‘അറിവും മലയാളവും’ പ്രകാശനം ഇന്ന്

0
430
arivum malayalavum calicut university
arivum malayalavum calicut university

കേരളീയ സമൂഹം ഏറെ ഗൌരവത്തോടെ സ്വീകരിച്ച ‘മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം’ എന്ന പുസ്തകത്തിനു ശേഷം മലയാള ഐക്യവേദി, ‘അറിവും മലയാളവും’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് ഡോ.രാജൻ ഗുരുക്കൾന് ഇന്ന് (നവംബർ 13ന്)  ഈ പുസ്തകം പ്രകാശനം ചെയ്യുന്നു. 2015-16 വർഷത്തിൽ കാലിക്കറ്റ് സർവ്വകലാശാലാ കാമ്പസിൽ നടത്തിയ ‘വിജ്ഞാനം മലയാളത്തിൽ’ എന്ന ഗവേഷണ പ്രബന്ധാവതരണ പരമ്പരയിൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളുടെ സമാഹാരമാണ് പുസ്തകം.

ശാസ്ത്രമുൾപ്പെടെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാൻ മലയാളം പ്രാപ്തമാണ് എന്ന് വിളിച്ചു പറയുകയാണ് ഈ പ്രബന്ധാവതരണ പരന്പരയിലൂടെ കാലിക്കറ്റ് സർവ്വകലാശാലയിലെ ഗവേഷകർ ചെയ്തത്. ജീവശാസ്ത്രം, കന്പ്യൂട്ടർ വിജ്ഞാനം, മാധ്യമപഠനം, ഭൌതികശാസ്ത്രം,സംസ്കാരപഠനം, സ്ത്രീപഠനം, ഫോക്ലോർ, സാഹിത്യപഠനം തുടങ്ങിയ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഭാഷാ മാനവിക വിഷയങ്ങളിലെ 18 പ്രബന്ധങ്ങളാണ് ഒരു വർഷം നീണ്ടു നിന്ന ഗവേഷണ പ്രബന്ധാവതരണ പരന്പരയിൽ അവതരിപ്പിച്ചത്. മലയാള ഐക്യവേദിയുടെ വിദ്യാർത്ഥി കൂട്ടായ്മയായ വിദ്യാർത്ഥി മലയാളവേദിയാണ് ‘വിജ്ഞാനം മലയാളത്തിൽ’ സംഘടിപ്പിച്ചത്.

കാലിക്കറ്റ് സർവ്വകലാശാല ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവ്വകലാശാല ഡയറക്ടറേറ്റ് ഓഫ് റിസർച്ച് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ആര്യഭട്ട സയൻസ് സെൻട്രൽ സെമിനാർ ഹാളിൽവെച്ച് ‘അറിവും മലയാളവും’ ഡോ.രാജൻ ഗുരുക്കൾ പ്രകാശനം ചെയ്യും. റിസർച്ച് ഡയറക്ടർ ഡോ.എം.നാസർ പുസ്തകം ഏറ്റുവാങ്ങും. കാലിക്കറ്റ് സർവകലാശാലാ രജിസ്ട്രാർ ഡോ.അബ്ദുൾ മജീദ് ടി.എ. അധ്യക്ഷത വഹിക്കും. ഡോ.കെ.എം.അനിൽ പുസ്‌തകം പരിചയപ്പെടുത്തും. ഡോ. പി.പവിത്രൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഡോ.എം.വി.നാരായണൻ, ഡോ.ബി.എസ്.ഹരികുമാരൻ തന്പി, ഡോ .ലജീഷ് വി.എൽ. എന്നിവർ സംസാരിക്കും. പ്രബന്ധം അവതരിപ്പിച്ച ഗവേഷകർക്കുള്ള മലയാള ഐക്യ വേദിയുടെ സർട്ടിഫിക്കറ്റ് ഡോ.രാജൻ ഗുരുക്കൾ നൽകും. 

LEAVE A REPLY

Please enter your comment!
Please enter your name here