കടലെടുത്തത്

0
307
archana-kadaleduthath-wp

കവിത

അർച്ചന      

അങ്ങനെ ഒരു ദിവസം
അവർ ഒരേ കടലിൻറെ
രണ്ടതിരിൽ ചെന്നിരിക്കുന്നു.
അതിലെ അവൾ തിരകളെ ചുരുട്ടി
എതിരേക്ക് കാതോർക്കുന്നു.
അവർ തുഴഞ്ഞൊഴുകിയ
കടലാസു തോണികളെ തിരയുന്നു.
കടലിന്റെ ടച്ച് സ്ക്രീനിൽ
മീനുകൾ കൊണ്ടെഴുതി വച്ച
പ്രണയഗീതങ്ങൾ ഉരസി നോക്കുന്നു.
ആഴങ്ങളിലേക്ക് നൂണ്ടിറങ്ങി കഥകളെഴുതിയ
ഇച്ചൂളി തൊണ്ടുകൾ നുണച്ചിറക്കുന്നു .
തിരയവളെ തീരത്തേക്ക് വലിച്ചെറിയുന്നു.
കൈ നിറയെ ഉടൽ മണമുള്ള ചെതുമ്പൽ.

തിര മുറിയുമ്പോൾ ഒരു കടൽ
ദൂരെക്ക് വീണ്ടും ചൂഴ്ന്നിറങ്ങുന്നു.
അയാൾ തന്നെ കുറിച്ച് പാടുകയാണെന്നും എഴുതുകയാണെന്നും
അടർന്നു വന്ന മീൻകണ്ണിനോട് നുണ പറയുന്നു.

കവിതകളെഴുതി തേങ്ങാ കൊട്ടിലാക്കി അക്കരേക്കൊഴുക്കുന്നു.
കരയെ കടലെടുത്ത രാത്രിയിൽ
ഉച്ചത്തിലൊരു ശംഖൂതി അയാൾ കേൾക്കാൻ ശഠിക്കുന്നു.

അവരൊരുമിച്ച ഒഴുക്കുകൾ
കടലമ്മയോട് കിതച്ച് പാടുന്നു.
കേൾക്കാണ്ടായാൽ നീ തോറ്റവളെന്നെഴുതി
അവിടുന്നും കുതറിമാറുന്നു.

കടലിനക്കരെ അയാളൊന്നുമറിഞ്ഞില്ല.
കടലിനക്കരെ അയാൾ കടലോ കരയോ കണ്ടില്ല .
അയാൾക്കവിടെ ആകാശം നിറയെ നക്ഷത്രം.

ഒടുവിലവൾ കടലിലോട്ടെടുത്തു ചാടി.
തിരയെഴുതിയ കഥകളിൽ
തട്ടി ഒരു ശവം അക്കരെയെത്തി.
അയാൾ വീണ്ടുമെഴുതി
കഥകളില്ലാത്ത തിരകളുടെ കടലാണു നമ്മൾ .
കടലറിയാതെ പോയ തിരകളുടെ കഥകൾ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here