ആഗ്രഹചിറകേകി മാനത്തേക്ക് പറന്നുയരാം…

2
731

ശരണ്യ എം ചാരു

പച്ചയോടാണ് ദീപ്തിയ്ക്കിഷ്ടം. നിറത്തിലായാലും വരയിലായാലും ജീവിതത്തിലായാലും പച്ചയോടാണ് പ്രണയം. അതുകൊണ്ട് തന്നെയാണ് അവരുടെ ചിത്രങ്ങളിൽ മറ്റെന്തിനെക്കാളുമേറെയായ്‌ പച്ചപ്പ് നിറഞ്ഞു നിൽക്കുന്നത്.

കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ അടുത്ത വെള്ളിയാഴ്ചവരെ പ്രദർശനം ഉണ്ടായിരിക്കുന്ന വിങ്‌സ് ഓഫ് പാഷൻ (wings of passion) എന്ന് പേര് നൽകിയ ദീപ്തി ജയന്‍റെ ചിത്രങ്ങൾക്ക് പറയാനുള്ളത് വേറിട്ടൊരു പ്രകൃതി സ്‌നേഹത്തിന്റെ കഥയാണ്.

പത്തിലധികം വർഷമായി ചെന്നൈയിൽ ജോലിയും കുടുംബവുമായ് ഫ്ലാറ്റ് ജീവിതം നയിക്കുന്ന ഒരു സ്ത്രീയ്ക്ക് നഷ്ടമാകുന്ന ചില നാട്ടിൻപുറ നന്മകളുണ്ട്, അവയുടെ പ്രതിഫലനമാണ് ദീപ്തിയുടെ ചിത്രങ്ങളിലേറിയ പങ്കും.

കാട് കാണാത്തൊരാള്‍ കാടിനെ വരയ്ക്കുന്നു, തെയ്യത്തെ നേരിൽ കണ്ടിട്ടില്ലാത്തൊരാൾ തെയ്യത്തിനെ വരകളിൽ പകർത്തുന്നു, മരുഭൂമി കാണാത്തൊരാള്‍ അതിനെ ക്യാൻവാസിൽ ആവിഷ്‌കരിക്കുന്നു. ഇത് എങ്ങനെയെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ അധ്യാപിക കൂടിയായ ദീപ്തിക്ക് പറയാനുള്ളൂ, ‘ഒരു നല്ല നിരീക്ഷകയ്‌ക്ക് ഒരു നല്ല കലാകാരി ആവാൻ കഴിയും’. സത്യമാണ്! അത്രമേൽ ആഴത്തിലുള്ള നിരീക്ഷണങ്ങൾ ആവശ്യമാണ് ചിത്രങ്ങളിൽ ജീവൻ ഉണ്ടെന്ന് തോന്നിപ്പിക്കാൻ.

അണ്ണാരക്കണ്ണൻ തേൻ കുടിക്കുന്ന ചിത്രമാണ് തന്റെ വരകളിൽ ദീപ്തിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എത്ര വില കിട്ടിയാലും, എത്ര വരകൾ ഇനി ജീവിതത്തിൽ ഉണ്ടായാലും അത് വിൽക്കാനോ, ആ പ്രിയം ഉപേക്ഷിക്കാനോ അവർ തയ്യാറല്ല. ബാല്യത്തിലേക്കും നാട്ടിൻ പുറത്തിന്റെ നിഷ്ക്കളങ്കതയിലേക്കും ഓർമ്മകളിലേക്കും തന്നെ കൂട്ടികൊണ്ട് പോകുന്ന ഏറ്റവും പ്രിയമുള്ളൊരു വരയാണവർക്കത്. ചിലർ അങ്ങനെയാണ് പ്രിയമുള്ളതൊന്നും വിട്ടു കളയാത്തവർ…

ചെറുപ്പം തൊട്ടേ വരയ്ക്കാറുണ്ടെങ്കിലും സമീപകാലത്തായി മാത്രം വര പഠിക്കാൻ ആരംഭിച്ച ആളാണ് ദീപ്തി. സജീവമായി വരയിൽ വ്യാപൃതമാവുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ. പ്രകൃതി വിഷയമാകുന്ന മികച്ച ചില ചിത്രങ്ങൾ മാത്രമാണ് ആർട്ട് ഗ്യാലറിയിലുള്ളതെങ്കിലും രണ്ടായിരത്തിൽ അതികം ചിത്രങ്ങൾ ഇതിനോടകം ദീപ്തി വരച്ചിട്ടുണ്ട്.

ചെന്നൈയിലും മറ്റ് പല സ്ഥലങ്ങളിലുമായി ഒറ്റയ്ക്കും കൂട്ടായും ഒത്തിരി പ്രദർശനങ്ങൾ ദീപ്തി നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതെന്ന് ദീപ്തി പറഞ്ഞു. മറ്റെവിടേയും തനിക്ക് ഇത്രയും പിന്തുണയും, അഭിപ്രായങ്ങളും കാണികളെയും കിട്ടിയിട്ടില്ലെന്നും അവർ കൂട്ടി ചേർത്തു. വിൽപ്പനയല്ല, കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്ന നല്ല അഭിപ്രായങ്ങളും പ്രോത്സാഹനവും തന്നെയാണ് ഒരു കലാകാരി എന്ന നിലയിൽ കൂടുതൽ ആഗ്രഹിക്കുന്നത് എന്നും അവർ പറയുന്നു.

 

2 COMMENTS

  1. Deepthi jayan.എന്ന കലാകാരി..
    ***************************

    അക്ഷരക്കൂട്ടം എന്ന ഒര് എഴുത്തകാരുടെ ഗ്രൂപ്പില്‍ ഞാനും ഒര് അംഗമായിരുന്നു.ചെറിയ ചെറിയ കവിതകളും ലേഖനങ്ങളും എഴുതി ഞാനും ആ ഗ്രൂപ്പില്‍ തുടരവെയാണ് ദീപ്തി ജയൻ എന്ന കലാകായെ പരിജയപ്പെടാനായത്….
    വരപ്പിലുള്ള കഴിവുകൊണ്ട് എല്ലാപേരുടെ മനസ്സിലും ആ കലാകാരിയുടെ സ്ഥാനം വളരെ വലുതായിരുന്നു…
    നേരിൽ കാണാനായിട്ടില്ല എങ്കിലും,ആ നിഷ്കളങ്കമായ പുഞ്ചിരിയും,ആരെയും വെറുപ്പിക്കാത്ത സംസാരരീതിയും ആ കലാകാരിയെ ഉയരങ്ങളിലെത്തിക്കാൻ സഹായിച്ചിട്ടുണ്ട് എന്നതിൽ സംശയംമില്ല…
    Jayan…നല്ലോര് ഗായകൻ കൂടിയാണ്…
    എന്നും പുഞ്ചിരിക്കുന്ന മുഖവുമായി അദ്ദ്യേഹത്തിന്റെ സമീപനവും നല്ല പിൻ തുണയുമാവണം ഈ കലാകാരിയുടെ ഉയർച്ചയെ ജനങ്ങളിൽ എത്തിക്കാനായത്….
    പ്രകൃതി ഭംഗിയും ആ ഭംഗി മനസ്സിൽ പതിഞ്ഞ ചിത്രത്തെ അതിലും ഭംഗിയും ജീവനുള്ളതുമായി പകർത്താനാകുന്നത് അഭിനന്ദനീയം തന്നെ…
    എല്ലാ വിധ നന്മകളും പ്രശക്തിയും കിട്ടി ലോകം അറിയുന്ന ഒര് കലാകാരിയാവാൻ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ…..
    ഇതുപോലൊര് കലാകാരിയെ പരിജയപ്പെടാനായതിൽ അധിയായസംന്തോഷമുണ്ട്…..
    Thanks God

LEAVE A REPLY

Please enter your comment!
Please enter your name here