഇപ്പോഴത്തെ മാർക്കം ചെയ്യൽ ശൈശവത്തിലായതിനാൽ രണ്ടു മൂന്നു ദിവസം കരച്ചിലും നിലവിളിയും തന്നെയായിരിക്കും. തിന്നാനും കുടിക്കാനും തയ്യാറാവാതെ കുട്ടികൾ വീറും വാശിയും കാണിച്ചെന്നിരിക്കും. സ്വപ്നം കാണുക എന്നത് തീരേ അറിയില്ല. മുൻ അനുഭവസ്ഥരായ ചങ്ങാതിമാരും ഇല്ല. സദ്യ, ഹസ്തദാനം, ആശീർവ്വദിക്കൽ, ബൈത്ത് ചൊല്ലൽ, തുടങ്ങിയവയൊന്നും ഇപ്പോൾ ഇല്ല. എവിടെ, എന്ത് മാർക്കക്കല്ല്യാണം ?

അങ്ങനെ, രണ്ടാഴ്ച കഴിഞ്ഞ്, ആ പത്തു വയസ്സുകാരൻ കുളിച്ചു ശുദ്ധിയായി പള്ളിയിൽ പോയി. സുന്നത്ത് നിർവ്വഹിക്കപ്പെട്ട കുട്ടികൾ പിന്നീട് കുളിച്ചു ശുദ്ധിയായി പള്ളിയിൽ നിസ്കാരത്തിന് പോകൽ പ്രധാന ചടങ്ങാണ്. ആ ദിവസം അടുത്ത കുടുംബക്കാരും ബന്ധുക്കളും മറ്റും എത്തിച്ചേരുകയും ചെയ്യും. മിക്കവാറും വെള്ളിയാഴ്ച ജുമുഅ നിസ്കാരമാണ് ഈ ചടങ്ങിനു തിരഞ്ഞെടുക്കുക. അല്ലാത്ത ദിവസങ്ങളിലാണെങ്കിൽ ളുഹ്റിനു (മധ്യാഹ്ന നിസ്കാരം) പോകുന്നു. പള്ളിയിലേക്കു പോകുമ്പോൾ ഉപ്പാക്കുടുംബം കൊണ്ടുവന്ന വസ്ത്രം ധരിക്കൽ മറ്റൊരു മര്യാദയാണ്. കൂടാതെ, പുതിയ വസ്ത്രങ്ങളും സമ്മാനങ്ങളും മറ്റും അന്ന് എത്തിച്ചേരുന്ന ബന്ധുമിത്രാദികളിൽ നിന്ന് അവനു ലഭിക്കുകയും ചെയ്യും. അങ്ങനെ ജൂൺ ഒന്നിന് മുണ്ടേരിയിലെ ഉപ്പാൻ്റെ തറവാട്ടിലേക്കു പോയ ആ കൊച്ചുബാലൻ, മുണ്ടേരി മൊട്ടയിലുള്ള സെൻട്രൽ യു.പി സ്കൂളിലും അരൂംഭാഗം ദർസിലും ആറാംതരം വിദ്യാർത്ഥിയായി ചേരുകയും ചെയ്തു.

മാർക്കക്കല്ല്യാണം ഇപ്പോൾ ‘സുന്നത്തു കർമ്മം’ ആണ്. ചേലാകർമ്മം ചെയ്യപ്പെടുന്ന കുഞ്ഞിനാവട്ടെ ഒന്നും അറിയില്ല. എന്തോ വല്ലാതെ വേദനിപ്പിച്ചതിൽ പ്രതിഷേധിച്ചും വാശിപിടിച്ചും കരയുന്നു. രക്ഷിതാക്കൾ രണ്ടുദിവസം അസ്വസ്ഥരായിത്തീരുകയും ചെയ്യുന്നു. ചെലവുകൾ പൊതുവെ കുറവായതിനാൽ അതിലാണ് എല്ലാവർക്കും താല്പര്യവും. പഴയതും പുതിയതും താരതമ്യം ചെയ്ത് ഗുണദോഷങ്ങൾ കണ്ടെത്തിയിട്ട് ഇപ്പോൾ എന്തുകാര്യം, അല്ലേ?


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here