(ലേഖനം)
പ്രസന്നന്‍ ബങ്കളം
ദക്ഷിണ കേരളത്തിലെ ഒരു പ്രമുഖ കോളേജില്‍ അവരുടെ കലോത്സവ വേദിയില്‍ ഏറെ നേരം ആസ്വാദകനായി ഇരിക്കാന്‍ എനിക്ക് ‘ഭാഗ്യം ലഭിച്ചു’. എന്ത് കൊണ്ടാണ് ‘ഭാഗ്യം ലഭിച്ചു’ എന്നെഴുതിയത് എന്നാവും ചോദ്യം. അത്തരം വേദികള്‍ ഇനി ഒരിക്കലും എനിക്ക് തിരിച്ചു പോകാന്‍ കഴിയാത്ത ബാല്യ കൗമാരങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകാറുണ്ട്. ചെറുപ്പം മുതലേ കലയും സാഹിത്യവും ഹൃദയത്തില്‍ കൊണ്ട് നടന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ കലാകാരനോ, സാഹിത്യകാരനോ ആകാന്‍ എനിക്ക് സാധിച്ചതുമില്ല. അതിന്റെ വേദന എന്റെ ഹൃദയത്തില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. എന്നിരുന്നാലും കലയോടും സാഹിത്യത്തോടുമുള്ള എന്റെ ഭ്രാന്തമായ അഭിനിവേശം അതുപോലെ നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെയായിരിക്കാം കായിക വേദികളെക്കാള്‍ കലോത്സവ മൈതാനങ്ങള്‍ എന്നെ ഏറെ ആഹ്ലാദഭരിതനാക്കുന്നത്.
രാമായണ ശീലുകള്‍ പെയ്തിറങ്ങുന്ന കര്‍ക്കടക മാസത്തിലെ മഴ മാറി നിന്ന പകലില്‍ ‘തകര്‍ന്ന മനസ്സുകള്‍ക്ക് സാന്ത്വനമേകീടുന്നതാണ് കല’ എന്ന ‘വിന്‍സന്‍ വാന്‌ഗോ’വിന്റെ പ്രശസ്തമായ ഉദ്ധരണി കടമെടുത്തു കൊണ്ടായിരുന്നു ഒരു സഹോദരി സ്വാഗത പ്രഭാഷണമാരംഭിച്ചത്. തുടര്‍ന്ന് ആ ചടങ്ങ് ധന്യമാക്കുവാന്‍ അവിടെ എത്തി ചേര്‍ന്ന ബഹുമുഖ വ്യക്തിത്വങ്ങളെ ഹൃദയ പൂര്‍വ്വം വേദിയിലേക്ക് സ്വാഗതം ചെയ്തു. നമ്മുടെ കലാലയങ്ങളെ ‘കണ്ണില്‍ ചോരയില്ലാത്ത ലഹരി’ പിടി മുറുക്കി കൊണ്ടിരിക്കുന്നൊരു അന്തരീക്ഷത്തിലാണ് അവിടെ രാഗ ഭാവ താള ലയങ്ങള്‍ മാറ്റുരക്കുവാന്‍ പോകുന്നത് എന്നത് കൊണ്ടാവാം ഉല്‍ഘാടന പ്രസംഗം നടത്തിയ മലയാളത്തിലെ പ്രമുഖ നടനും തുടര്‍ന്ന് സംസാരിച്ച കോളേജ് മേധാവിക്കും ‘ലഹരി തൊടാതെ’ തങ്ങളുടെ പ്രഭാഷണം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ എന്ത് കൊണ്ട് ഇങ്ങനെയെന്ന എന്റെയും എന്നെ പോലെ അവിടെ കൂടി നിന്ന പലരുടെയും ചോദ്യത്തിനുള്ള ഉത്തരം കൂടി ആയിരുന്നു അവരുടെ പ്രഭാഷണങ്ങള്‍.
കലാലയ മനസ്സുകള്‍ ലഹരിയിലമരുന്ന വേദന കാണികളോട് പങ്ക് വച്ച നടന്‍ പക്ഷെ തുടര്‍ന്നു പറഞ്ഞു. ‘എങ്കിലും പഠനത്തിനിടയിലും തുടര്‍ന്നുള്ള ജീവിതത്തിലും ഇത്തിരി ലഹരിയൊക്കെ നല്ലതാണ’്. ഒരു നിമിഷം ഞാനും കൂട്ടരും ശങ്കിച്ചു നില്‍ക്കെ അദ്ദേഹം തുടര്‍ന്നു; ‘പക്ഷെ അത് പിഞ്ചു കുഞ്ഞിനോട് പോലും കണ്ണില്‍ കാമം കത്തി ജ്വലിപ്പിക്കുന്ന ലഹരിയല്ല, പ്രണയിനിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്ന ലഹരി അല്ല, സഹോദരിയെ സഹോദരനും അച്ഛന്‍ മകളെയും ഗര്‍ഭം ധരിപ്പിക്കുന്ന ലഹരിയല്ല. മറിച്ചു പഠനത്തിനിടയിലെ സമ്മര്‍ദ്ധങ്ങളില്‍ തകര്‍ന്ന് പോകുന്ന മനസ്സുകള്‍ക്ക് സാന്ത്വനമേകീടുന്ന കലയുടെ, സാഹിത്യത്തിന്റെ, സംഗീതത്തിന്റെ, വരയുടെ, അങ്ങനെ ഏതെങ്കിലും ഒന്നിന്റെ ലഹരി നിങ്ങളില്‍ ഉണ്ടാവുമ്പോ മറ്റുള്ള ലഹരികള്‍ നിങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കും’. തുടര്‍ന്നു അദ്ദേഹം മറ്റൊരു കാര്യം കൂടി ഓര്‍മിപ്പിച്ചു; അവിടെയാണ് നിങ്ങള്‍ അധ്യാപകരുടെയും നമ്മള്‍ രക്ഷിതാക്കളുടെയും പ്രാധാന്യം. നമ്മുടെ കുട്ടികളില്‍ ഉറങ്ങി കിടക്കുന്ന നന്മകളുടെ ലഹരിയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു തിന്മകളുടെ ലഹരിയെ തല്ലിക്കെടുത്താന്‍ അവരെ പ്രാപ്തമാക്കാന്‍ അധ്യാപകര്‍ക്ക് ചെറുതല്ലാത്ത റോള്‍ വഹിക്കുവാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തുടര്‍ന്നു സംസാരിച്ച കോളേജ് മേധാവിയും നടന്റെ വാക്കുകള്‍ ശരി വെക്കുന്ന അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ കലാലയ ജീവിതത്തെയും ഇന്ന് അദ്ദേഹം മേധാവി ആയിരിക്കുന്ന കോളേജ് അന്തരീക്ഷത്തെയും ഒന്ന് താരതമ്യപ്പെടുത്തി. ‘പണ്ട് ഞാനൊക്കെ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് ഒരു മാഗസിന്‍ ഇറക്കാന്‍ തീരുമാനിച്ച വിവരം നോട്ടീസ് ബോഡില്‍ പതിയേണ്ട താമസം പിന്നെ കഥയും, കവിതയും, നാടകങ്ങളുമൊക്കെയായി വിദ്യാര്‍ത്ഥികള്‍ അവരുടെ സൃഷ്ടികളുമായി ക്യു നില്‍പ്പായി. ഒരു മാഗസിന്‍ ഇറക്കുന്നിടത്തു രണ്ടും മൂന്നും മാഗസിന്‍ ഇറക്കാനുള്ള സൃഷ്ടികള്‍ ഉണ്ടാവും. ഒടുവില്‍ ‘ഇനി രചനകള്‍ സ്വീകരിക്കുന്നതല്ല’എന്നെഴുതി നോട്ടീസ് ബോഡില്‍ പതിക്കേണ്ട സ്ഥിതി വരെ ഉണ്ടാകാറുണ്ട്. ഇന്നോ എങ്ങനെയെങ്കിലും ഒരു മാഗസിന്‍ തികയ്ക്കാന്‍ ഉള്ള സൃഷ്ടിക്കായി വിദ്യാര്‍ത്ഥികളുടെ പിറകെ നടക്കേണ്ട ഗതികേടിലും. അവരാകട്ടെ ‘ആര്‍ക്കും ഉപകാരമില്ലാത്ത മറ്റെന്തിന്റെയോ’ പിറകെയുമാണ്. സായാഹ്നത്തില്‍ ആ വേദിയില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളില്‍ ഒന്നിന്റെ വിഷയം ‘മുറിവേറ്റ് കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മതേതര മനസ്സ്’ ആയിരുന്നു. ഏതാണ്ട് രണ്ടുമൂന്നു പതിറ്റാണ്ടു മുമ്പ് ഇയുള്ളവന്‍ ഹൈ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവതരിപ്പിച്ച സമ്മാനര്‍ഹമായ നിശ്ചല ദൃശ്യങ്ങളില്‍ നമ്മള്‍ അവതരിപ്പിച്ച വിഷയവും അത് തന്നെ ആയിരുന്നു. അതായത് കാലങ്ങള്‍ക്കിപ്പുറവും ഇന്ത്യയുടെ മതേതര മനസ്സിന് മുറിവേറ്റ് കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ നാളെ നാടിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടവര്‍ മയക്കു മരുന്നുകളുടെ ലഹരിയില്‍ വീണു മരിക്കുന്നു. എന്തൊരു ഭയാനകമായ അവസ്ഥ. മുകളില്‍ പ്രാസംഗികര്‍ സൂചിപ്പിച്ച പോലെ അവരെ നന്മകളുടെ ലഹരിയിലേക്ക് മടക്കി കൊണ്ട് വന്നു അവരെ നാളെ നാടിന്റെ നെടും തൂണുകളായി നിര്‍ത്താന്‍ അധ്യാപകരും, രക്ഷിതാക്കളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഗൗരവം മുന്നിട്ടിറങ്ങിയേ മതിയാവു എന്ന് വര്‍ത്തമാന കാലം നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല